27 Saturday
July 2024
2024 July 27
1446 Mouharrem 20

ഖുനൂത്ത് സുബ്ഹിക്കും വിത്‌റിലും

പി കെ മൊയ്തീന്‍ സുല്ലമി

Muslim Friday mass prayer in Turkey


സുബ്ഹ് നമസ്‌കാരത്തില്‍ സ്ഥിരമായി ഖുനൂത്ത് നിര്‍വഹിക്കാറുള്ളത് ശാഫിഈ, മാലികീ മദ്ഹബുകാരാണ്. ശാഫിഈകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് മാലികീകളുടെ ഖുനൂത്ത്. എന്നാല്‍ ഹനഫീ, ഹന്‍ബലീ മദ്ഹബുകളില്‍ സുബ്ഹ് നമസ്‌കാരത്തിലെ ഖുനൂത്ത് ബിദ്അത്താണ്.
നബി(സ)യില്‍ നിന്നു സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളത് നാസിലത്തിന്റെ (പൊതുവിപത്തിന്റെ) ഖുനൂത്ത് മാത്രമാണ്. അത് ഒരു മാസം മാത്രമായിരുന്നു. അനസ്(റ) പറയുന്നു: നബി(സ) ഒരു മാസം ചില അറബി ഗോത്രങ്ങള്‍ക്കെതിരില്‍ ഖുനൂത്ത് നിര്‍വഹിക്കുകയുണ്ടായി. ശേഷം അവിടുന്ന് അത് ഉപേക്ഷിച്ചു. (മുസ്‌ലിം)
മുഹമ്മദുബ്‌നു സീരിന്‍ പറയുന്നു: നബി(സ) സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതാറുണ്ടായിരുന്നോ എന്ന് അനസ്(റ) ചോദിക്കപ്പെട്ടു. അപ്പോള്‍ അതെ എന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. അദ്ദേഹത്തോടു വീണ്ടും ചോദിക്കപ്പെട്ടു: അത് റുകൂഇന് മുമ്പായിരുന്നോ? അപ്പോള്‍ കുറച്ചുകാലം മാത്രം റുകൂഇന് ശേഷം എന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.’ (ബുഖാരി, മുസ്‌ലിം)
ഈ കുറച്ചുകാലം എന്നത് ഒരു മാസം മാത്രമായിരുന്നു. അനസ്(റ) പറയുന്നു: നബി(സ) റുകൂഇനു ശേഷം ഒരു മാസം മാത്രമാണ് ഖുനൂത്ത് നിര്‍വഹിച്ചത് (ബുഖാരി). സൂറത്ത് ആലുഇംറാനിലെ 128-ാം വചനം ഇറങ്ങിയപ്പോഴാണ് പ്രസ്തുത ഖുനൂത്ത് നബി(സ) ഉപേക്ഷിച്ചതെന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.
സുബ്ഹിലെ ഖുനൂത്തിന്റെ ഹദീസുകള്‍ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല. ദുര്‍ബലമായ ഹദീസുകള്‍കൊണ്ട് അമല്‍ ചെയ്യല്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയ്ക്കു തന്നെ വിരുദ്ധമാണ്. ഇമാം ശാഫിഈ(റ) പറയുന്നു: ഹദീസ് സ്വഹീഹാകുന്ന പക്ഷം അതാണ് എന്റെ അഭിപ്രായം. (ബൈഹഖി, ഹാകിം, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1:515). ഇമാം നവവി(റ) പറയുന്നു: ദുര്‍ബലമായ ഹദീസുകള്‍ മതവിധികള്‍ സ്ഥാപിക്കാന്‍ തെളിവാക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു (ശറഹു മുസ്‌ലിം 1:161).
സുബ്ഹിലെ ഖുനൂത്തിന് തെളിവാക്കുന്ന മുഴുവന്‍ റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളാണ്. ഒന്ന്, അനസ്(റ) പറയുന്നു: സുബ്ഹ് നമസ്‌കാരത്തില്‍ ദുനിയാവില്‍ നിന്നു വേര്‍പിരിയുന്നതുവരെ നബി(സ) ഖുനൂത്ത് നിര്‍വഹിക്കുകയുണ്ടായി (ദാറഖുത്‌നി, ബൈഹഖി). ഈ ഹദീസ് സ്വഹീഹല്ലെന്ന് ഇബ്‌നുഹജറില്‍ അസ്ഖലാനിയും (തഹ്ദീബുത്തഹ്ദീബ് 12:57) ഇമാം ദാറഖുത്‌നിയും (2:39) ഇമാം ബൈഹഖിയും (2:201) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യനല്ലാത്ത അബൂജഅ്ഫറുര്‍റാസി എന്ന വ്യക്തിയുണ്ട് എന്നതാണ് ഇവരെല്ലാം ഈ ഹദീസിനെ തള്ളിക്കളഞ്ഞത്.
എന്നാല്‍ സുബ്ഹിലെ ഖുനൂത്ത് ബിദ്അത്താണെന്ന് സ്വഹീഹായ ഹദീസുകള്‍കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. അബൂമാലികുല്‍ അശ്ജഈ(റ) പറയുന്നു: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു. നിങ്ങള്‍ കൂഫയില്‍ വെച്ച് അഞ്ച് വര്‍ഷം നബി(സ)യുടെയും അബൂബക്‌റിന്റെയും(റ) ഉമറിന്റെയും(റ) ഉസ്മാന്റെയും(റ) അലി(റ)യുടെയും പിന്നില്‍ (സുബ്ഹ്) നമസ്‌കരിച്ചിട്ടുണ്ടല്ലോ. അവരില്‍ ആരെങ്കിലും സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് നിര്‍വഹിച്ചിരുന്നോ? അദ്ദേഹം പറഞ്ഞു: മകനേ, ഇത് അനാചാരമാണ്. (തിര്‍മിദി, ഇബ്‌നുമാജ, നസാഈ, അഹ്മദ്).
അദ്ദേഹം തന്നെ തന്റെ പിതാവില്‍ നിന്നു ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”ഞാന്‍ നബി(സ)യുടെ പിന്നില്‍ (സുബ്ഹ്) നമസ്‌കരിച്ചിട്ടുണ്ട്. അവിടുന്ന് ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. അബൂബക്കറിന്റെ(റ) പിന്നിലും ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് ഓതിയിട്ടില്ല. ഉമറിന്റെ(റ) പിന്നിലും നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. ഉസ്മാന്റെ(റ) പിന്നിലും നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. അലി(റ)യുടെ പിന്നിലും നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് ഓതിയിട്ടില്ല. പിന്നീട് അദ്ദേഹം പറഞ്ഞു: കുഞ്ഞുമകനേ, അത് ബിദ്അത്താണ്” (നസാഈ)
സുബ്ഹിക്ക് നിര്‍വഹിക്കുന്ന ബിദ്അത്തായ ഖുനൂത്ത് തന്നെയാണ് വിത്‌റിലും നിര്‍വഹിച്ചുപോരുന്നത്. വിത്‌റിലെ ഖുനൂത്തിനെ സംബന്ധിച്ച് ഗള്‍ഫ് പണ്ഡിതനായ സ്വാലിഹ്ബ്‌നു ഫൗസാന്‍ പറയുന്നു: വിത്ര്‍ നമസ്‌കാരത്തില്‍ റുകൂഇനു ശേഷം ഖുനൂത്ത് ഓതല്‍ സുന്നത്താണ്. രണ്ട് കൈകളും ഉയര്‍ത്തി അല്ലാഹുമ്മ ഇഹ്ദിനീ ഫീമന്‍ ഹദയ്ത്ത…. എന്ന് തുടങ്ങുന്ന പ്രാര്‍ഥന അവസാനംവരെ ചൊല്ലേണ്ടതാണ്. (അല്‍മുലഖ്ഖസ്വുല്‍ ഫിഖ്ഹി 1:104)
മേല്‍ ഉദ്ധരിച്ച ഹാകിമിന്റെ ഹദീസ് ദുര്‍ബലമാണ്. ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: ഈ ഹദീസ് ഹാകിം പറയുന്നതുപോലെ സ്വഹീഹല്ല. ഈ ഹദീസിന്റെ പരമ്പരയില്‍ അബ്ദുല്ല എന്ന് പറയപ്പെടുന്ന (വിശ്വാസ യോഗ്യനല്ലാത്ത) ഒരു വ്യക്തിയുള്ളതിനാല്‍ അത് ദുര്‍ബലമാണ്’ (തല്‍ഖീസ് 3:433).
ഇമാം ദഹബി രേഖപ്പെടുത്തി: ഇമാം ബുഖാരി പ്രസ്താവിച്ചു: ഈ ഹദീസിന്റെ പരമ്പരയില്‍ അബ്ദുല്ലാഹിബ്‌നു സഈദുല്‍ മഖ്ബരി എന്ന വ്യക്തിയുള്ളതിനാല്‍ ജനങ്ങള്‍ ഇത് തള്ളിക്കളഞ്ഞിരിക്കുന്നു.” (മീസാനില്‍ ഇഅ്തിദാല്‍ 2:429)
പ്രമുഖ സലഫീ പണ്ഡിതനായ ഇമാം ശൗക്കാനി വിത്‌റിലെ ഖുനൂത്തിനെ സംബന്ധിക്കുന്ന ഹദീസിനെക്കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അലി(റ)യുടെ മകന്‍ ഹസനില്‍(റ) നിന്നു ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിത്‌റിലെ ഖുനൂത്തില്‍ ചൊല്ലാനായി നബി(സ) എന്നെ പഠിപ്പിക്കുകയുണ്ടായി: അല്ലാഹുമ്മ ഇഹ്ദിനീ ഫീമന്‍ ഹദയ്ത്ത…. എന്ന് അവസാനംവരെ ചൊല്ലല്‍ (ഇബ്‌നുഖുസൈമ, ഇബ്‌നുഹിബ്ബാന്‍, ഹാകിം, ദാറഖുത്‌നി, ബൈഹഖി – നൈലുല്‍ഔത്വാര്‍ 3:490).
ഈ ഹദീസിനെക്കുറിച്ച് ഇമാം ശൗകാനി പറയുന്നു: ‘ഹസനില്‍(റ) നിന്നുള്ള ഈ ഹദീസ് ഇബ്‌നുഹിബ്ബാന്‍ ദുര്‍ബലമാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുകയും ചെയ്തു. നബി(സ) മരണപ്പെടുമ്പോള്‍ ഹസന്റെ(റ) വയസ്സ് എട്ടായിരുന്നു എന്നിരിക്കെ, എങ്ങനെയാണ് ഈ പ്രാര്‍ഥന അദ്ദേഹത്തെ പഠിപ്പിക്കുക.
ഇമാം ശൗകാനി(റ) പ്രസ്തുത വിഷയത്തില്‍ വിമര്‍ശനവിധേയമാക്കിയ മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ഇബ്‌നുഅബ്ബാസും(റ) ഇബ്‌നുല്‍ഹനഫിയും(റ) പ്രസ്താവിച്ചതായി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമാണ്: നബി(സ) സുബ്ഹ് നമസ്‌കാരത്തിലും രാത്രിയിലെ വിത്ര്‍ നമസ്‌കാരത്തിലും മേല്‍പറഞ്ഞ പ്രാര്‍ഥന (ഖൂനൂത്ത്) ചൊല്ലിയിരുന്നു. പ്രസ്തുത ഹദീസിന്റെ പരമ്പരയില്‍ (വിശ്വാസയോഗ്യനല്ലാത്ത) അബ്ദുര്‍റഹ് മാനുബ്‌നു ഹുര്‍മൂസ് എന്ന വ്യക്തിയുണ്ട്.
ഖുനൂത്തിനെ സംബന്ധിച്ച് അബൂഹുറയ്‌റ(റ)യില്‍ നിന്നു ഇമാം ഹാക്കിം ഉദ്ധരിച്ച ഹദീസിനെക്കുറിച്ച് ഇമാം ശൗക്കാനി(റ) വിലയിരുത്തിയത് ഇപ്രകാരമാണ്: കാര്യം ഹാക്കിം പറഞ്ഞതുപോലെയല്ല. (പ്രസ്തുത ഹദീസ് സ്വഹീഹല്ല) എന്ന് ഹാഫിദ് ഇബ്‌നുഹജര്‍(റ) പ്രസ്താവിച്ചിരിക്കുന്നു. അതിന്റെ പരമ്പരയില്‍ അബ്ദുല്ലാഹിബ്‌നു സഈദുല്‍ മഖ്ബരി എന്ന വ്യക്തിയുണ്ട്.
വിത്‌റിലെ ഖുനൂത്തിനെ സംബന്ധിച്ച് ഇമാം ശൗഖാനി(റ)യുടെ മറ്റൊരു നിരീക്ഷണം ഇപ്രകാരമാണ്: അലി(റ)യില്‍ നിന്നു ഇമാം ദാറഖുത്‌നി ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്: ‘അവസാനത്തെ വിത്‌റു നമസ്‌കാരത്തിലും നബി(സ) ഖുനൂത്ത് ഓതി.’ ഇതിന്റെ പരമ്പരയില്‍ കള്ളംപറയുന്നവനും ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കുന്നവനുമായ അംറുബ്‌നു ശമുവ്വുജുഅ്ഫി എന്ന വ്യക്തിയുണ്ട്. ഇമാം ദാറഖുത്‌നിയും ഇബ്‌നുഅബീശൈബയും പറയുന്നു: നബി(സ) റുകൂഇന് മുമ്പ് വിത്‌റ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതിയിരുന്നു എന്ന ഹദീസിന്റെ പരമ്പരയില്‍ അബ്ബാനുബ്‌നു ഹിയാശ് എന്ന് പറയുന്ന ഒരു വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. (നൈലൂല്‍ ഔത്വാര്‍ 3:50)
ഹദീസ് നിദാനശാസ്ത്ര പണ്ഡിതനായ ഇമാം സ്വന്‍ആനി(റ) പറയുന്നു: അലി(റ)യുടെ മകന്‍ ഹസന്‍(റ) പ്രസ്താവിച്ചു: വിത്ര്‍ നമസ്‌കാരത്തില്‍ അല്ലാഹുമ്മ ഇഹ്ദിനീ ഫീമന്‍ ഹദയ്ത്ത എന്ന പ്രാര്‍ഥന അവസാനം വരെ ചൊല്ലാന്‍ നബി(സ) എന്നെ പഠിപ്പിക്കുകയുണ്ടായി എന്ന ഹദീസിന്റെ പരമ്പര മുറിഞ്ഞതാണ്. (സുബുലുസ്സലാം 1:359)
ഇമാം ശൗഖാനി വീണ്ടും പ്രസ്താവിച്ചു: ‘വിത്‌റിലെ ഖുനൂത്തിന്റെ വിഷയത്തില്‍ വന്ന ഒരു ഹദീസും സ്വഹീഹല്ലെന്ന് ഇബ്‌നുല്‍ അറബി പ്രസ്താവിച്ചിരിക്കുന്നു’ (നൈലുല്‍ ഔത്വാര്‍ 3:54). ‘വിത്‌റിലെ ഖുനൂത്ത് ബിദ്അത്താണെന്ന് താഊസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. മുഹമ്മദുബ്‌നു നസ്വ്ര്‍(റ) അപ്രകാരം ഇബ്‌നു ഉമറില്‍(റ) നിന്നും ഉദ്ധരിച്ചിട്ടുണ്ട്. അപ്രകാരം അബൂഹുറയ്‌റ(റ), ഉര്‍വതുബ്‌നു സുബൈര്‍ എന്നിവരും പ്രസ്താവിച്ചിട്ടുണ്ട്. അപ്രകാരം തന്നെയാണ് ഇമാം മാലിക്(റ) പ്രസ്താവിച്ചതും.’ (നൈലുല്‍ ഔത്വാര്‍ 3:51)
ഇമാം നവവിയും(റ) ത്വാഊസില്‍(റ) നിന്നു അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ‘ത്വാഊസ്(റ) പറയുന്നു: വിത്‌റിലെ ഖുനൂത്ത് ബിദ്അത്താണ്. അത് ഇബ്‌നു ഉമറിന്റെ(റ) പ്രസ്താവനയാണ്. (ശറഹുല്‍മുഹദ്ദബ് 4:24). ഇമാം മൗലിക് പറയുന്നു: ‘അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഒരു നമസ്‌കാരത്തിലും ഖുനൂത്ത് നിര്‍വഹിക്കാറുണ്ടായിരുന്നില്ല’ (അല്‍മുവത്വ 1:159). ഇബ്‌നുഖുസൈമ(റ) പറയുന്നു: ‘അത് നബി(സ)യില്‍ നിന്നു സ്ഥിരപ്പെട്ടതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല.’ (2:153)
ഇമാം സ്വന്‍ആനി പറയുന്നു: നബി(സ) സ്വുബ്ഹ് നമസ്‌കാരത്തിലും രാത്രിയിലെ വിത്‌റിലും അല്ലാഹുമ്മ ഇഹ്ദിനീ ഫീമന്‍ ഹദയ്ത്ത എന്ന പ്രാര്‍ഥന അവസാനം വരെ ചൊല്ലിയിരുന്നു എന്ന ഇബ്‌നു അബ്ബാസിന്റെയും(റ) ഇബ്‌നുല്‍ഹനഫീയുടെയും(റ) പ്രസ്താവന അതിന്റെ പരമ്പരകള്‍ അജ്ഞാതമാണ്. മറ്റൊരു പരമ്പര വഴി അപ്രകാരം ചൊല്ലിയിരുന്നതായി ഇബ്‌നുജുറൈജില്‍(റ) നിന്നു വന്നിട്ടുണ്ട്. അതിന്റെ പരമ്പരയില്‍ അബ്ദുര്‍റഹ്മാനുബ്‌നു ഹുര്‍മുസ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്.’ (സുബുലുസ്സലാം 1:186, ശറഹു ബുലൂഗില്‍മറാമി).
ഈ വിഷയത്തില്‍ പ്രമുഖ സലഫി പണ്ഡിതനായിരുന്ന ഇമാം ഇബ്‌നുല്‍ഖയ്യിമിന്റെ(റ) പ്രസ്താവന കാണുക: ‘വിത്‌റിലെ ഖുനൂത്തിനെ സംബന്ധിച്ച് നബി(സ)യില്‍ നിന്നു ആദ്യകാലത്തോ പില്‍ക്കാലത്തോ ഒന്നുംതന്നെ സ്വഹീഹായി സ്ഥിരപ്പെട്ടു വന്നിട്ടില്ല” (സാദുല്‍മആദ് 1:334). ഖുനൂത്ത് ആരാധനയുടെ ഭാഗമാണെന്ന് കരുതുന്നവര്‍ ഹദീസ് പണ്ഡിതന്മാരുടെ മേല്‍പറഞ്ഞ വീക്ഷണങ്ങള്‍ പഠിക്കേണ്ടതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x