29 Sunday
June 2025
2025 June 29
1447 Mouharrem 3

ഖുര്‍ആനിന്റെ അവതരണവും ക്രോഡീകരണ ഘട്ടങ്ങളും

നദീര്‍ കടവത്തൂര്‍


വിവിധ സമൂഹങ്ങളിലേക്കായി പല സമയങ്ങളില്‍ സ്രഷ്ടാവ് ദൂതന്മാരെ നിയോഗിച്ചു. അവര്‍ ദൈവദൂതന്മാരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ അവര്‍ക്ക് മുഅ്ജിസത്തുകള്‍ നല്കി. ചില പ്രവാചകന്മാര്‍ക്ക് വേദഗ്രന്ഥം നല്കുകയും മനുഷ്യ ജീവിതത്തിന് മാര്‍ഗദര്‍ശനം കാണിക്കുകയും ചെയ്തു. മുഹമ്മദ് നബി(സ)യ്ക്ക് അവതരിപ്പിച്ച വേദഗ്രന്ഥവും മുഅ്ജിസത്തും ദൈവത്തില്‍ നിന്നുള്ള അവസാനത്തെ വേദഗ്രന്ഥവുമാണ് വിശുദ്ധ ഖുര്‍ആന്‍.
മുഹമ്മദ് നബി(സ) അറബികളിലേക്ക് നിയോഗിക്കപ്പെട്ടതിനാല്‍ ശുദ്ധ അറബി ഭാഷയിലാണ് ഖുര്‍ആന്‍ ഇറങ്ങിയത്. 114 അധ്യായങ്ങളിലായി 6236 വചനങ്ങളിലൂടെ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് ഖുര്‍ആന്‍ നന്മയുടെയും സത്യത്തിന്റെയും പാത വരച്ചു കാണിച്ചു തരുന്നു.
ദൈവീക ഗ്രന്ഥമായതിനാല്‍ തന്നെ സ്ഖലിതങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ അബദ്ധങ്ങളോ ഖുര്‍ആനിക വചനങ്ങളില്‍ കാണാന്‍ സാധ്യമല്ല. ഖുര്‍ആന്‍ അവതരിച്ചിട്ട് 14 നൂറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും ഭാഷയാലും ഉള്ളടക്കത്താലും ഒരു കുറവും സംഭവിക്കാതെ ഖുര്‍ആന്‍ അജയ്യമായി നിലനില്‍ക്കുന്നു. കുറഞ്ഞ വര്‍ഷങ്ങള്‍ക്കപ്പുറം മലയാളത്തില്‍ എഴുതിയ ഏതെങ്കിലും രചനകള്‍ ഇന്ന് വായിച്ചു നോക്കിയാല്‍ പലപ്പോഴും അതിന്റെ ഭാഷ നമുക്ക് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. ഇവിടെയാണ് ഖുര്‍ആനിന്റെ വ്യതിരിക്തത ബോധ്യപ്പെടുന്നത്.
ഇന്ന് കാണുന്ന മുസ്ഹഫിന്റെ രൂപത്തിലായിരുന്നില്ല ഖുര്‍ആന്‍ അവതരിച്ചത്. പ്രവാചക ജീവിതത്തിലെ 23 വര്‍ഷം കൊണ്ട് വിവിധ സമയങ്ങളിലായാണ് ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായത്. ശേഷം അത് ഇന്ന് കാണുന്ന മുസ്ഹഫ് രൂപത്തിലേക്ക് ക്രോഡീകരിക്കപ്പെട്ടു.
ഖുര്‍ആനിന്റെ
അവതരണം

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. ആദ്യഘട്ടം അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ ലൗഹുല്‍ മഹ്ഫൂദ്വിലേക്ക് അവതരിച്ചു എന്നതാണ്. അല്ലാഹുവിന്റെ തീരുമാനങ്ങളും നടപടി ക്രമങ്ങളും രേഖപ്പെടുത്തിയ സംരക്ഷിത രേഖയാണ് ലൗഹുല്‍ മഹ്ഫൂദ്വ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്” (56:77, 78). ”അത് മഹത്വമേറിയ ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണതുള്ളത്” (85:21,22).
രണ്ടാമത്തെ ഘട്ടം ഖുര്‍ആന്‍ ലൗഹുല്‍ മഹ്ഫൂദ്വില്‍ നിന്ന് ഒന്നാനാകാശത്തെ ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിച്ചു എന്നതാണ്. ഇതായിരുന്നു ലൈലത്തുല്‍ ഖദ്റില്‍ നടന്നതെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇബ്‌നു അബ്ബാസ്, ഹാകിം, ബൈഹഖി, നസാഈ, ത്വബ്റാനി, ഇമാം അസ്ഖലാനി എന്നിവരൊക്കെ ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇമാം ശുഅ്ബിയെപ്പോലെയുള്ള ചില പണ്ഡിതര്‍ ലൈലത്തുല്‍ ഖദ്റില്‍ ഖുര്‍ആന്‍ പ്രവാചകന് അവതീര്‍ണമായി തുടങ്ങുകയാണ് ചെയ്തത് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അമാനി മൗലവി പറഞ്ഞതു പോലെ ‘ഈ രണ്ട് അഭിപ്രായങ്ങളും തമ്മില്‍ പരസ്പര വൈരുധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും’.
മൂന്നാംഘട്ടം നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പോലെ, പ്രവാചകന്റെ(സ) അടുക്കല്‍ ഹിറാഗുഹയില്‍ ജിബ്രീല്‍ (അ) വരുകയും സൂറത്തുല്‍ അലഖിലെ ആദ്യ വചനങ്ങള്‍ ഓതി കേള്‍പ്പിക്കുകയും ചെയ്തത് മുതല്‍ 23 വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പ്രവാചകന് വിവിധ സമയങ്ങളിലായി ഇറങ്ങിയ ഘട്ടമാണ്.
ഖുര്‍ആനിലെ ആയത്തുകള്‍ വ്യത്യസ്ത പശ്ചാത്തലങ്ങളിലാണ് അവതരിച്ചത്. പ്രവാചകന്റെയടുക്കല്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്കുള്ള മറുപടി, വിശ്വാസികള്‍ക്കിടയിലും പൊതുവെ സമൂഹത്തിലും ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, പ്രവാചകന്റെ ഇടപെടലുകളില്‍ വന്നിട്ടുള്ള മാനുഷികമായ വീഴ്ചകള്‍ക്കുള്ള തിരുത്ത്, ഏതെങ്കിലും സംഭവങ്ങളുടെ യാഥാര്‍ഥ്യവും സത്യവും തുറന്നു കാണിക്കല്‍ എന്നിങ്ങനെ പല രീതിയിലുള്ള പശ്ചാത്തലങ്ങളിലും ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട്. ഇതിലുപരിയായി പ്രത്യേകം പരാമര്‍ശിക്കേണ്ടതായ പശ്ചാത്തലങ്ങളില്ലാതെ അവതരിച്ച ആയത്തുകളാണ് ഖുര്‍ആനില്‍ കൂടൂതലും.
ക്രോഡീകരണം
പ്രവാചക കാലത്ത്

ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്ത ബാധ്യതയാണ്. അല്ലാഹു പ്രവാചകനോട് പറഞ്ഞു: ”നീ ഖുര്‍ആന്‍ ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി നിന്റെ നാവു ചലിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും അതിന്റെ ക്രോഡീകരണവും അത് ഓതിത്തരുന്നതും പിന്നീട് അത് വിവരിച്ചു തരുന്നതും നമ്മുടെ ബാധ്യതയാകുന്നു.” (75:16,17)
ഓരോ സമയത്തും ഇറങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ പ്രത്യേകം നിശ്ചയിക്കപ്പെട്ട പ്രവാചകന്റെ വഹ്യ് എഴുത്തുകാരായ സ്വഹാബത്ത് കല്ലിലും മുള്ളിലും തോലിലും തുടങ്ങി അന്ന് ലഭ്യമായിരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തി. പ്രവാചകന്റെ സംസാരങ്ങളും ഖുര്‍ആനും ഇടകലരാതിരിക്കാന്‍ നബി(സ)യുടെ സംസാരങ്ങള്‍ രേഖപ്പെടുത്തുന്നത് അന്ന് വിലക്കപ്പെട്ടിരുന്നു. അത്രയും സൂക്ഷ്മത ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതില്‍ കാണിച്ചിരുന്നു.
സൈദ്ബ്‌നു സാബിത്, ഉബയ്യുബ്‌നു കഅ്ബ്, അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരും സുബൈര്‍, ഇബ്ബാനുബ്‌നു സഈദ്, ഹന്‍ദലത് ബ്‌നു റബീഅ്, മുഐത് ബ്‌നു അബീ ഫാത്വിമ, അബ്ദില്ലാഹിബ്‌നു അര്‍ഖം, ശുറഹ് ബീലി ബ്‌നു ഹസന, അബ്ദില്ലാഹിബ്‌നു റവാഹ എന്നിവരുമായിരുന്നു വഹ്‌യ് എഴുതിയിരുന്നവര്‍. സൈദ്ബ്‌നു സാബിത്(റ) ആയിരുന്നു ഇവരില്‍ പ്രമുഖന്‍. കുത്താബുല്‍ വഹ്‌യ് (വഹ്‌യ് എഴുത്തുകാര്‍) എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
ഓരോ ആയത്ത് ഇറങ്ങുമ്പോഴും അത് ഏത് സൂറത്തിന്റെ ഏതു ഭാഗത്ത് ചേര്‍ക്കണമെന്ന് പ്രവാചകന്‍(സ) എഴുത്തുകാര്‍ക്ക് നിര്‍ദേശം നല്കിയിരുന്നു. ഇങ്ങനെ ഖുര്‍ആനിനെ പൂര്‍ണമായും ആദ്യമായി ക്രോഡീകരിച്ചത് നബി(സ)യുടെ മേല്‍നോട്ടത്തിലാണ്. അതിലുപരി പ്രവാചകന്റെയടുക്കല്‍ നിന്ന് ധാരാളം സ്വഹാബികള്‍ ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കുകയും ചെയ്തു. അതിനാല്‍ അല്ലാഹുവിന്റെ തീരുമാനം പോലെ തന്നെ ആദ്യം മുതല്‍ ഖുര്‍ആനിന്റെ സംരക്ഷണം വളരെ വ്യവസ്ഥാപിതമായി നടന്നു.
അബൂബക്കറിന്റെ(റ)
കാലഘട്ടത്തിലെ
ക്രോഡീകരണം

നബി(സ)യുടെ കാലശേഷം അബൂബക്ര്‍(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ ധാരാളം പ്രതിസന്ധികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രവാചകത്വം വാദിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട മുസൈലിമയെപ്പോലുള്ളവരുമായി നടന്ന യുദ്ധം. കുറഞ്ഞ കാലത്തിനുള്ളില്‍ നടന്ന ഇതുപോലെയുള്ള ഏറ്റുമുട്ടലുകളില്‍ ധാരാളം സ്വഹാബിമാര്‍ മരണപ്പെട്ടു.
ഇതില്‍ ഒരുപാട് പേര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയവരും ഉണ്ടായിരുന്നു. ഈ കാര്യം ശ്രദ്ധയില്‍െപട്ട ഉമര്‍(റ), അബൂബക്‌റിനെ(റ) കാര്യം ബോധിപ്പിക്കുകയും ഖുര്‍ആന്‍ ഒരു മുസ്ഹഫിലായി ക്രോഡീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുകയും ചെയ്തു.
പ്രഥമ ഘട്ടത്തില്‍ അബൂബക്ര്‍(റ) വൈമനസ്സ്യം കാണിച്ചെങ്കിലും പിന്നീട് ആ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹം നബി(സ)യുടെ എഴുത്തുകാരനായിരുന്ന സൈദിനെ(റ) വിളിച്ചു വരുത്തുകയും ഖുര്‍ആന്‍ മുസ്ഹഫിലായി ക്രോഡീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ സൈദിന്റെ(റ) മേല്‍നോട്ടത്തില്‍ പ്രവാചകന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ടിരുന്ന ഏടുകള്‍ കൊണ്ടു വന്ന് വീണ്ടും പരിശോധിക്കുകയും മനഃപാഠമാക്കിയ സ്വഹാബികളുടെ ഓര്‍മയോട് അത് ചേര്‍ത്തി നോക്കുകയും ചെയ്ത് ഖുര്‍ആന്‍ ഒരു പുസ്തകത്തിലായി ക്രോഡീകരിച്ചു.
ഉസ്മാന്റെ(റ) കാലത്തെ
പകര്‍പ്പ് തയ്യാറാക്കല്‍

അബൂബക്‌റിന്റെ(റ) കാലത്ത് തയ്യാറാക്കിയ മുസ്ഹഫ് പിന്നീട് ഖലീഫ ഉമറും(റ) അദ്ദേഹത്തിന്റെ കാലശേഷം മകള്‍ ഹഫ്സയും(റ) സൂക്ഷിച്ചു പോന്നു. ഉസ്മാന്റെ(റ) കാലമായപ്പോഴേക്കും ഇസ്ലാം അറേബ്യയുടെ പുറത്തേക്കടക്കം വ്യാപിച്ചു തുടങ്ങിയിരുന്നു. സിറിയ, ഇറാഖ്, അര്‍മേനിയ, അസര്‍ബൈജാന്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇസ്ലാം പുല്‍കി. അനറബികളായ ധാരാളം പേര്‍ ഇസ്ലാമിലേക്ക് വന്നതോടെ അവര്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നതില്‍ ധാരാളം ഉച്ചാരണ വ്യത്യാസങ്ങള്‍ ഉണ്ടായി. ഇത് ആദ്യമായി ഗൗരവത്തോടെ ശ്രദ്ധിച്ചത് ഹുദൈഫ(റ) ആയിരുന്നു.
ഹുദൈഫ(റ) ഇത് ഖലീഫയായിരുന്ന ഉസ്മാന്റെ(റ) ശ്രദ്ധയില്‍ പെടുത്തി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഖലീഫ സൈദ്ബ്‌നു സാബിത്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, സഈദിബ്‌നുല്‍ ആസ്, അബ്ദുറഹ്മാനുബ്‌നു ഹാരിസ് എന്നീ സ്വഹാബിമാരോട് വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തി എഴുതാന്‍ ആവശ്യപ്പെട്ടു. ഹഫ്സ(റ)യുടെ പക്കല്‍ നിന്ന് വാങ്ങിയ മുസ്ഹഫ് അവലംബിച്ച് അവര്‍ അതിന്റെ ഏഴ് പകര്‍പ്പ് ഉണ്ടാക്കി.
പകര്‍ത്തിയെടുത്ത കോപ്പികള്‍ ഖലീഫയുടെ നേതൃത്വത്തില്‍ കൂഫ, ബസ്വറ, മക്ക, മദീന, ദമസ്‌കസ് തുടങ്ങി അന്ന് മുസ്ലിംകള്‍ ധാരാളമുണ്ടായിരുന്ന പ്രദേശങ്ങളിലെ ഭരണ സിരാ കേന്ദ്രങ്ങളിലേക്കെല്ലാം അയച്ചു കൊടുത്തു. ഖുര്‍ആന്‍ പാരായണത്തിന് അവലംബിക്കാവുന്ന സ്രോതസ്സായി ഇത് മാറിയതോടെ പാരായണ രംഗത്ത് സംഭവിച്ച സ്ഖലിതങ്ങള്‍ ഇല്ലാതായി.

Back to Top