ഖുദ്‌സിലേക്ക് എംബസി മാറ്റില്ലെന്ന് ആസ്‌ത്രേലിയക്ക് പിന്നാലെ ബ്രിട്ടനും

ഇസ്‌റാഈലിലെ ബ്രിട്ടീഷ് എംബസി തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കഴിഞ്ഞ സപ്തംബറില്‍ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് എംബസി മാറ്റുന്നത് ആലോചനയിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള ലിസ് ട്രസിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നില്ലെന്ന് ആസ്‌ത്രേലിയയും കഴിഞ്ഞ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. 2018-ല്‍ പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണ്‍ സര്‍ക്കാരിന്റെ തീരുമാനമാണ് പുതിയ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ തിരുത്തിയത്. ജറൂസലമിനെ തലസ്ഥാനമായി അംഗീകരിച്ച് യു എസ് എംബസി തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന യു എസിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു മോറിസണ്‍ നിലപാട് പ്രഖ്യാപിച്ചത്. 1967-ലെ മിഡില്‍ഈസ്റ്റ് യുദ്ധത്തിനു ശേഷം ഇസ്‌റാഈല്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ മേഖല ഉള്‍പ്പെടെയുള്ള മുഴുവന്‍ ജറൂസലം നഗരത്തെയും ഇസ്രായേല്‍ തലസ്ഥാനമായാണ് കാണുന്നത്. അതേസമയം, അധിനിവിഷ്ട കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികളും കാണുന്നു. ഗസ്സാ മുനമ്പിലും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലുമായി സ്ഥാപിക്കാനിരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ കിഴക്കന്‍ ജറൂസലമിനെയാണ് കാണുന്നത്.
