ഖുര്‍ആന്‍ അവഹേളനം: യുഎന്‍ പൊതുസഭയില്‍ ഉന്നയിച്ച് ഖത്തര്‍ അമീര്‍
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഖുര്‍ആന്‍ അവഹേളന വിഷയം ഉന്നയിച്ച് ഖത്തര്‍. സമ്മേളനത്തിന്റെ ഒന്നാം ദിവസമാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീഡന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ അരങ്ങേറിയ ഖുര്‍ആന്‍ കത്തിക്കലും അവഹേളനവും ചൂണ്ടിക്കാട്ടിയത്. ‘ഖുര്‍ആന്‍ കത്തിച്ചുകൊണ്ട് നമ്മെ പ്രകോപിപ്പിക്കുന്ന ഒരു വിഡ്ഢിയുടെയോ മാനസിക രോഗിയുടെയോ കെണികളില്‍ വീഴരുതെന്ന് ഞാന്‍ എന്റെ മുസ്‌ലിം സഹോദരങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രകടനമായി ഖുര്‍ആന്‍ കത്തിക്കലിനെ ന്യായീകരിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചും അല്‍താനി പ്രസ്താവനകള്‍ നടത്തി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെയും ഗസ്സാ മുനമ്പിലെയും ഇസ്രായേല്‍ നടപടികളോടുള്ള പ്രതികരണത്തിന്റെ അഭാവത്തെ വിമര്‍ശിച്ച അദ്ദേഹം, ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കം വെച്ചെന്നു പ്രഖ്യാപിക്കുകയും ഇസ്രായേലിനെതിരായ പ്രകടമായ നിഷ്‌ക്രിയത്വത്തിന് അന്താരാഷ്ട്ര സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്തു.