ഖുദ്‌സ് ഇസ്രായേലിന്റെ തലസ്ഥാനമല്ല; തീരുമാനം തിരുത്തി ആസ്‌ത്രേലിയ

പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നില്ലെന്ന് ആസ്‌ത്രേലിയ. 2018ല്‍ പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണ്‍ സര്‍ക്കാരിന്റെ തീരുമാനമാണ് പുതിയ സര്‍ക്കാര്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവസാന തീര്‍പ്പുമായി ബന്ധപ്പെട്ട വിഷയമാണ് ജറൂസലമെന്ന ആസ്‌ത്രേലിയയുടെ നേരത്തെയുള്ളതും ദീര്‍ഘകാലമായി പുലര്‍ത്തുന്നതുമായ നിലപാട് സര്‍ക്കാര്‍ വീണ്ടും ഊന്നിപ്പറഞ്ഞു. ആസ്‌ത്രേലിയന്‍ എംബസി തെല്‍അവീവില്‍ തന്നെ തുടരുമെന്നും, ഇസ്രായേലും ഭാവി ഫലസ്തീന്‍ രാഷ്ട്രവും അന്താരാഷ്ട്ര അംഗീകൃത അതിര്‍ത്തിക്കുള്ളില്‍ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒരുമിച്ചു നിലകൊള്ളുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാന്‍ബറ പ്രതിജ്ഞാബദ്ധമാണെന്നും ആസ്‌ത്രേലിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിനു ശേഷം ഇസ്രായേല്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ മേഖല ഉള്‍പ്പെടെയുള്ള മുഴുവന്‍ ജറൂസലം നഗരത്തെയും ഇസ്രായേല്‍ തലസ്ഥാനമായാണ് കാണുന്നത്. അതേസമയം, അധിനിവേശ കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികളും കാണുന്നു. ഗസ്സാ മുനമ്പിലും അധിനിവേശ വെസ്റ്റ്ബാങ്കിലുമായി സ്ഥാപിക്കാനിരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ കിഴക്കന്‍ ജറൂസലമിനെയാണ് കാണുന്നത്.
