ഖത്തറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

ഛാഡ് സമാധാന ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയ ഖത്തറിന് നന്ദി അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മധ്യ ആഫ്രിക്കന്‍ രാജ്യമായ ഛാഡിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് ഖത്തര്‍ നടത്തിയ ഇടപെടല്‍ വിജയകരമായിരുന്നു. ഛാഡില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രധാന ചുവടുവെപ്പാണ് ഖത്തറിന്റെ മധ്യസ്ഥതയിലുള്ള കരാറെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഖത്തര്‍ അമീര്‍ ശൈഖ് ബിന്‍ തമീം ഹമദ് ആല്‍താനിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഖത്തറും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക-അന്തര്‍ദേശീയ രംഗങ്ങളിലെ പുതിയ സംഭവവികാസങ്ങളും രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്തു. ഛാഡില്‍ സമാധാനം സ്ഥാപിക്കുന്നതിന് അവസരമൊരുക്കിയ ഖത്തര്‍ ഉടമ്പടിയെ ആഫ്രിക്കന്‍-യൂറോപ്യന്‍ യൂനിയനുകളും അമേരിക്കയും സ്വാഗതം ചെയ്തു. സമാധാനം സ്ഥാപിക്കാനുള്ള ഛാഡ് വിഭാഗങ്ങളുടെ ശ്രമങ്ങളെ യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും അഭിനന്ദിച്ചു. ഛാഡിലെ ട്രാന്‍സിഷനല്‍ സര്‍ക്കാരും പ്രതിപക്ഷ വിഭാഗങ്ങളും ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയിലാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
