30 Friday
January 2026
2026 January 30
1447 Chabân 11

ഖത്തറിനെതിരെ പ്രസ്താവന നടത്താന്‍ കളിക്കാര്‍ക്കു സമ്മര്‍ദമുണ്ട്: ഹ്യൂഗോ ലോറിസ്


ഖത്തറിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകളും ആരോപണങ്ങളും പടച്ചുവിടുകയാണ് യു എസ്-യൂറോപ്യന്‍ മാധ്യമങ്ങളും വക്താക്കളും. എന്നാല്‍ ഇതിനിടെയും ഖത്തറിനെയും ലോകകപ്പിനെയും പിന്തുണച്ചും ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും പല പ്രമുഖരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫ്രാന്‍സ് ക്യാപ്റ്റനും ലോക ഒന്നാംനമ്പര്‍ ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസാണ് പരസ്യമായി പ്രതികരിച്ചത്. ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്താന്‍ കളിക്കാര്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന വെളിപ്പെടുത്തലാണ് ലോറിസ് നടത്തിയത്. ലോകകപ്പ് വേദി ഖത്തറിന് കൈമാറിയ തീരുമാനത്തിനെതിരായ പ്രചാരണങ്ങള്‍ അവഗണിക്കുകയും ലോകത്തെ ഏറ്റവും വലിയ മേളയെ വിജയിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തണമെന്നുണ്ടെങ്കില്‍ അത് പത്തു വര്‍ഷം മുമ്പ് ആവാമായിരുന്നു. ഇപ്പോള്‍ അതിനുള്ള സമയമല്ല. കളിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഓരോ നാലു വര്‍ഷവും കഴിയുമ്പോള്‍ നടക്കുന്ന മത്സരമാണ്. ഏതു നിലയ്ക്കും വിജയിക്കണമെന്നാണ് കളിക്കാരുടെ ആഗ്രഹം. കളിക്കാര്‍ ഇപ്പോള്‍ ഗ്രൗണ്ടില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ബാക്കിയെല്ലാം രാഷ്ട്രീയമാണ്” – ലോറിസ് പറഞ്ഞു.
ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ വിദേശികളെ സ്വാഗതം ചെയ്യുമ്പോള്‍ അവര്‍ ഞങ്ങളുടെ നിയമങ്ങള്‍ പാലിച്ച് കളിക്കാനും നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാനും അവരോട് ആവശ്യപ്പെടാറുണ്ട്. അതുതന്നെയാണ് ഞാന്‍ ഖത്തറില്‍ പോകുമ്പോഴും ചെയ്യുന്നത്. അവരുടെ നിയമമനുസരിച്ച് കളിക്കും. അവരുടെ ആശയങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടായേക്കാം. പക്ഷേ, തീര്‍ച്ചയായും അവരുടെ നിയമങ്ങള്‍ ഞാന്‍ അനുസരിക്കണം. അതിനാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച അടയാളമായ മഴവില്‍ നിറത്തിലുള്ള ബാന്‍ഡ് കൈയില്‍ കെട്ടില്ല”- ലോറിസ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to Top