16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

പുതിയ അധ്യയന വര്‍ഷവും തുടരുന്ന പ്രതിസന്ധികളും

നദീര്‍ കടവത്തൂര്‍


ലോകം കോവിഡ് പ്രതിസന്ധിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിരിക്കുന്നു. എല്ലാ മേഖലകളിലും കോവിഡ് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ രംഗത്ത് ഈ പ്രയാസങ്ങള്‍ ഇരട്ടിയാണെന്ന് കാണാന്‍ കഴിയും. വിക്റ്റേര്‍സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസിലൂടെയാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ പഠനത്തെ വിലയിരുത്തുമ്പോള്‍ പല മേഖലകളും പരാജയമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകളും പ്രശ്നങ്ങളും ഉചിതമായി പരിഹരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ തുടരുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വര്‍ഷവും പഠനം ഓണ്‍ലൈനിലൂടെ തന്നെയാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഴയതു പോലെ പ്രവര്‍ത്തനമാരംഭിക്കണമെങ്കില്‍ കുറഞ്ഞത് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയെങ്കിലും വേണം. സംസ്ഥാനത്ത് ജനസംഖ്യയുടെ ആറു ശതമാനത്തിനടുത്ത് മാത്രമേ നിലവില്‍ വാക്സിനേഷന്‍ നല്‍കിയിട്ടുള്ളൂ. അതില്‍ തന്നെ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ഇതുവരെ വാക്സിനേഷന്‍ നല്കാന്‍ ആരംഭിച്ചിട്ടില്ല. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുകയും വീഴ്ചകളും പോരായ്മകളും കഴിയുന്നത്ര തിരുത്തുകയും ചെയ്യണം.
പ്രശ്നങ്ങള്‍ പരിഹരിക്കണം
ഓണ്‍ലൈന്‍ പഠനരംഗം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. ഇന്റര്‍നെന്റിന്റെ അപര്യാപ്തത, ഡിജിറ്റല്‍ ഡിവൈസുകളുടെ കുറവ് തുടങ്ങിയ പ്രാഥമിക പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടാവണം ഈ വര്‍ഷം പഠനം ആരംഭിക്കേണ്ടത്. സ്‌കൂള്‍ തലങ്ങളില്‍ ഇതിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞ വര്‍ഷം നിര്‍ദേശം നല്കിയിരുന്നു. ദരിദ്രരായ ഇരുപത് ലക്ഷം വീട്ടുകാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന ‘കെ ഫോണ്‍’, സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് നല്കുന്ന കുടുംബശ്രീ മുഖേനയുള്ള ‘വിദ്യാശ്രീ’ പദ്ധതി തുടങ്ങി ‘ഡിജിറ്റല്‍ ഡിവൈഡ്’ ഇല്ലായ്മ ചെയ്യാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതുണ്ട്.
കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസും

പ്രശ്നങ്ങളും

മേല്‍ സൂചിപ്പിച്ചതു പോലെ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വിക്ടേര്‍സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ക്ലാസുകളിലൂടെയാണ് പഠനം നടന്നത്. സംസ്ഥാനത്ത് ഒന്നടങ്കം വിദ്യാര്‍ഥികള്‍ ഈ കേന്ദ്രീകൃത സംവിധാനത്തെ ആശ്രയിക്കുകയാണുണ്ടായത്. എന്നാല്‍ ഇതിലൂടെ അധ്യാപക വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായിരുന്ന നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് അധ്യാപകരില്‍ നിന്ന് യാതൊരു സമ്മര്‍ദ്ദമോ വിലയിരുത്തലോ ഉണ്ടായില്ല. ഇത് വിദ്യാര്‍ഥികളെ പഠനത്തില്‍ നിന്ന് വലിയ തോതില്‍ പിറകോട്ടടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷ പഠനത്തെ സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സര്‍വേയില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമുണ്ടായിട്ടും പൂര്‍ണമായും അത് കണ്ടവര്‍ 67 ശതമാനമാണ്. പഠനം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമടിസ്ഥാനപ്പെടുത്തിയായിരുന്നതിനാല്‍ ഈ കണക്കുകള്‍ ഗൗരവത്തോടെ എടുക്കണം.
നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകള്‍ കുറഞ്ഞ സമയം കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കുന്ന രൂപത്തിലുള്ളവയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അതല്ലാതെ എന്ത് ചെയ്യുമെന്ന ചോദ്യവും അധ്യാപക വിദ്യാര്‍ഥി സാമീപ്യത്തിന്റെ ആവശ്യകതയാണ് ബോധ്യപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം പാഠഭാഗങ്ങള്‍ മനസ്സിലാക്കുന്നതില്‍ അധ്യാപകരുടെ സഹായം ലഭിച്ച വിദ്യാര്‍ഥികള്‍ 23% മാത്രമാണെന്നാണ് മുകളില്‍ സൂചിപ്പിച്ച സര്‍വേകള്‍ രേഖപ്പെടുത്തുന്നത്.
ഈ പ്രശ്നം മനസ്സിലാക്കി ഇത്തവണ കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അതത് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കുവാനും പഠനത്തെ വിലയിരുത്തുവാനും സ്‌കൂള്‍ തലത്തില്‍ പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി നടപ്പിലാക്കും എന്നാണ് വാര്‍ത്തകള്‍ വരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷാവസാനം പല സ്‌കൂളുകളും ഇത് പരീക്ഷിച്ചിരുന്നു. ഇത് ഇത്തവണ വ്യവസ്ഥാപിതമായി നടപ്പിലാക്കുവാന്‍ കഴിയേണ്ടതുണ്ട്. അധ്യാപകരെ പഠന രംഗത്ത് കൂടുതല്‍ ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ തിരുത്താനും അത് സഹായകമാവും.
തഴയപ്പെടുന്ന ഭാഷാ പഠനം
2020-2021 അധ്യയന വര്‍ഷം കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ക്ലാസുകള്‍ നല്‍കപ്പെട്ടപ്പോള്‍ ഭാഷകള്‍ തഴയപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ഭാഷാധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പൂര്‍ണമായി പരിഹാരം കാണാന്‍ കഴിഞ്ഞില്ല. ഭാഷാ പഠനത്തെ സംബന്ധിച്ചിടത്തോളം അധ്യാപകന്റെ സമീപസ്ഥ ഇടപെടല്‍ മറ്റു വിഷയങ്ങളേക്കാളും വിദ്യാര്‍ഥിക്ക് അത്യാവശ്യമാണ്. കൂടാതെ മാതാപിതാക്കള്‍ക്ക് ഭാഷാ പഠനത്തില്‍ മക്കളെ സഹായിക്കാന്‍ കഴിയുക പലപ്പോഴും വിദൂരമാണ്. ഈ ഗൗരവത്തോടെ ഭാഷാപഠനത്തെ സമീപിച്ച് പ്രശ്ന പരിഹാരം കാണേണ്ടതുണ്ട്.

അധ്യാപക പ്രതിസന്ധി
കഴിഞ്ഞ വര്‍ഷം കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ അധ്യാപക നിയമനങ്ങള്‍ തീരെ നടന്നിട്ടില്ല. ഈവര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതോടെ അധ്യാപക പ്രതിസന്ധി അതിരൂക്ഷമാവും. പതിനായിരത്തോളം അധ്യാപക തസ്തികകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത്. ഒരു അധ്യാപകന്‍ പോലുമില്ലാതെ 102 സ്‌കൂളുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിക്ക് കയറാന്‍ സാധിക്കാത്ത രണ്ടായിരത്തോളം അധ്യാപകരുമുണ്ട്. മെയ് 31ന് കൂടുതല്‍ വിരമിക്കലുകള്‍ നടക്കുന്നതോടെ അധ്യാപക ഒഴിവുകള്‍ ഇരട്ടിയാകും. സാമ്പത്തിക അധിക ബാധ്യത പറഞ്ഞ് നിയമനങ്ങള്‍ ഗവണ്‍മെന്റ് നീട്ടുമ്പോള്‍ ഭാവി തലമുറയുടെ പ്രതീക്ഷകള്‍ക്കു മേലാണ് ഇരുട്ടടി സംഭവിക്കുന്നത്.
സ്‌കൂളുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്. വിദ്യാലയ കെട്ടിടങ്ങള്‍-വസ്തുക്കള്‍ എന്നിവയുടെ സംരക്ഷണം, നവീകരണം, പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കല്‍ എന്നിവയ്ക്കെല്ലാം അധ്യാപകര്‍ അനിവാര്യമാണ്. പല സ്‌കൂളുകളിലും അധ്യാപക പ്രതിസന്ധി കാരണം പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടേയില്ല. ആയിരത്തോളം സ്‌കൂളുകളില്‍ പ്രധാനാധ്യാപക തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു എന്ന കണക്കുകള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ നിലവിലെ പരിതാപകരമായ അവസ്ഥ കൂടുതല്‍ വ്യക്തമാവും.
സിലബസ് കുറക്കലിലെ
രാഷ്ട്രീയ അജണ്ടകള്‍

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ പഠനം വഴിമുടക്കിയപ്പോള്‍ സിലബസ് വെട്ടിക്കുറക്കുക എന്ന പരിഹാരമാണ് സി ബി എസ് ഇ പോലുള്ളവ സ്വീകരിച്ചത്. മുമ്പും സിലബസ് തിരുത്തലും വെട്ടിക്കുറക്കലുകളും ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും പറഞ്ഞ് അതിന് ആക്കം കൂട്ടുകയാണ് ചെയ്തത്. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന പാഠഭാഗങ്ങള്‍ തുടര്‍ മൂല്യനിര്‍ണയത്തിനോ വര്‍ഷാന്തപരീക്ഷക്കോ പരിഗണിക്കുകയില്ലെന്ന നിര്‍ദേശം കൂടി നല്കിയതോടെ അധ്യാപകര്‍ ഈ ഭാഗങ്ങള്‍ പഠിപ്പിക്കുകയില്ലെന്നത് ഉറപ്പാണ്. ഓരോ ഘട്ടത്തിലും വിദ്യാര്‍ഥി ആര്‍ജിക്കേണ്ട അറിവുകളും ശേഷികളും പരിഗണിക്കുമ്പോള്‍ ഈ സിലബസ് വെട്ടിക്കുറയ്ക്കല്‍ വിദ്യാഭ്യാസ പ്രതിസന്ധിക്കുള്ള പരിഹാരമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഇതിനു പിന്നിലെ ഫാസിസ്റ്റ് അജണ്ടകള്‍ വ്യക്തമാണ്. ഹയര്‍ സെക്കന്ററി പൊളിറ്റിക്കല്‍ സയന്‍സിലെ ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം, പ്രാദേശിക സര്‍ക്കാറുകള്‍, ആസൂത്രണ കമ്മീഷന്‍, പഞ്ചവത്സര പദ്ധതികള്‍, ജനകീയ മുന്നേറ്റങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍, ബിസിനസ് സ്റ്റഡീസില്‍ നിന്ന് നോട്ടു നിരോധനം, ജി എസ് ടി, ചരിത്ര ഭാഗങ്ങളില്‍ നിന്ന് മംഗോളിയന്‍ ചെങ്കിസ്ഖാന്‍, തെക്കേ അമേരിക്കന്‍ സംസ്‌കാരങ്ങളെക്കുറിച്ചുള്ള അറിവുകള്‍, പ്രദേശിക സംസ്‌കാരങ്ങളുടെ തകര്‍ച്ച, യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ അടിച്ചമര്‍ത്തല്‍ നയം, മധ്യകാല ലോകത്തെ ഇസ്‌ലാമിക സംഭാവനകള്‍ എന്നിവയെല്ലാം തഴയപ്പെട്ടത് കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്നതില്‍ സംശയമില്ല. പാഠപുസ്തകങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഇത്തരം ഭാഗങ്ങള്‍ എടുത്തുകളയാനുള്ള ആദ്യപടിയായി കൂടി ഈ നീക്കങ്ങളെ കാണേണ്ടതുണ്ട്.
ഗുണമേന്മയും ആശങ്കകളും
ചരിത്രത്തിലിതു വരെ പരിചയമില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത്. വിദ്യാഭ്യാസ രംഗത്തും അതിന് മാറ്റമില്ല. വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ ആയതോടെ ഗുണമേന്മ നഷ്ടപ്പെട്ടു എന്നത് പല ഘടകങ്ങള്‍ പരിശോധിക്കുമ്പോഴും യാഥാര്‍ഥ്യമായാണ് ബോധ്യപ്പെടുന്നത്. വിദ്യാര്‍ഥികള്‍ കൃത്യമായി ക്ലാസുകള്‍ കേള്‍ക്കുകയോ പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയോ ചെയ്യുന്നില്ല. ക്ലാസുകള്‍ കേട്ടാല്‍ തന്നെ വിദ്യാര്‍ഥിക്ക് സ്വന്തമായി അറിവ് നിര്‍മിക്കുവാനോ സംശയങ്ങള്‍ ദൂരീകരിക്കുവാനോ വേണ്ട അവസരങ്ങള്‍ ലഭിക്കുന്നില്ല. കൂടാതെ അധ്യാപക-വിദ്യാര്‍ഥി ബന്ധം, വിദ്യാലയ സാഹചര്യം, സമപ്രായക്കാരുടെ ഇടപെടലുകള്‍ എന്നിവയിലൂടെ രൂപപ്പെടേണ്ട വ്യക്തിത്വ വികസനം, കഴിവുകള്‍, നിപുണതകള്‍ ഇതൊന്നും രൂപപ്പെടൂന്നില്ല. അതിലുപരിയായി മൂല്യനിര്‍ണയം വളരെ എളുപ്പമാക്കപ്പെട്ടതിനാല്‍ വിദ്യാര്‍ഥി ആര്‍ജിച്ചതിനനുസരിച്ചുള്ള കൃത്യമായ മൂല്യനിര്‍ണയം നടത്തപ്പെടുന്നുമില്ല.
ഓണ്‍ലൈന്‍ പഠനം വരുത്തിവെച്ച ഇത്തരം പ്രശ്നങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ നിരാശാബോധം സൃഷ്ടിക്കുന്നുണ്ട്. ഭാവി പഠനത്തിനും ജോലി സാധ്യതകള്‍ക്കുമെല്ലാം നിലവിലെ ഓണ്‍ലൈന്‍ ബാച്ചുകള്‍ അവഗണിക്കപ്പെടുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമിടയിലും പ്രചരിക്കുകയും ചെയ്യുന്നു. ഇത് വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തുകയും പഠനത്തില്‍ കൂടുതല്‍ പിന്നാക്കം പോവാന്‍ കാരണമാവുകയും ചെയ്യും.
വിദ്യാഭ്യാസത്തിലൂടെയാണ് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കപ്പെടുന്നത്. പൗര ബോധവും ജനാധിപത്യ മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന, രാജ്യത്തിന്റെ വികസനത്തിന് പിന്തുണയാവുന്ന രീതിയില്‍ തന്റെ കഴിവുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു തലമുറയാണ് വളര്‍ന്നു വരേണ്ടത്. കൊറോണാ പ്രതിസന്ധി സമീപകാലത്തൊന്നും അവസാനിക്കില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി വിദ്യാഭ്യാസത്തെ പരിഗണിക്കുവാനും പഠന രംഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കിടയിലെയും പ്രശ്നങ്ങളും ആശങ്കകളും ദൂരീകരിക്കുവാനും ദ്രുതഗതിയിലുള്ള നടപടികള്‍ അനിവാര്യമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x