5 Friday
December 2025
2025 December 5
1447 Joumada II 14

തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട: കൂടുതല്‍ ഇളവുകളുമായി ഖത്തര്‍


കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. ദിനേനയുള്ള കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതിനെത്തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാസ്‌ക് ധരിക്കുന്നതിലുള്ള ഇളവുകളാണ്.
ഇനി തുറസ്സായ സ്ഥലങ്ങളിലും പാ ര്‍ക്കുകളിലും മാസ്‌ക് നിര്‍ബന്ധമില്ലെന്നാണ് ഖത്തര്‍ മന്ത്രിസഭ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ മൂന്ന് മുതല്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്‌ക് വെക്കേണ്ടതില്ല. എന്നാല്‍ പൊതുപരിപാടികള്‍, മാര്‍ക്കറ്റുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്ക് ഇളുകള്‍ ബാധകമല്ല.
അതേസമയം, പള്ളികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ എല്ലാ ഇന്‍ഡോര്‍ പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത് തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പള്ളികളി ല്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. നാലാംഘട്ട ഇളവുകളുടെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്.
മാര്‍ക്കറ്റുകളിലും മാളുകളിലും ശേഷിക്കനുസരിച്ചുള്ള ആളുകളെ പ്രവേശിപ്പിക്കാം, കുട്ടികളെ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കാം, ഓരോ കടകളിലും അനുവദിക്കപ്പെട്ട അളവിലുള്ള ആളുകളെ പ്രവേശിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ സ്വകാര്യ മേഖല ഓഫിസുകളും മുഴുവന്‍ ജീവനക്കാരെയും വെച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും ഉത്തരവിലുണ്ട്. ഖത്തറില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി പരമാവധി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക എന്നതുകൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Back to Top