27 Saturday
July 2024
2024 July 27
1446 Mouharrem 20

ഖദാ, ഖദ്‌റിലുള്ള വിശ്വാസം

അബ്ദുല്‍അലി മദനി


ഈമാന്‍ കാര്യങ്ങളില്‍ ഒന്നാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം അഥവാ ഖദാഅ്, ഖദ്‌റ്. മറ്റു വിശ്വാസ കാര്യങ്ങളെക്കാള്‍ അല്ലാഹുവിന്റെ വിധിവിശ്വാസ കാര്യത്തിലാണ് ഏറെ സംവാദം നടന്നിട്ടുള്ളത്. ഒട്ടനേകം പേര്‍ ഇതിന്റെ യഥാര്‍ഥ അര്‍ഥവും ആശയവും വേണ്ട വിധം ഉള്‍ക്കൊള്ളാത്തവരായുണ്ട്. ഈ വിഷയത്തില്‍ വലിയ പിഴവുകള്‍ സംഭവിച്ച് ഖദ്‌രിയാക്കള്‍ എന്ന പേരില്‍ ഒരു വിഭാഗം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. ഈമാനും ഇസ്‌ലാമും സ്വീകരിച്ചവരാണെന്ന് അവകാശപ്പെടുന്നവരില്‍ പോലും ഖദാഅ്, ഖദ്‌റ് കാര്യങ്ങളില്‍ ചിലപ്പോഴെങ്കിലും സംശയമുണ്ടാവുന്നുവെന്നത് വാസ്തവം.
ഇസ്‌ലാം മതവും അതിന്റെ ദര്‍ശനങ്ങളുമാണ് സര്‍വ നാശങ്ങള്‍ക്കും നിമിത്തമെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തരം വാദത്തിന് ബലമേകാന്‍ നിരീശ്വര, ഭൗതികവാദികള്‍ ഖദാഅ്, ഖദ്‌റ് വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ തൊടുത്തു വിട്ടുകൊണ്ടായിരിക്കും. അവര്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരു ചോദ്യമിതാണ്: നന്മ തിന്മകള്‍ നേരത്തെ വിധിച്ചതിനാലല്ലേ ഇതെല്ലാം സംഭവിക്കുന്നത്? തിന്മകള്‍ മനുഷ്യന്‍ ചെയ്യുകയോ അതിലകപ്പെട്ടു പോവുകയോ ചെയ്താല്‍ മനുഷ്യരെ കുറ്റം പറയാനാവുമോ?
ഇത്തരം ചോദ്യങ്ങള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു മുന്നില്‍ നിരര്‍ഥകവും ബാലിശമായതുമാണ്. കാരണം പ്രപഞ്ച നാഥനെപ്പറ്റിയോ അവന്റെ നിശ്ചയങ്ങളെപ്പറ്റിയോ അവര്‍ക്കൊരറിവുമില്ല. അവന്റെ അപാരമായ കഴിവിനെക്കുറിച്ചോ ജ്ഞാനത്തെപ്പറ്റിയോ സ്രഷ്ടാവ്, നിയന്താവ് എന്ന നിലക്കുള്ള അധീശാധികാരത്തെപ്പറ്റിയോ അവര്‍ക്ക് ബോധ്യമില്ല.
വന്‍ കുറ്റങ്ങളെന്ന് മതം നിശ്ചയിച്ച പാപകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍, അതല്ലെങ്കില്‍ വ്യഭിചാരി, മദ്യത്തില്‍ കൂപ്പുകുത്തിയ മുഴുക്കുടിയന്‍, കൊലപാതകി, അക്രമി -ഇത്തരമൊരാളോട്് നിങ്ങള്‍ ഇത്തരം ചീത്തയായ കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് നല്ലവരാകാതിരിക്കാന്‍ കാരണമായി എടുത്തുന്നയിക്കുക ഇതെല്ലാം ദൈവം ഞങ്ങള്‍ ഇങ്ങനെയാകണമെന്ന് ഞങ്ങളുടെ മേല്‍ നേരത്തെ വിധിച്ചു വെച്ചതിനാലാണെന്നായിരിക്കും. അങ്ങനെ അവര്‍ അവരുടെ പാപങ്ങളും കുറ്റ കൃത്യങ്ങളും ഖദാഅ് ഖദ്‌റിന്റെ പിരടിയില്‍ വെച്ചുകെട്ടി അല്ലാഹുവെ കുറ്റക്കാരനാക്കി സ്വയം സംപൂജ്യരാകും!
ഇവിടെയാണ് കാര്യങ്ങളുടെ നിജസ്ഥിതിയറിയാവുന്ന സത്യവിശ്വാസി സടകുടഞ്ഞ് എഴുന്നേല്‍ക്കേണ്ടത്. അഥവാ, അത്തരമൊരു ചങ്ങല അവനെ വരിഞ്ഞു മുറുക്കിയിട്ടില്ലെന്നും അവന്‍ പരിപൂര്‍ണ്ണ സ്വതന്ത്രനും ഏതു വഴി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം (ഇഖ്തിയാര്‍) നല്‍കപ്പെട്ടവനുമാണെന്നും അവനെയറിയിക്കാനുള്ള ജ്ഞാനബോധത്തോടെ തന്നെ. ഇഖ്തിയാര്‍ നല്‍കപ്പെട്ട മനുഷ്യന്‍ സ്വയം തെരഞ്ഞെടുത്ത മാര്‍ഗത്തിന്റെ അനന്തര ദുരന്തം ഏറ്റുവാങ്ങാന്‍ നാഥനായ അല്ലാഹുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ധിക്കാരിയായി മാറുന്ന കാഴ്ചയാണിത്. ഖുര്‍ആന്‍ ആദ്യമേ അത്തരക്കാരെ കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. (18:29, 17:15, 27:40, 30:44, 31:12)
ദൈവ വിധി നിശ്ചയങ്ങളെ നിഷേധിക്കുന്ന ഇത്തരക്കാരുടെ വാദങ്ങളില്‍ സത്യവുമായി ബന്ധമുള്ള യാതൊന്നുമില്ല. സല്‍ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇക്കാര്യം ബോധ്യമാകും. സത്യം മനസ്സിലായിട്ടും തെറ്റായ മാര്‍ഗമവലംബിക്കുന്നവരെ വിചാരണ നാളിലേക്ക് മാറ്റി നിര്‍ത്താം. അഥവാ വിധിയെ പഴിച്ചു രക്ഷപ്പെടാമെന്ന് കരുതിയവന്‍ ഓര്‍ക്കുക: നാഥനായ റബ്ബ് അവന്റെ സൃഷ്ടിയെ സംവിധാനിച്ചതിനു ശേഷം ഇവന്‍ തെമ്മാടിയും അക്രമിയും വഴിപിഴച്ചവനുമാകണം അതിനാല്‍ തന്നെ ഭയാനകമായ നരകാവകാശിയാകണം എന്ന് തീരുമാനിച്ചുറപ്പിച്ചിട്ടില്ല. മറിച്ച്, മനുഷ്യന് സ്വാതന്ത്ര്യം നല്‍കി. ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കാം. ദുഷിച്ച വഴി സ്വീകരിച്ചാല്‍ നരകവും നന്മയുടെ പാത സ്വീകരിച്ചാല്‍ സ്വര്‍ഗവും ലഭിക്കും എന്നറിയിച്ചു. അല്ലാഹു അവന്റെ കല്്പനകളും നിരോധങ്ങളും അറിയിച്ചു. നിരോധങ്ങള്‍ സ്വീകരിക്കാത്തവന് നരക ശിക്ഷയുണ്ടെന്നും അറിയിച്ചു. ഇങ്ങനെയൊരാള്‍ക്ക് നാഥാ നീ എനിക്ക് നരകശിക്ഷയാണ് നേരത്തെ വിധിച്ചു വെച്ചത്. അതിനാലല്ലേ ഞാന്‍ ഇവിടെ എത്തിപ്പെട്ടത് എന്ന ന്യായവാദമുന്നയിച്ച് വിചാരണ നാളില്‍ ഈ കുറ്റവാളിക്ക് രക്ഷപ്പെടാനാകുമോ? ഈ വിധം തര്‍ക്കിക്കാനാകുമോ? ഖൈറും ശര്‍റും (നന്മയും തിന്മയും) അല്ലാഹുവില്‍ നിന്നാണെന്ന് ചൊല്ലിപ്പഠിച്ച വിശ്വാസി കാര്യത്തിന്റെ അന്തസത്തയുള്‍ക്കൊണ്ടേ മതിയാകൂ. അഥവാ, അല്ലാഹുവിന്റെ വിധിയായി എന്താണോ അനുഭവിക്കുന്നത്, അത് മനുഷ്യന്‍ സ്വീകരിച്ച മാര്‍ഗം ഏതാണോ എന്നതിനെ ആസ്പദമാക്കിയാകുമെന്ന് തിരിച്ചറിയണമെന്ന് സാരം.
ഖുര്‍ആനില്‍ ഇതുമായി ബന്ധപ്പെട്ട് വിശദമാക്കിയ ആയത്തുകളിലൊന്നും തന്നെ പരസ്പരം എതിരാകുന്നതോ ആശയം വ്യക്തമാകാത്തതോ ഇല്ല. ചിലര്‍ അത് ഉള്‍ക്കൊള്ളേണ്ട വിധം മനസ്സിലാക്കാത്തതിനാല്‍ വ്യാഖ്യാനിച്ചു വഴിതെറ്റിയെന്ന് പറയാം. അതായത് ചില വചനങ്ങളില്‍ അല്ലാഹു വഴികേടിലാക്കി, ചിലതില്‍ ഹിദായത്തിലാക്കി എന്നൊക്കെ കാണുമ്പോള്‍ അല്ലാഹു ചിലരെ വഴിപിഴപ്പിച്ച് നരാകാവകാശിയും, ചിലര്‍ക്ക് സന്മാര്‍ഗം നല്കി സ്വര്‍ഗാവകാശിയും ആക്കി നിശ്ചയിച്ചുറപ്പിച്ചതാണെന്ന തെറ്റായ ധാരണയില്‍ അകപ്പെടുകയാണ്. എന്നാല്‍ അതെല്ലാം മനുഷ്യന്‍ ഏത് വഴി സ്വീകരിക്കുന്നുവോ അതിലേക്ക് അല്ലാഹു അവനെ ചേര്‍ക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ സംശയമുണ്ടാകുമായിരുന്നില്ല താനും.
അല്ലാഹു പറയുന്നു: ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട് അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട് അവയുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.” (വി.ഖു 7:179)
ഈ സൂക്തത്തിന്റെ ആദ്യഭാഗം സൂചിപ്പിക്കുന്നത് ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നരകത്തിനായി സൃഷ്ടിച്ചിട്ടുണ്ട് എന്നാണല്ലോ. അതിനാല്‍ പിന്നെ അവര്‍ സ്വര്‍ഗത്തില്‍ ഒരിക്കലും പ്രവേശിക്കുകയില്ലല്ലോ. അവരെ നരകത്തിലേക്കായി നേരത്തെ ഉണ്ടാക്കി വിധിച്ചു വെച്ചിരിക്കുകയല്ലേ എന്നൊക്കെയാണ്. യഥാര്‍ഥത്തില്‍ നരകത്തിലേക്കായിരിക്കും അവര്‍ എത്തിപ്പെടുകയെന്ന് അല്ലാഹു പറഞ്ഞത് ശേഷം വിവരിച്ച നിമിത്തങ്ങള്‍ അവരില്‍ നിന്നുണ്ടാകുന്നതു കൊണ്ടാണ്. അത് അവര്‍ മറച്ചുവെക്കുന്നുവെന്ന് മാത്രം.
അല്ലാഹു ചിലരെ സൃഷ്ടിക്കുമ്പോള്‍ തന്നെ ഇവര്‍ നരകത്തിലേക്കുള്ളവരാണെന്ന് വിധിച്ച് തീരുമാനിച്ചുറപ്പിച്ച ശേഷം അവരോട് നിയമങ്ങള്‍ അറിയിക്കുകയല്ല. മറിച്ച്, നിയമ സംഹിതകള്‍ അവര്‍ ലംഘിച്ചതിനാല്‍ അവര്‍ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്ത് അവര്‍ എത്തിയെന്നതാണ് സത്യം. അതുകൊണ്ടാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്: ”അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും: നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാര്‍ വന്നിരുന്നില്ലേ? അവര്‍ പറയും: അതെ, ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ലെന്നും നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്നും ഞങ്ങള്‍ പറയുകയാണ് ചെയ്തത്. ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല. അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്ക് ശാപം.” (വി.ഖു 67:8-11)
അല്ലാഹുവിന്റെ കോടതിയില്‍ വിചാരണയുണ്ടാകുമ്പോള്‍ നരകാവകാശികള്‍ ഒരിക്കലും ദൈവവിധിയെ പഴിക്കുകയല്ല ചെയ്യുന്നത്. അവര്‍ക്ക് സംഭവിച്ച തെറ്റിദ്ധാരണ നിമിത്തമാണിതെല്ലാമെന്ന് സ്വയം ഏറ്റു പറയുകയാണുണ്ടാവുക. അവര്‍ നരകത്തിലാണെന്ന് നേരത്തെ അവരുടെ മേല്‍ വിധിച്ചുവെച്ചതിനാലല്ല അവര്‍ നരകാവകാശികളാകുന്നത്. മറിച്ച് സത്യം കേട്ട് മനസ്സിലാക്കി ബുദ്ധിയുപയോഗിക്കാതിരിക്കുന്നതാണ് കാരണം. ദൈവവിധിയെ പഴിച്ച് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് സാരം.
ദുര്‍ഗതിയും ദൗര്‍ഭാഗ്യവും വിധിച്ചുവെക്കുമോ?
ഒരു വിഭാഗം ഇങ്ങനെ ചോദിക്കാറുണ്ട്: അല്ലാഹു ഞങ്ങളുടെ മേല്‍ ദുര്‍ഗതിയും നിര്‍ഭാഗ്യവും രേഖപ്പെടുത്തി നിശ്ചയിച്ചു വെച്ചിട്ട് ഞങ്ങളെ ഭയാനകമായ നരകം കൊണ്ട് ശിക്ഷിക്കുന്നതെന്താണ്? അല്ലാഹു ഇബ്്‌ലീസിനെ സൃഷ്ടിക്കുകയും അവന് മനുഷ്യനെ വഴിപിഴപ്പിക്കാന്‍ കഴിവും അധികാരവും കൊടുക്കുകയും ചെയ്ത ശേഷം അവനെ അനുസരിച്ചവനെ ശിക്ഷിക്കുന്നത് എങ്ങനെ ശരിയാകും?
കേള്‍ക്കുന്ന ചില ദുര്‍ബലര്‍ക്ക് ശരിയാണല്ലോ ഇതെന്ന് തോന്നും. അവരെ പിശാച് കയ്യിലെടുത്ത് വഴി തെറ്റിക്കുകയും ചെയ്യും. ഇത്തരം സംശയാലുക്കളെല്ലാം തന്നെ അല്ലാഹുവിന്റെ ഖദാഅ്, ഖദ്‌റില്‍ വഴിതെറ്റുന്നവരാണ്. കാരണം അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലെ തിന്മയും പാപകൃത്യങ്ങളും അല്ലാഹു നിര്‍ബന്ധിച്ച് അവരെക്കൊണ്ട് ചെയ്യിക്കുകയും പിന്നെ നരകാവകാശിയാക്കുകയുമാണെന്നാണ് വിശ്വസിക്കുന്നത്. അല്ലാഹുവിന്റെ വിശുദ്ധിക്ക് നിരക്കാത്ത തരം താഴ്ന്ന വാദഗതികളാണിതെല്ലാം. അല്ലാഹു പ്രഖ്യാപിക്കുന്നത്, അവനൊരിക്കലും അക്രമം ചെയ്യാത്തവനും അക്രമത്തെ ഇഷ്ടപ്പെടാത്തവനുമാണെന്നാണ്. എന്നിരിക്കെ മനുഷ്യനെ നരകത്തിലാക്കി സ്വേഛാധിപതിയായി കഴിയുന്നവനാണ് അല്ലാഹു എന്ന് ഖദാഅ്, ഖദ്‌റിന്റെ മറവില്‍ വസ്‌വാസുണ്ടാക്കുന്നവര്‍ക്കെങ്ങനെ പറയാനാകും?
അല്ലാഹു പറയുന്നു: ”നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതുകൊണ്ടും അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണ് അത്” (3:183). ”നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നിമിത്തമത്രെ അത്.” (8:51). ”(അവനോട് ഇപ്രകാരം പറയപ്പെടും:) നിന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് നിമിത്തവും അല്ലാഹു (തന്റെ) ദാസന്മാരോട് ഒട്ടും അനീതി ചെയ്യുന്നവനല്ല എന്നതിനാലുമത്രെ അത്.” (22:10). ”വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം അവനു തന്നെയാകുന്നു. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനു തന്നെ. നിന്റെ രക്ഷിതാവ് (തന്റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല.” (41:46). ”എന്റെ അടുക്കല്‍ വാക്കു മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല.” (50:29)
മേല്‍ വചനങ്ങളിലെല്ലാം അല്ലാഹു തന്റെ സൃഷ്ടികളോട് ഒരിക്കലും അക്രമവും അനീതിയും കാണിക്കുന്നവനല്ലെന്ന് പറയുമ്പോള്‍ പിന്നെ എങ്ങനെയാണ് അവന്‍ തന്റെ സൃഷ്ടികളില്‍പെട്ട ചില മനുഷ്യരെ നരകാവകാശികളാക്കി വെച്ചിരിക്കുന്നതെന്ന് പറഞ്ഞ് അവര്‍ ഭൂമിയില്‍ തെമ്മാടികളായി ജീവിക്കുക? അല്ലാഹു അവരെ അധര്‍മകാരികളും ധിക്കാരികളും ആക്കുകയല്ല മറിച്ച്, അവര്‍ അങ്ങനെയായപ്പോള്‍ അതിനുള്ള സൗകര്യം ഇവിടെ അവര്‍ക്കുണ്ടായി.
ഇമാം ഖത്താബി (റ) പറയുന്നു: ചില മനുഷ്യര്‍ കരുതുന്നത് ഖദാഉം ഖദ്‌റും അല്ലാഹു മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില നിശ്ചയങ്ങളാണെന്നാണ്. എന്നാല്‍ കാര്യം അവര്‍ വിചാരിക്കുന്നത് പോലെയല്ല. മനുഷ്യര്‍ സ്വയം അവന്റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്താല്‍ അവന്‍ ചിലതെല്ലാം ഇങ്ങനെ ചെയ്യുമെന്ന് മുന്‍കൂട്ടി അല്ലാഹു അറിഞ്ഞിട്ടുണ്ടെന്ന് മാത്രം.
യഥാര്‍ഥത്തില്‍ സൃഷ്ടിയായ ഒരു മനുഷ്യന്‍ തന്റെ സ്രഷ്ടാവ് അവന്റെ മേല്‍ ചില നിര്‍ണ്ണയങ്ങളുണ്ടാക്കി വെച്ചിട്ടുണ്ടെന്ന് അംഗീകരിക്കുന്നതിലെന്താണ് തകരാറ്? സ്രഷ്ടാവ് തന്റെ സൃഷ്ടി എങ്ങനെയാകണം, എന്താകണമെന്ന് ഒരു തീരുമാനം എടുത്ത ശേഷം ഒരു സൃഷ്ടിപ്പ് നടത്തുമ്പോഴല്ലേ അവന്‍ അജയ്യനായ സ്രഷ്ടാവാകുക? അതു മാത്രമേ അല്ലാഹു തന്റെ സൃഷ്ടികളുടെ മേല്‍ നടപടി ക്രമമായി സ്വീകരിച്ചിട്ടുള്ളൂ. (അല്‍ ഈമാനുബില്‍ ഖദ്ര്‍, അബ്ദുല്ലാഹ് ആലു മഹ്്മൂദ്, പേജ് 5)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x