1 Tuesday
July 2025
2025 July 1
1447 Mouharrem 5

പൊതു പരീക്ഷകള്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കുക

മാര്‍ച്ച് മാസമാകുന്നതോടെ വിദ്യാര്‍ഥികളില്‍ പരീക്ഷാപ്പേടി രൂപപ്പെട്ടുവരുന്നത് സ്വാഭാവികമാണ്. വിദ്യാര്‍ഥികളില്‍ മാത്രമല്ല, രക്ഷിതാക്കളിലാണ് പരീക്ഷാപ്പേടി അല്‍പം കൂടി കൂടുതല്‍. കോവിഡ് കാലത്തെ പരീക്ഷകള്‍ കൂടിയാകുമ്പോള്‍ പറയേണ്ടതില്ല. കൃത്യമായി ഫിസിക്കല്‍ ക്ലാസുകള്‍ ലഭിക്കാതെയും വേണ്ടത്ര ഗൃഹപാഠത്തിനോ സംശയ നിവാരണത്തിനോ അവസരം ലഭിക്കാതെയുമുള്ള ഒരു അധ്യയന വര്‍ഷക്കാലമാണ് പടിയിറങ്ങുന്നത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസുകളും മറ്റും ലഭിച്ചിരുന്നെങ്കിലും ഇതൊന്നും ക്ലാസ് മുറികളില്‍ നേരിട്ടെത്തി അധ്യാപകര്‍ പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനു പകരമാകുമെന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളോ രക്ഷിതാക്കളോ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ പരിമിതികള്‍ക്കകത്തു നിന്നുള്ള ഒരു അധ്യയനക്കാലം കഴിഞ്ഞ് പരിക്ഷയുമായി മുഖാമുഖം വരുമ്പോള്‍ ആശയക്കുഴപ്പവും ആശങ്കയും മാനസിക പിരിമുറുക്കവുമെല്ലാം കൂടുതലായിരിക്കും. ഇത് തിരിച്ചറിഞ്ഞു കൊണ്ടു പരീക്ഷയെക്കുറിച്ച് നിരന്തരം പറഞ്ഞ് പേടിപ്പെടുത്തുന്നതിനു അവര്‍ക്ക് ആവശ്യമായ ശാരീരിക, ബൗദ്ധിക പിന്തുണ നല്‍കിക്കൊണ്ട് അവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളാണ് രക്ഷിതാക്കള്‍ സ്വീകരിക്കേണ്ടത്. പിരിമുറുക്കമോ ഭയമോ ഉള്ള ഒരു മനസ്സുമായി എത്തുന്ന വിദ്യാര്‍ഥിക്ക് എത്രതന്നെ ഗൃഹപാഠം ചെയ്താലും നല്ല രീതിയില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. സാധാരണ ഗതിയില്‍ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലായി പരീക്ഷാപ്പേടിയെ മറികടക്കുന്നതിനുള്ള ധാരാളം ക്ലാസുകള്‍ നടക്കാറുണ്ട്. സ്വന്തമായി മുന്‍കൈയെടുത്ത് ഇത്തരത്തില്‍ ക്ലാസുകള്‍ നല്‍കുന്ന സ്‌കൂളുകളുമുണ്ട്. അക്കാദമിക തലത്തിനു പുറമെ വിവിധ സംഘടനകളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും മുന്‍കൈയെടുത്തും ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിജയഭേരി പദ്ധതിക്കു കീഴില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രാത്രികാല ക്ലാസുകള്‍ നടക്കാറുണ്ട്. നേരിട്ട് ക്ലാസുകളിലെത്തുന്ന വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെക്കുറിച്ച് ബോധ്യമുള്ള അധ്യാപകര്‍ ഓരോ വിദ്യാര്‍ഥിക്കും എങ്ങനെ പരീക്ഷയെ നേരിടണം എന്ന കാര്യം പറഞ്ഞു കൊടുക്കാറുണ്ട്. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ക്ലാസുകള്‍ ഒന്നും സാധ്യമായിരുന്നില്ല എന്നതു കൊണ്ടുതന്നെ പരീക്ഷാപ്പേടിയെ എങ്ങനെ മറികടക്കണം എന്ന കാര്യത്തില്‍ ശാസ്ത്രീയമായ അവബോധത്തിന്റെ അഭാവം ശക്തമാണ്. അവസാന ഒരു മാസം എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ തുറന്നെങ്കിലും കിട്ടിയ സമയം ഏറെയും ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷന്‍ നടത്താന്‍ പോലും തികയുമായിരുന്നില്ല. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളുടെ മോഡല്‍ എക്‌സാം ആരംഭിച്ചു കഴിഞ്ഞു. പൊതുപരീക്ഷ മാര്‍ച്ച് 17ന് തുടങ്ങുകയാണ്. തൊട്ടു പിന്നാലെ തന്നെ സി ബി എസ് ഇ പരീക്ഷകളും വരുന്നുണ്ട്. അവയെ നേരിടാന്‍ ഓരോ വിദ്യാര്‍ഥിയുടേയും മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. താഴ്ന്ന ക്ലാസുകളില്‍ പരീക്ഷ നടത്തുന്ന കാര്യത്തില്‍ ഇതുവരേയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം വന്നിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ആള്‍ പാസ് അടക്കമുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാറിനു മുന്നില്‍ പരിഗണനയിലുള്ളത്. തമിഴ്‌നാട് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഈ തീരുമാനം ഇതിനകം തന്നെ സ്വീകരിച്ചു കഴിഞ്ഞു.
പരീക്ഷാക്കാലത്തെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ നേരത്തെ അധ്യാപകര്‍ക്ക് വലിയ റോളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിനു പരിമിതികളുണ്ട്. നൂറു ശതമാനം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിധിക്ക് അകത്താണെന്ന് അവകാശപ്പെടാനാവില്ല. ഇപ്പോഴും ഇന്റര്‍നെറ്റ് സംവിധാനമില്ലാത്ത ആദിവാസി ഗ്രാമങ്ങളുണ്ട്. അവിടെയുള്ള കുട്ടികളും പരീക്ഷ എഴുതുന്നുവരിലുണ്ട്. ഇന്റര്‍നെറ്റ് സംവിധാനം ഉള്ളിടത്തു തന്നെ ഓണ്‍ലൈന്‍ ക്ലാസുകളെ വേണ്ടത്ര ഗൗരവത്തോടെ കാണാത്ത കുട്ടികളും രക്ഷിതാക്കളുമുണ്ട്. പക്ഷേ പരീക്ഷാക്കാലം ആകുന്നതോടെ ഇവരിലെല്ലാം ആശങ്ക ഒരുപോലെയാണ്. ഈ സാഹചര്യത്തില്‍ മുന്നിലുള്ള സാധ്യതകളെ കൃത്യവും ഫലപ്രദവുമായി പ്രയോജനപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് സരളമായി പറഞ്ഞു തരുന്ന ധാരാളം ക്ലാസുകള്‍ ഓണ്‍ലൈനിലും മറ്റും ലഭ്യമാണ്. ഇത്തരം ക്ലാസുകള്‍ കേട്ടും അക്കാദമിക രംഗത്തുള്ളവരോട് ചോദിച്ച് മനസ്സിലാക്കിയും പരീക്ഷയെ നേരിടുന്നതിനുള്ള പ്രാഥമികമായ ധാരണയെങ്കിലും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉണ്ടാക്കിയിരിക്കണം. വീട്ടിനകത്തു നിന്നു തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കേണ്ടത്. മഹാമാരിയുടെ കാലത്തെ അതിജീവിക്കുന്നതായിരിക്കട്ടെ ഓരോ വിദ്യാര്‍ഥിക്കും ഇത്തവണത്തെ പരീക്ഷാക്കാലം.

Back to Top