12 Friday
April 2024
2024 April 12
1445 Chawwâl 3

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍; ആത്മാഭിമാനത്തിന്റെ ആധാരശില

ഹാറൂന്‍ കക്കാട്


കോഴിക്കോട് പോലെ മധുരമൂറുന്ന ഹല്‍വയ്ക്കു പേരുകേട്ട ദേശമാണ് തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി. ഹല്‍വയുടെ രുചിക്കൊപ്പം സാത്വികനായ ഒരു മഹാ നേതാവിന്റെ ഓര്‍മ ഈ ഇരുനാടുകള്‍ക്കും ഇടയില്‍ തകരാത്ത പാലമായുണ്ട്. തിരുനെല്‍വേലിയില്‍ ജനിച്ചു വളര്‍ന്ന് ‘സമൂഹത്തിന്റെ നേതാവ്’ എന്നര്‍ഥമുള്ള ‘ഖാഇദെ മില്ലത്ത്’ എന്ന പേരില്‍ വിഖ്യാതനായ മിയാകണ്ണ് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എന്ന സാമൂഹിക പരിഷ്‌കര്‍ത്താവാണ് മധുരമൂറുന്ന ആ വ്യക്തിത്വം. അദ്ദേഹം സ്ഥാപക പ്രസിഡന്റായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് എക്കാലവും മധുരമുള്ള തിരഞ്ഞെടുപ്പു വിജയങ്ങള്‍ സമ്മാനിച്ചത് കോഴിക്കോട് ആസ്ഥാനമായ മലബാര്‍ പ്രദേശമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികളിലൊരാളും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയില്‍ ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്തിയ ധീര ദേശാഭിമാനി.
1896 ജൂണ്‍ 5ന് തിരുനെല്‍വേലി പേട്ടയിലെ തുകല്‍ വ്യാപാരി മിയാന്‍ റാവുത്തറുടെയും ഫാത്തിമ മുഹ്‌യുദ്ദീന്റെയും മകനായാണ് ജനനം. തമിഴ്നാട്ടിലെ പ്രമുഖരായ മതപണ്ഡിതന്മാര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബമായിരുന്നു ഇത്. അതിനാല്‍ വ്യാപാരത്തേക്കാള്‍ മതപഠനത്തിലായിരുന്നു അവര്‍ക്കു താല്‍പര്യം. ഇസ്മാഈല്‍ സാഹിബിന്റെ ഏഴാം വയസ്സില്‍ പിതാവ് മരിച്ചതോടെ മാതാവിന്റെ ശിക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്.
സാമൂഹിക സംരംഭങ്ങളില്‍ മുഹമ്മദ് ഇസ്മാഈല്‍ ബാല്യകാലം മുതല്‍ സജീവമായിരുന്നു. 1909ല്‍ തന്റെ 13-ാം വയസ്സില്‍ സമപ്രായക്കാരോടൊപ്പം ചേര്‍ന്ന് തിരുനെല്‍വേലിയില്‍ യംഗ് മുസ്‌ലിം സൊസൈറ്റി എന്ന പേരില്‍ നവോത്ഥാന കൂട്ടായ്മക്ക് രൂപം നല്‍കി. യുവാക്കള്‍ക്ക് പ്രസംഗ പരിശീലനം നല്‍കാനും വായനാശീലം വളര്‍ത്താനും ഇംഗ്ലീഷ് പഠനം പ്രോത്സാഹിപ്പിക്കാനും സൊസൈറ്റി പരിശ്രമിച്ചു.
തിരുനെല്‍വേലി ചര്‍ച്ച് മിഷന്‍ കോളജ്, എം ഡി ടി ഹിന്ദു കോളജ്, ട്രിച്ചിയിലെ സെന്റ് ജോസഫ് കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച നാളുകളായിരുന്നു അത്. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം അതോടെ പഠനം അവസാനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമാവുകയും ചെയ്തു. 1918ല്‍ മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയായ മജ്‌ലിസുല്‍ ഉലമ എന്ന സംഘടനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞെങ്കിലും വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ഇസ്മാഈല്‍ സാഹിബ് ജോലിയില്‍ പ്രവേശിച്ചു. മദിരാശിയിലെ പ്രമുഖ വ്യാപാരസ്ഥാപനമായിരുന്ന ജമാല്‍ മുഹ്‌യുദ്ദീന്‍ ആന്റ് കമ്പനിയില്‍ അസിസ്റ്റന്റായി അദ്ദേഹം നിയമിതനായി. അസാധാരണമായ കഴിവും കാര്യശേഷിയും അദ്ദേഹത്തെ അതിവേഗം കമ്പനിയുടെ മാനേജര്‍ സ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് കമ്പനിയുടെ പാര്‍ട്ണറായും ഉയര്‍ന്നു. ഇക്കാലത്തായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. സ്വതസിദ്ധമായ അറിവും കഴിവും ബിസിനസ് രംഗത്തെ അതീവ പാടവവും മുഹമ്മദ് ഇസ്മാഈലിനെ ഒരു മികച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനാക്കി. സെന്‍ട്രല്‍ അസംബ്ലി അംഗങ്ങളായിരുന്ന എഫ് ഇ ജയിംസ്, സര്‍ ആര്‍ കെ ഷണ്‍മുഖം ചെട്ടി തുടങ്ങിയവര്‍ പ്രസംഗിക്കാന്‍ കുറിപ്പുകള്‍ തേടിയിരുന്നതും ഈ പ്രതിഭാശാലിയില്‍ നിന്നായിരുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിടപറഞ്ഞ ഇസ്മാഈല്‍ സാഹിബ് പിന്നീട് മുഹമ്മദലി ജിന്ന പ്രസിഡന്റായ ആള്‍ ഇന്ത്യാ മുസ്‌ലിംലീഗില്‍ ചേര്‍ന്നു. 1945-ല്‍ മുസ്ലിംലീഗിന്റെ മദ്രാസ് പ്രവിശ്യാ പ്രസിഡന്റായി. മദ്രാസ് നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഭരണഘടനാ നിര്‍മാണസഭാംഗം, രാജ്യസഭയിലും ലോക്‌സഭയിലും അംഗം തുടങ്ങി ഒട്ടേറെ പദവികള്‍ അദ്ദേഹം വഹിച്ചു. 1947-ല്‍ ബിസിനസ് ജീവിതത്തോട് വിടപറയുകയും മുഴുസമയ പൊതുജീവിതത്തില്‍ വ്യാപൃതനാവുകയും ചെയ്തു.
1947ല്‍ ഇന്ത്യ വിഭജിതമായി പാകിസ്താന്‍ പിരിഞ്ഞുപോയ സാഹചര്യത്തില്‍ രാജ്യത്ത് അവശേഷിച്ച മുസ്‌ലിംകള്‍ കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ക്കു വിധേയരായി. മൂന്നു മാസത്തോളം വടക്കേ ഇന്ത്യ മുഴുക്കെ കലാപങ്ങളുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടൊപ്പം പാകിസ്താന്‍ പ്രഖ്യാപിക്കപ്പെട്ടതോടെ മിക്ക മുസ്ലിം നേതാക്കളും കുടുംബങ്ങളും പാകിസ്താനിലേക്ക് കുടിയേറി. ഇന്ത്യന്‍ മുസ്‌ലിംകളുടെ അതിനിര്‍ണായകമായ ദശാസന്ധിയായിരുന്നു ഇത്.
1948 മാര്‍ച്ച് 10ന് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ നേതൃത്വത്തില്‍ മദ്രാസിലെ രാജാജി ഹാളില്‍ ദേശീയതലത്തില്‍ മുസ്ലിം സമ്മേളനം വിളിച്ചുകൂട്ടി. മുസ്‌ലിംകള്‍ അടക്കമുള്ള പീഡിത ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഒരു മതേതര ജനാധിപത്യ രാഷ്ട്രീയ ശാക്തീകരണ പ്രസ്ഥാനം എന്ന ആശയം അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു. തീപ്പൊരി പാറിയ വാഗ്വാദങ്ങള്‍ക്ക് ഈ യോഗം സാക്ഷിയായി. 51 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന്റെ വാദത്തെ 37 പേര്‍ പിന്തുണച്ചു. അവസാനം അദ്ദേഹം പ്രസിഡന്റായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പിറന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുതിയ മുസ്‌ലിംലീഗിന് വേരോട്ടം ലഭിച്ചു. അന്ന് അദ്ദേഹം മദ്രാസ് പ്രവിശ്യാ അസംബ്ലി അംഗമായിരുന്നു. 1948ല്‍ രൂപീകൃതമായ ഭരണഘടനാ നിര്‍മാണസഭയിലും അദ്ദേഹം അംഗമായി. ഭരണഘടനാ നിര്‍മാണസഭയില്‍ തമിഴും ഹിന്ദുസ്ഥാനിയും ഔദ്യോഗിക ഭാഷയാക്കണമെന്ന വാദം അദ്ദേഹം ശക്തമായി ഉയര്‍ത്തി.
1962, 67, 71 കാലഘട്ടത്തില്‍ ലോക്‌സഭയിലേക്ക് മൂന്നു തവണ ഇസ്മാഈല്‍ സാഹിബ് തെരഞ്ഞെടുക്കപ്പെട്ടത് മഞ്ചേരിയില്‍ നിന്നാണ്. മൂന്നു തവണയും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1967ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 68.5 ശതമാനം അദ്ദേഹത്തിനായിരുന്നു. മൂന്നു തവണയും മണ്ഡലത്തില്‍ നേരിട്ട് വന്ന് പ്രചാരണം നടത്താതെയാണ് അദ്ദേഹം വിജയശ്രീലാളിതനായത്. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തുല്യതയില്ലാത്ത മഹാ സംഭവമാണിത്. പാര്‍ലമെന്റില്‍ മികച്ച പ്രകടനമായിരുന്നു ഇസ്മാഈല്‍ സാഹിബിന്റേത്. ഇന്ത്യ-ചൈന യുദ്ധവേളയില്‍ ഏക പുത്രന്‍ ജെ എം മിയാഖാനെ അദ്ദേഹം സൈനിക സേവനത്തിന് അയച്ചു. സര്‍ക്കാരിന്റെ യുദ്ധഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്നു വിഹിതം നീക്കിവെച്ച ആദ്യ പാര്‍ലമെന്റംഗം അദ്ദേഹമായിരുന്നു.
കോഴിക്കോട്ടെ ഫാറൂഖ് കോളജ്, മദിരാശിയിലെ ന്യൂ കോളജ്, തൃശിനാപള്ളിയിലെ ജമാല്‍ മുഹമ്മദ് കോളജ് തുടങ്ങി ദക്ഷിണേന്ത്യയില്‍ പത്തോളം മുസ്ലിം കോളജുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം മുമ്പില്‍ നിന്നു. ചെന്നൈ നന്ദനാമിലുള്ള ഖാഇദേ മില്ലത്ത് ഗവ. വനിതാ കോളജ്, മെടവാക്കം ഖാഇദേ മില്ലത്ത് കോളജ്, സിയാല്‍കോട്ടിലെ ഖാഇദേ മില്ലത്ത് പബ്ലിക് സ്‌കൂള്‍, ചെന്നൈയിലെ ഖാഇദേ മില്ലത്ത് ക്രിക്കറ്റ് അക്കാദമി എന്നിവ അദ്ദേഹത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. 1996ല്‍ കേന്ദ്ര തപാല്‍ വകുപ്പ് അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പും ഇറക്കി. ചെന്നൈ നഗരത്തിലെ ക്രോംപേട്ടയില്‍ ദയാ മന്‍സിലിലായിരുന്നു ഖാഇദേ മില്ലത്തിന്റെ വാസം. 1972 ഏപ്രില്‍ 5ന് ചെന്നൈയിലായിരുന്നു അന്ത്യം. ചെന്നൈ അണ്ണാശാലയില്‍ ട്രിപ്ലിക്കേനിലെ വാലാജാ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x