ഖത്തറിനെ ഭീകര രാഷ്ട്രമാക്കി ഫ്രഞ്ച് പത്രത്തിന്റെ കാര്‍ട്ടൂണ്‍

ഖത്തറിനെ അപഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച ഫ്രഞ്ച് പത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. ‘ലു കനാ ഹോഷനെ’ എന്ന ഫ്രഞ്ച് പത്രമാണ് ഖത്തറിനെ ഭീകര രാഷ്ട്രമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്‌പോര്‍ട്‌സ് ടീമിനെ മാരകായുധങ്ങളേന്തുന്ന കാര്‍ട്ടൂണിലൂടെ വരച്ചുകാണിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയെന്ന് ‘അശ്ശര്‍ഖ്’ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ടീം അംഗങ്ങള്‍ താടി വെച്ച് മാരകായുധങ്ങളേന്തുന്ന കാര്‍ട്ടൂണ്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനര്‍ഥം എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്നാണ്, അവര്‍ അധ്യാപകരോ ഡോക്ടറോ എന്‍ജിനീയറോ ന്യായാധിപനോ സ്ഥാപനമേധാവിയോ പ്രസിഡന്റോ ആയാലും, നിങ്ങള്‍ അറബി സംസാരിച്ചാലും, നിങ്ങള്‍ കേവലം മുസ്‌ലിമായാല്‍ മതി, അപ്പോള്‍ നിങ്ങള്‍ ഭീകരവാദിയാണ്. പാശ്ചാത്യരെ പുകഴ്ത്തുന്നവരേ, ഇതാണ് നിങ്ങളെ കുറിച്ചുള്ള പാശ്ചാത്യരുടെ കാഴ്ചപ്പാട്- ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ വലിയ കുപ്രചാരണങ്ങളാണ് നടക്കുന്നത്. 12 വര്‍ഷത്തിനു മുമ്പ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനമുണ്ടായതു മുതല്‍ രാജ്യത്തിനെതിരെ വലിയ കുപ്രചാരണങ്ങള്‍ ഉണ്ടായിരുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ ആല്‍ ഥാനി നേരത്തേ വ്യക്തമാക്കിയിരുന്നു.
