24 Wednesday
July 2024
2024 July 24
1446 Mouharrem 17

അഭിമുഖം / ഫാ. വിക്ടര്‍ എഡ്‌വിന്‍ :ക്രിസ്ത്യന്‍ – മുസ്‌ലിം സഹവര്‍ത്തനവും സംവാദവും

വിവ. പി വി അഹ്മദ് ഷരീഫ്‌

ഡല്‍ഹിയിലെ വിദ്യാജ്യോതി കോളജിലും മറ്റ് കത്തോലിക് ദൈവശാസ്ത്ര സ്ഥാപനങ്ങളിലും പഠിപ്പിക്കുന്ന ഫാ. വിക്ടര്‍ എഡ്‌വിന്‍ പുതിയൊരു ദൗത്യം ആരംഭിച്ചു. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ പരസ്പര തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കുക. ആദ്യപടിയായി അദ്ദേഹം തന്റെ വിദ്യാര്‍ഥികളെ മുസ്‌ലിംകളുടെ സ്ഥലങ്ങളിലേക്ക് കൊണ്ടു പോയി. മുസ്‌ലിംകളെ കത്തോലിക്ക സ്ഥാപനങ്ങളിലേക്ക് ക്ഷണിച്ചു. ഇസ്‌ലാമിക് പഠന അസോസിയേഷന്റെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് 51-കാരനായ ഈ പുരോഹിതന്‍. അസോസിയേഷന്റെ പ്രസിദ്ധീകരണമായ ‘സലാം’ എഡിറ്റു ചെയ്യുന്നതും അദ്ദേഹമാണ്. മതങ്ങള്‍ക്കിടയിലെ ബന്ധത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള തന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കിടുന്നു.


എന്തു കൊണ്ട് നിങ്ങളുടെ വിദ്യാര്‍ഥികളെ മുസ്‌ലിം പ്രദേശങ്ങളിലേക്ക് കൊണ്ടു പോയി?
ഒരു കത്തോലിക്ക ദൈവശാസ്ത്ര സ്ഥാപനത്തില്‍ ഇസ്‌ലാമിക പഠനം നടത്തുന്ന ഒരു വിദ്യാര്‍ഥിക്ക് എന്താണ് ചെയ്യാനുള്ളത് എന്ന് ഒരാള്‍ ചിന്തിച്ചേക്കാം. പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. കത്തോലിക്ക ദൈവശാസ്ത്ര പഠനത്തില്‍ ഇസ്്‌ലാമിക പഠനങ്ങളുടെ പ്രസക്തിയെന്താണ്? ഒരു ബഹുസ്വര ലോകത്ത്, കത്തോലിക്ക ദൈവശാസ്ത്രത്തില്‍ ആരോഗ്യകരമായ പരിശീലനത്തിന്റെ ഭാഗമായി വിവിധ മതങ്ങളുടെ വിശ്വാസ വ്യവസ്ഥയെ കുറിച്ച് ശ്രദ്ധാപൂര്‍വം പഠിക്കുന്നതും വിവിധ മത പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരുടെ സത്യാവകാശ വാദങ്ങളുമായി ക്രിയാത്മകമായി ഇടപഴകുന്നതും  അവഗണിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറയും. ദൈവശാസ്ത്ര പരിശീലനമെന്നത് മാനവികതയുടെ സേവനത്തിനായിരിക്കണമെങ്കില്‍ അത് ഓരോ വ്യക്തിയുടേയും മതപരമായ ബോധ്യത്തെ മാനിക്കേണ്ടതുണ്ട്. മറ്റുള്ളവരോടുള്ള ബഹുമാനം തീര്‍ച്ചയായും മറ്റുള്ളവരുടെ മതപരമായ ബോധ്യങ്ങളോട് ആദരവ് ആവശ്യപ്പെടുന്നു. എല്ലാത്തിലും ഉപരിയായി മതങ്ങളെ കുറിച്ച് പഠിക്കുന്നത് ദൈവശാസ്ത്ര പഠനത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനവുമാണ്.


ഒരു അധ്യാപകനെന്ന നിലയില്‍ ഞാന്‍ ‘പോപ്പുലര്‍ ഇസ്‌ലാം, സൂഫിസം, ക്രിസ്ത്യന്‍-മുസ്‌ലിം സംവാദം’ തുടങ്ങിയ കോഴ്‌സുകളാണ് അവതരിപ്പിക്കുന്നത്. മുസ്‌ലിംകളുടെ വിശ്വാസവും ആചാരങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചിതമാവണമെന്നാണ് ഈ കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നത്. മുസ്‌ലിംകളെയും ഇസ്‌ലാമിനെയും കുറിച്ച് ക്രിസ്ത്യാനികള്‍ വെച്ച് പുലര്‍ത്തുന്ന പല മുന്‍വിധികളില്‍ നിന്നും കണ്ടു പരിചയിച്ച ചിത്രങ്ങളില്‍ നിന്നും മാറി നില്‍ക്കുക. ഇതോടൊപ്പം ക്രിസ്ത്യാനികള്‍ക്കെതിരായ നിരവധി മുന്‍വിധികളാല്‍ വലയം ചെയ്യപ്പെട്ട മുസ്‌ലിംകള്‍ക്ക് ഈ രണ്ട് സെമറ്റിക് മതങ്ങള്‍ തമ്മിലുള്ള പൊതുവായ അടിസ്ഥാനങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നു.
അതിനാല്‍ ക്ലാസ് റൂം അവതരണങ്ങളോടൊപ്പം വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മുസ്‌ലിംകളുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനും പറ്റിയ തരത്തിലാണ് ഈ കോഴ്‌സുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ചില വിദ്യാര്‍ഥികളെ സര്‍ഗാത്മകമായി സംവദിക്കാന്‍ കോഴ്‌സുകള്‍ സഹായിക്കുന്നതായി ഞാന്‍ കണ്ടെത്തി. പ്രശസ്ത ദൈവശാസ്ത്രകാരനായ റെയ്മന്‍ പണിക്കര്‍ (1918-2010) നിര്‍വചിച്ച പോലെ  സ്വയം കണ്ടെത്തുന്നതിനായി മറ്റൊരാളുമായുള്ള വ്യത്യാസം അഭിമുഖീകരിക്കുന്ന ഒരു തീര്‍ഥാടനമാണ് സംവാദം.


 
സന്ദര്‍ശനത്തിനായി ആളുകളേയും സ്ഥലങ്ങളേയും എങ്ങനെ നിങ്ങള്‍ തെരഞ്ഞെടുക്കുന്നു?
ഇസ്‌ലാമിനെ കുറിച്ചും ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധത്തെ കുറിച്ചും പഠിപ്പിക്കുന്നതിനായി ഞാന്‍ പോകുന്ന സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിരവധി നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട്. പ്രൊഫ. അക്തറുല്‍ വാസി, ഹൈദരാബാദിലെ ഹെന്റി മാര്‍ട്ടിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയരക്ടര്‍ ഡോ. പാകിയാം ടി സാമുവല്‍ എന്നിവരോട് ഞാന്‍ കൃതജ്ഞതയുള്ളവനാണ്. ഈ സുഹൃത്തുക്കളില്‍ ചിലര്‍ പണ്ഡിതന്‍മാരും മറ്റ് ചിലര്‍ മതനേതാക്കളുമാണ്. അതില്‍ ആത്മീയവാദികളും യോഗാത്മക ദര്‍ശനമുള്ള സാമൂഹിക പ്രവര്‍ത്തകരുമുണ്ട്. ജീവിതത്തിന്റെ നാനാതുറയിലുള്ള സ്ത്രീകളും പുരുഷന്‍മാരുമാണവര്‍. ഓരോ തവണയും അവരെ കാണുമ്പോഴും പുതുതായി എന്തെങ്കിലുമൊന്ന് പഠിക്കുമെന്ന് ഞാന്‍ ദൃഢനിശ്ചയം ചെയ്യാറുണ്ട്. ഓരോ തവണയും വിദ്യാര്‍ഥികളേയും കൊണ്ട് പോകുന്നതിന് മുമ്പ് ഞാന്‍ അവരെ സന്ദര്‍ശിക്കാറുണ്ട്. പിന്നീട് ഞാന്‍ വിദ്യാര്‍ഥികളേയും അനുഗമിച്ച് പോകും.
 
മുസ്‌ലിംകളില്‍ നിന്നുള്ള പ്രതികരണം എന്താണ്?
മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ അവരുടെ ആരാധനാലയങ്ങളിലേക്കും, മത, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഭവനങ്ങളിലേക്കും സ്വാഗതം ചെയ്യുന്നു. ‘ക്രിസ്ത്യാനികള്‍ നിങ്ങളുമായി അടുപ്പമുള്ളവരാണെന്ന്’ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതു പോലെ മുസ്‌ലിംകള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഞങ്ങളുമായി അടുപ്പം അനുഭവിക്കുന്നുവെന്നും ഞാന്‍ മനസിലാക്കി. വിശുദ്ധ ഖുര്‍ആന്‍ ക്രിസ്ത്യാനികളെ വിളിക്കുന്നത് വേദക്കാര്‍ എന്നാണ്. ക്രിസ്ത്യാനികളെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരു ഖുര്‍ആന്‍ അടിത്തറ മുസ്‌ലിംകള്‍ അംഗീകരിക്കുന്നുവെന്ന് പറയാന്‍ കഴിയും.
മുസ്‌ലിംകളെ കണ്ട് പരിചയിക്കുന്നതിനായി ഈയിടെ ചെന്നൈ മേഖല ദൈവശാസ്ത്ര പഠന കേന്ദ്രമായ അരുള്‍കടലില്‍ നിന്ന് 12 വിദ്യാര്‍ഥികളെ അറിയപ്പെടുന്ന  മുസ്്‌ലിം മതപഠനകേന്ദ്രമായ ജാമിഅ ദാറുസ്സലാം ഉമറാബാദ് ആംബൂരിലേക്ക് കൊണ്ടു പോയി. മദ്‌റസയിലെ മുതിര്‍ന്ന പ്രൊഫസര്‍മാരിലൊരാള്‍ ഞങ്ങളെ അവിടുത്തെ മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലേക്ക് കൊണ്ടു പോയി. അദ്ദേഹം വിദ്യാര്‍ഥികളോടായി ഞങ്ങളെ ചൂണ്ടിക്കാട്ടി പറഞ്ഞു: ഇവരും (ക്രിസ്ത്യാനികള്‍) നിങ്ങളെ പോലെ മതപ്രചാരകരാണ്. അവര്‍ വര്‍ഷങ്ങളോളം പഠിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന അടുപ്പം നിങ്ങളുമായി പങ്കുവെക്കാനാണ് വന്നത്. ഞങ്ങളെ മിഷനറിമാരായി അദ്ദേഹം ശരിയായി തിരിച്ചറിഞ്ഞു. അത് പ്രധാനമാണ്. ഇത് പ്രധാനപ്പെട്ട അഭിപ്രായമായി എനിക്കു തോന്നി. വ്യത്യസ്ത മതപ്രബോധകര്‍ ഒന്നിച്ചുകൂടുമ്പോള്‍ പരസ്പരം തിരിച്ചറിയാന്‍ അത് ഏറെ സഹായിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. ‘പരസ്പരം വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതിലൂടെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദൈവത്തിന്റെ സവിശേഷതകള്‍ പരസ്പരം തിരിച്ചറിയും’ എന്ന ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധങ്ങളുടെ മാര്‍ഗ ദര്‍ശിയായ ജെസ്യൂട്ട് പുരോഹിതന്‍ ഫാ. വിക്ടര്‍ കുര്‍ട്ടോയിസിന്റെ അധ്യാത്മദര്‍ശനപരമായ അഭിപ്രായമാണ് എന്നെ ഓര്‍മിപ്പിച്ചത്.

ഇതിനോട് നിങ്ങളുടെ വിദ്യാര്‍ഥികള്‍ എങ്ങനെ പ്രതികരിച്ചു? വിദ്യാര്‍ഥികളെ മുസ്‌ലിംകളുടെ അടുത്തേക്ക് കൊണ്ടുവരാന്‍ സെമിനാരികള്‍ അനുവദിക്കുന്നുണ്ടോ? ഇതിന് എന്തെങ്കിലും ഉപാധി അവര്‍ വെക്കുന്നുണ്ടോ?
തുറന്ന പഠനത്തിനായി അവരെ തുറന്നിട്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കലും ആശങ്കകള്‍ അനുഭവിച്ചിട്ടില്ല. സംവാദപരമായ ഇടപെടലുകള്‍ പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. അല്ലാതെ അതിന് വേറെ ഉപാധികളില്ല.

സംവാദങ്ങള്‍ക്കുള്ള ദൈവശാസ്ത്രപരമായ അടിത്തറ കണ്ടെത്താന്‍ നിങ്ങളേയും നിങ്ങളുടെ വിദ്യാര്‍ഥികളേയും ഈ സാമൂഹിക-സാസ്‌കാരിക ഇടപെടലുകള്‍ എങ്ങനെ സഹായിക്കും?
വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. ദൈവശാസ്ത്രപരമായ അടിത്തറ കണ്ടെത്താന്‍ സാമൂഹിക-സാംസ്‌കാരിക മതപരമായ ഇടപെടലുകള്‍ സഹായിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സമ്പര്‍ക്കത്തിന് ശേഷമുള്ള ദൈവശാസ്ത്ര സെഷനുകളില്‍ സംവാദത്തിനുള്ള ദൈവശാസ്ത്രപരമായ അടിത്തറ ഞങ്ങള്‍ തിരിച്ചറിയുന്നു.

മുസ്‌ലിം പ്രദേശത്ത് ചെന്നാല്‍ നിങ്ങള്‍ എന്തു ചെയ്യുന്നു?
‘ഇന്ന് മുസ്‌ലിം ആയിരിക്കുക എന്നു പറഞ്ഞാല്‍ എന്താണ് എന്നത്’ സംബന്ധിച്ച് ഞങ്ങളുമായി പങ്കുവെക്കുവാന്‍ ഞാന്‍ മുസ്‌ലിംകളോട് അഭ്യര്‍ഥിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവരുടെ മതപരമായ ജീവിതത്തിന്റെ സ്രോതസ്സുകള്‍ – വിശുദ്ധ ഖുര്‍ആനും ഹദീസും (പ്രവാചകന്റെ പാരമ്പര്യങ്ങള്‍)- ഇക്കാലത്ത് ആത്മാര്‍ഥ മുസ്‌ലിംകളായി ജീവിക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടോ? വിദ്യാര്‍ഥികളോട് അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇതിനായി അവര്‍ക്ക് രണ്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നു. വിവേകപരമായി ചോദിക്കുക. വാദങ്ങള്‍ പാടില്ല. ഇസ്‌ലാമിനെ, മുസ്‌ലിംകളില്‍ നിന്ന് അറിയുക എന്നതാണ് ഈ സമീപനത്തിന്റെ അടിവരയിടുന്ന തത്വം.
 
മുസ്‌ലിം കള്‍ ക്രിസ്ത്യന്‍ സ്ഥലങ്ങളില്‍ പ്രത്യേകിച്ചും സെമിനാരികളില്‍ വരാറുണ്ടോ?
ഇഫ്താറിനായി മുസ്‌ലിംകളെ ദിവ്യജ്യോതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ വരികയും ചെയ്തു. ക്രിസ്ത്യാനികള്‍ അവരെ ക്ഷണിച്ചാല്‍ തീര്‍ച്ചയായും അവര്‍ വരും. ഇതിനായി നമ്മള്‍ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം.

സഭയുടെ മതങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ സെമിനാറുകളിലും സംഭാഷണങ്ങളിലുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എങ്ങനെ സഭക്ക് ഇത് കൂടുതല്‍ ഫലപ്രദമാക്കും?
കത്തോലിക്ക സഭ നാലു തരത്തിലുള്ള സംവാദങ്ങളാണ് പഠിപ്പിക്കുന്നത്. ജീവിതം കൊണ്ടുള്ള സംവാദം, പ്രവര്‍ത്തനം കൊണ്ടുള്ള സംവാദം, ദൈവശാസ്ത്ര കൈമാറ്റത്തിനുള്ള സംവാദം, മതാനുഭവങ്ങളിലൂടെയുള്ള സംവാദം, എല്ലാവരുടേയും പൊതുനന്മക്കായി പ്രവര്‍ത്തിക്കാ നും കൂടുതല്‍ ഇടപഴകാനും സംവാദത്തിനും ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ ഭാവന ആവശ്യമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x