23 Monday
December 2024
2024 December 23
1446 Joumada II 21

ജീവിത പരിശീലനത്തിന് വിശുദ്ധ ഖുര്‍ആന്‍

ഡോ. പി എം മുസ്തഫ കൊച്ചിന്‍


മാനവരുടെ മാതാപിതാക്കളായ ആദം, ഹവ്വാ ദമ്പതികളോട് സ്വര്‍ഗത്തോപ്പില്‍ നിന്ന് പടിയിറങ്ങാന്‍ സ്രഷ്ടാവായ അല്ലാഹു ആവശ്യപ്പെട്ട നിമിഷത്തില്‍ അവര്‍ക്ക് കൊടുത്ത നിര്‍ദേശം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ”എന്റെയടുക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം അനുധാവനം ചെയ്യുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല, അവര്‍ക്ക് ദു:ഖിക്കേണ്ടി വരികയുമില്ല.” (2:38) ”പിഴച്ച് പോകുകയില്ല, സന്താപമനുഭവിക്കുകയുമില്ല.” (20:123). മറ്റൊരിടത്ത് ഖുര്‍ആന്‍ ‘ആദം സന്തതികളേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: ”നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ച് തന്നുകൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൗത്യവാഹകര്‍ നിങ്ങളുടെയടുത്ത് വരുന്ന പക്ഷം. സൂക്ഷ്മത പുലര്‍ത്തുകയും നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.” (7:35)
മേല്‍ ഉദ്ധരിച്ച വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ മാര്‍ഗദര്‍ശനവുമായി മാര്‍ഗദര്‍ശകര്‍ വരും എന്നു മനസിലാക്കാനാവും. ആ മാര്‍ഗദര്‍ശനങ്ങളുടെ ഉപസംഹാരമാണ് അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യിലൂടെയും അന്തിമ വേദമായ ഖുര്‍ആനിലൂടെയും അല്ലാഹു നിര്‍വഹിച്ചിട്ടുള്ളത്.
ഖുര്‍ആനില്‍ ഒമ്പത് വാക്യങ്ങളില്‍ മുഹമ്മദ് നബിയുടെയും നാല് വചനങ്ങളില്‍ ഖുര്‍ആനിന്റെയും സാര്‍വ ലൗകികത വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആനും മുഹമ്മദ് നബിയും ലോകരുടേതാണ്, മാനവര്‍ക്കുള്ളതാണ്. ‘വായിക്കുക’ (96:1) എന്ന കല്‍പനയോടെ അവതീര്‍ണമാരംഭിച്ച വായനാ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ എന്നതിന്റെ അര്‍ഥം തന്നെ ‘അധികവായന’, ‘പുനര്‍വായന’ എന്നൊക്കെയാണ്. ഖുര്‍ആന്‍ അവതരണം തുടങ്ങിയത് റമദാന്‍ മാസത്തിലെ അനുഗൃഹീത രാത്രിയായ (44:3) ലൈലതുല്‍ ഖദ്‌റിലാണ്. (97:1)
അജ്ഞതയുടെ പ്രതീകമായ ഇരുട്ടിയ രാത്രിയില്‍ വിജ്ഞാനത്തിന്റെ പ്രതീകമായാണ് ഈ വെളിച്ചം അവതരിക്കുന്നത്. മാനവര്‍ക്ക് സന്മാര്‍ഗമായി ഇറങ്ങിയ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായ പാതയിലേക്കും (17:9) നേരായ മാര്‍ഗത്തിലേക്കും (46:30) പൂര്‍ണ സത്യത്തിലേക്കും (46:30) വഴിനടത്തുന്നു.
സൂറതുല്‍ ജിന്നിന്റെ ഒന്നാം വാക്യത്തില്‍ ഖുര്‍ആനെ കുറിച്ച് ജിന്നുകളുടെ സാക്ഷ്യപത്രം കാണാം. ”നിശ്ചയം, അത്ഭുതകരമായ ഖുര്‍ആനിനെ നാം കേട്ടിരിക്കുന്നു.” (72:1) എന്താണ് ഖുര്‍ആനിന്റെ അത്ഭുതകരമായ അവസ്ഥ? സൂറത്തുല്‍ ജിന്നിന്റെ രണ്ടാം വചനത്തില്‍ വിസ്മയാവസ്ഥ വ്യക്തമാക്കുന്നുണ്ട്. ‘തിരിച്ചറിവിലേക്ക് വഴിനടത്തുന്നു’ എന്നതാണത്. ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം അറിവ് നല്‍കല്‍ മാത്രമല്ല. തിരിച്ചറിവ് (റുശ്ദ്, ദിക്ര്‍) നല്‍കല്‍ കൂടിയാണ്. തിരിച്ചറിവ് എന്താണെന്ന് അറിയണമെങ്കില്‍ സൂറത്തുല്‍ ഖമര്‍ പഠിച്ചാല്‍ മതിയാകും. നൂഹിനെ തള്ളിക്കളഞ്ഞ നൂഹ് ജനത, ഹൂദിനെ നിഷേധിച്ച ആദ് സമൂഹം, സ്വാലിഹിനെ ധിക്കരിച്ച ഥമൂദ് കുലം, ലൂത്വിനെ വ്യാജമാക്കിയ ലൂത്വ് ജനത എന്നീ ചരിത്രസത്യങ്ങള്‍ വിവരിച്ച സൂറത്തുല്‍ ഖമറില്‍ നാലിടത്ത് ആവര്‍ത്തിച്ച് വരുന്ന ഒരു വചനമുണ്ട്. ”ഖുര്‍ആനിനെ തിരിച്ചറിവ് നേടാനായി നാം സൗകര്യപ്രദമാക്കിയിരിക്കുന്നു. തിരിച്ചറിവ് നേടുന്നവരായി ആരെങ്കിലുമുണ്ടോ?” (54:17,22,32,40)
ഖുര്‍ആന്‍ സൗകര്യപ്രദമാക്കിയിരിക്കുന്നത് പഠിക്കാനാണെന്നല്ല, തിരിച്ചറിവ് നേടാനാണെന്നാണ് അല്ലാഹു പറയുന്നത്. തിരിച്ചറിവ് എന്ന് പരിഭാഷ നല്‍കിയത് ദിക്ര്‍ എന്ന പദത്തിനാണ്. ‘എന്തുകൊണ്ടിത്?’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി അംഗീകരിച്ചാല്‍ അറിവിനെ തിരിച്ചറിവാക്കാം. തിരിച്ചറിവില്‍ ഓര്‍മയും വകതിരിവും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. തിരിച്ചറിവില്‍ നിന്നാണ് പരിവര്‍ത്തനമുണ്ടാവുന്നത്.
നബി(സ) പറഞ്ഞു: ”സ്വര്‍ഗപൂങ്കാവനങ്ങളുടെ അടുക്കലൂടെ നിങ്ങള്‍ നടന്ന് നീങ്ങുകയാണെങ്കില്‍ അതില്‍ നിങ്ങള്‍ മേയുക. അവര്‍ ചോദിച്ചു: എന്താണ് സ്വര്‍ഗ പൂങ്കാവനങ്ങള്‍? നബി(സ) പറഞ്ഞു: തിരിച്ചറിവിന്റെ വൃത്തങ്ങള്‍ (ഹിലഖു ദിക്‌റ്) ആണ് അവ.” വൃത്തത്തിലിരുന്നു ഖുര്‍ആന്‍ സ്മരിക്കുന്ന സദസ്സാണ് ദിക്ര്‍ ഹല്‍ഖ (ഹല്‍ഖതുദ്ദിഖ്ര്‍)
ഖുര്‍ആന്‍ വെറുമൊരു പഠന വേദഗ്രന്ഥമല്ല. പകര്‍ത്താനും പരിവര്‍ത്തിക്കാനുമുള്ള ഗ്രന്ഥമാണത്. ചരിത്രങ്ങള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഉമര്‍(റ) സൂറത്തുല്‍ ബഖറ പഠിക്കാന്‍ 12 വര്‍ഷമെടുത്തു. 286 വാക്യങ്ങളുള്ള ബഖറ അധ്യായം പഠിക്കാന്‍ 4260 ദിനങ്ങളെടുത്തുവെങ്കില്‍ ഒരായത്തിനുവേണ്ടി രണ്ടാഴ്ച ചിലവഴിച്ചുവെന്നര്‍ഥം. ഇത് പഠിക്കാനല്ല പകര്‍ത്താനും പരിവര്‍ത്തിക്കാനുമാണെന്ന് മനസ്സിലാക്കാം.
നിങ്ങള്‍ നാലു പേരില്‍ നിന്ന് ഖുര്‍ആന്‍ സ്വീകരിക്കുക (മുസ്‌ലിം 6334) എന്ന് നബി(സ) പറഞ്ഞതില്‍ ഒന്നാമനായി എണ്ണപ്പെടുന്ന സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ). അദ്ദേഹം പറയുന്നു: ”ഞങ്ങളിലൊരാള്‍ പത്ത് ആയത്തുകള്‍ പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കി അത് ജീവിതത്തില്‍ പകര്‍ത്താതെ അടുത്തതിലേക്ക് കടക്കുകയില്ല.”
ഖുര്‍ആനിലെ ആയത്തുകള്‍ പ്രമേയങ്ങളാണ് (തീമുകള്‍). അത് പഠിക്കാന്‍ മാത്രമുള്ളതല്ല; പരിവര്‍ത്തിപ്പിക്കാനുള്ള ചര്‍ച്ചാ വിഷയങ്ങളാണ്. അതിന് ഒരു ഗുരുസാന്നിധ്യം നല്ലതാണ്. അതാണ് മുഹമ്മദ് നബി(സ). ഖുര്‍ആനിനെ ഹിറാഗുഹയില്‍ കൊണ്ടുപോയി വെക്കുവാനും ഏതെങ്കിലും മനുഷ്യനോട് അതെടുത്ത് വായിച്ച് പഠിക്കുവാനുമുള്ള നിര്‍ദ്ദേശവുമായല്ല ജിബ്‌രീലിനെ(അ) അല്ലാഹു അയച്ചത്. മറിച്ച് ഘട്ടം ഘട്ടമായി 23 വര്‍ഷമെടുത്ത് മുഹമ്മദ് നബി(സ)യിലൂടെ ജനങ്ങള്‍ക്കായി അവതരിക്കുകയാണുണ്ടായത്. (16:44) അതും റമദാന്‍ മാസത്തില്‍ (2:185). സഹനത്തിന്റെ മാസമായ റമദാനില്‍ ഖുര്‍ആനികമായ പരിവര്‍ത്തനത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണ് ശക്തമായ തീമുകള്‍, വളര്‍ത്തുന്ന അധ്യാപകന്‍, സഹനം, അനുഭവം സമ്മാനിക്കല്‍ എന്നിവ. ഖുര്‍ആന്‍ ശക്തമായ തീമുകളാണ്, ഇതിവൃത്തങ്ങളാണ്. നമ്മെ വളര്‍ത്തുന്ന അധ്യാപകനാണ് മുഹമ്മദ് നബി(സ). സഹനം നല്‍കുന്ന മാസമാണ് റമദാന്‍. പരിശീലനത്തിലൂടെ ശീലങ്ങളും ജീവിത ശൈലികളുമാക്കാന്‍ ഉതകുന്ന മാസമാണ് റമദാന്‍. ആത്മശിക്ഷണത്തിന്റെ വിദ്യാലയവും മാറ്റങ്ങളുടെ പാഠശാലയും ഉന്നതാശയങ്ങളുടെ പ്രായോഗിക പരിശീലന കേന്ദ്രവുമാണ് റമദാന്‍.
റമദാന്‍ പരിശീലന ശാലയാണ്. പ്രായോഗിക പരിശീലനം നടക്കുന്ന ഈ ശീലശാല എല്ലാ വര്‍ഷവും റമദാന്‍ ഒന്നിന് തുറക്കുകയും ശവ്വാല്‍ ഒന്നിന് അടക്കുകയും ചെയ്യുന്നു. റമദാന്‍ നോമ്പ് പരിശീലനത്തിനുള്ളതാണ്. ശീല രൂപീകരണത്തിനുതകുന്ന സഹനത്തിനുള്ളതാണ്. ഇസ്്ലാമിലെ എല്ലാ ആരാധനകളുടെയും മൗലികമായ ലക്ഷ്യങ്ങളില്‍ ഒന്ന് മന:സംസ്‌കരണവും ജീവിത സൂക്ഷ്മതയുമാണ്. നമസ്‌കാരം (24:49), സകാത്ത് (9:103), ഹജ്ജ് (2:197) എന്നീ ആരാധനാ കര്‍മ്മങ്ങളെ പോലെ റമദാന്‍ നോമ്പിന്റെ മുഖ്യലക്ഷ്യവും സൂക്ഷ്മതയും സംസ്‌കരണവുമാണ്. (2:183)
അനുഭവ ജ്ഞാനത്തിലൂടെയും തിരിച്ചറിവിലൂടെയുമാണ് മനുഷ്യരില്‍ പരിവര്‍ത്തനമുളവാക്കാനാവുകയുള്ളൂ എന്ന സന്ദേശം ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. സൂറത്തുല്‍ കഹ്ഫ് 60 മുതല്‍ 82 വരെയുള്ള വാക്യങ്ങളില്‍ ഈ കാര്യം നമുക്ക് കാണാവുന്നതാണ്.
അല്ലാഹുവിന്റെ ദാസരില്‍ ഒരു ദാസനെ മൂസാ നബി(അ) രണ്ട് കടലുകള്‍ കൂടിച്ചേരുന്ന സ്ഥലത്തിനുശേഷം കണ്ട് മുട്ടി. ”താങ്കള്‍ക്ക് പരിശീലനം നല്‍കപ്പെട്ട തിരിച്ചറിവിനെ (റുശ്ദ്) എനിക്ക് പരിശീലിപ്പിച്ച് തരാനായി താങ്കളോടൊപ്പം ഞാന്‍ അനുഗമിക്കട്ടെയോ”(18:66) എന്ന് മൂസാ(അ) ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ആ ദൈവദാസന്‍ പറയുന്നതിങ്ങനെയാണ്: ”എന്റെ കൂടെ സഹനത്തോടെ കഴിയാന്‍ താങ്കള്‍ക്ക് കഴിയില്ല. അനുഭവ ജ്ഞാനം ഇല്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാവും?” (18:67,68)
സഹനവും (സ്വബ്ര്‍) അനുഭവവും (ഖുബ്ര്‍) ഗുരുസഹവാസവും (ഇത്തിബാഅ്) പരിശീലനത്തിന്റെ (തഅ്‌ലീം) അവിഭാജ്യ ഘടകമാണെന്ന സൂചന മേല്‍വാക്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഇതേ രീതിശാസ്ത്രം തന്നെയാണ് ആദം-ഹവ്വാ(അ) ദമ്പതികളെ അനുഭവജ്ഞാനത്തിലൂടെയും പരിശീലനത്തിലൂടെയും മനുഷ്യന്റെ വ്യത്യസ്തതകള്‍ ബോധ്യപ്പെടുത്താനായി മറ്റൊരു ലോകത്ത് പാര്‍പ്പിച്ചത്. ഇതിലേക്ക് സൂചന നല്‍കുന്ന കാര്യങ്ങള്‍ ഖുര്‍ആനില്‍ കാണാന്‍ കഴിയും. (2:30,38, 7:11,35, 15:26,44, 20:113,129, 38:71,88)
റമദാനും തുടര്‍ന്ന് വരുന്ന ആറ് നോമ്പും (30+6= 36 അല്ലെങ്കില്‍ 29+6=35) അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് മതിയാകുന്നതാണ് എന്നതാണ് നബിവാക്യം. ഒരു നോമ്പിലൂടെ പത്തു ദിവസത്തേക്കുള്ള പരിശീലനം (360/36= 10) സാധ്യമാകുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. 1440 വര്‍ഷങ്ങളായി മുസ്്ലിം ലോകം ഈ അനുഗ്രഹം ആര്‍ജിച്ചുകൊണ്ടിരിക്കുന്നവരാണ്. 1441-ാമത്തെ റമദാന്‍ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മുടെ ദിശാസൂചി ഖുര്‍ആനാകട്ടെ!

Back to Top