ഖത്തറിലെ കളിയും കാര്യവും
മിഡിലീസ്റ്റിലെ ഒരു രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണ് ഈ വര്‍ഷത്തേത്. 2022ലെ ലോകകപ്പ് ഖത്തറില്‍ വെച്ച് നടക്കുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ലോകമാധ്യമങ്ങളില്‍ പല തരത്തിലുള്ള ചര്‍ച്ചകളാണ് നടന്നിരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നേരിടുന്ന ആരോപണങ്ങളും അപവാദ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഖത്തര്‍ മുന്നോട്ട് പോയപ്പോള്‍ അതൊരു ചരിത്രമായി മാറുകയാണ്. അറബ് രാഷ്ട്രം, മുസ്ലിം രാജ്യം, സുഊദി അറേബ്യയുമായി മാത്രം കരാതിര്‍ത്തിയുള്ള രാജ്യം തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളുള്ള, ഭൂവിസ്തൃതി കുറഞ്ഞ രാജ്യമാണ് ഖത്തര്‍. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തപ്പോള്‍ അത് ഖത്തറിനെ സംബന്ധിച്ചേടത്തോളം അഭിമാന പോരാട്ടമായി മാറി. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ രംഗത്ത് അത്രയൊന്നും പരിചയസമ്പത്തില്ലാത്ത ഖത്തര്‍ ഏറെ തടസ്സങ്ങളെ അതിജീവിച്ചാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ ഖത്തറിനെ അപമാനിക്കാനും കുപ്രചാരണങ്ങള്‍ അഴിച്ചുവിടാനുമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഇവിടെ കേരളത്തില്‍ പോലും അത്തരം വാര്‍ത്തകള്‍ സ്ഥിരമായി നല്‍കുന്ന പല പോര്‍ട്ടലുകളുമുണ്ട്.
ലോകകപ്പ് ഖത്തറില്‍ പ്രഖ്യാപിച്ചതു മുതല്‍ ഖത്തറിലെ മുസ്ലിം സംസ്‌കാരത്തെ മുന്‍നിര്‍ത്തിയാണ് ഒട്ടുമിക്ക പ്രചാരണങ്ങളും ഉണ്ടായിരുന്നത്. മദ്യത്തിന്റെ ലഭ്യത, ജെന്‍ഡര്‍ പൊളിറ്റിക്‌സിനുള്ള വേദി, സ്വവര്‍ഗ ലൈംഗികത തുടങ്ങിയവയാണ് ചര്‍ച്ചയുടെ കേന്ദ്രവിഷയങ്ങള്‍. ഖത്തറിലെ കുടിയേറ്റ തൊഴില്‍ നിയമങ്ങളും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഇതിനിടയില്‍ കടന്നുവന്നിരുന്നു. എന്നാല്‍ ഖത്തര്‍ എല്ലാറ്റിനെയും സധൈര്യം നേരിട്ടു. കുടിയേറ്റ പ്രശ്‌നങ്ങളെ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കി. തൊഴിലാളികള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ മൂല്യബോധവും സംസ്‌കാരവും വിഷയങ്ങളായി വരുന്ന മേഖലകളില്‍ ഒരു നീക്കുപോക്കിന് ഖത്തര്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. സ്റ്റേഡിയത്തില്‍ മദ്യം ലഭ്യമാക്കാന്‍ സംഘാടകര്‍ക്ക് അനുവാദമില്ല.
സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി പ്രഖ്യാപിച്ചിട്ടുള്ള നിയമം അതുപോലെ തുടരും. മദ്യം ആവശ്യമുള്ളവര്‍ക്ക് അതിനായി മാത്രമുള്ള കേന്ദ്രങ്ങള്‍ തുടങ്ങാമെന്നാണ് ഫിഫയുമായി ഉണ്ടാക്കിയ ധാരണ. അതുപോലെ, സ്വവര്‍ഗ ലൈംഗികതയുടെ കാര്യത്തില്‍ എല്ലാ ജെന്‍ഡറുകളെയും കളി കാണാന്‍ ക്ഷണിക്കുന്നുവെന്നും എന്നാല്‍ ജെന്‍ഡര്‍ പൊളിറ്റിക്‌സ് പ്രചരിപ്പിക്കാന്‍ അവസരം നല്‍കില്ലെന്നുമാണ് ഖത്തര്‍ നിലപാട് സ്വീകരിച്ചത്. മുമ്പ് ലോകകപ്പ് നടന്നിരുന്ന രാജ്യങ്ങളെ പരിശോധിച്ചാല്‍ പല തരത്തിലുള്ള ആഭ്യന്തര നിയമങ്ങള്‍ അവിടെയുള്ളതായി കാണാന്‍ സാധിക്കും. ആഭ്യന്തര നിയമങ്ങളെ ബഹുമാനിക്കുക എന്ന സമീപനമാണ് അന്ന് മത്സരാര്‍ഥികളും കാണികളും സ്വീകരിച്ചിരുന്നത്.
എന്നാല്‍ ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ സംഘാടകര്‍ തന്നെ ഖത്തറിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഒരു മുസ്ലിം രാജ്യത്തേക്ക് എത്തുമ്പോള്‍ മാത്രം ആഭ്യന്തര നിയമങ്ങള്‍ പ്രശ്‌നമായി മാറുന്നത് മുസ്ലിം സംസ്‌കാരത്തോടും മിഡിലീസ്റ്റ് രാജ്യത്തോടുമുള്ള കെറുവിന്റെ പ്രശ്‌നമാണ്. ലോകകപ്പ് കഴിയുന്നതോടെ ഖത്തര്‍ എന്ന ചെറിയ രാജ്യം സ്‌പോര്‍ട്‌സ് ഭൂപടത്തിലും സാംസ്‌കാരിക ഭൂപടത്തിലും ഇടം പിടിക്കുമെന്നുറപ്പാണ്. അതിനുവേണ്ടി തന്നെയാണ് ഒരു സോഫ്റ്റ് പവര്‍ ടൂള്‍ എന്ന നിലയില്‍ ആ രാജ്യം ലോകകപ്പിനെ സമീപിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ ലോകകപ്പിന് വേണ്ടി ആകെ ചെലവഴിച്ച പണത്തേക്കാള്‍ കൂടുതലാണ് 22-ാമത് ലോകകപ്പിന് വേണ്ടി മാത്രമായി ഖത്തര്‍ ചെലവഴിക്കുന്നത്.
ഖത്തറിനെതിരെയുള്ള വിമര്‍ശനം കടുത്തപ്പോള്‍, മത്സരം തുടങ്ങുന്നതിന്റെ തലേനാള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ നടത്തിയ പത്രസമ്മേളനത്തില്‍ എല്ലാ ആരോപണങ്ങളെയും നിഷേധിക്കുകയും യൂറോ പ്യന്‍ മാധ്യമങ്ങളുടെ കുപ്രചാരണത്തെ പ്രതിരോധിക്കുകയും ചെയ്തു എന്നത് സ്വാഗതാര്‍ഹമാണ്. യൂറോപ്പ് വംശവെറിയാണ് കാണിക്കുന്നതെന്നും യൂറോപ്യ ന്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളോട് കഴിഞ്ഞ മൂന്ന് സഹസ്രാബ്ദങ്ങളി ല്‍ ചെയ്ത അപരാധങ്ങള്‍ക്ക് ഇനി വരുന്ന മൂന്ന് സഹസ്രാബ്ദ ങ്ങളില്‍ മാപ്പുപറഞ്ഞുകൊണ്ട് മാത്രമേ മറ്റാരെയെങ്കിലും ഉപദേശിക്കുന്നതില്‍ സാംഗത്യമുള്ളൂ എന്നും ഫിഫ പ്രസിഡന്റ് തുറന്നടിച്ചു.
ലോകകപ്പിനു വേണ്ടി സംസ് കാരത്തെയും നിയമങ്ങളെയും നിര്‍വീര്യമാക്കാന്‍ ഖത്തര്‍ തയ്യാറായില്ല. ഇതാണ് യൂറോപ്പിനെ പ്രകോപിപ്പിക്കുന്നത്. ഖത്തര്‍ പിന്തുടരുന്ന മുസ്ലിം സംസ്‌കാരത്തിനും ഭരണരീതിക്കും ലഭിക്കുന്ന ദൃശ്യതയും അംഗീകാരവും തീവ്ര വലതുകക്ഷികളെ അലോസരപ്പെടുത്തുന്നുണ്ട്. അല്‍ജസീറ പോലെയുള്ള ചാനലിനെ പിന്തുണയ്ക്കുന്ന ഒരു രാജ്യം നാളത്തെ സോഫ്റ്റ് പവറായി മാറുന്നതും ഈ പ്രകോപനത്തിന്റെ മറ്റൊരു കാരണമാണ്.