ഖിയാമു റമദാനും റക്അത്തുകളും
പി കെ മൊയ്തീന്‍ സുല്ലമി
ഖിയാമു റമദാന്‍ (റമദാനിലെ നമസ്‌കാരം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തറാവീഹ് നമസ്‌കാരമാണ്. ഇമാം നവവി(റ)യുടെ വാക്കുകള്‍: ”ഖിയാമു റമദാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘തറാവീഹ്’ നമസ്‌കാരമാകുന്നു” (ശറഹു മുസ്‌ലിം 3:298). തറാവീഹ് എന്ന പേര് ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. തറാവീഹ് എന്നതിന്റെ അര്‍ഥം വിശ്രമങ്ങള്‍ എന്നാണ്. തര്‍വീഹത് എന്ന പദത്തിന്റെ ബഹുവചനമാണത്.
സാധാരണ നടത്തുന്ന രാത്രി നമസ്‌കാരം റമദാനില്‍ നിര്‍വഹിക്കുമ്പോള്‍ നബി(സ) എല്ലാ ഈരണ്ടു റക്അത്തുകള്‍ക്കിടയിലോ നാലു റക്അത്തുകള്‍ക്കിടയിലോ അല്‍പം വിശ്രമമെടുത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് പ്രസ്തുത പേര് വന്നത്. ഇബ്‌നു ഹജര്‍(റ) അക്കാര്യം വ്യക്തമാക്കിയത് ഇപ്രകാരമാണ്: ”തറാവീഹ് എന്ന് വിളിക്കാന്‍ കാരണം, അവര്‍ (സഹാബികള്‍) എല്ലാ ഈരണ്ടു റക്അത്തുകള്‍ക്കിടയിലും വിശ്രമമെടുത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു എന്നതുകൊണ്ടാണ്” (ഫത്ഹുല്‍ബാരി 6:5).
ഇശാഇന്റെയും സുബ്ഹിന്റെയും ഇടയ്ക്കുള്ള നമസ്‌കാരത്തിനാണ് രാത്രി നമസ്‌കാരം എന്ന് പറയുന്നത്. ഖിയാമുല്ലൈല്‍, തഹജ്ജുദ്, ഖിയാമു റമദാന്‍ എന്നൊക്കെ പറയുന്നത് ഒരേ നമസ്‌കാരം തന്നെയാണ്. രാത്രി നടത്തുന്ന നമസ്‌കാരമായതിനാലാണ് ഖിയാമുല്ലൈല്‍ എന്ന പേരു വന്നത്. അത് ഒന്ന് ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുമ്പോള്‍ തഹജ്ജുദ് എന്ന് പറയും. റമദാനില്‍ അതിന്റെ പേര് ഖിയാമു റമദാന്‍ എന്നാണ്.
അതേ നമസ്‌കാരം അല്‍പം വിശ്രമമെടുത്ത് നമസ്‌കരിക്കാന്‍ വിശുദ്ധ ഖുര്‍ആനിന്റെ കല്‍പനയുണ്ട്: ”ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റു നിന്ന് നമസ്‌കരിക്കുക, രാത്രിയുടെ പകുതി, അല്ലെങ്കില്‍ അതില്‍ നിന്ന് അല്‍പം കുറച്ചുകൊള്ളുക, അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ധിപ്പിച്ചുകൊള്ളുക” (മുസ്സമ്മില്‍ 1-4). ”രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് നമസ്‌കരിക്കുകയും ചെയ്യുക. അത് താങ്കള്‍ക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മമാകുന്നു” (ഇസ്‌റാഅ് 79).
മേല്‍ വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തിയത് ”നബി(സ)ക്ക് രാത്രി നമസ്‌കാരം നിര്‍ബന്ധമാകുന്നു എന്നാണ്” (3:54). ഇതേ രൂപത്തില്‍ ഇബ്‌നു ഹജറും(റ) രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: ”നബി(സ)ക്ക് രാത്രി നമസ്‌കാരം നിര്‍ബന്ധമാണ്. സമുദായത്തിനില്ല എന്ന് ഇബ്‌നു ബത്താന്‍(റ) പ്രസ്താവിച്ചിരിക്കുന്നു” (ഫത്ഹുല്‍ബാരി 4:22).
നബി(സ) തറാവീഹ് നമസ്‌കരിച്ചിരുന്നത് 11 റക്അത്തായിരുന്നുവെങ്കിലും ചില പണ്ഡിതന്മാര്‍ അതില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. തറാവീഹ് 20 റക്അത്താണെന്ന് ഇജ്മാഇല്ല. ഇമാം തിര്‍മിദിയുടെ വാക്കുകള്‍: ”റമദാനിലെ രാത്രി നമസ്‌കാരത്തിന്റെ റക്അത്തുകളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ചിലരുടെ അഭിപ്രായത്തില്‍ 41 റക്അത്ത് എന്നാണ്. അതാണ് മദീനക്കാരുടെ അഭിപ്രായം” (ജാമിഉത്തിര്‍മിദി 1:99).
ഇമാം ഐനിയുടെ വാക്കുകള്‍: ”റമദാനിലെ തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഒരുപാട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം തിര്‍മിദിയുടെ അഭിപ്രായം വിത്‌റോടെ 41 റക്അത്താണ്. 39 റക്്അത്താണെന്നും 36 ആണെന്നും അഭിപ്രായമുണ്ട്. 34 ആണെന്നും 28 ആണെന്നും 24 ആണെന്നും പറയപ്പെട്ടിട്ടുണ്ട്. 20 റക്അത്ത് തറാവീഹും 3 വിത്‌റും നമസ്‌കരിച്ചിരുന്നതായി അഅ്മശ്(റ) പ്രസ്താവിച്ചിട്ടുണ്ട്. 16 ആണെന്നും 13 ആണെന്നും പറയെപ്പട്ടിട്ടുണ്ട്. 11 റക്അത്താണെന്നും അഭിപ്രായമുണ്ട്. ഇമാം മാലിക്(റ) സ്വയം തെരഞ്ഞെടുത്തത് 11 റക്അത്താണ്. അബൂബക്‌റുബ്‌നുല്‍ അറബി(റ) തെരഞ്ഞെടുത്തതും 11 റക്അത്താണ്” (ഉംദത്തുല്‍ഖാരി 5:356).
നബി(സ) രണ്ടോ മൂന്നോ ദിവസം മാത്രമാണ് തറാവീഹ് ജമാഅത്തായി നിര്‍വഹിച്ചത്. പിന്നീട് അത് നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണം നബി(സ) ജമാഅത്ത് ഒഴിവാക്കി ഒറ്റയ്ക്ക് നമസ്‌കരിക്കുകയാണ് ചെയ്തത്.
അക്കാര്യം ആഇശ(റ)യി ല്‍ നിന്ന് ഉമര്‍(റ) ഉദ്ധരിച്ചത് കാണുക: ”നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ നമസ്‌കരിക്കുകയുണ്ടായി. ജനങ്ങളും നബി(സ)യെ തുടര്‍ന്ന് നമസ്‌കരിക്കുകയുണ്ടായി. പിന്നീട് രണ്ടാം ദിവസവും നബി(സ) അപ്രകാരം നമസ്‌കരിക്കുകയുണ്ടായി. ജനങ്ങള്‍ (ആദ്യ ദിവസത്തേക്കാള്‍) അധികരിക്കുകയും ചെയ്തു. പിന്നീട് മൂന്നാമത്തെയോ നാലാമത്തെയോ (റാവിയുടെ സംശയം) ആയ ദിവസങ്ങളില്‍ ജനങ്ങള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി. എന്നാല്‍ നബി(സ) നമസ്‌കരിക്കാന്‍ അവരിലേക്ക് വരികയുണ്ടായില്ല. നേരം പുലര്‍ന്നപ്പോള്‍ നബി(സ) അവരോട് ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ പള്ളിയില്‍ തടിച്ചുകൂടിയത് തീര്‍ച്ചയായും ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ പള്ളിയിലേക്ക് വരുന്നതിനെ തടസ്സപ്പെടുത്തിയത് അത് (തറാവീഹ് നമസ്‌കാരം) അല്ലാഹു നിര്‍ബന്ധമാക്കുമോ എന്ന ഭയമാണ്. ഇത് സംഭവിച്ചത് റമദാനിലായിരുന്നു” (സ്വഹീഹ് മുസ്‌ലിം 3:296). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടി കാണാം: ”അപ്പോള്‍ നിങ്ങള്‍ (തറാവീഹ്) നിര്‍ബന്ധമാക്കപ്പെടുന്ന പക്ഷം അത് നിര്‍വഹിക്കാന്‍ നിങ്ങള്‍ അശക്തരായിത്തീരും” (സ്വഹീഹു മുസ്‌ലിം 3:297).
പ്രസ്തുത രണ്ടോ മൂന്നോ ദിവസങ്ങള്‍ നബി(സ)യോടൊപ്പം ജമാഅത്തില്‍ പങ്കെടുത്ത് നമസ്‌കരിച്ച സഹാബിയാണ് ജാബിര്‍(റ). അവരോടൊപ്പം നബി(സ) നമസ്‌കരിച്ചത് 8 റക്അത്തും വിത്‌റുമായിരുന്നു. ജാബിര്‍(റ) പ്രസ്താവിച്ചു: ”നബി(സ) റമദാനില്‍ 8 റക്അത്തും വിത്‌റും ഞങ്ങളോടൊപ്പം നമസ്‌കരിക്കുകയുണ്ടായി” (അബൂയഅ്‌ല, ത്വബ്‌റാനി).
സമസ്തക്കാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ഹൈതമി(റ)യുടെ പ്രസ്താവന കാണുക: ”ഇബ്‌നു ഖുസൈമ(റ)യും ഇബ്‌നു ഹിബ്ബാനും(റ) അവരുടെ സഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: നബി(സ) (റമദാനില്‍) സഹാബികളോടൊപ്പം നമസ്‌കരിച്ചത് 8 റക്അത്തും വിത്‌റുമാണ്” (ഫതാവല്‍കുബ്‌റാ 1:194). അപ്രകാരം തന്നെയാണ് ഇബ്‌നു ഹജറുല്‍ അസ്ഖലാനിയും രേഖപ്പെടുത്തിയത്: ”ജാബിറി(റ)ല്‍ നിന്ന് ഇബ്‌നു ഖുസൈമ(റ)യും ഇബ്‌നു ഹിബ്ബാനും(റ) രേഖപ്പെടുത്തിയത് നബി(സ) റമദാനില്‍ 8 റക്അത്തും വിത്‌റും ഞങ്ങളോടൊപ്പം നമസ്‌കരിക്കുകയുണ്ടായി” (ഫത്ഹുല്‍ബാരി 4:21).
മറ്റൊരു സംഭവം ജാബിര്‍(റ) ഉദ്ധരിക്കുന്നു: ”ഉബയ്യുബ്‌നു കഅ്ബ്(റ) നബി(സ)യുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതരേ, ഇന്നലെ രാത്രി അഥവാ റമദാനില്‍ എന്നില്‍ നിന്നും ഒരു സംഭവമുണ്ടായി. നബി(സ) ആരാഞ്ഞു: അതെന്താണ് ഉബയ്യ്? അദ്ദേഹം പറഞ്ഞു: എന്റെ വീട്ടിലെ സ്ത്രീകള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമില്ല. ഞങ്ങള്‍ താങ്കളെ തുടര്‍ന്ന് നമസ്‌കരിക്കാം. അങ്ങനെ ഞാന്‍ അവര്‍ക്ക് 8 റക്അത്തും വിത്‌റും ഇമാമായി നമസ്‌കരിച്ചു. അത് നബി(സ)യുടെ ഇഷ്ടപ്പെട്ട ചര്യയായിരുന്നു. അതിന്നെതിരില്‍ അവിടന്ന് ഒന്നും പറഞ്ഞില്ല” (അബൂയഅ്‌ലാ, ത്വബ്‌റാനി).
ഇനി ഈ വിഷയകമായി ഇമാം ബുഖാരിയുടെ ഹദീസ് ശ്രദ്ധിക്കുക: ”അബൂസലമ(റ) ആഇശ(റ)യോട് ഇപ്രകാരം ആരായുകയുണ്ടായി: നബി(സ)യുടെ റമദാനിലെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നു? അവിടന്ന് പറഞ്ഞു: നബി(സ) റമദാനിലോ അല്ലാത്ത കാലത്തോ 11 റക്അത്തില്‍ അധികരിപ്പിക്കാറുണ്ടായിരുന്നില്ല” (ബുഖാരി). ബുഖാരിയുടെ മറ്റു ചില റിപ്പോര്‍ട്ടുകളില്‍ സുബ്ഹിയുടെ മുമ്പുള്ള സുന്നത്തടക്കം 13 റക്അത്താണെന്നും വന്നിട്ടുണ്ട്.
ഉമറും(റ) ഇമാം മാലികും(റ) 11 റക്അത്തായിരുന്നു നമസ്‌കരിക്കാന്‍ കല്പിച്ചതും നമസ്‌കരിച്ചിരുന്നതും. ”ഉമര്‍(റ) ഉബയ്യുബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് 11 റക്അത്ത് നമസ്‌കരിച്ചുകൊടുക്കാന്‍ കല്പിച്ചു. തീര്‍ച്ചയായും ഇമാം നൂറുകണക്കിനു ഖുര്‍ആന്‍ വചനങ്ങള്‍ ഓതാറുണ്ടായിരുന്നു. നിറുത്തത്തിന്റെ ദൈര്‍ഘ്യം കാരണത്താല്‍ ഞങ്ങള്‍ വടികളിന്മേല്‍ ചാരിനിന്ന് നമസ്‌കരിക്കാറുണ്ടായിരുന്നു” (മുവത്വ 1:115).
ഇമാം ജൗസി മാലികി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ”ഉമര്‍(റ) സംഘടിപ്പിച്ച തറാവീഹ് നമസ്‌കാരത്തിന്റെ ജമാഅത്താണ് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്. അത് 11 റക്അത്താണ്. അതാണ് നബി(സ)യുടെ നമസ്‌കാരവും” (ജലാലുദ്ദീനുസ്സുയൂത്വി, അല്‍ഹാവീലില്‍ഫതാവാ 2:77).
നബി(സ) 20 റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന വിധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ ഹദീസുകളും അങ്ങേയറ്റം ദുര്‍ബലങ്ങളാണ്. ”ഉമറി(റ)ന്റെ കാലത്ത് ജനങ്ങള്‍ 23 റക്അത്ത് നമസ്‌കരിച്ചിരുന്നു” എന്ന ഹദീസ് സ്വഹീഹല്ല. ഇത് ഉദ്ധരിക്കുന്നത് യസീദുബ്‌നു റൂമാനില്‍ നിന്നാണ്. അദ്ദേഹം ഉമറി(റ)ന്റെ കാലത്ത് ജീവിച്ച വ്യക്തി പോലുമല്ല. അതിനാല്‍ ഈ ഹദീസ് മുന്‍ഖത്വിഅ് ആണ്. ഇമാം നവവി(റ)യുടെ പ്രസ്താവന കാണുക: ”യസീദുബ്‌നു റൂമാന്‍ ഉമറി(റ)നെ കണ്ടിട്ടില്ല” (ശറഹുല്‍മുഹദ്ദബ് 4:33).
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ജലാലുദ്ദീനുസ്സുയൂഥിയുടെ വാക്കുകള്‍: ”നബി(സ) 20 റക്അത്ത് നമസ്‌കരിച്ചിരുന്നു എന്ന ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല. നബി(സ) റമദാനില്‍ 20 റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന ഇബ്‌നു അബ്ബാസിന്റെ(റ) റിപ്പോര്‍ട്ട് തെളിവിന് കൊള്ളാത്തതും അങ്ങേയറ്റം ദുര്‍ബലവുമാണ്” (അല്‍ഹാവീലില്‍ ഫതാവാ 2:72,73).
അദ്ദേഹം വീണ്ടും പറയുന്നു: ”നബി(സ) റമദാനിലും അല്ലാത്ത കാലത്തും 11ല്‍ അധികരിപ്പിക്കാറുണ്ടായിരുന്നില്ല എന്ന ആഇശ(റ)യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് നബി(സ) തറാവീഹ് 8 ഉം 3 റക്അത്ത് വിത്‌റും നമസ്‌കരിച്ചിരുന്നു. അപ്പോള്‍ തറാവീഹ് നമസ്‌കാരം 11 റക്അത്താണെന്ന് യോജിച്ചുവരികയും ചെയ്തിരിക്കുന്നു” (അല്‍ഹാവിലില്‍ഫതാവാ 2:75).
ഇനി തറാവീഹ് 20 റക്അത്താണെന്ന വാദത്തെ ഹൈതമി തന്നെ എതിര്‍ക്കുന്നത് ശ്രദ്ധിക്കുക: ”നബി(സ) റമദാനില്‍ 20 റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന് വ്യത്യസ്ത പരമ്പരകളിലൂടെ വന്ന എല്ലാ റിപ്പോര്‍ട്ടുകളും അങ്ങേയറ്റം ദുര്‍ബലങ്ങളാകുന്നു” (ഫതാവല്‍കുബ്‌റാ 1:194,195).
പ്രമുഖ ഹദീസ് നിദാനശാസ്ത്ര പണ്ഡിതനായ അസ്ഖലാനി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”നബി(സ) റമദാനില്‍ 20 റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന ഇബ്‌നു അബ്ബാസി(റ)ന്റെ പ്രസ്താവനയുടെ പരമ്പര ദുര്‍ബലവും ഇമാം ബുഖാരി(റ) ആഇശ(റ)യില്‍ നിന്നു ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിന് വിരുദ്ധവുമാണ്” (ഫത്ഹുല്‍ബാരി 4:205). സ്വാലിഹുബ്‌നു ഫൗസാന്റെ വാക്കുകള്‍: ”തറാവീഹ് എത്ര റക്അത്താണെന്ന് നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. അതിന്റെ കല്‍പന വിശാലമാണ്” (അല്‍മുലഖ്ഖസുല്‍ ഫിഖ്ഹി 1:105).