29 Friday
March 2024
2024 March 29
1445 Ramadân 19

പുതുവര്‍ഷത്തെ പുത്തന്‍ വെള്ളി

മുജീബ് എടവണ്ണ


പ്രതിജ്ഞകള്‍ പുതുക്കുന്നതു വര്‍ഷാവസാനത്തിലാണ്. പുതുവര്‍ഷം നന്മകള്‍ പൂത്തുലയുന്നതാകണം എന്ന മനുഷ്യരുടെ മോഹത്തിനു മഹാമാരിക്കാലത്തു നല്ലവണ്ണം ബലം വെച്ചിട്ടുണ്ട്.
തൊഴില്‍ നഷ്ടവും വേതനം വെട്ടിക്കുറയ്ക്കലും കൊണ്ട് പൊറുതിമുട്ടുന്ന പ്രവാസികള്‍ ‘അഛാ ദിന്‍’ ആഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ പട്ടികയില്‍ എന്നും മുന്നിലാണ്. അവധിദിനങ്ങളിലാണ് അവരെ വരിഞ്ഞുമുറുക്കുന്ന ആധികളില്‍ നിന്നെല്ലാം താല്‍ക്കാലിക മുക്തി നേടുന്നത്. യു എ ഇ യിലുള്ള പ്രവാസികള്‍ക്ക് പുതുവര്‍ഷം മാറ്റത്തിന്റേതു കൂടിയാണ്. മാറ്റം എന്നു പറയുമ്പോള്‍ കാട് കടന്ന് ചിന്തിക്കരുത്. ഒരേ താളത്തിലുള്ള ദേശാന്തര ഗമന ഗള്‍ഫ് വാസത്തിന്റെ ടെമ്പോ ഒന്നു മാറിയെന്നു മാത്രം.
പുതച്ചുമൂടിയുറങ്ങിയിരുന്ന പ്രഭാതങ്ങളെ പഴങ്കഥയാക്കിയാണു പ്രവൃത്തിദിനമായ വെള്ളിയാഴ്ചയെ അവരിപ്പോള്‍ പുണരുന്നത്. നാളെ ‘ഓഫാ’ണല്ലോ എന്നാലോചിക്കുമ്പോള്‍ വ്യാഴാഴ്ച രാവിനോട് ഉള്ളിലൊരു മമതയുണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ അതു വെള്ളിയാഴ്ച രാത്രിയിലേക്ക് കൂടു മാറി. വാരാന്ത്യങ്ങളുടെ മുഖ്യ അജണ്ടകളില്‍ ആവശ്യമായ ഭേദഗതി വരുത്തിയ ദിനങ്ങളാണ് കൊഴിയുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുവട് പിടിച്ച് സ്വകാര്യ സ്ഥാപനങ്ങളും തൊഴില്‍ ദിനത്തിലും വാരാന്ത്യ അവധിയിലും മാറിച്ചിന്തിച്ചു തുടങ്ങിയപ്പോള്‍ പരമ്പരാഗത ശീലങ്ങളാണ് എക്‌സിറ്റടിച്ചത്. ഒരു സ്ഥായിയായ തീരുമാനം ഇതുവരെ ഒത്തുകിട്ടാത്ത കമ്പനികളുമുണ്ട്.
മുന്നിലുയര്‍ന്നു നില്‍ക്കുന്ന ചെറുതും വലുതുമായ കടമ്പകള്‍ കയറിയിറങ്ങിയാല്‍ വരും മാസങ്ങളില്‍ അവരും പതിയെ പുതിയ റെയിലില്‍ കയറും. ജനുവരി വരാനിരിക്കുന്ന മാസങ്ങളുടെ പരിശീലനക്കളരിയാണ്. യഥാര്‍ഥ മാസം ഫെബ്രുവരി മുതലാണെന്നല്ലേ ചൊല്ല്.
നാട്ടില്‍ നിന്നെത്തിയ കോവിഡ് ചിട്ടവട്ടങ്ങള്‍ കാരണം ഈ വര്‍ഷത്തെ ആദ്യ വെള്ളിയാഴ്ച ജോലിക്ക് പോകാനായില്ല. പുതുവര്‍ഷത്തെ തൊഴില്‍ രീതിയോട് പലരും സമരസപ്പെട്ടു വരുന്നതേയുള്ളൂവെന്ന് ജോലി തുടങ്ങിയപ്പോള്‍ ബോധ്യപ്പെട്ടു.
വെള്ളിയാഴ്ച അറബികളും അനറബികളുമായവരുടെ മുഖത്ത് പതിവില്‍ കവിഞ്ഞ ഉത്സാഹം കളിയാടുന്നുണ്ട്. അര ദിവസം പണിയും മുഴുദിന വേതനവും തരപ്പെടുത്താമെന്ന ഉള്‍പുളകം ഓഫീസിനെ ആകെ ഉന്മേഷഭരിതമാക്കി. ജോലിക്രമത്തിനു അനുക്രമമായി ഭക്ഷണ സമയവും താളം തെറ്റിയിട്ടുണ്ട്.
വൈകിയുറങ്ങുന്ന വ്യാഴാഴ്ച രാവുകളെ വെറുതെ വിടാനുള്ള മടി എല്ലാവരിലും ഏറിയും കുറഞ്ഞും അവശേഷിക്കുന്നുണ്ട്.
അതുകൊണ്ട് വിദേശികള്‍ക്ക് മാത്രമല്ല സ്വദേശി സുഹൃത്തുക്കള്‍ക്കും ‘അര്‍ബാബ്’ പദവിയിലുള്ളവര്‍ക്കൊന്നും വെള്ളിയാഴ്ചത്തെ പുതിയ ‘അരത്തൊഴിലി’നോട് മുഴുവനായും ഇണങ്ങാനായിട്ടില്ല. എങ്കിലും ദുബായിലെ കൃത്രിമ തടാകങ്ങള്‍ പോലെ മുഖത്തെ കൃത്രിമച്ചിരി എല്ലാവരെയും സുമുഖന്മാരാക്കിയിട്ടുണ്ട്.
പ്രഥമപ്രവൃത്തി ദിനമായ വെള്ളിയാഴ്ച മധുരം നല്‍കിയവരുമുണ്ടായിരുന്നു. സകാത്തായി 50 ഫില്‍സ് ദാനം നല്‍കാത്ത മാന്യ വ്യക്തിത്വങ്ങളും അവധി മാറ്റത്തില്‍ ആനന്ദപുളകിതരായി പണിയിടങ്ങളില്‍ മധുരം വിതറി.
പക്ഷേ, ഈ സന്തോഷത്തിന്റെ ആയുസ്സ് ആസിമിനെ കാണുന്നതു വരെ മാത്രമായിരുന്നു. അവനു ഷാര്‍ജ എമിറേറ്റിലാണു ജോലി. വ്യാഴാഴ്ച ജോലി അവസാനിച്ച അവന് ആഴ്ചയില്‍ അവധി മൂന്ന് ദിവസമാണ്. വേണമെങ്കില്‍ നാട്ടിലൊന്ന് പോയിട്ട് വരാനും സാധിക്കുന്ന സ്വപ്‌നസമാന അവധി. കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് മനുഷ്യര്‍ ആയുസ്സ് നിശ്ചയിക്കുന്നതു അപരന്റെ ആനന്ദത്തിന്റെ ഗ്രാഫ് നോക്കിയാണല്ലോ എന്നതു അവധികള്‍ക്കും ബാധകമാണ്.
വ്യാഴാഴ്ചത്തെ വൈകിയുറക്കത്തിനും വൈകി ഉണരുന്നതിനും ഇതുവരെ അവനു തരിമ്പും കോട്ടം തട്ടിയിട്ടില്ല. സാധാരണ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഉണര്‍ന്നിരുന്ന അവന്‍ ഇപ്പോള്‍ പത്തും പതിനൊന്നും മണി വരെ കിടന്നുറങ്ങും. മറ്റുള്ള എമിറേറ്റിലുള്ളവര്‍ കണ്ട് പഠിക്കട്ടെ എന്ന മനോഭാവമാണ് സ്ലീപിങ് ടൈം കൂട്ടാന്‍ കാരണം. ഓവര്‍ടൈം ജോലിക്ക് കൂലി കിട്ടുന്ന പോലെ ഉറക്ക സമയത്തിനു വല്ല അലവന്‍സും തരപ്പെട്ടാല്‍ ഇനിയും സ്ലീപ്പിങ് സമയം കൂട്ടാന്‍ തയാറാണെന്ന മട്ടിലാണ് തണുപ്പിനെയും തലയിണയെയും കെട്ടിപ്പിടിച്ചുള്ള കിടത്തം. ഇഷ്ട വിനോദമായ ഈ സുദീര്‍ഘ ശയനമാണ് വെള്ളിയോട് പ്രവാസികള്‍ക്ക് പ്രത്യേക പ്രിയമുണ്ടാകാനുള്ള കാരണം.
ഗള്‍ഫിലെ ബാച്ചിലേഴ്‌സ് മുറികളിലെ ഉറക്കം കണ്ടാല്‍ സൂര്യന്‍ പോലും ഉദിക്കാന്‍ മടിക്കും. വാതിലടച്ച് ജനല്‍ പാളികള്‍ കര്‍ട്ടനിട്ട് ഭദ്രമാക്കി മുരളുന്ന ഏ സി യുടെ സ്വരത്തില്‍ സുഖ സുഷുപ്തി വടിവൊത്ത് വര്‍ണിക്കാന്‍ പ്രവാസം മതിയാക്കിയവര്‍ക്കേ സാധിക്കൂ.
ദുബായില്‍ വെള്ളിയാഴ്ചത്തെ കാഴ്ചകള്‍ക്കൊക്കെ നല്ല തെളിച്ചമായിട്ടുണ്ട്. മഞ്ഞ് മൂടിയ ബുര്‍ജ് ഖലീഫ വെയില്‍ തട്ടി വരുമ്പോള്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്ന കല്യാണപ്പെണ്ണിനെപ്പോലെ തോന്നിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ വെയിലും ഒരിക്കലും അനുഭവിക്കാത്ത തണുപ്പും തിരിച്ചു വരുന്നതിലെ ആധി ഒമിക്രോണ്‍ ഭീതിക്കൊപ്പം പലരും പങ്കുവയ്ക്കുന്നവരുണ്ട്. ചുടു ചായയ്‌ക്കൊപ്പം കഫ്റ്റീരിയകള്‍ക്ക് ചുറ്റുമുള്ള സായാഹ്ന വെടിവട്ടത്തിലാണ് ഇതെല്ലാം ഉയര്‍ന്നു പൊങ്ങുക.
അവധികളില്‍ രാവിലത്തെ എട്ടു മണി കാണാത്തവരൊക്കെ ഉറക്കച്ചടവൊഴിവാക്കി വെളളിയാഴ്ച ഏഴരയ്ക്ക് തന്നെ ഓഫീസിലെത്തി ‘മാറ്റം മനുഷ്യനുള്ളതാണെന്ന്’ തെളിയിച്ചിരിക്കുന്നു.
പെരുന്നാള്‍ ഉറപ്പിക്കുമ്പോള്‍ കേട്ട് പതിവുള്ള ‘ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍’ എന്ന സ്ലാംഗിലാണ് റേഡിയോ ജോക്കികള്‍ യു എ ഇയിലെ പുതിയ അവധിയെ കുറിച്ചുള്ള വാര്‍ത്തയും വിശകലനവും പൊലിപ്പിച്ചത്. അതുകൊണ്ട് ഇക്കഥയില്‍ ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളിലെ പ്രവാസികള്‍ക്കാണ് പ്രാധാന്യം.
‘ജുമുഅ മുബാറക്’ എന്നു വെള്ളിയാഴ്ച പുലര്‍ച്ച സ്ഥിരമായി മെസ്സേജ് അയച്ചിരുന്ന ആള്‍ ഈ വര്‍ഷം മുതല്‍ അതു നിര്‍ത്തി. കാരണമന്വേഷിച്ചപ്പോള്‍ ‘ഒഴിവില്ലല്ലോ’ എന്നായിരുന്നു മറുപടി!
വെള്ളി എല്ലാവര്‍ക്കും അടിമുടി അനുഗ്രഹമാകുന്നതു അവധിയുടെ മോടിയുണ്ടാകുമ്പോഴാണ്. മെസ്സേജ് അയക്കാന്‍ പോലും ഒഴിവില്ലാത്ത ജോലിയിലേക്ക് വെള്ളി അവനെ പിടിച്ചു വലിച്ചു കൊണ്ടുപോയി എന്നും ആ സന്ദേശത്തിനു വ്യാഖ്യാനമുണ്ട്.
വെള്ളിയാഴ്ചത്തെ പ്രാര്‍ഥനാ സംഗമമായ ജുമുഅയിലുമുണ്ട് പുതുവര്‍ഷപ്പുതുമ. പുതിയ പ്രവൃത്തി ദിനം പള്ളികളില്‍ അടപടലം പ്രതിഫലിച്ചിരിക്കുന്നു. അകം പുറം വ്യത്യാസമില്ലാതെ നിറയെ ജനം. മുന്‍ വര്‍ഷങ്ങളില്‍ ഇവരെല്ലാം എവിടെയായിരുന്നു എന്ന് ആലോചിച്ച് ഒരു ദാര്‍ശനിക ഭാവാഭിനയത്തോടെ പള്ളിയുടെ പുറത്ത് കിട്ടിയ സ്ഥലത്ത് മുസല്ല വിരിച്ച് ഇരുന്നു. അങ്ങിങ്ങ് പ്രാവുകള്‍ പ്രാഥമിക കര്‍മം നിര്‍വഹിച്ചത് ഉണങ്ങിപ്പറ്റിയിട്ടുണ്ട്. മാര്‍ബിളുകളുടെ മാര്‍ദവ പ്രതലത്തെ അതു കലാവിരുതാക്കിയിരിക്കുന്നു.
പള്ളിയാണോ പറമ്പാണോ എന്നറിയാത്ത പറവകള്‍ക്ക് ആരേയും ഭയക്കേണ്ടതില്ല. രാവിലെ കൂട്ടം കൂട്ടമായി പുറപ്പെട്ട് കിട്ടുന്നതും കൊത്തിപ്പെറുക്കി രാത്രി കൂടണയുന്ന പ്രവാസികളുടെ മറ്റൊരു പതിപ്പാണു പറവകള്‍. ആളനക്കം കുറയുമ്പോഴൊക്കെ പള്ളിയങ്കണം പ്രാവുകളുടെ പറുദീസയാകും. പാസ്‌പോര്‍ട്ടും വിസയുമൊന്നും വേണ്ടാത്ത ദേശാടനക്കിളികളും ഗള്‍ഫിലേക്ക് വരുന്നു, യഥേഷ്ടം തിരിച്ചു പോകുന്നു.
മസ്ജിദിലെ ബാങ്ക് പതിവ് പോലെ കൃത്യസമയത്ത് മുഴങ്ങുമെങ്കിലും ഒന്നേകാല്‍ ആയാലെ ഇമാം പ്രസംഗപീഠത്തില്‍ കയറൂ. തുര്‍ക്കി, മലേഷ്യ, മൊറോക്കോ എന്നിവിടങ്ങളിലൊക്കെ ഇങ്ങനെയാണെങ്കിലും ഷാര്‍ജ ഒഴികെയുള്ള ഇമാറാത്തുകളില്‍ ഇതാദ്യമാണ്.
മുസല്ലയുമായി ജോലിക്കു വന്നവര്‍ അതു വിരിച്ച് പള്ളിയെ പകുത്തെടുത്തു കൊണ്ടിരുന്നു. കോവിഡാണ് പള്ളിയില്‍ അവനവന്റെ ‘ഓഹരി’ അനുവദിച്ചു തന്നത്. സ്വന്തം പേരിലുള്ള സ്ഥലം പോലെ നമസ്‌കാര പടത്തിനുള്ളില്‍ മൊബൈല്‍ ഫോണും താക്കോലുകളും താഴ്ത്തി വച്ചാണ് നമസ്‌കാരം. അറബികള്‍ അവരുടെ തലയിലെ ‘അഗാല്‍’ കൂടി മുസല്ലയില്‍ വച്ചിട്ടുണ്ട്. വിനയപ്രകടനത്തിന് പൊലീസുകാര്‍ തൊപ്പിയെടുക്കുന്ന പോലെ അഗാല്‍ തലയില്‍ നിന്ന് നിലം തൊടുന്നതു ദൈവത്തിന്റെ മുന്നിലാണ്.
നേരത്തെ എത്തിയവര്‍ ഖുര്‍ആന്‍ പാരായണത്തിന് മൊബൈല്‍ ഫോണ്‍ എടുക്കുന്നുണ്ട്. എടുത്തത് ഓതാനാണെങ്കിലും അതോര്‍മയില്ലാതെ വാട്‌സാപ്പിലേക്ക് വഴുതി വീണവര്‍ ഇമാം പ്രസംഗ പീഠത്തില്‍ കയറി സദസ്സിനു സമാധാനം ആശംസിക്കുന്നതോടെ ഫോണ്‍ മുസല്ലയില്‍ തന്നെ ഒതുക്കി വെച്ച് ഭക്തി വരുത്തി ഒതുങ്ങിയിരിക്കും.
മുസല്ലയില്ലാത്തവര്‍ അകത്തു പോയി പേപ്പര്‍ കൊണ്ട് വന്ന് വിരിച്ചാണ് പ്രാര്‍ഥിച്ചത്. ചിലര്‍ക്ക് കിട്ടിയത് ഓണസദ്യയ്ക്ക് വിരിക്കുന്ന വാഴയില പോലുള്ള പ്ലാസ്റ്റിക് പായയാണ്. പരീക്ഷാഹാളില്‍ നിന്ന് അഡീഷണല്‍ പേപ്പര്‍ വാങ്ങി വരുന്ന പഠിപ്പിസ്റ്റിന്റെ ചിരിയോടെയാണ് പലരും വലിയ പായപേപ്പറുമായി വന്നത്.
കോവിഡാണ് ഒറ്റത്തവണ ഉപയോഗത്തിനുള്ള പേപ്പറുകളും പായകളും പള്ളി മൂലകളിലെ അടിസ്ഥാന വസ്തുവാക്കിയത്. ഡിസ്‌പോസിബ്ള്‍ ആണെന്നറിയാത്തവര്‍ പരസഹായം പ്രകടിപ്പിക്കാന്‍ മുഖം കുത്തിയ കടലാസുകള്‍ അടുത്ത ആള്‍ക്ക് കൈമാറുന്നതും കണ്ടു. ബംഗ്ലാദേശികളാണ് ഇത്തരം അനായാസവും എന്നാല്‍ അനാരോഗ്യകരവുമായ ആദാനപ്രദാനങ്ങളില്‍ മത്സരിക്കുക.
ഇമാം പ്രസംഗം തുടങ്ങി, ആളുകള്‍ അതില്‍ മുഴുകി ഇരിക്കുമ്പോഴാണ് പുറത്ത് പൊടിക്കാറ്റടിച്ചത്. മൊബൈല്‍ ഫോണോ പഴ്‌സോ കൊണ്ട് പേപ്പര്‍ വെയ്റ്റ് വയ്ക്കാത്തവരുടെ കടലാസ് പടങ്ങള്‍ കാറ്റെടുത്തു. നിസ്സഹായരായ നമസ്‌കാരക്കാര്‍ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. നിലത്ത് നെറ്റിത്തടം വച്ചാണ് പേപ്പര്‍ലെസ് വിശ്വാസികള്‍ പ്രാര്‍ഥന പൂര്‍ത്തിയാക്കിയത്.
അകത്തളത്ത് ഇടം കിട്ടിയവര്‍ പുറത്തുള്ളവരുടെ പെടാപാടൊന്നും അറിയുന്നുണ്ടായിരുന്നില്ല. പതിനഞ്ച് മിനിറ്റിനകം പ്രസംഗവും നമസ്‌കാരവും കര്‍മങ്ങളും കഴിഞ്ഞ് ജനം പിരിഞ്ഞു. അവധിയില്‍ നാട്ടില്‍ പോയപ്പോള്‍ പങ്കെടുത്ത പള്ളിയില്‍ ഒന്നേകാല്‍ മണിക്കൂറായിരുന്നു പ്രസംഗം. ഇമാം മിമ്പറില്‍ പ്രാരംഭം അറിയിക്കാന്‍ സലാം ചൊല്ലുമ്പോള്‍ വൈദ്യുതി പിരിയുന്ന നേരത്തുള്ള ‘സലാം’ ചൊല്ലുക ചില ഗ്രാമപ്രദേശങ്ങളില്‍ പതിവുണ്ട്.
നിലച്ച ഫാനുകളിലേക്ക് നോക്കാത സൂക്തങ്ങള്‍ തുരുതുരെ പാരായണം ചെയ്തു പ്രഭാഷകന്‍ പാണ്ഡിത്യം തെളിയിക്കാന്‍ വെമ്പുകയായിരുന്നു. നാട്ടിലെ കോവിഡ് പകര്‍ച്ചയില്‍ പതറാത്ത പ്രസംഗം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരായി വിശ്വാസികള്‍ പള്ളിക്കുള്ളില്‍ വീര്‍പ്പ് മുട്ടി. ഏകീകൃത സമയമോ വിഷയമോ ഇല്ലാത്തതിനാല്‍ നാട്ടില്‍ ഇതിനു മാറ്റം വരാനുള്ള വിദൂര സാധ്യതയില്ല.
റഊഫ് ഓടിക്കിതച്ച് വരുന്നതു കണ്ടപ്പോഴാണ് നാട്ടു ചിന്തയില്‍ നിന്ന് പിന്തിരിഞ്ഞത്. പള്ളിയില്‍ നേരത്തെ എത്തുന്നവര്‍ക്കുള്ള വൈവിധ്യ പ്രതിഫലങ്ങളില്‍ ഒന്നു പോലും തടയാന്‍ സാധ്യതയില്ലാത്ത വരവ്. ആള്‍പ്പെരുമാറ്റമില്ലാത്ത മസ്ജിദ് മൂലയില്‍ മുസല്ല വിരിച്ചവന്‍ നമസ്‌കാരം നിര്‍വഹിച്ച് സായൂജ്യമടഞ്ഞു.
അറബ് വീട്ടിലെ പാചകക്കാരനായ റഊഫ് എന്നും നേരത്തെ എത്തി ഏറ്റവും മുന്‍പിലുള്ള വരിയില്‍ വലയം പ്രാപിക്കാറുണ്ട്. ഇന്ത്യന്‍, അറബ്, ചൈനീസ് വിഭവങ്ങള്‍ അവന്റെ വളയിടാത്ത കൈകൊണ്ട് രുചിചോരാതെ തീന്‍മേശപ്പുറത്തെത്തിക്കും. വൈകാനുള്ള കാരണം തിരക്കാന്‍ അടുത്തുകൂടി.
അവന്‍ മനസ്സ് തുറന്നു: വീട്ടില്‍ പ്രാതല്‍ നല്‍കിയെങ്കിലും പതിവിനു വിരുദ്ധമായ പ്രതികരണം. രുചി പോരെന്ന് പരാതി, നീണ്ട 20 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇതു കേള്‍ക്കുന്നത്. ഖമീര്‍, ബലാലീത്ത്, ലഖ്മാത്ത് തുടങ്ങിയ അറബ് പൈതൃകവിഭവങ്ങള്‍ കൊണ്ട് അലംകൃതമായ മേശപ്പുറത്ത് ഉണ്ടായിരുന്നതെല്ലാം കക്ഷി കഴിച്ചിട്ടുണ്ട്. എങ്കിലും മതിപ്പില്ലാതെയാണ് എഴുന്നേറ്റു പോയത്.
നന്ദി വാക്കായ ‘ശുക്‌റന്‍’ കൈകഴുകും നേരം മുറതെറ്റാതെ കിട്ടുന്നതാണ്. അതും വഴിമുട്ടിയപ്പോള്‍ പാചകപ്പിശകാണെന്ന് ശങ്കിച്ചു. ഉച്ചഭക്ഷണമെങ്കിലും ഉഷാറാക്കി അര്‍ബാബിനെ തൃപ്തനാക്കാനുള്ള വെമ്പല്‍ കാരണമാണ് വൈകിയത്.
ഒറ്റ ശ്വാസത്തിലാണവന്‍ അത്രയും പറഞ്ഞു തീര്‍ത്തത്. ഭക്ഷണത്തിന്റെ രുചി ക്ഷയിച്ചാല്‍ ജോലി വേറെ നോക്കേണ്ടി വരുമെന്നതിനാല്‍ കരുതലോടെയാണ് ഗള്‍ഫിലെ ഓരോ കുക്കും അറബ് അടുക്കളകളില്‍ ചൂട് കൊള്ളുന്നത്.
രണ്ട് ദിവസത്തെ അവധിയാണ്. ഇനി മുന്നിലെന്ന സന്തോഷം മുസല്ല ചുരുട്ടിപ്പിടിച്ചവരുടെ പല മുഖങ്ങളെയും പ്രകാശമയമാക്കിയിരുന്നു.
എന്നാല്‍ റഊഫിനെപ്പോലുള്ളവര്‍ക്ക് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ മാത്രമാണ് അവധി തുടങ്ങുന്നത്. അതുവരെ വിശ്രമമില്ല. അനന്തമായ അവിരാമമായ ജോലി.
കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യാനേരത്ത് സന്തോഷത്തോടെ അവന്‍ വിളിച്ചു. ഉപചാരങ്ങള്‍ക്കൊന്നും കൂടുതല്‍ നില്‍ക്കാതെ അവന്റെ ആഹ്ലാദം ഫോണിലൂടെ അണപൊട്ടിയൊഴുകി. എടാ… എല്ലാം ശരിയായി, അര്‍ബാബിനു ഭക്ഷണം ഇഷ്ടപ്പെട്ടു. നല്ല വണ്ണം കഴിക്കുന്നുണ്ട്. കോവിഡ് പിടിച്ചതുകൊണ്ടാണ് അന്നു ഭക്ഷണം പിടിക്കാതിരുന്നത്. രുചി നഷ്ടപ്പെട്ടതായിരുന്നു, വേറെ പ്രശ്‌നം ഒന്നുമില്ല. ക്വാറന്റീനും ടെസ്റ്റും കഴിഞ്ഞ് ഇന്നാണ് പുറത്തിറങ്ങിയത്.
കഫീലിന്റെ നാവിലുള്ള പതിനായിരം രുചി മുകുളങ്ങളെ ഒറ്റയടിക്ക് കോവിഡ് താല്‍ക്കാലികമായി തടവറയിലാക്കിയിരുന്നു. ഇതിന്റെ ശാസ്ത്ര ദുരൂഹത അവനെ വേട്ടയാടി. പകുതിയെങ്കിലും രുചി മുകുളങ്ങള്‍ നാവില്‍ നിലനിറുത്തിയിരുന്നെങ്കില്‍ അര്‍ബാബിനു പാതി രുചിയെങ്കിലും കിട്ടുമായിരുന്നു. പാചകക്കാരോട് ദയാ ദാക്ഷിണ്യമില്ലാത്ത വൈറസിനെ പഴിച്ചാണവന്‍ ഫോണ്‍ വെച്ചത്.
കോമയിലായ ഒരാള്‍ ജീവിതത്തിലേക്കു തിരിച്ചുവന്ന പോലുള്ള ആനന്ദം അവന്റെ വാക്കുകളില്‍ തുടിച്ചിരുന്നു.
ഓരോ പ്രവാസിയും നേരിയ നൂല്‍ പാലത്തിലൂടെയുള്ള സാഹസിക സഞ്ചാരത്തിലാണ്. അടിപതറുമ്പോള്‍ നാട്ടിലെ ആശ്രിതരുടെ അടിവേരറുമെന്നവര്‍ ആശങ്കപ്പെടുന്നു. അവധിയും ജോലിയും കുടുംബത്തെ ചേരുപടി ചേര്‍ക്കുന്ന ഒഴിഞ്ഞ കളങ്ങള്‍ മാത്രം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x