2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
കോവിഡ് പ്രതിസന്ധിയിലും മാറ്റമില്ലാതെ തുടരുന്ന ഖത്തര്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമേകി അടുത്ത ലോകകപ്പിന്റെ മല്‍സര ഷെഡ്യൂള്‍ വെളിച്ചംകണ്ടു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ദിവസം ഒന്നിലധികം മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ് ഖത്തര്‍ ലോകകപ്പ് ഒരുക്കുന്നത്. വേദികളില്‍ നിന്ന് വേദികളിലേക്ക് വിമാനയാത്ര ആവശ്യമില്ല എന്നിരിക്കെ കളിപ്രേമികള്‍ക്കും ടീമുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറ്റവും മികച്ച ലോകകപ്പ് അനുഭവമാണ് ഖത്തര്‍ സമ്മാനിക്കുക. ഗ്രൂപ് ഘട്ടത്തില്‍ ആരാധകര്‍ക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാനാകുമെന്നതാണ് ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത.
ലോകകപ്പിനെത്തുന്നവര്‍ക്കായി താമസ കേന്ദ്രങ്ങളുടെ വില്‍പനയും ബുക്കിങ്ങും ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ടിക്കറ്റുകള്‍ എകഎഅ.രീാ/ശേരസലെേ എന്ന വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും വില്‍പന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. ലോകത്തിലെ ഏറ്റവും വലിയ തമ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ഖോറിലെ അല്‍ ബയ്‌്‌ത് സ്‌റ്റേഡിയത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പിന്റെ കിക്കോഫ്. 2022 നവംബര്‍ 21ന് ദോഹസമയം ഉച്ചക്ക് 1.00ന് മത്സരം ആരംഭിക്കും. ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18ന് വൈകീട്ട് ആറിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ അന്തിമ പോരാട്ടം. ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാര്‍ച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും. മാര്‍ച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ്. ടീമുകളുടെ നറുക്കെടുപ്പ് കഴിയുന്നതോടെ സ്റ്റേഡിയം അലോക്കേഷനുമായി ബന്ധപ്പെട്ട് ഖത്തറിലെ ഫുട്‌ബാള്‍ പ്രേമികള്‍ക്ക് ഏറ്റവും അനുയോജ്യമായ കിക്കോഫ് സമയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സാധ്യതയേറെയാണ്. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലവും ശൈത്യകാല ആരംഭവും മത്സരങ്ങള്‍ നേരത്തെ തുടങ്ങുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല എന്നതും സംഘാടകര്‍ക്ക് ആശ്വാസകരമാണ്