18 Friday
April 2025
2025 April 18
1446 Chawwâl 19

ഖബ്റിലെ ശിക്ഷയും എതിര്‍വാദങ്ങളും

സുലൈമാന്‍ കരോലി

ഖബര്‍ ശിക്ഷയെക്കുറിച്ച് ഇസ്‌ലാമികാധ്യാപനങ്ങളില്‍ വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍, ഹദീസുകളെയും സുന്നത്തുകളെയും വിമര്‍ശിക്കുന്നവര്‍ മതപരമായ പല തിനെയും എതിര്‍ക്കുന്ന പോലെ ഖബര്‍ശിക്ഷയെ കുറിച്ച് പ്രമാണങ്ങളില്‍ പരാമര്‍ശമില്ലെന്ന് പ്രചരിപ്പിക്കന്നു. ഇത്തരത്തിലൊരു വീഡിയോ സി എച്ച് മുസ്തഫയുടെതായി കറങ്ങി നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാദം ഖബ്‌റില്‍ ശിക്ഷയുണ്ടെന്നതിന് യാതൊരു തെളിവും ഖുര്‍ആനില്‍ ഇല്ലെന്നും മറിച്ച്, ഖബ്‌റില്‍ ശിക്ഷയില്ലെന്ന് വ്യക്തമായി തെളിയിക്കുന്ന പത്തില്‍ കൂടുതല്‍ ആയത്തുകള്‍ ഖുര്‍ആനിലുണ്ടെന്നുമാണ്. എന്നാല്‍ അവയില്‍ ഒന്ന് പോലും മൗലവി ഉദ്ധരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാദം പൊള്ളയാണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഈ വിഷയത്തില്‍ പ്രസക്തമായ ഒരായത്ത് മൗലവി വീഡിയോവില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണ്. ‘ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും….’ (39:42). ഉറക്കത്തില്‍ ആത്മാവ് അല്ലാഹു ഏറ്റെടുത്തിരിക്കുന്ന അവസ്ഥയില്‍ സുഖകരമോ ഭീകരമോ ആയ സ്വപ്‌നങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ അനുഭവമാണല്ലോ. അതുപോലെ മരിച്ചവരുടെ ആത്മാവ് അല്ലാഹു ഏറ്റെടുത്തിരിക്കുന്ന അവസ്ഥയില്‍ ഖബ്‌റില്‍ വച്ച് സുഖകരമോ ഭീകരമോ ആയ അനുഭവങ്ങള്‍ ഉണ്ടാകാമല്ലോ.
നരകത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരായത്തില്‍ കൃത്യമായി ഒന്നും പറയാന്‍ സാധിക്കാതെ ഉരുണ്ട് കളിച്ചിരിക്കുകയാണ് അദ്ദേഹം. ‘നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔനിന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും)'(40:46). ഖബ്‌റാളികള്‍ രാവിലെയും വൈകുന്നേരവും നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അനുഭവം മരണശേഷവും അന്ത്യനാളിന് മുമ്പുമാണെന്ന് മനസ്സിലാക്കാനേ സാധ്യതയുള്ളു. എന്നാല്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് ഫിര്‍ഔനിന്റെയും കൂട്ടരുടെയും ജീവിതകാലത്ത് ഉണ്ടായതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ചരിത്രത്തില്‍ ശിക്ഷാര്‍ഹരായ മറ്റു ധിക്കാരികളുടെ ശിക്ഷയെക്കുറിച്ച് അദ്ദേഹം നിശബ്ദനാണ്.
മരണം സുഖകരമായ അനുഭവമാണെന്ന് പറയുന്നതിന് എന്തു തെളിവാണുള്ളത്? മരണം വിഷമതകള്‍ ഉള്ള അനുഭവമാണെന്ന് ആഇശ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുണ്ട്. ആഇശ(റ)യുടെ കൈകളില്‍ കിടന്നാണല്ലോ നബി(സ) അന്ത്യശ്വാസം വലിച്ചത്.(ബുഖാരി 6510)
അബൂഹുറയ്‌റ(റ) പറയുന്നു: ‘നബി(സ) പ്രാര്‍ഥിക്കാറുണ്ട്: അല്ലാഹുവേ, ഖബ്‌റിലെ ശിക്ഷകളില്‍ നിന്നും, ജീവിതത്തിലെയും, ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (ബുഖാരി 1377). ഈസാ(അ) മരണപ്പെട്ടു എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് ക്രൈസ്തവരെ സന്തോഷിപ്പിക്കാം. എന്നാല്‍ ഈ വാദം ഖുര്‍ആനെതിരാണ്. ‘വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ഥ്യം) അവര്‍ക്ക് തിരിച്ചറിയാതെയാവുകയാണുണ്ടായത്. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേയ്ക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്’. സി എച്ച് മുസ്തഫ സ്വന്തം നിലപാട് തെളിയിക്കാന്‍ പ്രയോഗിക്കുന്ന മുസ്‌ലിയാര്‍ കഥകള്‍ക്ക് ഖുര്‍ആനുമായോ പ്രവാചകാധ്യാപനങ്ങളുമായോ ബന്ധമില്ല.

Back to Top