24 Wednesday
July 2024
2024 July 24
1446 Mouharrem 17

പുണ്യം വിശ്വാസിയുടെ മുഖമുദ്ര

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അതിഥിയെ ആദരിക്കട്ടെ. (മുസ്‌ലിം)

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. കുടുംബവും സുഹൃത്തുക്കളും അയല്‍ക്കാരുമടങ്ങുന്ന സമൂഹ ജീവിതത്തില്‍ പരസ്പര സ്‌നേഹവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളടങ്ങിയതാണ് ഈ തിരുവചനം. നന്മയെ ദൈവവിശ്വാസവും പരലോകവിശ്വാസവുമായി ബന്ധപ്പെടുത്തിയതില്‍ നിന്നും അതിന്റെ പ്രാധാന്യവും ഗൗരവവും ബോധ്യപ്പെടുന്നതാണ്. അതില്‍ പ്രഥമസ്ഥാനത്ത് പ്രതിപാദിച്ചിട്ടുള്ളത് സംസാരത്തിലെ നന്മയാണ്. ഓരോ വാക്കും വിലപ്പെട്ടതാണ്. അത് പ്രയോഗിക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. അളന്നുമുറിച്ച് ചിട്ടപ്പെടുത്തിയല്ലാതെ പറയുന്നത് അപകടത്തിലേക്ക് നയിക്കും. പരസ്പരം സന്തോഷമുണ്ടാക്കാനും അകല്‍ച്ച കുറയ്ക്കാനും ഹൃദയങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കാനും ഉപകരിക്കുന്നതാവണം നമ്മുടെ ഓരോ വാക്കും. അതില്‍ പിഴവ് പറ്റുന്നത് ഖേദത്തിന്നിടയാക്കും. പറയുന്നതിന് മുന്‍പ് ചിന്തിക്കുന്നതാണ് പറഞ്ഞുപോയതില്‍ പരിതപിക്കുന്നതിനേക്കാള്‍ ഉത്തമം. അതുകൊണ്ടാണ് ബുദ്ധിമാന്മാരുടെ നാവ് ഹൃദയത്തിന് പിന്നിലും വിഡ്ഢിയുടെ ഹൃദയം നാവിന് പിന്നിലുമായിരിക്കുമെന്ന ആപ്തവാക്യം അര്‍ഥപൂര്‍ണമാണെന്ന് പറയുന്നത്.
വാളിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ മനുഷ്യബന്ധങ്ങളെ തകര്‍ക്കാന്‍ പര്യാപ്തമായതത്രെ. വാക്കുകള്‍കൊണ്ട് മുറിവുപറ്റുന്നത് ഹൃദയത്തിലാണ്. വാളുകൊണ്ട് മുറിവുപറ്റുന്നത് ശരീരത്തിലും. ശരീരത്തിലെ മുറിവ് വളരെയെളുപ്പത്തില്‍ ഉണങ്ങുകയും മനസ്സിനേറ്റ മുറിവ് കാലങ്ങള്‍ക്കപ്പുറവും നീറിക്കൊണ്ടുമിരിക്കും.
അയല്‍ക്കാരനെ ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് ഈ തിരുവചനം സന്ദേശം നല്‍കുന്നു. അയല്‍വാസിയോടുള്ള ദ്രോഹം ഈമാനിന്റെ അപര്യാപ്തതയും അവരോടുള്ള സ്‌നേഹബന്ധം ഈമാനിന്റെ തനിമയുമാണെന്നത്രെ ഈ വചനത്തിന്റെ സാരം. വീടുമായുള്ള അടുപ്പത്തിന്നനുസരിച്ച് ഹൃദയബന്ധങ്ങള്‍ ശക്തിപ്പെടുകയും സാഹോദര്യം സ്ഥാപിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അയല്‍വാസിയുടെ സുഖക്ഷേമ ഐശ്വര്യങ്ങളില്‍ ശ്രദ്ധയുണ്ടാവേണ്ടത് ഒരാളുടെ വിശ്വാസപരമായ നന്മയാണ്. അവിടെ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകളില്ല. ആരാധനകളുടെ സ്വീകാര്യതപോലും അയല്‍പക്ക ബന്ധങ്ങളുടെ പവിത്രത പരിഗണിച്ചുകൊണ്ടാണെന്നത് അയല്‍പക്ക ബന്ധത്തിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നു.
അതിഥിയോട് മാന്യമായി പെരുമാറുകയും അവരെ സ്‌നേഹബഹുമാനങ്ങള്‍കൊണ്ട് വരവേല്‍ക്കുകയും ചെയ്യുകയെന്നത് പ്രവാചകന്മാരുടെ സ്വഭാവ സവിശേഷതയാകുന്നു. ഇബ്‌റാഹീം നബി(അ)യുടെ അരികില്‍ വന്ന അതിഥികളോട് അദ്ദേഹം പെരുമാറിയതില്‍ നിന്നു ഇത് വ്യക്തമാണ്. ഹിറാഗുഹയില്‍ നിന്ന് ഭയവിഹ്വലനായി വീട്ടിലെത്തിയ നബി(സ)യെ സമാശ്വസിപ്പിക്കുമ്പോള്‍ ഖദീജ(റ) എടുത്തുപറഞ്ഞത് അല്ലാഹു താങ്കളെ കൈവിടുകയില്ല. താങ്കള്‍ അതിഥിയെ ആദരിക്കുന്നവനാകുന്നു എന്നത്രെ. എല്ലാ നന്മകളുടെയും അടിത്തറ അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസമാകുന്നു. ആ വിശ്വാസമുള്ള ഒരു വ്യക്തിയില്‍ നിന്ന് മനുഷ്യസമൂഹം അനുഭവിക്കുന്നത് നന്മയും സ്‌നേഹവും സമാധാനവും മാത്രമായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x