ഖാദിയാനിസം ഇസ്‌ലാമികമോ?
പി കെ മൊയ്തീന്‍ സുല്ലമി
മുഹമ്മദ് നബി(സ) അന്ത്യ പ്രവാചകനെന്നും ലോകാവസാനം വരെ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടിരിക്കുമെന്നും വാദിക്കുന്നവരാണ് ഖാദിയാനികള്‍. മിര്‍സാ ഗുലാം അഹ്മദ് എന്ന വ്യക്തി നബി(സ)ക്കു ശേഷം അല്ലാഹു നിയോഗിച്ചയച്ച പ്രവാചകനാണെന്നും അവര്‍ വാദിക്കുന്നു.
‘ഖാദിയാന്‍’ പഞ്ചാബിലെ ഒരു ഗ്രാമമാണ്. അവിടെയാണ് അവര്‍ പ്രവാചകനാണെന്നു വാദിക്കുന്ന മിര്‍സാഗുലാം അഹ്മദ് ജനിച്ചത്. അതിനോട് ബന്ധപ്പെടുത്തിയാണ് ഇവര്‍ക്ക് ഖാദിയാനികള്‍ എന്ന പേര് വന്നത്. മിര്‍സാ ഗുലാമിന്റെ പേരിനോട് ബന്ധപ്പെടുത്തി അഹ്മദിയാക്കള്‍ എന്നും ഇവരെ പറയാറുണ്ട്.
മിര്‍സാ ഗുലാം അഹ്മദിന്റെ പ്രവാചകത്വ നിയോഗം പ്രമാണവിരുദ്ധവും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതവുമാണ്. നബി(സ) അന്ത്യപ്രവാചകനാണെന്ന് തെളിയിക്കുന്ന സകല ഖുര്‍ആന്‍ വചനങ്ങളും സ്വഹീഹായ ഹദീസുകളും ഇവര്‍ തള്ളിക്കളയുന്നു. ഇവരുടെ വാദങ്ങള്‍ സ്ഥാപിക്കാറുള്ളത് അവ്യക്തവും വൈരുധ്യാധിഷ്ഠിതവുമായ ദുര്‍വ്യാഖ്യാനങ്ങള്‍ മുഖേനയുമാണ്. മിര്‍സാ ഗുലാം പ്രവാചകനാണെന്ന് സ്ഥാപിക്കാന്‍ ഇവര്‍ കളവുകളിലൂടെ ശക്തിയുക്തം വാദിക്കും. വാദം പരാജയപ്പെടുമ്പോള്‍ അദ്ദേഹം പ്രവാചകനല്ല, ഒരു മുജദ്ദിദ് (ഇസ്‌ലാം സമുദ്ധാരകന്‍) ആണെന്നും ഇവര്‍ വാദിക്കും. ഈസാ നബി(അ) ഇറങ്ങുമെന്നത് മിര്‍സയെ സംബന്ധിച്ചാണെന്ന് ഇവര്‍ ജല്‍പിക്കുന്നു. കാരണം ഈസാ(അ) ഇറങ്ങുന്ന പ്രശ്‌നമില്ല. അദ്ദേഹം മരണപ്പെട്ടുപോയിരിക്കുന്നു എന്നാണ് ഇവരുടെ വാദം.
എന്നാല്‍ നബി(സ) അപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മിര്‍സാ ഗുലാം അഹ്മദിന്റെ നിയോഗമാണ് എന്നാണ് ഇവരുടെ പിഴച്ച വാദം. അതുപോലെ ‘മഹ്ദി’ ഇമാം ഇറങ്ങുമെന്നു പറഞ്ഞതും മിര്‍സയെ സംബന്ധിച്ചാണ് എന്നാണ് ഇവരുടെ വാദം.
അദ്ദേഹം ഹദീസിന്റെ സമുദ്ധാരകനായിട്ടാണല്ലോ അറിയപ്പെടുന്നത്. എന്നാല്‍ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരും മറ്റുള്ളവരും രേഖപ്പെടുത്തിയിട്ടുള്ളത് മഹ്ദി ഇമാമിന്റെ ഇറക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദുര്‍ബലവും ശീഅ നിര്‍മിതവുമാണെന്നുമാണ്. ഖാദിയാനികളുടെ വാദഗതികള്‍ ഖുര്‍ആനിനും സുന്നത്തിനും മുസ്‌ലിംകളുടെ ഇജ്മാഇനും (ഏകകണ്ഠമായ തീരുമാനം) വിരുദ്ധവുമാണ്.
നബി(സ)ക്ക് ശേഷം പ്രവാചകന്മാര്‍ വരും എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഖുര്‍ആനില്‍ നിന്നു ഭാഷാപരവും വ്യാകരണപരവുമായ ചില പ്രയോഗങ്ങള്‍ അബദ്ധങ്ങളായി വ്യാഖ്യാനിച്ച് ഖാദിയാനികള്‍ ഉന്നയിക്കാറുണ്ട്. ഉദാഹരണം: ”എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ (അദൃശ്യജ്ഞാനം അറിയിച്ചുകൊടുക്കാന്‍ വേണ്ടി) തെരഞ്ഞെടുക്കുന്നു.” (ആലുഇംറാന്‍ 179). ”മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്മാരെ തെരഞ്ഞെടുക്കുന്നു.” (ഹജ്ജ് 75).
മേല്‍ വചനങ്ങളില്‍ വന്ന യജ്തബി (തെരഞ്ഞെടുക്കുന്നു), യസ്വ്ത്വഹീ എന്നീ പദങ്ങള്‍ വര്‍ത്തമാന കാലത്തെയും കുറിക്കുന്നതാണ്. അതിനാല്‍ ഭാവിയിലും അല്ലാഹു പ്രവാചകന്മാരെ തെരഞ്ഞെടുത്ത് അയച്ചു കൊണ്ടേയിരിക്കുമെന്നാണ് പ്രസ്തുത ഖുര്‍ആന്‍ വചനങ്ങള്‍ പഠിപ്പിക്കുന്നത് എന്നാണ് അവരുടെ വാദം. എന്നാല്‍ ഖുര്‍ആന്‍ വ്യാകരണങ്ങള്‍ കൊണ്ട് വ്യാഖ്യാനിക്കാന്‍ ഒരിക്കലും സാധ്യമല്ല.
ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടതിനു ചില ക്രമങ്ങളുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ടും ശേഷം ഹദീസുകള്‍ കൊണ്ടും അനന്തരം സ്വഹാബത്തിന്റെ ഖൗലുകള്‍ കൊണ്ടും പിന്നീട് താബിഉകളുടെ അഭിപ്രായം കൊണ്ടുമാണെന്ന് ഇമാം ഇബ്‌നുകസീറും (മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:3) ജലാലുദ്ദീനുസ്സുയൂഥിയും (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5:325) രേഖപ്പെടുത്തിയിട്ടുണ്ട്.
മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളില്‍ അല്ലാഹു തന്റെ നടപടി ക്രമങ്ങള്‍ വിശദീകരിച്ചതാണ്. ഇനി ഖാദിയാനികള്‍ ജല്‍പിക്കുന്നതു പോലെ വ്യാകരണ പ്രകാരം വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിച്ചാല്‍ അന്ത്യദിനം കഴിഞ്ഞുപോയി എന്ന് സമ്മതിക്കേണ്ടി വരും. സംഭവിക്കുമെന്ന് ഉറപ്പുള്ള ചില സംഭവങ്ങള്‍ കഴിഞ്ഞുപോയതായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഉദാഹരണം: ”അല്ലാഹുവിന്റെ കല്പന വന്നിരിക്കുന്നു.” (നഹ്‌ല് 1). ”സ്വൂറെന്ന കാഹളത്തില്‍ ഊതപ്പെട്ടു.” (യാസീന്‍ 51)
മേല്‍ വചനങ്ങള്‍ കൊണ്ടു ഉദ്ദേശിക്കുന്നത് അന്ത്യ ദിനമാണ്. അന്ത്യദിനം കഴിഞ്ഞിട്ടില്ല, വരാന്‍ പോകുന്നേയുള്ളൂ. അഥവാ ഭാവിയില്‍ വരാനിരിക്കുന്നതാണ്. പക്ഷേ കഴിഞ്ഞു പോയി, അഥവാ ആയ പ്രയോഗമാണ് അല്ലാഹു കൊടുത്തത്. ഭാഷ കൊണ്ടും വ്യാകരണം കൊണ്ടും ഖുര്‍ആന്‍ വ്യാഖ്യാനിക്കാവതല്ല എന്നതിന് ഉദാഹരണമാണിത്.
അല്ലാഹു നബി(സ)യോട് കല്പിക്കുകയുണ്ടായി: ”താങ്കള്‍ താങ്കളുടെ കുടുംബത്തോടു നമസ്‌കരിക്കാന്‍ കല്പിക്കുകയും അതില്‍ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.” (ത്വാഹ 132) ഈ കല്പന ഇപ്പോഴും നിലനില്‍ക്കുന്നില്ലല്ലോ! അതുപോലെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ കഴിഞ്ഞുപോയ പല ചര്യകളും കാണാവുന്നതാണ്. അവകളൊന്നും എല്ലാ കാലത്തേക്കും ബാധകമല്ല.
ലോകാവസാനം വരെ പ്രവാചകന്മാര്‍ വന്നുകൊണ്ടേയിരിക്കുമെന്നു സ്ഥാപിക്കാന്‍ ഇവര്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് പ്രവാചകത്വത്തിന് പരിസമാപ്തി കുറിച്ച് അല്ലാഹു പറയുന്നു: ”മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളെയും പിതാവായിട്ടില്ല. പക്ഷെ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു.” (അഹ്‌സാബ് 40). എന്ന അറബി വാക്കിന് മുദ്ര, പ്രധാനി എന്നൊക്കെ ഭാഷയില്‍ അര്‍ഥമുണ്ട്. നബി(സ) അവസാനത്തെ പ്രവാചകനാണെന്ന് തെളിയിക്കുന്ന അര ഡസനോളം ഖുര്‍ആന്‍ വചനങ്ങളും നിരവധി സ്വഹീഹായ ഹദീസുകളുമുണ്ട്. അവയെല്ലാം ഇവര്‍ തള്ളിക്കളയുന്നു. ഇനി ‘മുദ്ര’ എന്ന് വ്യാഖ്യാനിച്ചാല്‍ തന്നെ മുദ്രവെക്കല്‍ അവസാനമാണല്ലോ?
അല്ലാഹു പറയുന്നു: ”താങ്കളെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്.” (സബഅ് 28). ”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.” (അന്‍ബിയാഅ് 107). ”അവരില്‍ പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു.” (ജുമുഅ: 3)
ഈ വിഷയത്തില്‍ വന്ന നബി വചനങ്ങളും നിരവധിയുണ്ട്. ”ബനൂ ഇസ്‌റാഈല്യരെ നിയന്ത്രിച്ചിരുന്നത് പ്രവാചകന്മാരായിരുന്നു. ഒരു നബി മരണപ്പെടുമ്പോള്‍ മറ്റൊരു നബി വരാറാണ് പതിവ്. തീര്‍ച്ചയായും എനിക്കു ശേഷം പ്രവാചകന്‍ വരുന്നതല്ല. ഖലീഫമാര്‍ ഉണ്ടാകുന്നതാണ്.” (ബുഖാരി)
”തീര്‍ച്ചയായും പ്രവാചകത്വവും പ്രവാചകത്വ പ്രബോധനവും അവസാനിച്ചിരിക്കുന്നു. എനിക്കുശേഷം നബിയോ റസൂലോ ഇല്ല.” (തിര്‍മിദി)
”എനിക്കു മുമ്പ് ഒരു പ്രവാചകനും നല്‍കപ്പെടാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. മുമ്പ് പ്രവാചകര്‍ ഓരോ സമുദായത്തിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. ഞാന്‍ ലോകര്‍ക്ക് മുഴുവന്‍ പൊതുവായി പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.” (ബുഖാരി, മുസ്‌ലിം)
”ഞാന്‍ ലോകര്‍ക്ക് മുഴുവന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നെക്കൊണ്ട് അല്ലാഹു പ്രവാചക പരമ്പര അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ).
അലി(റ)യോട് നബി(സ) പറയുകയുണ്ടായി: ”താങ്കള്‍ക്ക് എന്റെ അടുക്കലുള്ള സ്ഥാനം മൂസാ നബി(അ)യുടെ അടുക്കല്‍ ഹാറൂന്‍ നബി(അ)ക്കുള്ള സ്ഥാനമാണ്. പക്ഷെ എനിക്കു ശേഷം മറ്റൊരു പ്രവാചകന്‍ ഇല്ല തന്നെ.” (ബുഖാരി, മുസ്‌ലിം)
നബി(സ) അന്ത്യപ്രവാചകനാണെന്ന് തെളിയിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും തള്ളിക്കളയുന്ന ഖാദിയാനികള്‍ ഈസാ നബിയുടെ ഇറക്കം സംബന്ധിച്ച ഹദീസുകള്‍ മാത്രം അംഗീകരിക്കുന്നതിനു പിന്നിലെ രഹസ്യം ഈസാ നബിയുടെ ഇറക്കം കൊണ്ടുദ്ദേശിക്കുന്നത് മിര്‍സാ ഗുലാമിന്റെ ഇറക്കമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രമാണ്. ഒരു കളവ് അവതരിപ്പിക്കാന്‍ സത്യത്തെ അംഗീകരിക്കുന്നു എന്നു മാത്രം. ഈസാ(അ) മരണപ്പെട്ടു എന്നാണ് അവരുടെ വാദം. പ്രസ്തുത വാദം വിശുദ്ധ ഖുര്‍ആനിന് കടകവിരുദ്ധവുമാണ്. ഈസാ(അ) മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടില്ല. അല്ലാഹു ഉയര്‍ത്തിയതാണ്. അവസാനകാലം ഇറങ്ങിവരുമെന്ന് നബി(സ) പറഞ്ഞത് മരണപ്പെട്ടു പോയ ഈസാ(അ) അല്ല. മറിച്ച് ആത്മീയ ലോകത്തേക്ക് ജീവനോടെ ഉയര്‍ത്തപ്പെട്ട ഈസാ(അ) ആണ്.
ഈസാ(അ)യെ യഹൂദികള്‍ വധിച്ചിരിക്കുന്നു എന്ന വാദത്തെ ഖണ്ഡിച്ച് അല്ലാഹു പറയുന്നു: ”യഥാര്‍ഥത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല. അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല. അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്.” (നിസാഅ് 157). അതേ വചനത്തില്‍ തന്നെ അല്ലാഹു പറയന്നു: ”ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.” ശേഷം അല്ലാഹു പറയുന്നു: ”എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്.” (നിസാഅ് 158). ”താങ്കളെ നാം പൂര്‍ണമായി ഏറ്റെടുക്കുകയും എന്നിലേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.” (ആലുഇംറാന്‍ 55)
അവസാനകാലത്ത് ഈസാ(അ) ഇറങ്ങിവരുമെന്നും അദ്ദേഹം മരിച്ചിട്ടില്ലെന്നും താഴെ വരുന്ന വചനം സൂചിപ്പിക്കുന്നു: ”വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിന് മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കുന്നവരായി ഉണ്ടായിരുന്നില്ല.” (നിസാഅ് 159). ഉയര്‍ത്തപ്പെടുന്നതിന് മുമ്പ് വേദക്കാരില്‍ പെട്ട എല്ലാവരും അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടില്ലായിരുന്നു എന്നാണ് ഈ വചനം സൂചിപ്പിക്കുന്നത്.
‘ലോകാവസാനം വരെ അല്ലാഹു പ്രവാചകന്മാരെ അയച്ചുകൊണ്ടേയിരിക്കും’ എന്ന വാദം പരാജയപ്പെടുമ്പോള്‍ ഖാദിയാനികള്‍ അവതരിപ്പിക്കാറുള്ളത് മഹ്ദി ഇമാമിന്റെ ഇറക്കമാണ്. അദ്ദേഹം മിര്‍സ തന്നെയാണ് എന്നാണവരുടെ വാദം. ഈസാ(അ)യും മഹ്ദി ഇമാമും മിര്‍സാ ഗുലാം അഹ്മദ് തന്നെയാണെന്ന്. അവിടെ മിര്‍സ പ്രവാചകനായിട്ടല്ല, മറിച്ച് നബി(സ)യുടെ ദീനിന്റെ സമുദ്ദാരകനായിട്ടാണ് വരുന്നത്!
മഹ്ദി ഇമാമിന്റെ ഇറക്കം സംബന്ധിച്ച ഹദീസുകള്‍ ശീഅ നിര്‍മിതിയാണെന്ന് ഇബ്‌നു തൈമിയ്യയും (മിര്‍സഹാജുസ്സുന്നത്തിബവിയ്യ 2:57) പ്രസ്തുത ഹദീസുകള്‍ ‘മുള്ത്വരിബ്’ (ആശയക്കുഴപ്പം) ആണെന്ന് ജലാലുദ്ദീനുസ്സുയൂഥിയും (അല്‍ഹാവീലില്‍ ഫതാവാ 2:144) ഇമാം റശീദുരിദ്വായും (തഫ്‌സീറുല്‍ മനാര്‍ 9:499) രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വിഷയത്തില്‍ ഇപ്രകാരം ഒരു ഹദീസ് വന്നിട്ടുണ്ട്: ”ഈസാ നബി(അ) ഒഴികെ മഹ്ദിയില്ല.” (ബൈഹഖി, ഹാകിം). ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇബ്‌നു ഹജറും (തഹ്ദീബുത്തഹ്ദീബ് 1:95) ഇമാം തിര്‍മിദിയും (ശര്‍ഹുത്തിര്‍മിദി 3:23) രേഖപ്പെടുത്തിയിട്ടുണ്ട്.
ഖാദിയാനികളുടെ പ്രവാചകത്വവാദം അടിസ്ഥാന രഹിതവും ഇസ്‌ലാമിക വിരുദ്ധവുമാകുന്നു. ഇദ്ദേഹത്തിന്റെ ഭാഷ പഞ്ചാബിയാണ്. പക്ഷെ അദ്ദേഹത്തിന്റെ വഹ്‌യ് ഇംഗ്ലീഷിലുമാണ്. അല്ലാഹു പറയുന്നു: ”ഒരു സമുദായത്തിന്റെ ഭാഷയില്‍ (വഹ്‌യ്) നല്‍കിക്കൊണ്ടല്ലാതെ ഒരു പ്രവാചകനെയും നാം അയച്ചിട്ടില്ല.” (ഇബ്‌റാഹീം 3). ഇതും മിര്‍സാ ഗുലാം അഹ്മദ് പ്രവാചകനല്ല എന്നതിന് തെളിവാണ്.