മോദിയുടെ സന്ദര്‍ശനത്തിനെതിരെ യു എസില്‍ പ്രതിഷേധം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം. വൈറ്റ് ഹൗസിന് മമ്പിലെ ലാഫൈറ്റ് സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് അണിനിരന്നത്. Go Back Modi, Save India From Fascim, Humans Against Hindutwa തുടങ്ങിയവയ യെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു പ്രതിഷേധം.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും മുസ് ലിംകള്‍ക്കുമെതിരായ പീഡനം, കര്‍ഷകദ്രോഹ നടപടികള്‍ കശ്മീരിലെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബാനറുകള്‍ ഉയര്‍ത്തിയത്. മനുഷ്യാവകാശങ്ങള്‍ അമേരിക്കന്‍ വിദേശനയത്തിന്റെ കേന്ദ്ര സവിശേഷതയാക്കി മാറ്റുമെന്ന ബൈഡന്റെ പ്രചാരണ വാഗ്ദാനം പാലിക്കാന്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു. അധികാരത്തിലേറിയത് മുതല്‍ മോദി അഭൂതപൂര്‍വമായ മത ധ്രുവീകരണത്തിന് നേതൃത്വം നല്‍കിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
യു എസിലെത്തിയ മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ബൈഡന്‍ യു എസ് പ്രസിഡന്റായി അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.