7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

ഖുര്‍ആന്‍ അവതരിച്ച മാസം


വീണ്ടും ഒരു റമദാന്‍ കൂടി വിരുന്നെത്തിയിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചേടത്തോളം കര്‍മനൈരന്തര്യത്തിന്റെയും ആത്മീയ പരിശ്രമങ്ങളുടെയും കാലമാണ് റമദാന്‍. ചെയ്യുന്ന ഓരോ സത്കര്‍മത്തിനും പതിന്മടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള മാസമാണ്. അതിനാല്‍ തന്നെ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ഒട്ടേറെ വഴികള്‍ ഈ മാസത്തിന്റെ പ്രത്യേകതയാണ്. പുണ്യങ്ങളുടെ പൂക്കാലമെന്ന് ഏറെ കാലമായി നാം ഈ മാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വിശുദ്ധ റമദാനിനെ, ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ നോമ്പും പ്രാര്‍ഥനയും ആത്മവിചിന്തനവും കൊണ്ട് ധന്യമാക്കുകയാണ് പതിവ്. റമദാന്‍ ആത്മീയ നവീകരണത്തിന്റെ കൂടി സമയമാണ്. അല്ലാഹുവിനോടുള്ള കടമയും സഹജീവികളോടുള്ള ഉത്തരവാദിത്തവും ഓര്‍മ്മിപ്പിക്കുന്ന വേളയാണിത്.
റമദാന്‍ മാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍, അത് വലിയൊരു നിക്ഷേപമാക്കി മാറ്റാനാണ് മത്സരിക്കേണ്ടത്. കഴിഞ്ഞുപോയ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളും തെറ്റുകളും ലോകരക്ഷിതാവിനോട് ഏറ്റുപറഞ്ഞ് പാപവിമോചനം നേടാന്‍ ഈ റമദാനിലൂടെ സാധിക്കണം. തൗബ ചെയ്യാന്‍ വേണ്ടി റമദാന്‍ വരെ കാത്തിരിക്കേണ്ടതില്ല എന്നത് ശരിയാണ്. എന്നാല്‍, ഇപ്പോള്‍ അതിന് സാക്ഷ്യം വഹിക്കുന്നവര്‍ എന്ന നിലയില്‍ ഈ റമദാനിനെ പാപമോചനത്തിനുള്ള അവസരമായി വിനിയോഗിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം. റമദാനിലെ വ്രതാനുഷ്ഠാനമാണ് ഈ ആത്മീയ യാത്രയുടെ കേന്ദ്ര വശം.
വിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ മാസത്തിലുണ്ട്. ഐച്ഛിക നമസ്‌കാരങ്ങള്‍, ദാനധര്‍മങ്ങള്‍, ത്യാഗം, അച്ചടക്കം, ക്ഷമ, മറ്റുള്ളവരോടുള്ള സഹാനുഭൂതി എന്നിവയൊക്കെ പരിശീലിക്കാന്‍ റമദാന്‍ പഠിപ്പിക്കുന്നു. അതിലുപരി, ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍ എന്നത് വിശ്വാസിയെ കൂടുതല്‍ സന്തോഷവാനും ആത്മീയദാഹിയുമാക്കി മാറ്റുന്നു. വിശുദ്ധ ഖുര്‍ആനിനെ നെഞ്ചോട് ചേര്‍ക്കാനും കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാനും റമദാന്‍ നമുക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. ഖുര്‍ആനിലെ പ്രധാന വിഷയങ്ങളിലൊന്ന് അനുകമ്പയുടെയും സഹാനുഭൂതിയുടെയും പ്രാധാന്യമാണ്. ദൈവത്തിന്റെ എല്ലാ സൃഷ്ടികളോടും ദയയും കരുണയും ഉള്ളവരായിരിക്കാനും, കഷ്ടപ്പാടുകള്‍ നിറഞ്ഞവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും വിശ്വാസികള്‍ പരസ്പരം ശ്രമിക്കാറുണ്ട്. റമദാനില്‍ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്, കാരണം ഈ സമയത്ത് കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ദാനവും ചെയ്യാന്‍ മതം വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.
ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനവും സന്ദേശവും എല്ലാ കാലത്തുമുള്ള ജനങ്ങള്‍ക്ക് ഹൃദയവെളിച്ചം പകരുന്നതാണ്. സാമൂഹിക- രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കാലഹരണപ്പെട്ടു പോകുന്ന ആശയങ്ങളല്ല ഖുര്‍ആന്‍ സംസാരിക്കുന്നത്. വിവിധ കാലാവസ്ഥകളിലൂടെ നോമ്പ് കടന്നുപോകുന്നത് പോലെ തന്നെ, വിവിധ സാമൂഹിക പരിതഃസ്ഥിതികളിലൂടെ ഖുര്‍ആനിക ആശയങ്ങളുടെ പ്രസക്തിയും കടന്നുപോകുന്നു. വസന്തത്തിലും ഗ്രീഷ്മത്തിലും ശൈത്യത്തിലും വിശ്വാസിക്ക് വ്രതാനുഷ്ഠാനമുണ്ട്. അതുപോലെ, ജീവിതത്തിന്റെ എല്ലാ സമസ്യകളിലും ഏത് ദേശത്തായിരുന്നാലും ഖുര്‍ആനിക സന്ദേശത്തിന് മൂല്യവും പ്രസക്തിയുണ്ട്.
കാലാതിവര്‍ത്തിയായ ഈ ആശയസ്രോതസ്സിനെ കൂടി ഉള്‍ക്കൊള്ളുന്ന മാസം എന്ന നിലയില്‍ റമദാനിന്റെ പ്രസക്തിയും സന്തോഷവും വര്‍ധിക്കുന്നു. എക്കാലത്തും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിട്ടുള്ള ഖുര്‍ആന്‍ എന്ന ദൈവിക ഗ്രന്ഥം കൂടുതല്‍ മനനം നടത്തേണ്ട സന്ദര്‍ഭമാണ് ഇത്. പാരായണത്തിനു പോലും പ്രതിഫലം നല്‍കപ്പെടുന്ന ഈ ഗ്രന്ഥം പഠിക്കാന്‍ ചെലവഴിക്കുന്ന ഓരോ സമയവും ഒരു വലിയ നിക്ഷേപമായി മാറുമെന്നത് തീര്‍ച്ചയാണ്. വിനയാന്വിത മനസ്സോടെ ഖുര്‍ആനിനെ സമീപിച്ച എല്ലാവരിലും അത് ക്രിയാത്മകമായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് ചരിത്രപാഠമാണ്. അതിനാല്‍ തന്നെ, നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ശുദ്ധീകരിക്കാനും നമ്മുടെ തന്നെ മികച്ച പതിപ്പുകളായി മാറാനും ശ്രമിക്കേണ്ട ഒരു സമയമാണിത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x