2 Saturday
March 2024
2024 March 2
1445 Chabân 21

ഖത്തര്‍ ഫുട്‌ബോളും ഇസ്‌ലാം എന്ന സോഫ്റ്റ് പവറും

ഷബീര്‍ രാരങ്ങോത്ത്‌


ദശലക്ഷക്കണക്കിന് കായികപ്രേമികള്‍ കാത്തിരുന്ന ആഗോള ഇവന്റാണ് ലോകകപ്പ്. ആറു ഭൂഖണ്ഡങ്ങളില്‍ നിന്നും വ്യത്യസ്ത മത-സാംസ്‌കാരിക പരിസരത്തു നിന്നുള്ള ദശലക്ഷക്കണക്കിന് വ്യക്തികളെയാണ് ആതിഥേയ രാജ്യം ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുന്നത്. തങ്ങളുടെ രാജ്യത്ത് നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തോടനുബന്ധിച്ച് ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരും വിദഗ്ധരുമെല്ലാം ഇത് ഖത്തര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു പഠനം നടത്തുന്നുണ്ട്.
ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ഇബ്‌നു ഖല്‍ദൂന്‍ സെന്റര്‍ ഒരു സോഫ്റ്റ് പവര്‍ എന്ന നിലയില്‍ സംസ്‌കാരത്തെ ഉപയോഗിക്കുന്നതിന്റെ നിര്‍ണായക ഘടകങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും ഫിഫ ലോകകപ്പ് 2022 ആതിഥേയത്വം വഹിക്കുന്നതില്‍ ഇത് നടപ്പില്‍ വരുത്തുന്നതിലുള്ള പ്രതിസന്ധികള്‍ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി നടപ്പാക്കി. ഈ പദ്ധതി ഖത്തര്‍ സമൂഹത്തിന്റെ പ്രതിച്ഛായാ ഘടകങ്ങളും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും, ഖത്തരി സമൂഹം പൊതുസമൂഹത്തോട് കാണിക്കുന്ന മനോഭാവങ്ങളും മതപരവും സാമൂഹികവും സാംസ്‌കാരികവുമായ പരിമിതികളും പഠിച്ചുകൊണ്ട് കണ്ടെത്താന്‍ ലക്ഷ്യമിട്ടിരുന്നു. പദ്ധതിയില്‍ നാലു പ്രായോഗിക ഗവേഷണങ്ങള്‍ ഉള്‍പ്പെടുന്നു. ‘ഖത്തരി സമൂഹത്തിന്റെ അടിസ്ഥാന പ്രതിച്ഛായ: നിവാസികളുടെ കാഴ്ചപ്പാടുകളുടെ പഠനം’ എന്ന തലക്കെട്ടിലാണ് ആദ്യത്തേതും വലുതുമായ ഗവേഷണം. ഖത്തറിനോടും അതിന്റെ സംസ്‌കാരത്തോടും ജനങ്ങളോടുമുള്ള നിവാസികളുടെ സാമൂഹിക ധാരണകള്‍ തിരിച്ചറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2022 ലോകകപ്പ് സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഖത്തറിന് ആവശ്യമായ ശാസ്ത്രീയ അവലംബങ്ങളും വിശ്വസനീയമായ അറിവും കുറവുള്ള ഒരു പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിലാണ് ഈ പഠനത്തിന്റെ പ്രാധാന്യം.
ഖത്തരി സമൂഹത്തെക്കുറിച്ചുള്ള താമസക്കാരുടെ ധാരണകള്‍ വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്ന് ഖത്തറിന്റെ വ്യതിരിക്തമായ ഘടകങ്ങളെ തിരിച്ചറിയുന്നതിന് ഉപയോഗപ്രദമാകും. ഈ പഠനത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന്, വ്യക്തികളുടെ അറിവിനെ അടിസ്ഥാനമാക്കി ശാസ്ത്രീയ അറിവ് കെട്ടിപ്പടുക്കാന്‍ അനുവദിക്കുന്ന ഗവേഷണ രീതിശാസ്ത്രം സ്വീകരിച്ചു.
‘അസിന്‍ക്രണസ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 111 താമസക്കാരുടെ ഉദ്ദേശ്യ സാമ്പിളില്‍ നിന്ന് ഡാറ്റ ശേഖരിച്ചു. ങഅതഝഉഅ പ്രോഗ്രാം ഉപയോഗിച്ച് തീമാറ്റിക് വിശകലനം പ്രയോഗിച്ചു.
പഠനം നിരവധി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്, സ്വകാര്യ ലക്ഷ്യങ്ങളോടെയാണ് താമസക്കാര്‍ ഖത്തറിലെത്തിയത്; അതില്‍ പ്രധാനം ഖത്തറിന്റെ ജോലിയും ജീവിതനിലവാരവും സുരക്ഷയും പോലുള്ള വളരെ ആകര്‍ഷകമായ നിലവാരവുമാണ് എന്നതാണ്.
താമസക്കാരുടെ ധാരണകള്‍ ചലനാത്മകവും മാറുന്നതും നിരവധി വ്യവസ്ഥകള്‍ക്കു വിധേയവുമാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്, നേരിട്ടുള്ള വ്യക്തിഗത അനുഭവവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ചട്ടക്കൂടുകളുമാണ്. ഖത്തറിന്റെ സംസ്‌കാരത്തിന് അതിന്റെ മൂര്‍ത്തവും അദൃശ്യവുമായ ഘടകങ്ങളില്‍ പ്രത്യേക ഗുണങ്ങളുണ്ട്, അവ ഉയര്‍ത്തിക്കാട്ടുകയും പരിപാലിക്കുകയും വേണം. അവ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും വേണം. ഖത്തരി വ്യക്തിത്വം അതിന്റെ ഉയര്‍ന്ന ധാര്‍മിക ഗുണങ്ങളാല്‍ വളരെ ബഹുമാനിക്കപ്പെടുന്നു.
ഒരേസമയം ആധുനികതയോടും സാര്‍വത്രികതയോടും വ്യതിരിക്തമായ പ്രാദേശിക സ്വഭാവവും പൊരുത്തവും നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഖത്തര്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനം പ്രാദേശിക സംസ്‌കാരങ്ങളും മതവിശ്വാസവും മറ്റുമായി പൊരുത്തപ്പെടാത്ത അവകാശങ്ങളെക്കുറിച്ചുള്ള തര്‍ക്കം പരിഹരിക്കുക എന്നതാണ്.
ഖത്തറിന്റെ പ്രതിച്ഛായ
ലോകകപ്പ് ആതിഥേയത്വം വഹിക്കുമ്പോള്‍ ഖത്തരി സമൂഹത്തിന്റെ സ്റ്റാന്‍ഡേഡ് ഇമേജ് ഉണ്ടാക്കുന്നതിനുള്ള മതപരവും സാമൂഹികവും സാംസ്‌കാരികവുമായ നിര്‍ണായക ഘടകങ്ങളെ മറ്റ് ഗവേഷണ പ്രബന്ധങ്ങള്‍ അഭിസംബോധന ചെയ്തു. ‘സാമൂഹിക വ്യവസ്ഥിതിയും ലോകകപ്പിന് ആതിഥ്യമരുളുമ്പോള്‍ ഖത്തറിന്റെ യഥാര്‍ഥ പ്രതിച്ഛായ രൂപീകരിക്കുന്നതില്‍ അതിനുള്ള പങ്കും’ എന്ന തലക്കെട്ടിലാണ് ആദ്യ പ്രബന്ധം. ലോകകപ്പ് ആതിഥേയത്വം വഹിക്കുമ്പോള്‍ ഖത്തര്‍ അഭിമുഖീകരിക്കാനിടയുള്ള സാമൂഹിക വെല്ലുവിളികളെക്കുറിച്ച് പഠനം നടത്തുകയാണ് പ്രബന്ധം ലക്ഷ്യമിടുന്നത്. പഠനത്തിന്റെ അന്വേഷണങ്ങള്‍ ഖത്തരി സമൂഹത്തിന്റെ സവിശേഷതയായ സാമൂഹിക സവിശേഷതകളിലും ലോകകപ്പു കാലത്ത് ഖത്തരി സമൂഹത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സവിശേഷതകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ ഘടകങ്ങള്‍ നിര്‍വചിക്കുമ്പോള്‍ ഖത്തര്‍ അഭിമുഖീകരിക്കുന്ന സാമൂഹിക വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പഠനം അഭിസംബോധന ചെയ്തു. ഈ അന്വേഷണങ്ങളില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഖത്തര്‍ സമൂഹത്തിലെ ബുദ്ധിജീവികളുടെ ഒരു സാമ്പിള്‍ തിരഞ്ഞെടുത്തു. ഗുണപരമായ സമീപനമാണ് പഠനം സ്വീകരിച്ചത്. ആറു ഖത്തരി ബുദ്ധിജീവികളുമായി ആഴത്തിലുള്ള അഭിമുഖം നടത്തി. കൂടാതെ ആറു ബിരുദാനന്തര ബിരുദധാരികളും സാമൂഹിക വിഷയങ്ങളില്‍ താല്‍പര്യമുള്ളവരുമായി സംവാദവും നടത്തി. പഠനം നിരവധി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്: സമൂഹത്തിന്റെ ആചാരങ്ങളും സംസ്‌കാരവും ഒരു കൃത്രിമത്വവും കൂടാതെ കാണിക്കേണ്ടതിന്റെ ആവശ്യകതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാമ്പിള്‍, തങ്ങളുടെ വിശ്വാസങ്ങളോട് എതിരിടാമെങ്കിലും 2022 ലോകകപ്പ് ആതിഥേയത്വം വഹിക്കുമ്പോള്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ക്കായി ഖത്തരി സമൂഹത്തെ തയ്യാറാക്കുക, പൊതുക്രമത്തിനു വിരുദ്ധമായ നിലപാടുകള്‍ ഒഴിവാക്കുന്നതിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്നത് ഉള്‍പ്പെടെ ചില തയ്യാറെടുപ്പു കള്‍ ക്രമീകരിക്കുക തുടങ്ങിയവ വേണമെന്നഭിപ്രായപ്പെട്ടു.
മതത്തിന്റെ സ്വാധീനം
‘ഫിഫ വേള്‍ഡ് കപ്പ് 2022 സംഘടിപ്പിക്കുന്നതില്‍ ഖത്തറിന് മതം ഒരു സോഫ്റ്റ് പവര്‍’ എന്നായിരുന്നു രണ്ടാമത്തെ പ്രബന്ധത്തിന്റെ തലക്കെട്ട്. ഈ പ്രബന്ധം ഖത്തറിന്റെ പോസിറ്റീവ് പ്രതിച്ഛായ രൂപീകരിക്കുന്നതില്‍ ഇസ്‌ലാമിനുള്ള പങ്ക് ഔദ്യോഗിക മതവും സോഫ്റ്റ് പവറും തമ്മിലുള്ള ബന്ധം പഠിച്ചുകൊണ്ട് സമര്‍ഥിക്കാനാണ് ലക്ഷ്യമിട്ടത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ഖത്തര്‍ അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികളെ അതിജീവിക്കാനുള്ള ഇസ്‌ലാമിക മാര്‍ഗങ്ങളെക്കുറിച്ച് പ്രബന്ധം സംസാരിക്കുന്നു. ഖത്തറിലെ ശാസ്ത്രരംഗത്തെ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ക്കു പുറമേ ഇസ്‌ലാമിക ഉറവിടങ്ങളും ഖത്തരി ഔദ്യോഗിക രേഖകളും പഠനം ആശ്രയിച്ചു. വ്യവഹാര വിശകലനത്തിന്റെയും പരോക്ഷ നിരീക്ഷണത്തിന്റെയും സമീപനമാണ് പ്രബന്ധം ഉപയോഗിച്ചത്. ഇസ്‌ലാമും സോഫ്റ്റ്പവറും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ആവിര്‍ഭാവവും ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിന്റെ പ്രതിച്ഛായാ വികാസത്തില്‍ ഇസ്‌ലാമിനുള്ള പങ്കും ശാസ്ത്രീയമായിത്തന്നെ ഈ പ്രബന്ധം കണ്ടെത്തുകയുണ്ടായി.
ഗവേഷകര്‍ പറയുന്നത് ഇങ്ങനെയാണ്: ”ഒരു മൃദുശക്തി എന്ന നിലയ്ക്ക് ഇസ്‌ലാം ഖത്തറിന് മികച്ച പ്രതിച്ഛായ ഒരുക്കുന്നതില്‍ വഹിച്ച പങ്ക് പഠിക്കുകയാണ് ഈ പ്രബന്ധം ലക്ഷ്യമിടുന്നത്. ഔദ്യോഗിക മതമെന്ന നിലയില്‍ ഇസ്‌ലാമും അറബ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമെന്ന നിലയില്‍ ഖത്തറും നിലനില്‍ക്കവെ കളിയിലും വിനോദത്തിലും ഇസ്‌ലാം എവിടെയാണ് ഒരു പ്രധാന ശക്തിയായി നിയന്ത്രിക്കുന്നത് എന്നതാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. ലോകകപ്പിനിടെ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെ ഇസ്‌ലാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഞങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. കൂടാതെ, വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് ഇസ്‌ലാമിനെക്കുറിച്ച് നല്ലതോ മോശമോ ആയ മുന്‍ധാരണകളുമായി കടന്നുവരുന്ന വ്യത്യസ്ത സംസ്‌കാരങ്ങള്‍ പേറുന്ന ആളുകളിലേക്ക് യഥാര്‍ഥ ഇസ്‌ലാമിന്റെ മുഖം അവതരിപ്പിച്ച് ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടം എങ്ങനെയാണ് ഖത്തറിനു മുന്നോട്ടുവെക്കാനാവുക എന്നും ഞങ്ങള്‍ പഠനവിധേയമാക്കുന്നുണ്ട്.”
ഈ പ്രബന്ധം വളരെ ശാസ്ത്രീയമായ ഒട്ടനവധി മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. വളരെ മികച്ച രീതിയില്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കത്തക്ക വിധത്തില്‍ ഒരു ഇവന്റായി ഈ ലോകകപ്പിനെ മാറ്റുന്നതില്‍ ഇസ്‌ലാം വലിയ പങ്കുവഹിക്കുമെന്ന് ഈ പ്രബന്ധം വിലയിരുത്തുന്നുണ്ട്.
സംസ്‌കാരവും
അധികാരവും

‘ഫിഫ ലോകകപ്പ് 2022 ഓര്‍ഗനൈസേഷനില്‍ ഖത്തറിന്റെ സാംസ്‌കാരിക പ്രതിച്ഛായ രൂപപ്പെടുത്തുന്നതില്‍ അധികാര വ്യവസ്ഥിതിയുടെ പങ്ക്’ എന്നായിരുന്നു മൂന്നാമത്തെ പേപ്പറിന്റെ തലക്കെട്ട്. ലോകകപ്പ് സംഘടിപ്പിക്കുന്ന വേളയില്‍ ഖത്തറിനും ഖത്തരി വ്യക്തിത്വത്തിനും മാതൃകാപരമായ സാംസ്‌കാരിക പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതില്‍ സ്ഥാപനപരമായ പങ്കിന്റെ പ്രാധാന്യം പരിശോധിക്കാനും വിശകലനം ചെയ്യാനും ഈ പഠനം ലക്ഷ്യമിടുന്നു. ഈ പഠനം ഖത്തറിന്റെ സാംസ്‌കാരിക വശങ്ങളിലേക്ക് വെളിച്ചം വീശുന്ന സ്വത്വപ്രകാശനത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ വന്നുചേരാവുന്ന ചോദ്യങ്ങളിലേക്കാണ് ഊന്നല്‍ നല്‍കിയത്. ഖത്തരി സ്വത്വത്തിന്റെ വ്യത്യസ്തമായ വശങ്ങളെ കണ്ടെത്താനും ഈ പഠനം ശ്രമിക്കുകയുണ്ടായി. നിലവിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, അവ വികസിപ്പിക്കാനുള്ള വഴികള്‍, സംസ്‌കാരം സൃഷ്ടിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മനുഷ്യ ഘടകത്തിന്റെ പങ്ക് എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളെ ഇത് സ്പര്‍ശിച്ചു.
ആറ് ഖത്തരി ബുദ്ധിജീവികളുമായി നടത്തിയ ദൈര്‍ഘ്യമേറിയ അഭിമുഖങ്ങള്‍ പോലുള്ള ഗുണപരമായ ഉപാധികള്‍ പഠനം സ്വീകരിച്ചു. ഖത്തരി സാംസ്‌കാരിക രംഗത്തെ നാലു വിദഗ്ധരുമായി വിപുലമായ പാനല്‍ ചര്‍ച്ചയും നടന്നു. പദ്ധതിയില്‍ ഉടനീളം നടത്താനിടയുള്ള വിവിധ പരിപാടികളില്‍ പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ പങ്കെടുപ്പിക്കുകയും സഹകരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയോടൊപ്പം സോഫ്റ്റ് പവറിന്റെ സമ്പര്‍ക്കമുഖമായ ഖത്തറിന്റെ ഐഡന്റിറ്റി ഉയര്‍ത്തിക്കാണിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ആ പഠനം അവസാനിപ്പിക്കുന്നത്. കൂടാതെ ഇത്തരമൊരു ഇവന്റിനോളം മികച്ച സാംസ്‌കാരിക പ്രതിച്ഛായ രൂപീകരിക്കുന്നതില്‍ ഭരണസംവിധാനത്തിന്റെ എല്ലാ തട്ടിലും നടത്തിയ പരിശ്രമങ്ങളുടെ പ്രാധാന്യവും പഠനം ഊന്നിപ്പറയുകയുണ്ടായി.
ഏറ്റവും ഒടുവിലായി, ഭരണഘടനാ വ്യവസ്ഥിതിയെ സംബന്ധിച്ച ഗവേഷണ ലേഖനം 2004ലെ ഖത്തരി സ്ഥിരം ഭരണഘടനയും ലോകകപ്പ് നടത്തിപ്പിലെ അതിന്റെ പ്രായോഗികതയും സംബന്ധിച്ച് ഒരു അപഗ്രഥനാത്മകമായ വായന നടത്തുന്നുണ്ട്. ഈ പ്രബന്ധം ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ രാഷ്ട്രത്തിന്റെ ഭരണഘടനാ പ്രതിച്ഛായയെ നിര്‍വചിക്കുന്നുണ്ട്. പിന്നീട് ഫിഫ ലോകകപ്പിലെ ഭരണഘടനാ പ്രതിച്ഛായയുടെ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള പ്രായോഗിക ചട്ടക്കൂടുകളും മുന്നോട്ടുവെച്ചിട്ടുണ്ട്.
ലോകകപ്പ് വ്യവസ്ഥകളുടെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച്, ഖത്തരി സമൂഹത്തിലെ നിരവധി ബുദ്ധിജീവികളുമായി ആഴത്തിലുള്ള അഭിമുഖങ്ങള്‍ നടത്തി യാഥാര്‍ഥ്യവും ഭരണഘടനാ വ്യവസ്ഥകളും തമ്മിലുള്ള പാരസ്പര്യം കണ്ടെത്തുന്നതിനും അവ തമ്മിലുള്ള വിടവ് അളക്കുന്നതിനുമുള്ള ഗുണപരമായ സമീപനത്തെ ആശ്രയിക്കുകയും ചെയ് തു.
പഠനം നിരവധി കണ്ടെത്തലുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലത് ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെ യഥാര്‍ഥ അവസ്ഥയിലേക്കും പ്രായോഗിക പരിശീലനത്തിനും നിയമവ്യവസ്ഥയ്ക്കുമിടയിലുള്ള അന്തരത്തിനുമിടയില്‍ പാലമുണ്ടാക്കുന്നതിലുള്ള രാഷ്ട്രത്തിന്റെ പ്രകടനത്തിലേക്കും സൂചന നല്‍കുന്നു. പ്രാബല്യത്തിലുള്ള നിയമവ്യവസ്ഥകളും ലോകകപ്പിന്റെ സ്വഭാവം ചുമത്തുന്ന അപ്രതീക്ഷിത ആവശ്യകതകളും തമ്മില്‍ ഒരു സമന്വയം സൃഷ്ടിക്കുന്നതിനു പുറമേയാണിത്.
സൈദ്ധാന്തിക പേപ്പറുകളും മറ്റ് ഫീല്‍ഡ് ഗവേഷണങ്ങളും ഉള്‍പ്പെടെ ഒന്നിലധികം തലക്കെട്ടുകളുള്ള നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു സൈദ്ധാന്തിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കും. ആദ്യത്തേത് ‘സോഫ്റ്റ് പവര്‍ മേക്കിങ്: ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ സോഫ്റ്റ് പവര്‍ സ്വന്തമാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ആമുഖം’ എന്നാണ്. ‘കായികവും അന്താരാഷ്ട്ര ബന്ധങ്ങളും: ഖത്തരി സോഫ്റ്റ് പവറും ഫോറിന്‍ പോളിസി മേക്കിങും’ എന്ന തലക്കെട്ടിലാണ് രണ്ടാം പേപ്പര്‍. മൂന്നാം പേപ്പറിന്റെ തലക്കെട്ട് ‘ലോകകപ്പിന്റെയും ഒളിമ്പിക് ഗെയിംസിന്റെയും കഴിഞ്ഞ ആതിഥേയരുടെ അനുഭവങ്ങള്‍.’ എന്നാണ്

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x