അബ്രഹാം ഉടമ്പടിയില്‍ ചേരാനാവില്ലെന്ന് ഖത്തര്‍
ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിനെ എതിര്‍ത്ത് ഖത്തര്‍. കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയാണ് ഇസ്‌റാഈലുമായുള്ള എല്ലാ സാധാരണവത്കരണത്തിന്റെ സാധ്യതകളും തള്ളിയത്.
ഫലസ്തീനുമായി ‘സമാധാനത്തിനുള്ള സാധ്യതകള്‍ ഉള്ളപ്പോള്‍’ ഖത്തര്‍ ഇസ്‌റാഈലുമായി ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ 2008-09 ഗസ്സ യുദ്ധത്തിന് ശേഷം തന്റെ രാജ്യത്തിന് ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരും.
എന്നാല്‍, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യഥാര്‍ഥ പ്രതിബദ്ധതയുടെ അഭാവത്തില്‍ അബ്രഹാം ഉടമ്പടിയില്‍ ചേരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. യു എസുമായുള്ള ഖത്തറിന്റെ ബന്ധം സുദൃഢമാക്കുമ്പോഴും ഇസ്‌റാ ഈലുമായി ബന്ധം സ്ഥാപിക്കാന്‍ ഖത്തര്‍ ഇപ്പോഴും വിമുഖത കാട്ടുകയാണ്. 2020-ല്‍ അബ്രഹാം ഉടമ്പടിയിലൂടെ യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കിയിരുന്നു.