22 Friday
November 2024
2024 November 22
1446 Joumada I 20

ഇടതുപക്ഷ പോരാളിയുടെ പിന്മടക്കം നല്‍കുന്ന സൂചനകള്‍

വൈ ആര്‍ അമാനി


കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ ഒട്ടും നിനക്കാതെ ഉരുണ്ടുകൂടിയ കാര്‍മേഘം വിതച്ച അനിശ്ചിതത്വത്തിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മളുള്ളത്. മുന്‍പും അവിടങ്ങളില്‍ ഇടിയും മഴയുമൊക്കെയുണ്ടാവാറുണ്ടെങ്കിലും സാധാരണക്കാര്‍ അത് ശ്രദ്ധിക്കുകയോ അവരെയത് നേര്‍ക്കുനേര്‍ ബാധിക്കുകയോ ചെയ്യാറില്ല. വിഴുപ്പലക്കലിന്റെയും ദുരാരോപണങ്ങളുടെയും അത്രയധികം പെയ്ത്തുകള്‍ കണ്ടു മടുത്തിട്ടുണ്ട് നാം. എന്നാലിതങ്ങനെയൊന്നല്ല. പത്രസമ്മേളനം വിളിച്ചുചേര്‍ത്തുകൊണ്ട് ഭരണകക്ഷിയില്‍ പെട്ട പി വി അന്‍വര്‍ എന്ന ഇടത് സ്വതന്ത്ര എം എല്‍ എ ആദ്യം പുറത്തുവിട്ടത് മുന്‍ മലപ്പുറം എസ് പി സുജിത്ദാസുമായുള്ള തന്റെ ഫോണ്‍കോള്‍ റെക്കോഡാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി വഴിവിട്ട രീതിയില്‍ അന്‍വറിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ചെറിയൊരു അളവിലേ അന്നത് കണക്കാക്കപ്പെട്ടുള്ളൂ. അവിടെ തുടങ്ങിയ അന്‍വറിന്റെ പടപ്പുറപ്പാട് എത്തിനില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഉള്ളറകളെ മുച്ചൂടും അസാമാന്യ പ്രഹരശേഷിയുള്ള ചോദ്യങ്ങളുടെ ചങ്ങലയില്‍ കുരുക്കി പൊതുജനമധ്യത്തില്‍ വിചാരണക്കു വെച്ചിട്ടുള്ള സ്ഥിതിയിലാണ്.
സാമാന്യബുദ്ധിയുള്ള ഒരാള്‍ക്കും അവഗണിക്കാന്‍ പറ്റാത്ത ഗുരുതരസ്വഭാവമാണ് അന്‍വര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കെങ്കില്‍, അന്‍വര്‍ ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന വഴികള്‍ അതിനുതക്ക സൂക്ഷ്മമല്ലെന്നു മാത്രമല്ല മറ്റു ചില പ്രശ്‌നങ്ങളെ വാര്‍ത്തുണ്ടാക്കുകയുമാണ് ചെയ്യുന്നത്.
ഇടതുപക്ഷത്തേക്കുള്ള യാത്ര
സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എ ഐ സി സി അംഗവുമായിരുന്ന മലപ്പുറം ഒതായി ഗ്രാമത്തില്‍ പുത്തന്‍ വീട്ടില്‍ ഷൗക്കത്തലിയുടെ ഇളയ മകന്‍. സമ്പന്ന കുടുംബം. ഒരു പുരുഷായുസ്സിന്റെ സുവര്‍ണഘട്ടമായ യൗവനം മുതല്‍ക്കേ കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങളിലേക്കെറിയപ്പെട്ടു. ജീവിതത്തിലെ അപ്രതീക്ഷിത പിഴവുകള്‍ക്ക് വലിയ പിഴ നല്‍കേണ്ടി വന്നിട്ടുള്ളയാള്‍. കോണ്‍ഗ്ഗ്രസ്സ് കുടുംബത്തില്‍ വളര്‍ന്നുവരികയും ഒടുവില്‍ കെ മുരളീധനോടൊപ്പം ഡി ഐ സിയിലെത്തുകയും ചെയ്തു. ശേഷം സജീവരാഷ്ട്രീയം വിട്ടു. ബിസിനസുകളില്‍ വ്യാപൃതനായി. ഉറച്ച ഏകദൈവവിശ്വാസവും അത് നിര്‍മിച്ചു നല്കിയ ഉള്‍ക്കരുത്തുമാവണം അതിസമ്പന്നതയുടെ പളപളപ്പിലും അരുതായ്മകള്‍ക്ക് പരിധിവെച്ചിരുന്നതെന്ന് അടുത്തറിയുന്നര്‍ക്കറിയാം. ഒന്നിനു മുന്നിലും പതറാത്ത ചങ്കുറപ്പും, ഏതവസ്ഥയോടും പെട്ടെന്നിണങ്ങുന്ന പ്രകൃതവും എല്ലാത്തിലും തന്റെ ബോധ്യങ്ങള്‍ക്കൊത്ത് ശരികള്‍ രൂപപ്പെടുത്തിയുമുള്ള ശൈലി. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ സാധ്യമായ ഏതറ്റം വരെയുമുള്ള പോക്ക്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഏറനാട്ടില്‍ മല്‍സരിക്കാനിറങ്ങുന്നത് അത്തരമൊരു വാശിയുടെ പിറകെ. പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയപ്രഭുക്കളെ മൂക്കത്ത് വിരല്‍ വെപ്പിച്ചു അന്‍വര്‍.
തുടര്‍ന്ന് 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ മല്‍സരം. അതിലും പരാജയം. ധാരാളം സാമ്പത്തിക ബാധ്യതയാണ് രണ്ടിലും കൂടിയുണ്ടായത്. വീണ്ടും ബിസിനസ്സ് തിരക്കുകളില്‍ പറന്നുനടക്കുമ്പോള്‍ 2015ലാണ് കക്കാടംപൊയില്‍ മലമുകളില്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പദ്ധതികളുമായി ഒത്തുചേരുന്നത്. വെയിലും മഴയും കൂസാതെയുള്ള അത്യധ്വാനങ്ങളുടെ അസ്ഥിവാരങ്ങളില്‍ അന്‍വര്‍ ശാന്തമായ തുടര്‍ജീവിത വിചാരങ്ങള്‍ പങ്കുവെച്ചു. അകലങ്ങളിലെ കച്ചവടങ്ങള്‍ മതിയാക്കി ആ കോടമഞ്ഞിന്‍ തണുപ്പിലെ വരുമാനത്തിലൊതുങ്ങണമെന്നും കുടുംബത്തില്‍ കൂടുതല്‍ സമയം കൂടെയുണ്ടാവണമെന്നുമൊക്കെ.
ആഡംബരങ്ങളെക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തല്പ്പരനായ അന്‍വറിന് വെറുതെയിരിക്കുക പറ്റുമായിരുന്നില്ല. തൊഴിലാളികളുടെയും അടിസ്ഥാനവര്‍ഗത്തിന്റെയും കാര്യത്തിലെ ഇസ്ലാമിക പരിപ്രേക്ഷ്യവും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വഴികളും സമാന്തരസഞ്ചാരമുണ്ടെന്ന നിരീക്ഷണം ഇടക്കെല്ലാം സംസാരത്തില്‍ വരും.
നിയമസഭയിലേക്ക്
അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ അവസാന മിനുക്കുപണികള്‍ക്കിടയില്‍ വളരെ പൊടുന്നനെയാണ് 2016 ലെ നിലമ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടതു സ്വതന്ത്രനായി അദ്ദേഹം ഒരുങ്ങിയിറങ്ങുന്നത്. ഏറ്റവും സങ്കീര്‍ണമായിരുന്നു ആദ്യഘട്ടം. ഒരു നിലക്കും നിലമ്പൂരിലെ സിപിഎം അണികള്‍ക്കുള്ളില്‍ തന്നെ അന്‍വര്‍ അന്ന് സ്വീകാര്യനായില്ല. ഒരു വരത്തന്‍ സഖാവിനെ ദഹിക്കാതെ ബ്രാഞ്ച്, ഏരിയാ കമ്മറ്റികള്‍ എരിപിരി കൊണ്ടു.
നിലമ്പൂരിലെ വംശനാശം വന്നുതുടങ്ങിയ ഇടതുപക്ഷ വേരുകളെ വലതിന് മാത്രം വളക്കൂറുള്ള അതേ മണ്ണില്‍ തന്നെ കരുപ്പിടിപ്പിക്കാനാവശ്യമായ വ്യക്തിപ്രഭാവം അന്‍വറിനുണ്ടെന്ന് കോടിയേരിയെപ്പോലെയുള്ള നേതൃത്വം പ്രതീക്ഷ വെച്ചു. സിപിഎമ്മിന്റെ കേഡര്‍ ക്രമങ്ങളില്‍ വളര്‍ന്നവര്‍ക്ക് നേതൃത്വത്തെ ധിക്കരിക്കുകയെന്നത് പരിചയമില്ലാത്തതിനാല്‍ ക്രമേണ അന്‍വര്‍ അവരുടെ പ്രിയപ്പെട്ട സഖാവായി മാറി. അന്‍വറിന്റെ വഴികള്‍ ഒരേസമയം വിശാലവും, അതിദുര്‍ഘടമാവുകയുമാണ് പിന്നീടങ്ങോട്ട് ചെയ്തത്.
നിലമ്പൂര്‍ മണ്ഡലത്തിലെ പതിറ്റാണ്ടുകള്‍ മൂടുറച്ച വലതുപക്ഷ മേല്‌ക്കോയ്മയ്ക്ക് എതിര്‍ നില്ക്കാന്‍ ശ്രമിച്ചതോടുകൂടി അന്‍വറിന് പുതിയ ശത്രുക്കളെയും സമ്പാദിക്കേണ്ടിവന്നു. ബൂര്‍ഷ്വയും ഭൂമികയ്യേറ്റക്കാരനായുമൊക്കെയുള്ള അനവധി ആരോപണങ്ങള്‍ക്കിടയിലും നിരാശയുടെ തണലത്തേക്ക് മാറാതെ പ്രതീക്ഷയുടെ പൊരിവെയിലിലൂടെ അദ്ദേഹം അസാധാരണമായി നടന്നു.
സംഭവ ബഹുലമായ നിലമ്പൂര്‍ മണ്ഡലം പിടിച്ചെടുക്കലോടു കൂടി ‘പി വി അന്‍വര്‍ എം എല്‍ എ’യുടെ പിറകില്‍ നിലമ്പൂരിലെ ഇടതുപക്ഷം ഉണര്‍ന്നെണീറ്റു. തന്റെ സമ്പത്തു കൊണ്ടു മാത്രമല്ല അധികാരം കൊണ്ടുകൂടി ജനോപകാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അങ്ങനെ അന്‍വറിന് സാധിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ പിടിച്ചെടുക്കാന്‍ അന്‍വര്‍ മുന്‍ കയ്യെടുത്തു. സഖാക്കള്‍ക്ക് കുറെ കാലമായി നഷ്ടമായിരന്ന മുഖം തിരിച്ചുപിടിക്കാനുള്ള പരിശ്രമമുണ്ടായി.
നാട്ടിലും മീഡിയകളിലുമുയര്‍ന്ന അല്പം ശരിയുടെയും അധികം ഊഹാപോഹങ്ങളുടെയും പുകമറയത്ത് വലതുപക്ഷ എതിരാളികള്‍ അന്‍വറിനെ സ്വകാര്യനഷ്ടങ്ങള്‍ക്ക് വിധേയനാക്കി. അദ്ദേഹത്തെ സാമ്പത്തികമായി നിര്‍വീര്യമാക്കുന്നതിന് കച്ചകെട്ടിയിറങ്ങിയവര്‍ക്ക് നിയമത്തിന്റെ നൂലാമാലകളില്‍ പെടുത്തി കക്കാടമ്പൊയില്‍ സ്വപ്‌നപദ്ധതികള്‍ക്ക് കോടതിയെക്കൊണ്ട് പൂട്ടിടീക്കാന്‍ പറ്റി.
ഒന്നാമത്തെ എം എല്‍ എ ടേമിനിടയില്‍ തന്നെ ധൃതിപിടിച്ചുള്ള 2015 ലെ ലോക്‌സഭയിലേക്കുള്ള പൊന്നാനി മത്സരം നല്ലൊരു തീരുമാനമായിരുന്നില്ല. ‘രാഹുല്‍ തരംഗ’ത്തില്‍ ആ ശ്രമം സ്വാഭാവികമായും തോറ്റമ്പിയെങ്കിലും പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും, പ്രത്യേകിച്ച് ഇടത് സൈബറിടങ്ങളില്‍ അതിവേഗം അന്‍വര്‍ ഇടം നേടി. നാട്ടിലുള്ള ബിസിനസ്സ് സംരംഭങ്ങളുടെ വഴിയടഞ്ഞപ്പോള്‍ ആഫ്രിക്കയിലെ സാധ്യതകള്‍ തേടിപ്പോയത് മണ്ഡലത്തിലെയും നിയമസഭയിലെയും അദ്ദേഹത്തിന്റെ സാന്നിധ്യം കുറച്ചു. ഇനി 2021ല്‍ മല്‍സരരംഗത്തേക്കില്ലെന്ന് പറഞ്ഞിരുന്ന അന്‍വര്‍ അവസാന ഘട്ടത്തില്‍ നോമിനെഷന്‍ നല്കിയത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു.
ഒരു മുഴുനീള സഖാവാകാതെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയതലങ്ങളെ തന്റെ മൗലിക ലക്ഷ്യമായ ജനസേവനത്തിനുവേണ്ടി ഉപയോഗിക്കുക മാത്രം ചെയ്യുന്ന ഒരു മിനിമം ലെവലായിരുന്നു അദ്ദേഹത്തിന് നല്ലതെന്ന് പുറമെനിന്ന് വിലയിരുത്തുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. പാരമ്പര്യ സഖാക്കളെക്കാള്‍ എത്രയോ പടി മുന്‍കടന്ന് ‘പാര്‍ട്ടി’യെ വഹിച്ചായിരുന്നു അന്‍വറിന്റെ യാത്ര.
ഇടതു സര്‍ക്കാറിനെ വിമര്‍ശിക്കുന്ന തരക്കേടില്ലാത്ത മുസ്ലിം പ്രൊഫൈലുകളെ തെരഞ്ഞുപിടിച്ച് തീവ്രവാദചാപ്പയടിയെന്ന അപരവിദ്വേഷത്തിന്റെ ലെഫ്റ്റ് സൈബര്‍ പോളിസി അന്‍വറിന്റെ എഫ്ബി പേജുകളിലും ധാരാളമായി വന്നുതുടങ്ങി. ഇടതു മുന്‍നിരയുടെ വരാന്തയിലേക്ക് അന്‍വറിനെപ്പൊലെ വൈകി കയറിവന്നിട്ടുള്ള എല്ലാ ‘വിശ്വാസി സഖാക്കള്‍’ക്കും ഇടക്കെല്ലാം അവരവരുടെ വിഭാഗത്തെ വിമര്‍ശിക്കുമ്പോള്‍ ലഭിക്കുന്നൊരു മതേതര ഇന്ധനമുണ്ട്. മുസ്ലിം സമുദായ രാഷ്ട്രീയ വര്‍ണങ്ങളോട് സോഷ്യല്‍മീഡിയയില്‍ ശണ്ഠകൂടുക വഴി അന്‍വറത് കൈമുതലാക്കി. ഇടതുപക്ഷത്തിനു മാത്രം മനസ്സിലാവുന്ന അവരുടെ ശരികളുടെ ചുവന്ന ഇടനാഴിയിലേക്ക് സഖാവ് അന്‍വര്‍ ഇതിനകം ഏറെ നട കയറിയിരുന്നു.

പുതിയ അന്‍വറും
വെളിപ്പെടുത്തലുകളും

ഇതെല്ലാം പഴയ കഥ. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഒരു ചെറിയ ഭിന്നാഭിപ്രായം പോലും പുറത്തെവിടെയും കേള്‍പ്പിച്ചിട്ടില്ലായിരുന്ന അന്‍വറിന്റെ പുതിയ നീക്കങ്ങളുണ്ടാവുന്നത് സകലരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ്. അതും വളരെ വേഗത്തില്‍. ഇടതുപരിസരങ്ങളില്‍ ഏറ്റവും പ്രതാപമുള്ള നേരത്തു അതെല്ലാം ഉടയുമെന്നുറപ്പുണ്ടായിട്ടും അരുതായ്മകളോട് കലഹിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് നേരത്തെ പറഞ്ഞ ആ ഉള്‍ക്കരുത്ത് കൊണ്ടാവണം.
തുടര്‍ഭരണ ശേഷം ഇടതുസര്‍ക്കാറിന്റെ ഫാസിസ്റ്റ് പ്രീണന നിലപാടുകള്‍ നാം അനുഭവിക്കുന്നതും കൂടുതല്‍ ചര്‍ച്ചയായതുമാണ്. അതെല്ലാം പറഞ്ഞത് പുറത്തുള്ളവരായിരുന്നു. സൈബര്‍ സഖാക്കളുടെ കടന്നല്‍ രാജാവും പിണറായി വിജയന്റെ അടുപ്പക്കാരനുമായിരുന്ന അന്‍വര്‍ അക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ അതിനു വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലുടനീളം സംഘ്പരിവാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയകാര്‍ഡ് കേരളത്തില്‍ അത്രമേല്‍ അകന്നു നില്ക്കുന്നത് ഇനിയും ഇവിടെ അവശേഷിക്കുന്ന മതനിരപേക്ഷ മനസ്സുകള്‍ കൊണ്ടാണ്. അതിനെ പരിപോഷിപ്പിക്കുന്നവയെല്ലാം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട കാലത്ത് ഫാസിസ്റ്റ് വിരുദ്ധതയുടെ ബാനറില്‍ അധികാരത്തിലുള്ള ഇടതുസര്‍ക്കാറിന്റെ സംഘ്പരിവാര്‍ ബാന്ധവം പൊറുക്കാന്‍ പറ്റുന്ന ഒന്നല്ല. അത് ഈ ജനതയോട് കാണിക്കുന്ന കൊടിയ വഞ്ചനയാണ്.
സര്‍ക്കാര്‍ എന്നത് തൊട്ടുകാണിക്കാവുന്ന ഒരൊറ്റ വസ്തുവല്ല. പൊതുസേവനങ്ങളുടേയും സംരക്ഷണങ്ങളുടെയുമൊക്കെ ഒരു സമ്മിശ്ര സംവിധാനമാണ്. നമുക്കതിനെ വിലയിരുത്താന്‍ പറ്റുക അവയിലൂടെയുള്ള നേര്‍ക്കുനേര്‍ അനുഭവങ്ങളിലൂടെയാണ്. അന്‍വറുന്നയിച്ചത് ആ മെഷിനറിയുടെ ആന്തരിക ഘടനയില്‍ പിടിമുറുക്കിയ വിഷപ്പാമ്പുകളെയാണ്.
1- ഭരിക്കുന്നത് ഇടതുപക്ഷപാര്‍ട്ടിയാണെങ്കിലും ആഭ്യന്തര വിഷയങ്ങളെ മുകളിലിരുന്ന് നിയന്ത്രിക്കുന്ന പി ശശി എന്ന രഷ്ട്രീയ തൊഴിലാളിക്കും അതുവഴി മുഖ്യമന്ത്രി ഓഫീസിനും ചേര്‍ന്ന് സംഘ്പരിവാറുമായുള്ള ഒളിയജണ്ടകളാണ് വെളിപ്പെടുത്തലുകളില്‍ ഏറ്റവും സുപ്രധാനമായത്. ബാക്കിയെല്ലാം അതിന്റെ ഉപോല്‍പ്പന്നങ്ങളായി വരുന്നവയും.
2- പ്രശസ്തമായ തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിക്കൊണ്ട് ഹൈന്ദവ മനസ്സുകളെ സര്‍ക്കാറിനെതിരെ തിരിക്കുകയും അതു വഴി തൃശൂരിലെ ലോക്‌സഭാ സീറ്റ് ബി ജെ പിക്ക് ലഭ്യമാക്കുകയും ചെയ്തതില്‍ ശശി – എഡിജിപി എം ആര്‍ അജിത് കുമാര്‍ ടീമിന്റെ പങ്ക്.
3-സാധാരണക്കാരെ ബാധിക്കുന്ന താഴെ തട്ടിലുള്ള സര്‍ക്കാര്‍ സേവനങ്ങളില്‍ പ്രത്യേകിച്ച് പൊലീസ് സ്റ്റേഷനുകളില്‍ ന്യായമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഭരണകക്ഷിയുടെ പ്രവര്‍ത്തകരെ പോലും അനുവദിക്കാതെ അകറ്റി നിര്‍ത്തുന്നതോടെ ഇടതുപക്ഷ വിരുദ്ധവികാരമുണ്ടാക്കിയുള്ള ഫാസിസ്റ്റ് അനുകൂല നീക്കങ്ങള്‍. അതിനുള്ള എല്ലാ ഒത്താശകളുടേയും കേന്ദ്രമാവുന്നു സി എം ഓഫീസ്.
4- കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു വേണ്ടി പോലീസ് സംവിധാനം വഴി കുറ്റകൃത്യങ്ങളുടെ പെരുപ്പമുണ്ടാക്കി. മൂന്നു വര്‍ഷം മലപ്പുറം എസ്പിയായിരുന്ന സുജിത്ദാസിന്റെ സര്‍വീസ് കാലത്തിനിടയില്‍ അതിനു സാധിച്ചു. ഒരേ കുറ്റത്തില്‍ ഒന്നിലധികം പേര്‍ക്ക് വെവ്വേറെ എഫ് ഐ ആര്‍ ഇട്ടുകൊണ്ടായിരുന്നു ഇത്.
5- കാലിക്കറ്റ് എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്തുന്നതിന്റെ മറവില്‍ സിനിമയെ വെല്ലുന്ന ത്രില്ലറുകളാണ് നടക്കുന്നത്.
6- സംസ്ഥാനത്ത് ഇതുപോലെ നടക്കുന്ന സകല ഉള്‍നാടകങ്ങളും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിവുള്ളതാണെന്നും എന്നിട്ടും ആരുമെതിര്‍ക്കാതെ പോവുന്നത് അതിന്റെ നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ ഒരു നക്‌സസ് രൂപപ്പെട്ടതു കൊണ്ടാണെന്നും അന്‍വര്‍ ഉന്നയിക്കുന്നു.
അന്‍വറിന്റെ ലിസ്റ്റിലെ വിഷയങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ അതിന്റെ പരിണിതഫലം ഒരു പാര്‍ട്ടിയെയല്ല ആത്യന്തികമായി കേരളത്തിന്റെ സൈ്വര്യ ജീവിതത്തെ തന്നെയാണ് തകര്‍ക്കാനിരിക്കുന്നത്. നിജസ്ഥിതി പുറത്തുവരാന്‍ പൊതുജനം പണിയെടുക്കേണ്ടതുണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്. ഈ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതോടെ അന്‍വറിനെ മൊത്തത്തില്‍ ഏറ്റെടുക്കലാവുമെന്നു ധരിച്ച് അതില്‍ നിന്ന് പിന്തിരിയുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
പാര്‍ട്ടിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടതും, നിയമ വൃത്തങ്ങളോട് പറയേണ്ടതുമായ രണ്ടു തരമുണ്ട്. ഇവ പുറത്ത് പൊതുജനത്തോട് തുടരെത്തുടരെ നേരിട്ട് പറഞ്ഞ് പാര്‍ട്ടിയെ പരിപൂര്‍ണ പ്രതിസന്ധിയിലാക്കുകയാണ് അന്‍വര്‍ ചെയ്തത്. ചെയ്യേണ്ടവ ചെയ്തിട്ട് പരിഹാരമില്ലാഞ്ഞിട്ടാണ് പരസ്യമാക്കിയതെന്ന് അന്‍വര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അതത്ര സ്വീകാര്യമാവുന്നില്ല.
ആരോപണങ്ങളുടെ പ്രസക്തി
അന്‍വര്‍ പുറത്തു പോയെങ്കിലും സംസ്ഥാന സര്‍ക്കാറിന് ആരോപണങ്ങള്‍ക്ക് മറുപടി കണ്ടെത്തിയേ മതിയാവൂ. അധിക കാലമൊന്നും സോഷ്യല്‍ മീഡിയാ കാപ്‌സ്യൂളുകള്‍ നല്‍കി അണികളെയും പൊതുജനത്തെയും അടക്കി നിര്‍ത്താനാവില്ല. സാവകാശമാണെങ്കിലും അവ സത്യമാവുകയും ഉചിതമായ നടപടികളെടുക്കുകയും ചെയ്താല്‍ അന്‍വറിന്റെ പുറത്തുപോക്ക് ആ അര്‍ഥത്തില്‍ അപ്രസക്തമാവും. എന്നാലിപ്പോഴത്തെ സ്ഥിതിവച്ചു നോക്കിയാല്‍ പുറത്തുകടക്കേണ്ടത് അന്‍വര്‍ ആഗ്രഹിച്ചിരുന്നു എന്ന് തോന്നിപ്പോവും.
ദിനേന വിളിച്ചു ചേര്‍ക്കുന്ന സംസാരങ്ങളിപ്പോള്‍ ഇടതു ഭരണത്തിന്റെ സമസ്തവശങ്ങളെയും വിമര്‍ശിക്കുന്ന സര്‍വ സാധാരണ രാഷ്ട്രീയ വിമര്‍ശനത്തിന്റെ നിലവാരത്തിലേക്ക് എത്തി നിലക്കുകയാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നുള്ള നിലവിലെ തുറന്നുപറച്ചില്‍ അദ്ദേഹം ഇതുവരെ പറഞ്ഞിരുന്ന പൊളിറ്റിക്കല്‍ ഇന്റന്‍ഷനെ അപ്പാടെ റദ്ദു ചെയ്യുന്നവയാണ്. സര്‍വത്ര വിഷയങ്ങളും എടുത്തിടാന്‍ ഒരു അന്‍വര്‍ മാത്രമാണുള്ളത്.
അപ്പുറത്ത് ഒരായിരം പേര്‍ ഒന്നിച്ച് വാ തുറക്കുമ്പോള്‍ ഒന്നിനെയും അവഗണിക്കാതെ ഓരോന്നായി മറുപടി പറയുന്ന അന്‍വറിന്റെ രീതിയും ബുദ്ധിപരമല്ല. ബാക്കിയുള്ളവര്‍ ഗ്യാലറിയിലാണ്. നിലവില്‍ ഇടതുപക്ഷത്തുള്ള സകല മുസ്ലിം നാമമുള്ളവരും സംശയത്തിന്റെ നിരയിലേക്ക് മാറുകയും അവരുടെ പാര്‍ട്ടിക്കൂറ് ഇടക്കിടെ പുതുക്കിക്കാണിക്കേണ്ടുന്ന അധിക ബാധ്യത വന്നു ചേരുകയും ചെയ്‌തേക്കാം.
എന്തായിരുന്നാലും ശരി ഇനിയുള്ള അന്‍വറിന്റെ നാളുകള്‍ അത്ര ലളിതമാവില്ല. ഒരു ഭരണകൂടവും വ്യക്തിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലില്‍ വ്യക്തിയുടെ സാധ്യതകള്‍ കുറവാണ്. ആരോപണങ്ങളുടെ അങ്ങേയറ്റം എത്തിനില്ക്കുന്നത് സംഘ്പരിവാറിലായതിനാല്‍ ആ നിലക്കുള്ള പ്രത്യാഘാതവും ചെറുതാവില്ല. അതിന്റെ ആദ്യപടിയാണ് കുറെകാലമായി പൊതുബോധങ്ങളില്‍ പടുത്തുവെച്ച മുസ്ലിം തീവ്രവാദത്തൂണില്‍ തുടക്കത്തിലേ അന്‍വറിനെ കെട്ടിത്തുടങ്ങിയത്. നിയമങ്ങളുടെ നിറം പുരട്ടിയ കത്രികപ്പൂട്ടുകള്‍ മറ്റൊരു വഴിക്ക് ഇപ്പോഴെ ഒരുങ്ങുന്നുണ്ടാവും.
സോഷ്യല്‍ മീഡിയാ ആര്‍പ്പുവിളികളോ ചാനല്‍ സംഘങ്ങളോ ഒന്നും വ്യക്തിപരമായ നഷ്ടങ്ങളെ പ്രതിരോധിക്കാന്‍ ഗുണം ചെയ്യില്ല. എന്നുമല്ല വലിയൊരാള്‍ക്കൂട്ടമൊരു ബാധ്യതയാണുണ്ടാക്കുക. മികച്ചൊരു ഉദ്യമത്തിന് വലിയ റിസ്‌കെടുത്തിറങ്ങുകയും കൃത്യമായ ഗൃഹപാഠമോ കൂടിയാലോചനകളോ ഇല്ലാതെ വിഷയ ബാഹുല്യത്തിന്റെ അനാവശ്യ ഭാരം പേറി ലക്ഷ്യം വഴിമാറുകയും ചെയ്യുമ്പോഴാണ് അന്‍വര്‍ സ്വയം മറ്റൊരു പ്രശ്‌നമാവുകയാണോ എന്ന് ആളുകള്‍ ചോദിച്ചു പോവുന്നത്.

Back to Top