ഖബര്‍ എന്ന വീട്
എം ടി അബ്ദുല്‍ഗഫൂര്‍
ഉസ്മാന്‍(റ)വിന്റെ മൗലായായിരുന്ന ഹാനിഅ് പറയുന്നു: ഉസ്മാന്‍(റ) ഖബ്‌റിന്നരികിലെത്തിയാല്‍ തന്റെ താടി രോമങ്ങള്‍ നനയുന്നതു വരെ കരയുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു; സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും പറയുമ്പോള്‍ താങ്കള്‍ കരയുന്നില്ല. ഖബ്‌റിനെക്കുറിച്ച് പറയുമ്പോള്‍ താങ്കള്‍ കരയുന്നതെന്താണ്? അപ്പോള്‍ ഉസ്മാന്‍(റ) പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: തീര്‍ച്ചയായും ഖബ്ര്‍ പരലോകത്തെ ഒന്നാമത്തെ ഭവനമാകുന്നു. അതില്‍ വിജയിച്ചാല്‍ അതിന് ശേഷമുള്ളത് അതിനെക്കാള്‍ ലഘുവായതാകുന്നു. അതില്‍ വിജയിച്ചില്ലെങ്കില്‍ അതിന് ശേഷമുള്ളത് അതിലേറെ കാഠിന്യമുള്ളതുമാകുന്നു” (അഹ്മദ്)
അവിചാരിതമായി കടന്നുവരുന്ന അതിഥിയാണ് മരണം. ചിലപ്പോള്‍ രോഗത്തി ന്റെയോ അപകടത്തിന്റെയോ രൂപത്തിലായിരിക്കാം. മറ്റു ചിലപ്പോള്‍ പ്രകൃതി ദുരന്തങ്ങളുടെയോ മറ്റോ രൂപത്തിലായിരിക്കാം മരണം സംഭവിക്കുന്നത്.
മരണശേഷമുള്ള വാസസ്ഥലമായ ഖബ്ര്‍ എല്ലാവരുടെയും സങ്കേതമാകുന്നു. ചെറിയവനെന്നോ വലിയവനെന്നോ രാജാവെന്നോ പ്രജയെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും താമസിക്കേണ്ടിവരുന്ന ഒരു ഭവനമത്രെ ഖബ്ര്‍.
മണ്ണ് മെത്തയാകുന്ന പുഴുക്കള്‍ കൂട്ടിനുണ്ടാവുന്ന മുന്‍കറും നകീറും ചോദ്യകര്‍ത്താക്കളായി കടന്നുവരുന്ന കര്‍മങ്ങള്‍ മാത്രം തുണയാകുന്ന ആ സങ്കേതത്തെക്കുറിച്ച് സദാ സ്മരിക്കുന്നത് ജീവിതത്തെ ക്രമപ്പെടുത്താന്‍ ഉപകരിക്കുമെന്ന് പഠിപ്പിക്കുകയാണീ തിരുവചനം.
ജീവിതത്തെ ലക്ഷ്യസ്ഥാനത്തേക്കെത്തിക്കുക എന്നതത്രെ ഖബ്ര്‍ സന്ദര്‍ശനത്തിന്റെ താല്പര്യം. കാരണം ഭൗതിക ലോകത്തുണ്ടായിരുന്ന എല്ലാ ബന്ധങ്ങളെയും വേര്‍പിരിഞ്ഞ് തന്റെ കര്‍മങ്ങളുടെ കൂടെ കഴിച്ചുകൂട്ടേണ്ട താവളമാണത്. ഈ ഓര്‍മകളാണ് ഓരോ മനുഷ്യനെയും നന്മയിലേക്ക് അടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഖബ്‌റിന്റെ ഏകാന്തതയില്‍ നിന്നും അതിന്റെ ശിക്ഷയില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നത് അല്ലാഹുവിലുള്ള വിശ്വാസവും തിരുചര്യയെ അനുധാവനം ചെയ്യലുമാണ്. കുടുംബവും കുട്ടികളും സമ്പത്തും മടങ്ങിപ്പോവുകയും കര്‍മങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്ന ആ വാസസ്ഥലത്തെക്കുറിച്ചുള്ള നിരന്തര സ്മരണകളാണ് മുന്‍ഗാമികളെ കരയിപ്പിച്ചത്. സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കാന്‍ അവര്‍ക്ക് ഊര്‍ജം നല്‍കിയതും ഈ സ്മരണയത്രെ.