5 Tuesday
March 2024
2024 March 5
1445 Chabân 24

പുണ്യം നല്‍കുന്നത് അല്ലാഹുവാണ് പ്രവാചക ശേഷിപ്പുകളല്ല

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. ഇജ്മാഉം ഖിയാസും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള പ്രമാണങ്ങളാണ്. പക്ഷേ പല വിഷയങ്ങളിലും അറിയപ്പെടുന്ന പണ്ഡിതന്മാര്‍ പോലും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:
ഒന്ന്: നബി(സ) പറഞ്ഞു: ‘ഞാന്‍ ഏത് രൂപത്തില്‍ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതുപോലെ നിങ്ങളും നമസ്‌കരിക്കുക’ (ബുഖാരി). നബി തക്ബീറതുല്‍ ഇഹ്‌റാം അടക്കം എല്ലാ കാര്യങ്ങളും മൊഴിഞ്ഞത് അറബി ഭാഷയിലായിരുന്നു. എന്നാല്‍ ഹനഫി മദ്ഹബില്‍ ഏത് ഭാഷയിലും അതാകാവുന്നതാണ്. ‘ഹനഫികള്‍ക്ക് തക്ബീറത്തുല്‍ ഇഹ്‌റാം അറബി ഭാഷയില്‍ തന്നെ വേണമെന്ന് നിബന്ധനയില്ല’ (അല്‍ഫിഖ്ഹു അലല്‍ മറാഹി ബില്‍ അര്‍ബഅ 1:224).
രണ്ട്: മരണപ്പെട്ടവരുടെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ബിദ്അത്താണ്. അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതല്ല. നബി(സ) പറഞ്ഞു: ‘നമ്മുടെ ഈ ദീന്‍കാര്യത്തിലില്ലാത്തത് വല്ലവനും പുതുതായി നിര്‍മിക്കുന്നപക്ഷം അത് തള്ളിക്കളയേണ്ടതാണ്’ (ബുഖാരി). ഈ വിഷയ സംബന്ധമായ ഒരു ചോദ്യത്തിന് ഇബ്‌നു തൈമിയ്യ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്: ‘മരിച്ച വ്യക്തിക്ക് ഖുര്‍ആന്‍ പാരായണം ചെയ്തും, തസ്ബീഹും തഹ്മീദും തഹ്‌ലീലും തക്ബീറും നിര്‍വഹിച്ചും അതിന്റെയൊക്കെ പ്രതിഫലങ്ങള്‍ (മരണപ്പെട്ട വ്യക്തിക്ക്) ഹദ്‌യ (സംഭാവന) ചെയ്താല്‍ അത് അദ്ദേഹത്തിന് ലഭിക്കുമോ? അദ്ദേഹത്തിന്റെ മറുപടി: മയ്യിത്തിന് ലഭിക്കും’ (മജ്മൂഉ ഫതാവാ 24:364).
മൂന്ന്: ബറാഅത്ത് രാവിന്റെ പുണ്യത്തെ സംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമോ നിര്‍മിതമോ ആണ്. എന്നാല്‍ ഇബ്‌നു തൈമിയ്യയുടെ അഭിപ്രായം ‘ബറാഅത്ത് രാവിന്റെ പുണ്യത്തെക്കുറിക്കുന്ന നബിയിലേക്ക് ചേര്‍ത്തുകൊണ്ടുള്ള ഹദീസുകളും പ്രസ്താവനകളും വന്നിട്ടുണ്ട്. അതെല്ലാം വ്യക്തമാക്കുന്നത് തീര്‍ച്ചയായും ആത് പുണ്യമാക്കപ്പെട്ട രാവു തന്നെയാണ് എന്നതാണ്’ (ഇഖ്തിളാഉ അസ്സ്വിറാത്ത്വില്‍ മുസ്തഖീമി 2:136,137)
അതേയവസരത്തില്‍ മറ്റു പല കാര്യങ്ങളിലും നാം ഇബ്‌നു തൈമിയ്യയെ അംഗീകരിക്കുന്നുണ്ട്. ഇവിടെ മനസ്സിലാക്കേണ്ട കാര്യം, എത്ര വലിയ പണ്ഡിതനായിരുന്നാലും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധം പറഞ്ഞാല്‍ അവ തള്ളിക്കളയേണ്ടതാണ്. അല്ലാഹു അരുളി: ‘നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്നപക്ഷം നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക’ (നിസാഅ് 59).
നബിയുടെ ശേഷിപ്പുകള്‍ കൊണ്ട് ബര്‍കത്തെടുക്കുന്ന വിഷയത്തിലും അനുകൂലിച്ചും പ്രതികൂലിച്ചും പണ്ഡിതന്മാര്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ സമസ്തക്കാരും നവയാഥാസ്ഥിതികരും നബിയുടെ ശേഷിപ്പുകള്‍ക്ക് ബര്‍കത്തുണ്ട് എന്ന വാദക്കാരാണ്.
എന്താണ്
ബര്‍കത്തെടുക്കല്‍?

ഭാഷാപരമായി ഉയര്‍ച്ച, വളര്‍ച്ച, പുരോഗതി, ഉന്നതി, വിജയം, സൗഭാഗ്യം എന്നീ അര്‍ഥങ്ങളാണ് ബര്‍കത്തിന് ഉള്ളത്. എന്നാല്‍ ദീനില്‍ സാങ്കേതികമായി അതിന്റെ വിവക്ഷ, ഒരു ശക്തിയില്‍ നിന്നോ വ്യക്തിയില്‍ നിന്നോ അദൃശ്യമായ നിലയില്‍ നന്മ പ്രയോജനപ്പെടുത്തുകയെന്നതാണ്. അദൃശ്യമായ നിലയില്‍ നന്മയും തിന്മയും പ്രദാനം ചെയ്യുന്നവന്‍ അല്ലാഹു മാത്രമാണ്.
അല്ലാഹു അരുളി: ‘താങ്കള്‍ക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുന്നപക്ഷം അവനൊഴികെ അത് ഇല്ലായ്മ ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല’ (യൂനുസ് 107). നബി അരുളി: ‘അല്ലാഹുവേ, നീ നല്‍കിയതിനെ തടയുന്ന ഒരു ശക്തിയുമില്ല. നീ തടഞ്ഞതിനെ നല്‍കുന്ന ഒരു ശക്തിയുമില്ല’ (ബുഖാരി, മുസ്‌ലിം).
ഇവിടെ ബര്‍കത്തെടുക്കാം എന്നു പറയുന്നത് നബിയുടെ നിര്‍ജീവമായ ശേഷിപ്പുകള്‍ കൊണ്ടാണ്. അഥവാ മുടി, വിയര്‍പ്പ്, വസ്ത്രം, നഖം എന്നിവ കൊണ്ട്. ഇത്തരം വസ്തുക്കളില്‍ നിന്നു നന്മ പ്രതീക്ഷിക്കലാണല്ലോ വിഗ്രഹാരാധന. അത് ഖുര്‍ആനില്‍ പരന്നുകിടക്കുന്ന യാഥാര്‍ഥ്യമല്ലേ? മുഅ്ജിസത്തും ഇസ്മത്തുമുള്ള ജീവനുള്ള പ്രവാചകനു പോലും സ്വന്തം ശരീരത്തിനു ബര്‍കത്ത് നല്‍കാന്‍ സാധ്യമല്ല എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: ‘നബിയേ, പറയുക: എന്റെ സ്വന്തം ശരീരത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ കഴിവില്‍ പെട്ടതല്ല’ (അഅ്‌റാഫ് 18). പിന്നെ എങ്ങനെയാണ് പ്രവാചകന്റെ ശേഷിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ബര്‍കത്തെടുത്തു നല്‍കുക?
ബര്‍കത്ത്
നല്‍കുന്നവന്‍ അല്ലാഹു മാത്രം

ബര്‍കത്ത് നല്‍കുന്നവന്‍ അല്ലാഹുവാണ് എന്നാണ് ഖുര്‍ആന്‍ പഠപ്പിക്കുന്നത്. ബൈതുല്‍ മുഖദ്ദസിലെ പള്ളിയുടെ ചുറ്റുഭാഗങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു: ”അതിന്റെ പരിസരത്തിന് നാം ബര്‍കത്ത് നല്‍കിയിരിക്കുന്നു” (ഇസ്‌റാഅ് 1). മക്കക്ക് ബര്‍കത്ത് നല്‍കിയത് അല്ലാഹുവാണ്. ”തീര്‍ച്ചയായും മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബര്‍കത്താക്കപ്പെട്ട ബക്കയിലുള്ളതാകുന്നു” (ആലുഇംറാന്‍ 96). ലൈലത്തുല്‍ ഖദ്‌റിന് ബര്‍കത്ത് നല്‍കിയത് അല്ലാഹുവാണ്. ”തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ബര്‍കത്താക്കപ്പെട്ട രാവില്‍ ഇറക്കിയിരിക്കുന്നു” (ദുഖാന്‍ 3).
ബര്‍കത്ത് നല്‍കുന്നവന്‍ അല്ലാഹുവാണ് എന്ന നിലയില്‍ നിരവധി വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. നബിയുടെ ചര്യയും അപ്രകാരം തന്നെ. നബി പോലും ബര്‍കത്തിനു വേണ്ടി പ്രാര്‍ഥിച്ചിരുന്നത് അല്ലാഹുവോടാണ്. അത്തഹിയ്യാത്തിലെ പ്രാര്‍ഥന ഇപ്രകാരമാണ്: ”ഇബ്‌റാഹീം നബിക്കും അദ്ദേഹത്തിന്റെ (സത്യവിശ്വാസികളായ) കുടുംബത്തിനും നീ ബര്‍കത്ത് നല്‍കിയതുപോലെ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ (സത്യവിശ്വാസികളായ) കുടുംബത്തിനും നീ ബര്‍കത്ത് നല്‍കേണമേ” (അഹ്മദ്, മുസ്‌ലിം).
നികാഹിനു ശേഷം നബി ദമ്പതിമാരുടെ ബര്‍കത്തിനു വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്നു. അതിന്റെ ഒരു രൂപം ഇപ്രകാരമാണ്: ”അല്ലാഹു നിങ്ങളിലും നിങ്ങളുടെ മേലും ബര്‍കത്ത് ചൊരിയട്ടെ” (നസാഈ).
നബി പലര്‍ക്കും ബര്‍കത്തിനു വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്നതായി നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്: ബര്‍കത്ത് നല്‍കുന്നവന്‍ അല്ലാഹുവാണ്. നബിയല്ല, നബിയുടെ ശേഷിപ്പുമല്ല. ഉഹ്ദിലും മക്കയിലും ത്വാഇഫിലും വെച്ച് നബിക്ക് ഒരുപാട് ദ്രോഹങ്ങളും മര്‍ദനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അവിടെയൊന്നും സ്വന്തം ശരീരത്തിന് ബര്‍കത്ത് ചെയ്യാന്‍ നബിക്ക് സാധിച്ചിട്ടില്ല. പിെന്ന എങ്ങനെയാണ് ജീവനില്ലാത്ത ശേഷിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ബര്‍കത്ത് നല്‍കുക? നബിയുടെ ശേഷിപ്പുകള്‍ക്ക് ബര്‍കത്തുണ്ട് എന്നതിന് ഇവര്‍ ഉദ്ധരിക്കുന്ന തെളിവുകള്‍ വാസ്തവവിരുദ്ധവും ബാലിശവുമാണ്.
ഒന്ന്: നബി അവിടുത്തെ മുടി വിതരണം ചെയ്യാനും വിയര്‍പ്പെടുക്കാനും അനുവാദം നല്‍കി. അത് ശരിയാണ്. എന്തിനാണ് നബി അപ്രകാരം അനുവദിച്ചതെന്ന് ഹദീസിനെ വ്യാഖ്യാനിച്ച ഇബ്‌നുഹജര്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘മനുഷ്യരുടെ മുടിയും വിയര്‍പ്പും ശുദ്ധമാണ് (നജസല്ല) എന്ന് ഹദീസില്‍ തെളിവുണ്ട്’ (ഫത്ഹുല്‍ബാരി 14:111).
മറ്റൊരു പ്രസ്താവന: ‘അതില്‍ (മുടി വിതരണം ചെയ്തതില്‍) മനുഷ്യരുടെ മുടി ശുദ്ധമാണ് എന്ന് തെളിവുണ്ട്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. നാം സ്വഹീഹായി അംഗീകരിച്ചതും അപ്രകാരമാണ്’ (ഫത്ഹുല്‍ബാരി 1:511). അപ്പോള്‍ നബി അപ്രകാരം അനുവദിച്ചത് മനുഷ്യരുടെ മുടിയും വിയര്‍പ്പും നജസല്ല എന്ന് സ്വഹാബത്തിനെ പഠിപ്പിക്കാനാണ്.
രണ്ട്: ഇവര്‍ ബര്‍കത്തെടുക്കലിന് മറ്റൊരു തെളിവായി ഉദ്ധരിക്കാറുള്ളത് നബിയുടെ മുഅ്ജിസത്തുകളാണ്. മുഅ്ജിസത്തുകള്‍ നബിയുടെ ബര്‍കത്തല്ല, മറിച്ച്, അല്ലാഹുവിന്റെ ബര്‍കത്താണ്. കാരണം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അത് പ്രകടിപ്പിക്കാന്‍ സാധിക്കൂ. അതിന്റെ നിര്‍വചനം തന്നെ അപ്രകാരമാണ്: ‘നിഷേധികള്‍ വെല്ലുവിളിക്കുമ്പോള്‍ നുബുവ്വത്ത് വാദിക്കുന്നവന്റെ കൈയാല്‍ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ സംഭവമാണ് മുഅ്ജിസത്ത്’ (ശറഹുല്‍ അഖാഇദ, പേജ് 134). (ഇബ്‌റാഹീം 11, അന്‍കബൂത്ത് 50, ഇസ്‌റാഅ് 91 നോക്കുക).
മുഅ്ജിസത്തുകള്‍ അല്ലാഹുവിന്റെ ഇംഗിതപ്രകാരം മാത്രമേ സംഭവിക്കൂ എന്നു മനസ്സിലാക്കാം. ഇത്തരം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നബി എതിര്‍ത്തിട്ടുമുണ്ട്. ‘ഒരിക്കല്‍ നബി വുദുവെടുത്ത ബാക്കി ജലം ചിലര്‍ (ബര്‍കത്തിനു വേണ്ടി) ശരീരത്തില്‍ പുരട്ടാന്‍ തുടങ്ങി. നബി അവരോട് ചോദിച്ചു: നിങ്ങളെ ഇതിന് പ്രേരിപ്പിച്ചത് എന്താണ്? അവര്‍ പറഞ്ഞു. അല്ലാഹുവോടും റസൂലിനോടുമുള്ള സ്‌നേഹം. നബി പറഞ്ഞു: വല്ലവനും അല്ലാഹുവെയും റസൂലിനെയും ഇഷ്ടപ്പെടുന്നപക്ഷം, അല്ലെങ്കില്‍ അല്ലാഹുവും റസൂലും അവനെ ഇഷ്ടപ്പെടണം എന്നുണ്ടെങ്കില്‍ (ചെയ്യേണ്ടത് ഇപ്രകാരമല്ല.) അവന്‍ സംസാരത്തില്‍ സത്യം പുലര്‍ത്തണം, വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ ഉടമസ്ഥന് തിരിച്ചുനല്‍കണം. അയല്‍വാസിക്ക് നന്മ ചെയ്യണം’ (ത്വബ്‌റാനി).
നാസിറുദ്ദീന്‍ അല്‍ബാനി ‘സില്‍സില’യില്‍ 2998 നമ്പറായി ഈ ഹദീസ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ഇത് നബി പ്രോത്സാഹിപ്പിച്ചിട്ടില്ല. നബിയുടെ ഒഴിവാക്കപ്പെടുന്ന നിര്‍ജീവ ശേഷിപ്പുകളെക്കാള്‍ എത്രയോ സ്ഥാനമുള്ള കല്ലാണ് ഹജറുല്‍ അസ്‌വദ്. അതിനു പോലും യാതൊരുവിധ ബര്‍കത്തുമില്ല എന്നാണ് ഉമറിന്റെ(റ) പ്രസ്താവന. അദ്ദേഹം ഹജറുല്‍ അസ്‌വദിനെ ചുംബിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ”തീര്‍ച്ചയായും എനിക്കറിയാം, നീ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത കല്ലാണെന്ന്. നബി നിന്നെ ചുംബിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല.” (മുസ്‌ലിം)
നബിയുടെ ശേഷിപ്പുകള്‍ക്ക് യാതൊരു പ്രത്യേകതയുമില്ല എന്നാണ് ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്ന പണ്ഡിതന്മാരുടെ പക്ഷം. ഇബ്‌നുഹജര്‍ പറയുന്നു: ‘ഇബ്‌നുല്‍ മുന്‍ദിറും ഇമാം ഖത്ത്വാബിയും അവരല്ലാത്ത പണ്ഡിതന്മാരും നബിയുടെ മുടിയുടെ പ്രത്യേകതയെ എതിര്‍ത്തിട്ടുണ്ട്. കാരണം അതിന് തെളിവു വേണം. പ്രമാണങ്ങള്‍ അതിന് വിരുദ്ധമാണ്’ (ഫത്ഹുല്‍ബാരി 1:508).
നിര്‍ജീവ വസ്തുക്കള്‍ക്ക് നന്മ ചെയ്യാന്‍ കഴിയും എന്ന അന്ധവിശ്വാസമാണ് വിഗ്രഹാരാധന. അതുതന്നെയല്ലേ ബര്‍കത്ത് എടുക്കുന്നവരുടെയും വിശ്വാസം. ബര്‍കത്തെടുക്കല്‍ ശിര്‍ക്കന്‍ വിശ്വാസമാണ്. ഇമാം ശാത്വിബി പ്രസ്താവിക്കുന്നു: ‘നബി ബൈഅത്ത് ചെയ്ത മരം മുറിച്ചുകളയാന്‍ ഉമര്‍ കല്‍പിച്ചു. (അതിന്റെ ചുവട്ടില്‍ ചിലര്‍ ബര്‍കത്തിനു വേണ്ടി പ്രാര്‍ഥിക്കാനും നമസ്‌കരിക്കാനും തുടങ്ങി). കാരണം, ജനങ്ങള്‍ അവിടെ ചെന്ന് അതിന്റെ ചുവട്ടില്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഉമര്‍ അവരുടെ മേല്‍ നാശം ഭയപ്പെട്ടു’ (ഇഅ്തിസാം 1:449).
അതിനെക്കുറിച്ച് വീണ്ടും രേഖപ്പെടുത്തി: ‘ഇത്തരം ബര്‍കത്തെടുക്കലാണ് ബഹുദൈവാരാധനയുടെ അടിസ്ഥാനം. വിഗ്രഹാരാധനയുടെ അടിസ്ഥാനവും ഇതുതന്നെ. അതുകൊണ്ടുതന്നെയാണ് ഉമര്‍ ആ മരം മുറിച്ചുകളഞ്ഞത്’ (അല്‍ഇഅ്തിസാം 1:483).
ഒരു പ്രത്യേക ബര്‍കത്തുള്ള ഇലന്തമരത്തില്‍ ആയുധം കൊളുത്തിയെടുത്താല്‍ യുദ്ധത്തില്‍ വിജയം ലഭിക്കുമെന്നതായിരുന്നു ശിര്‍ക്കന്‍ വിശ്വാസം. അങ്ങനെ ഒരു മരം ഞങ്ങള്‍ക്കും നിശ്ചയിച്ചുതരണമെന്ന് ചില അനുചരന്മാര്‍ നബിയോട് ആവശ്യപ്പെട്ടപ്പോള്‍ നബിയുടെ പ്രതികരണം ഇങ്ങനെ: ”ഇത് ബനൂഇസ്‌റാഈല്യര്‍ മൂസാ നബിയോട് ചോദിച്ചതു പോലെയാണ്. അവര്‍ക്ക് ഒരുപാട് ഇലാഹുകളുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചുതരണം” (തിര്‍മിദി).
നബി(സ) നമസ്‌കരിച്ച പള്ളിയില്‍ നമസ്‌കരിച്ചാല്‍ പ്രത്യേക ബര്‍കത്ത് ലഭിക്കുമെന്നു വിശ്വസിച്ചുകൊണ്ട് അവിടേക്ക് പോയവരോട് ഉമര്‍ പറഞ്ഞത് ‘ഇതുപോലെ അന്‍ബിയാക്കളുടെ ശേഷിപ്പുകള്‍ തേടി നടന്നതാണ് നിങ്ങള്‍ക്കു മുമ്പുള്ളവര്‍ നശിക്കാന്‍ കാരണം’ (അബ്ദുര്‍റസാഖ്) എന്നാണ്.
കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ ജനാസ പൊതിഞ്ഞത് നബിയുടെ വസ്ത്രത്തിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് യാതൊരു പ്രയോജനവും ലഭിക്കുന്നതല്ല. നബി പറഞ്ഞു: ‘എന്റെ വസ്ത്രം അദ്ദേഹത്തിന് അല്ലാഹുവിന്റെ അടുക്കല്‍ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നു യഥാര്‍ഥ മുസ്‌ലിംകളായി മാറാനാണ് ഞാന്‍ ആഗ്രഹിച്ചത്’ (ഫത്ഹുല്‍ബാരി 10:282).
ഇമാം ശാത്വിബിയുടെ പ്രസ്താവന. ‘നബിയുടെ മരണാനന്തരം ഒരു സ്വഹാബിയും ബര്‍കത്തെടുക്കുന്ന സമ്പ്രദായം സ്വീകരിച്ചിട്ടില്ല. നബിക്കു ശേഷം അബൂബക്കര്‍(റ) ആണ് ഖലീഫയായത്. നബി(സ)ക്കു ശേഷം ഉത്തമന്‍ അദ്ദേഹമാണ്. പിന്നെ ഉമര്‍(റ), പിന്നീട് ഉസ്മാന്‍(റ), ശേഷം അലി(റ)യാണ് ഖലീഫയായത്. അവരാരുംതന്നെ ബര്‍കത്തെടുത്തിരുന്നില്ല. അവരെല്ലാം നബി(സ)യുടെ ചര്യ പിന്തുടരുന്നവരായിരുന്നു’ (അല്‍ഇഅ്തിസ്വാം 1:482).
നബിക്ക് ആത്മീയമായ ചില പ്രത്യേകതകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. നുബുവ്വത്ത്, വഹ്‌യ്, ഇസ്വ്മത്ത്, വേദഗ്രന്ഥം, തഖ്‌വ, അവസാനത്തെ പ്രവാചകന്‍ എന്നിവയാണവ. എങ്കിലും ഭൗതിക ജീവിതത്തില്‍ നബി നമ്മെപ്പോലെയാണ്. അല്ലാഹു അരുളി: ‘നബിയേ, പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് വഹ്‌യ് നല്‍കപ്പെടുന്നു’ (അല്‍കഹ്ഫ് 110).
ഇബ്‌നു മസ്ഊദ് പ്രസ്താവിച്ചു: നബി എന്നോട് ശുദ്ധീകരിക്കാന്‍ മൂന്ന് കല്ലുകള്‍ കൊണ്ടുവരാന്‍ കല്‍പിച്ചു. അങ്ങനെ രണ്ട് കല്ലുകള്‍ എനിക്ക് ലഭിച്ചു. മൂന്നാമത്തെ കല്ല് അന്വേഷിച്ചുവെങ്കിലും എനിക്ക് ലഭിച്ചില്ല. അങ്ങനെ ഞാന്‍ ഒരു മൃഗത്തിന്റെ കാഷ്ഠവും എടുത്തു. നബി രണ്ട് കല്ലുകള്‍ എടുക്കുകയും കാഷ്ഠം വലിച്ചെറിയുകയും ചെയ്തു’ (ബുഖാരി, ഇബ്‌നുമാജ).
വെള്ളം കിട്ടാത്ത അവസ്ഥയില്‍ മലമൂത്രവിസര്‍ജനം കഴിഞ്ഞാല്‍ കല്ലുകള്‍ കൊണ്ട് ശുദ്ധിയാക്കാവുന്നതാണ്. അബൂഹുറയ്‌റ പറയുന്നു: ‘നബി(സ) മലമൂത്ര വിസര്‍ജനം കഴിഞ്ഞ് ശുദ്ധീകരിക്കുകയുണ്ടായി. പിന്നീട് (ദുര്‍ഗന്ധം) പോകാഞ്ഞിട്ട് കൈകള്‍ ഭൂമിയില്‍ ഉരസി’ (അബൂദാവൂദ്, നസാഈ, ബൈഹഖി, ഇബ്‌നുമാജ).
എന്നാല്‍ നബിയുടെ മലവും മൂത്രവും നജസല്ലെന്നു വരെ ജല്‍പിക്കുന്ന കടുത്ത യാഥാസ്ഥിതികരുണ്ട്. ഒരു നവയാഥാസ്ഥിതികന്റെ വാദം ശ്രദ്ധിക്കുക: ‘കാന്തപുരം മുസ്‌ലിയാരുടെ പക്കലുള്ള മുടി നബി(സ)യുടേതാണെങ്കില്‍ ആ മുടിയിട്ട വെള്ളം കുടിക്കാന്‍ ഒന്നാം നിരയില്‍ ഞാനുണ്ടാകും.’
ഇസ്‌ലാമിക വീക്ഷണത്തില്‍ മുടി കൊണ്ടും മറ്റും ബര്‍കത്തെടുക്കല്‍ ശിര്‍ക്ക് തന്നെയാണ്. കാരണം, അത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധവും ശിര്‍ക്കുമാണ്. നബിയുടെ കല്‍പന അവിടത്തെ ശേഷിപ്പുകള്‍കൊണ്ട് ബര്‍കത്തെടുക്കാനല്ല, മറിച്ച് ‘ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കാനാണ്’ (മാലിക്, മുവത്വ).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x