ആദ്യത്തെ നിയമനിര്‍മാണ തെരഞ്ഞെടുപ്പ്: ഭരണാനുമതി നല്‍കി ഖത്തര്‍ അമീര്‍

രാജ്യത്തെ ആദ്യത്തെ നിയമനിര്‍മ്മാണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് നിയമങ്ങള്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. 45 അംഗ ശൂറ കൗണ്‍സിലിലേക്കുള്ള 30 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാന്‍ രാജ്യത്ത് ആദ്യമായി തീരുമാനമുണ്ടായത്. ശേഷിക്കുന്ന മൂന്നിലൊന്ന് സീറ്റിലേക്ക് അമീര്‍ നേരിട്ട് നിയമനം നടത്തും. അമീര്‍ നിയമിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സര്‍ക്കാരിന്റെ പൊതു നയത്തിനും ബജറ്റിനും അംഗീകാരം നല്‍കുന്നത് ഉള്‍പ്പെടെ ഒരേ അവകാശങ്ങളും ചുമതലകളുമായിരിക്കും ഉണ്ടായിരിക്കുക. എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ മേല്‍ നിയന്ത്രണം ചെലുത്തുന്നതിനും അധികാരമുണ്ടാകുമെന്നും ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി സി ഒ) പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ 30 തിരഞ്ഞെടുപ്പ് ജില്ലകളായി വിഭജിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഒരു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമെന്നും ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. തങ്ങളുടെ പിതാമഹന്‍ ഖത്തറില്‍ ജനിച്ചവരായ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാം. ഇത്തരത്തിലുള്ളവര്‍ക്ക് അവരുടെ ഗോത്രമോ കുടുംബമോ താമസിക്കുന്ന ജില്ലകളില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ടെന്നും പുതിയ നിയമം പറയുന്നു. സ്ഥാനാര്‍ത്ഥികള്‍ ഖത്തറി വംശജരും കുറഞ്ഞത് 30 വയസ് പ്രായമുള്ളവരുമായിരിക്കണം. ഖത്തറിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത് ഉത്തരവാകുന്നത് ശൂറ കൗണ്‍സിലിലാണ്. വര്‍ഷങ്ങളായി ശൂറ കൗണ്‍സിലിലേക്ക് പുതുതായി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. കഴിഞ്ഞ നവംബറില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് വോട്ടെടുപ്പ് നടത്താന്‍ വേണ്ടി ഒരു കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്.
