8 Sunday
December 2024
2024 December 8
1446 Joumada II 6

പുറപ്പെടാനുള്ള യാത്ര

കെ എം ഷാഹിദ് അസ്‌ലം


ഇനിയൊരു യാത്ര പുറപ്പെടണം
ഏകാന്തമായ യാത്ര
ലക്ഷ്യബോധമില്ലാത്തവനെപ്പോലെ
അലഞ്ഞ് തിരിയാന്‍ സമയമില്ല
എന്റെ ലക്ഷ്യത്തിലേക്കൊരു യാത്ര…

മുറിയിലെ തെക്കേമൂലയിലെ
അലമാരയില്‍ എന്നെ പൊതിയാനുള്ള
തുണി ഇരിപ്പുണ്ട്…

എനിക്ക് പറയാനുള്ളതെല്ലാം
അവിടെയുള്ള കറുത്ത ചട്ടയുള്ള
ഡയറിയുടെ താളുകളിലെഴുതിയിട്ടുണ്ട്…

എന്നെ കുളിപ്പിച്ച് കഴിഞ്ഞാല്‍
ആ തൂവെള്ള തുണിക്കഷ്ണങ്ങളാല്‍
നിങ്ങളെന്നെ പൊതിയണം.

പ്രിയപ്പെട്ടവള്‍ക്ക് എന്നെ
വെള്ളവസ്ത്രത്തില്‍ കാണുന്നത്
പെരുത്തിഷ്ടമായിരുന്നു.

ഞാനിന്ന്
വെള്ളവസ്ത്രം ധരിച്ചിട്ടുമെന്തേ
നിന്റെ അധരങ്ങളില്‍
പുഞ്ചിരി വിടരാത്തത്?.

നിന്റെ കണ്ണുനിറയുന്നത്
എനിക്കിഷ്ടമല്ല എന്ന്
നിനക്കറിഞ്ഞൂടേ?.

എന്റെ യാത്ര
എനിക്കേറ്റവും ഇഷ്ടപ്പെട്ടിടത്തേക്കാണ്
അവന്റെ മാലാഖമാര്‍
അവിടെ കാത്തിരിപ്പുണ്ടാവും…

നിന്റെ സ്വപ്‌നങ്ങളില്‍
ഞാനെന്നും വരാം
ഇവിടെ നില്‍ക്കാന്‍ മാത്രം
പറയരുത്…

എനിക്ക് തനിച്ച്
ഒരു യാത്ര പോകണം
എന്റെ സ്വപ്‌നങ്ങള്‍ക്ക്
ഒരിക്കലും നീ തടസ്സമാകരുത്.

നാളെ ജന്നത്തില്‍
നമുക്കു കണ്ടുമുട്ടാമല്ലോ
പിന്നീടൊരു വേര്‍പാടില്ലാതെ.

Back to Top