9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

‘മുസ്‌ലിംകള്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറുന്നു’ സുദര്‍ശന്‍ വാര്‍ത്തക്കെതിരെ കോടതിയുടെ താക്കീത്

പുഷ്‌കാര്‍ ആനന്ദ്, വര്‍ഷ സിങ്

സുപ്രീം കോടതി ഇപ്പോള്‍ പരിഗണിക്കുന്ന വിഷയം വിദ്വേഷ ഭാഷണം, സാമുദായിക പ്രചാരണം, മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ നിരന്തരം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങളെ വളരെ അധികം സ്വാധീനിച്ചേക്കാവുന്ന ഒന്നാണ്.
സുദര്‍ശന്‍ ന്യൂസ് എന്ന ടിവി ചാനല്‍ കഴിഞ്ഞ മാസം ‘ബിന്ദാസ് ബോല്‍’ എന്ന ഒരു പരിപാടിയുടെ ട്രെയ്‌ലര്‍ സംപ്രേഷണം ചെയ്തു. മുസ്‌ലിംകള്‍ എങ്ങനെ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞു കയറി എന്ന് പരിപാടിയിലൂടെ വെളിപ്പെടുത്തുമെന്ന് ഇതിന്റെ അവതാരകന്‍ അവകാശപ്പെടുകയും ഇത് ഒരു തരം ജിഹാദാണെന്ന് വിളിച്ചു പറയുകയും ചെയ്തു.
സുപ്രീം കോടതിയില്‍ നിന്നും ഉചിതമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്നും, ഇതിനു മുമ്പ് പ്രക്ഷേപണം വിലക്കണമെന്നും ആവശ്യപ്പെട്ട് ഭരണഘടനയുടെ അനുഛേദം 32 പ്രകാരം സുപ്രീം കോടതിയില്‍ ഇതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തു. (ഫിറോസ് ഖാന്‍, യൂണിയന്‍ ഓഫ് ഇന്ത്യ, മറ്റുള്ളവര്‍)
പ്രസിദ്ധീകരണത്തിന്, കാഴ്ചപ്പാടുകള്‍ പുറപ്പെടുവിക്കും മുമ്പ് മുന്‍കൂട്ടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറില്ലെന്ന പരമ്പരാഗത രീതിക്ക് അനുസൃതമായി പ്രക്ഷേപണം നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍ അതേദിവസം തന്നെ ഡല്‍ഹി ഹൈക്കോടതി ഈ പരിപാടിയുടെ സംപ്രേഷണം വിലക്കുകയും 1955-ലെ കേബിള്‍ ടിവി നെറ്റ്‌വര്‍ക് നിയന്ത്രണ നിയമത്തിലെ പ്രോഗ്രാം ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
പ്രോഗ്രാം ചട്ടവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശത്തോട് കൂടി പരിപാടി സംപ്രേഷണം ചെയ്യാന്‍ സുദര്‍ശന്‍ ന്യൂസിന് മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ സപ്തംബര്‍ 11-നും 14-നും ഇടയില്‍ നാല് എപിസോഡുകള്‍ സംപ്രേഷണം ചെയ്തതിന് ശേഷം ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ പരിപാടിയുടെ ശേഷിക്കുന്ന ഭാഗം സംപ്രേഷണം ചെയ്യുന്നത് സുപ്രീം കോടതി വിലക്കി.

സുപ്രീം കോടതിയുടെ യുക്തി
സുപ്രീം കോടതിയിലോ ഹൈക്കോടതികളിലോ അനുബന്ധ കോടതികളിലോ തീര്‍പ്പു കല്‍പിച്ചിട്ടില്ലാത്ത ഒരു കേസില്‍ നീതിന്യായ വ്യവസ്ഥയെ മുന്‍വിധിയോടെ തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ നടത്തുന്നത് ഒഴികെ (സഹാറ സെബി) മാധ്യമങ്ങളെ മുന്‍കൂട്ടി നിയന്ത്രിക്കുക എന്നത് ഭരണഘടനയുടെ അനുഛേദം 19 (1) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവുമെന്ന നിലപാടിന് അനുസൃതമായാണ് പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി വിമുഖത കാണിച്ചത്.
സുദര്‍ശന്‍ ന്യൂസിന്റെ കാര്യത്തില്‍ പക്ഷേ കുറച്ച് എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തതോടെ സാഹചര്യം മാറിയതായി സുപ്രീം കോടതി കണ്ടെത്തി. ചാനല്‍ സംപ്രേഷണം ചെയ്ത എപ്പിസോഡുകള്‍ സത്യത്തെ അവമതിക്കുന്നതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. ഉദാഹരണത്തിന് സിവില്‍ സര്‍വീസ് ശ്രമത്തിന് മുസ്്‌ലിംകള്‍ക്ക് ഒമ്പത് അവസരം കിട്ടിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് ആറ് അവസരം മാത്രമേ കിട്ടിയുള്ളൂവെന്ന ചാനലിന്റെ വാദം തെറ്റാണ്. ഒപ്പം മുസ്‌ലിംകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 35-ഉം ഹിന്ദുക്കളുടേത് 32-ഉം ആണെന്നതും തെറ്റായ പ്രസ്താവനയാണ്. സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്കാരായി മുസ്‌ലിംകളെ ചിത്രീകരിക്കാനുള്ള ശ്രമം വഞ്ചനാപരമെന്നായിരുന്നു കോടതി വിശേഷിപ്പിച്ചത്. പരിപാടിയുടെ പ്രവണത, ഉള്ളടക്കം, ഗതി എന്നിവ ഒരു സമുദായത്തെ പൊതു വിദ്വേഷത്തിലേക്കും, അപമാനത്തിലേക്കും നയിക്കുന്നതാണ്. പ്രഥമ ദൃഷ്ട്യാ സംപ്രേഷണം ചെയ്ത എപ്പിസോഡുകളുടെ ഉദ്ദേശ്യവും ലക്ഷ്യവും മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
പ്രത്യേകിച്ചും പ്രോഗ്രാം കോഡിന്റെ ചട്ടം 6(1) (സി)യുടെ ലംഘനമാണ് സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലുള്ളതെന്നും കോടതി കണ്ടെത്തി. മതങ്ങള്‍, സമുദായങ്ങള്‍ക്കെതിരായ ആക്രമണം, അല്ലെങ്കില്‍ മതസംഘങ്ങളെ അവഹേളിക്കുന്ന രീതിയില്‍ വാക്കുകളോ ദൃശ്യങ്ങളോ അല്ലെങ്കില്‍ സാമുദായിക മനോഭാവത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഈ ചട്ടപ്രകാരം നിരോധിച്ചിട്ടുണ്ട്. അപകീര്‍ത്തികരമോ മനപ്പൂര്‍വം തെറ്റായതും കുത്തുവാക്കുകളും അര്‍ധസത്യങ്ങളും സംപ്രേഷണം ചെയ്യുന്നതും ചട്ടം 6 (1) (ഡി) പ്രകാരം നിരോധിച്ചിട്ടുണ്ട്.
കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി കോടതിയിലുണ്ട്. വിദ്വേഷ ഭാഷണത്തെ നിയന്ത്രിക്കുന്നതില്‍ ഇത് സുപ്രധാനമായ ഒരു ഫലമുണ്ടാക്കുമെങ്കിലും ലോകമെമ്പാടുമുള്ള വിദ്വേഷ മാധ്യമങ്ങളുടെ ഗതി ഇന്ത്യന്‍ മാധ്യമ ഉടമസ്ഥരും എഡിറ്റര്‍മാരും അവതാരകരും പരിഗണിക്കുന്നത് നന്നായിരിക്കും.

ചരിത്രത്തില്‍ നിന്നുള്ള പാഠം
രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പുള്ള വര്‍ഷങ്ങളിലും യുദ്ധം ആരംഭിച്ചതിന് ശേഷവും നാസികള്‍ പത്രങ്ങളും മാസികകളും യഹൂദ വിരുദ്ധ പ്രചാരണത്തിന് ഇന്ധനമായി ഉപയോഗിച്ചു. ഇത് ഒടുവില്‍ ജൂതന്‍മാരുടെ വംശഹത്യയിലേക്ക് നയിച്ചു.
മാധ്യമങ്ങളുടെ ശക്തി ദുഷിച്ച ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ച വ്യക്തിയായിരുന്നു യഹൂദ വിരുദ്ധ പത്രമായിരുന്ന ഡെര്‍ സ്റ്റ്യൂര്‍മറിന്റെ എഡിറ്റര്‍ ജൂലിയസ് സ്ട്രീഷര്‍. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ ന്യൂറംബര്‍ഗിലെ രാജ്യാന്തര സൈനിക ട്രൈബ്യൂണല്‍ കുറ്റക്കാരനായി വിധിച്ചു. ഡെര്‍ സ്്റ്റിയൂര്‍മറില്‍ പ്രസിദ്ധീകരിച്ച സ്ട്രീഷറുടെ മുഖ പ്രസംഗങ്ങളും ലേഖനങ്ങളും ജൂത ഉന്‍മൂലനത്തിനും കൊലപാതകങ്ങള്‍ക്കും പ്രേരണയായതായും ഇത് മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യമാണെന്നുമായിരുന്നു വിധി പ്രസ്താവം വായിക്കവെ ട്രൈബ്യൂണല്‍ പ്രസിഡന്റ് നിരീക്ഷിച്ചത്.
തന്റെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആഴ്ചകള്‍ തോറും, മാസം തോറും ജര്‍മ്മന്‍ മനസ്സില്‍ യഹൂദ വിരുദ്ധ വൈറസിനെ കുത്തിവെക്കുകയും അത് വഴി ജര്‍മ്മന്‍ ജനതയെ കൊടും പീഡനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. 1935ല്‍ ഡെര്‍ സ്റ്റിയൂര്‍മറിന്റെ ഓരോ ലക്കവും എത്തിയത് 600,000 പേരിലാണ്. പലപ്പോഴും വെറുപ്പുളവാക്കുന്നതും മോശവുമായ ലേഖനങ്ങള്‍ നിറഞ്ഞതായിരുന്നു അത്. സ്ട്രീഷറെ 1946ല്‍ തൂക്കിലേറ്റി.
അടുത്തിടെ ലോകത്തെ ഞെട്ടിച്ച മറ്റൊന്നാണ് 1994-ലെ റുവാണ്ടയിലെ ടുട്ട്‌സികളുടെ കൂട്ടക്കൊല. ഇവിടെയും മാധ്യമങ്ങള്‍, റേഡിയോ, പത്രങ്ങള്‍ തുടങ്ങിയവ ടൂട്ട്‌സികള്‍ക്കെതിരെ വിദ്വേഷം പകരാന്‍ ഒരു ഉപകരണമായി ഉപയോഗിച്ചിട്ടുണ്ട്. ഇത് ഒടുവില്‍ വംശഹത്യയിലേക്ക് നയിച്ചു. ടുട്ട്‌സികള്‍ക്കെതിരെ ഹുട്ടൂസ് വംശത്തെ വംശഹത്യക്ക് പ്രേരിപ്പിച്ചത് റേഡിയോ ടെലിവിഷന്‍ ദസ് മില്ലെ കോളിനസും (ആര്‍ ടി എല്‍ എം), കന്‍ഗുറ മാഗസിനുമാണ്. 1990-ല്‍ ഹുട്ടുകള്‍ക്കു വേണ്ടിയുള്ള പത്ത് കല്‍പനകളാണ് കന്‍ഗുറ പ്രസിദ്ധീകരിച്ചത്. ഹുട്ടു പുരുഷനും ടുട്ട്‌സി സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു അത്. ടൂട്ട്‌സി സ്ത്രീയെ വിവാഹം ചെയ്യുന്ന ഏതൊരു ഹുട്ടു പുരുഷനെയും രാജ്യദ്രോഹിയായി കണക്കാക്കുമെന്നായിരുന്നു ഇതില്‍ ആദ്യത്തേത്. ആര്‍ ടി എല്‍ എം റേഡിയോ ‘മച്ചെറ്റി’ എന്നും അറിയപ്പെടുന്നുണ്ട്. (മച്ചെറ്റി എന്നാല്‍ കനത്ത കത്തി എന്നാണ് അര്‍ഥം.) ഇത് പരസ്യമായി ടുട്ട്‌സി വംശജരെ ആക്രമിക്കാനും കലാപം നടത്താനും പ്രേരിപ്പിച്ചു.
1994-ന്റെ അവസാനമായപ്പോഴേക്കും 8,00,000 ടുട്ട്‌സികളെ കൊന്നൊടുക്കി. വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം എന്നിവ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനായി യു എന്‍ 1995-ല്‍ റുവാണ്ടക്കു വേണ്ടിയുള്ള രാജ്യാന്തര ക്രിമിനല്‍ ട്രൈബ്യൂണല്‍ (ഐ സി ടി ആര്‍) സ്ഥാപിച്ചു. 2003-ല്‍ കേസുകള്‍ പരിഗണിച്ച ഐ സി ടി ആര്‍, ആര്‍ ടി എല്‍ എം സ്ഥാപകന്‍ ഫെര്‍ഡിനന്റ് നഹിമാന, അദ്ദേഹത്തിന്റെ സഹായി ജീന്‍ ബോസ്‌കോ ബരയാഗ്വിസ, കഗുരാന മാസികയുടെ ഉടമയും എഡിറ്ററുമായ ഹസന്‍ ഗേസ എന്നിവര്‍ വംശഹത്യ, വംശഹത്യ പ്രേരണ ഗൂഢാലോചന, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം, ഉന്‍മൂലനം, പീഡനം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി. നഹിമാനയെയും ഗേസയെയും ജീവപര്യന്തം തടവിനും ബരയാഗ്വിസയെ 35 വര്‍ഷം തടവിനും ശിക്ഷിച്ചു.
ആര്‍ ടി എല്‍ എം സംപ്രേഷണത്തെ ഐ സി ടി ആര്‍ പരാമര്‍ശിച്ചത് ഇങ്ങനെ: ”ശാരീരിക ക്ഷമത കൊണ്ടും ഉയരം കൊണ്ടും അറിയപ്പെടുന്ന ഇന്‍കോതന്‍യികളെ (രാജ്യദ്രോഹികള്‍ അല്ലെങ്കില്‍ മരണം അര്‍ഹിക്കുന്ന ശത്രുക്കള്‍, ടുട്ട്‌സികളെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചത്) ഉന്‍മൂലനം ചെയ്യാന്‍ ശ്രോതാക്കളോട് ആവശ്യപ്പെടുന്നു. ഹബിമാന തന്റെ അനുയായികളോട് പറഞ്ഞു: ‘അവന്റെ ചെറിയ മൂക്ക് നോക്കുക, പിന്നീട് തകര്‍ക്കുക.’ മൂക്കു നോക്കി ശത്രുവിനെ തിരിച്ചറിയുന്നതും അതിനെ തകര്‍ക്കാനുളള ആഗ്രഹവും ടുട്ട്‌സി വംശീയ വിഭാഗത്തെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തെ അടയാളപ്പെടുത്തുന്നു.”

ഭാവി?
ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലവിലെ അവസ്ഥയും മുകളില്‍ ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ സൃഷ്ടിച്ച വിദ്വേഷ സംഭവങ്ങളും തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. മുസ്‌ലിം സമുദായം ശത്രുക്കളാണെന്ന് കാണിക്കാനുള്ള തുടര്‍ച്ചയായ ശ്രമമാണ് ഓരോ രാത്രികളിലും പല ടി വി ചാനലുകളും നടത്തുന്നത്. വ്യാജ വാര്‍ത്തകള്‍, മതങ്ങള്‍ക്കിടയിലെ വിവാഹങ്ങള്‍ ലൗജിഹാദാക്കി കാണിക്കാനുള്ള ശ്രമങ്ങള്‍, അസത്യങ്ങള്‍ എന്നിവ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നു. മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ അതി വിദൂര ഭൂതകാലത്ത് സംഭവിച്ചതല്ല. എന്നിട്ടും ഭാവിയും ഇതേ ദിശയിലേക്ക് തന്നെയാണ് പോകുന്നത്. സ്ട്രീഷര്‍, ഗേസെ, നഹിമാന എന്നിവരുള്‍പ്പെടുന്ന ലജ്ജിച്ചു തലതാഴ്‌ത്തേണ്ടവരുടെ കൂട്ടത്തിലേക്കാണ് നിര്‍ഭാഗ്യവശാല്‍ പല മാധ്യമ ഉടമകളും മാധ്യമ പ്രവര്‍ത്തകരും സ്ഥാനം നേടുന്നത്.
സുദര്‍ശന്‍ ന്യൂസിന്റെ കേസ് രാജ്യത്തെ നിലവിലുള്ള മാധ്യമ സംസ്‌കാരം പുന:പരിശോധിക്കാനുള്ള അവസരമാണ് നമുക്ക് നല്‍കുന്നത്. അത് നാം പരമാവധി ഉപയോഗപ്പെടുത്തണം. ഇതിനുള്ള ആദ്യ പടിയാണ് സുപ്രീം കോടതി എടുത്തിട്ടുള്ളത്. ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഏതൊരു ശ്രമത്തേയും ഭരണഘടന മൂല്യങ്ങളുടെ സൂക്ഷിപ്പുകാരനായ ഈ കോടതി കടുത്ത അവമതിപ്പോടെയാണ് കാണുന്നത് എന്ന് പറഞ്ഞത്. ഐ സി ടി ആര്‍ ജഡ്ജി പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ: ‘മാനുഷിക മൂല്യങ്ങള്‍ സൃഷ്ടിക്കാനും തകര്‍ക്കാനുമുള്ള മാധ്യമങ്ങളുടെ ശക്തി വലിയ ഉത്തരവാദിത്തത്തോടെയാണ് എത്തുന്നത്. അത്തരം മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ അതിന്റെ പരിണിത ഫലങ്ങള്‍ക്ക് കൂടി ഉത്തരവാദികളാണ്.

വിവ.
പി വി അഹമ്മദ് ഷരീഫ്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x