സംഘമായുള്ള രാത്രി നമസ്‌കാരം മാതൃകയുണ്ടോ?
സി എം സി ഖാദര്‍ പറവണ്ണ
‘സംഘമായി നമസ്‌കരിക്കുന്നത് അനാചാരമോ?’ എന്ന സബ് ഹെഡിങില്‍ ‘റമദാനിലെ രാത്രി നമസ്‌കാരം പള്ളിയില്‍ ഇന്ന് കാണുന്ന രീതിയില്‍…’ എന്നു തുടങ്ങി, ‘സത്യത്തില്‍ നിന്ന് പുറംതിരിഞ്ഞുനില്‍ക്കുന്ന തനി പിന്തിരിപ്പന്‍ വാദമാണിത്’ എന്നുവരെയുള്ള വരികള്‍ വായിച്ചപ്പോള്‍ (ശബാബ്, 2023 ഏപ്രില്‍ 7, പേജ് 32, 33, കെ എം ജാബിറിന്റെ ലേഖനം) രാത്രിനമസ്‌കാരത്തെപ്പറ്റി മറ്റു ചില ഹദീസുകള്‍ വായിച്ചത് ഓര്‍മയില്‍ വന്നു. അതാണ് ഈ കുറിപ്പിനാധാരം.
ആയിശ(റ) പറയുന്നു: നബി(സ) രാത്രി സ്വന്തം മുറിയില്‍ നിന്നു നമസ്‌കരിക്കുകയായിരുന്നു. മുറിയുടെ ചുവര്‍ ഉയരം കുറവായതിനാല്‍ ജനങ്ങള്‍ നബി(സ)യെ കാണാനിടവന്നു. അപ്പോള്‍ കുറച്ച് ആളുകള്‍ നബിയുടെ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. നേരം പുലര്‍ന്നപ്പോള്‍ അവര്‍ പരസ്പരം അക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. അന്നേരം അവിടുന്ന് പറഞ്ഞു: രാത്രിനമസ്‌കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. (ബുഖാരി).
സെയ്ദുബ്‌നു സാബിത്(റ) പറയുന്നു: നബി(സ) ഒരു മുറിയുണ്ടാക്കി. അത് പരമ്പ് കൊണ്ടായിരുന്നുവെന്ന് പറഞ്ഞതായിട്ടാണ് കരുതുന്നത്. അങ്ങനെ റമദാനില്‍ ഏതാനും ദിവസങ്ങളില്‍ നബി (സ) അവിടെ വെച്ച് നമസ്‌കരിച്ചു… ഒരു മനുഷ്യന്റെ നമസ്‌കാരത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് സ്വന്തം വീട്ടില്‍ വെച്ച് ചെയ്യുന്നതാണ്; നിര്‍ബന്ധ നമസ്‌കാരങ്ങളൊഴികെ. (ബുഖാരി).
ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് പള്ളിയില്‍ വെച്ച് ഇശാ കഴിഞ്ഞയുടനെയുള്ള രാത്രിനമസ്‌കാരം വേണ്ട എന്നല്ലേ? ഒരു വിഭാഗത്തിന്റെയും പക്ഷം പിടിക്കാതെ ചിന്തിക്കുന്നവര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം: ഒന്ന്: നബി(സ) ഈ നമസ്‌കാരം പള്ളിയില്‍ സംഘടിപ്പിച്ചിട്ടില്ല; സ്വന്തം മുറിയില്‍ വെച്ച് നമസ്‌കരിച്ചു. രണ്ട്: മുറിയുടെ ചുവര്‍ ഉയരം കുറവായതിനാല്‍ ചിലര്‍ അത് കാണാനിടയായി. മൂന്ന്: അവരില്‍ ചിലര്‍ പള്ളിയില്‍ വെച്ച് ആ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. നാല്: നബി(സ) അക്കാര്യമൊന്നും രണ്ടു ദിവസം അറിഞ്ഞില്ല. അഞ്ച്: അക്കാര്യം അറിഞ്ഞപ്പോള്‍ ആ പരിപാടി പ്രവര്‍ത്തനത്താല്‍ നബി(സ) ഉപേക്ഷിച്ചു. ആറ്: വാക്കാല്‍ ഉപേക്ഷിക്കാന്‍ കല്‍പിച്ചു. ഏഴ്: സുന്നത്ത് നമസ്‌കാരങ്ങള്‍ വീട്ടില്‍ നിന്ന് നമസ്‌കരിക്കുന്നതാണ് ശ്രേഷ്ഠം എന്ന് പറഞ്ഞു.
ഇപ്പറഞ്ഞതില്‍ നിന്ന് ‘ഏറ്റവും ശ്രേഷ്ഠം വീട്ടില്‍ വെച്ചാണെ’ന്ന പ്രവാചകന്റെ പ്രഖ്യാപനവും, ജമാഅത്തിനു വരാതെയുള്ള നിലപാടും ഈ നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കുന്നതില്‍ പുണ്യമില്ലെന്ന് വ്യക്തമാക്കുകയല്ലേ ചെയ്യുന്നത്? ഖലീഫമാരും പള്ളിയിലെ ഖിയാമുല്ലൈലില്‍ പങ്കെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.