13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

പ്രവാചകന്റെ യാത്രകള്‍

ഇബ്‌റാഹീം ശംനാട്‌


മനുഷ്യ ജീവിതത്തിന്റെ അനിവാര്യ ഭാഗമാണ് യാത്രകള്‍. ദീര്‍ഘമോ ഹ്രസ്വമോ ആയ യാത്രകള്‍ ചെയ്യാത്തവരുണ്ടാവില്ല. യാത്രയിലൂടെ മനുഷ്യര്‍ക്ക് അനേകം കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഏതൊരാളുടേയും ജീവിതരേഖയിലെ നാഴികക്കല്ലുകളില്‍ ഒന്നാണല്ലോ അയാള്‍ ചെയ്ത യാത്രകളും സന്ദര്‍ശിച്ച സ്ഥലങ്ങളും.
മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ ജീവിതം പരിശോധിച്ചാല്‍, അവരെല്ലാം വിവിധ ദൗത്യനിര്‍വഹണത്തിനായി ദീര്‍ഘ യാത്രകള്‍ നിര്‍വഹിച്ചതായി കാണാം. ആദം നബി(അ) സ്വര്‍ഗത്തില്‍ നിന്ന് ഇന്ത്യയിലാണ് ആദ്യം ഇറങ്ങിയതെന്നും അവിടെ നിന്ന് മക്കയിലേക്ക് യാത്രതിരിച്ചുവെന്നും അറഫയില്‍വെച്ച് ഹവ്വയെ കണ്ടുമുട്ടി എന്നൊക്കെ അഭിപ്രായപ്പെട്ടവരുണ്ട്.
പ്രളയത്തില്‍ നിന്നു രക്ഷപ്പെടാന്‍ കപ്പലിലൂടെ യാത്രചെയ്ത നൂഹ് നബിയുടെ ചരിത്രം പ്രസിദ്ധമാണ്. ഖലീലുല്ലാഹ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാചകന്‍ ഇബ്‌റാഹീം നബി ഇറാഖില്‍ നിന്നു ഫലസ്തീനിലേക്കും അവിടെ നിന്ന് മക്കയിലേക്കും യാത്ര ചെയ്തു. മുസ്‌ലിംകളുടെ വിശുദ്ധ കേന്ദ്രമായ മക്കയില്‍ കഅ്ബ നിര്‍മിച്ചത് ഇബ്‌റാഹീം നബിയും മകന്‍ ഇസ്മായീലുമായിരുന്നു. മൂസാ നബി ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ നിന്നു മദ്‌യനിലേക്കും അവിടെ നിന്ന് തൂര്‍ സീന പര്‍വതത്തിലേക്കും പിന്നീട് ഇസ്‌റാഈല്യരെ ഫിര്‍ഔനിന്റെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കാന്‍ ഈജിപ്റ്റിലേക്കും അവിടെ നിന്ന് ഫലസ്തീനിലേക്കും യാത്ര ചെയ്തത് പ്രസിദ്ധമാണ്.
നബി(സ)യുടെ
യാത്രകള്‍

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇബ്‌നു ഖയ്യിം പറഞ്ഞു: നാലു കാര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു പ്രവാചകന്‍ യാത്ര ചെയ്തിരുന്നത്. മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോവാനും ജിഹാദ് നിര്‍വഹിക്കാനും വേണ്ടിയായിരുന്നു രണ്ട് യാത്രകളെങ്കില്‍, മറ്റു രണ്ട് യാത്രകളാകട്ടെ ഉംറക്കും ഹജജിനും വേണ്ടിയായിരുന്നു. നബി നിര്‍വഹിച്ച കൂടുതല്‍ യാത്രകളും ആദ്യ ഗണത്തില്‍ പെടുന്നവയാണ്.
പ്രവാചകത്വ ലബ്ധിക്ക് മുമ്പ് മുഹമ്മദ് അജഗണങ്ങളെ മേയ്ക്കുന്നതിനായി അയല്‍പ്രദേശങ്ങളില്‍ സഞ്ചരിച്ചിരുന്നു. യുവാവായിരിക്കെ ഇന്ന് സിറിയ എന്നറിയപ്പെടുന്ന ശ്യാമിലേക്ക് മഹതി ഖദീജയുടെ വര്‍ത്തക സംഘത്തോടൊപ്പം യാത്ര ചെയ്തു. കച്ചവടത്തില്‍ അദ്ദേഹം പുലര്‍ത്തിയ സത്യസന്ധതയും വിശ്വസ്തതയുമാണ് വിധവയായ ഖദീജയെ മുഹമ്മദിലേക്ക് ആകര്‍ഷിച്ചത്. ഖദീജക്ക് 40 ഉം മുഹമ്മദിന് 25 ഉം വയസ്സായിരിക്കുമ്പോഴായിരുന്നു അവരുടെ വിവാഹം നടന്നത്.
മക്കയില്‍ നിന്നു ഏതാനും കിലോമീറ്ററുകള്‍ ദൂരെയുള്ള അന്നൂര്‍ പര്‍വതത്തിലെ ഹിറാഗുഹയില്‍ ഏകാന്തനായിരിക്കുക പതിവായിരുന്നു. അവിടെ വെച്ചായിരുന്നു നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. മക്കയിലെ ശത്രുക്കളുടെ പീഡനങ്ങളും ഉപദ്രവങ്ങളും സഹിക്കവയ്യാതെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രദേശം അന്വേഷിച്ച് ത്വാഇഫിലേക്ക് യാത്ര ചെയ്തു. മക്കയുടെ ഏതാണ്ട് 80 കിലോമീറ്റര്‍ ദൂരം കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ത്വാഇഫ്. അവിടെയും നബിക്ക് ഒരു രക്ഷയും ലഭിക്കാത്തതിനാല്‍ മക്കയിലേക്ക് തന്നെ തിരിച്ചുവരുകയായിരുന്നു.
‘മിഅ്‌റാജ്’ യാത്ര
നബിയുടെ ജീവിതത്തിലെ സുപ്രധാനമായ യാത്ര മക്കയിലെ മസ്ജിദ് ഹറമില്‍ നിന്നു ജറുസലമിലെ മസ്ജിദുല്‍ അഖ്‌സയിലേക്കും അവിടെ നിന്ന് ഏഴാനകാശത്തേക്കുമുള്ള മിഅ്‌റാജ് യാത്രയാണ്. ‘ബുറാഖ്’ എന്ന് പേരുളള കുതിരപ്പുറത്ത് കയറി ജിബ്‌രീലിനോടൊപ്പമുള്ള ആ രാപ്രയാണത്തില്‍ സുപ്രധാനമായ പല ദൗത്യങ്ങളും അല്ലാഹു പ്രവാചകനെ ഏല്‍പിച്ചു. ഖുര്‍ആന്‍ ആ യാത്രയെ വിവരിക്കുന്നത് ഇങ്ങനെ:
”തന്റെ ദാസനെ മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് (അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു) ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.” (17:1). മക്കയില്‍ നബി (സ)ക്കും സഹചരന്മാര്‍ക്കും നേരെ ശത്രുക്കളുടെ അക്രമണം വര്‍ധിച്ച സന്ദര്‍ത്തിലായിരുന്നു അത്തരമൊരു യാത്ര എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ജന്മനാടായ മക്കയില്‍ ജീവിതം പലനിലക്കും ദുസ്സഹമായി. എത്രത്തോളമെന്നാല്‍, ഹറമില്‍വെച്ച് നമസ്‌കാരം നിര്‍വഹിക്കുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ഭീകരകൃത്യമായി പരിഗണിച്ച് മര്‍ദിച്ചു. പ്രബോധന പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം പൂര്‍ണമായും നിഷേധിക്കപ്പെട്ടപ്പോള്‍, കൃസ്തുവര്‍ഷം 622 ല്‍ അദ്ദേഹം അബൂബക്കര്‍(റ)നോടൊപ്പം മദീനയിലേക്ക് ‘ഹിജ്‌റ’ ചെയ്തു. അത് ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചു.
പിന്നീട് അദ്ദേഹം മദീനയില്‍ കഴിയവെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി നിരവധി യാത്രകള്‍ ചെയ്തു. ബദ്‌റ്, ഉഹ്ദ്, ഖന്‍ദഖ്, മക്ക വിജയം, ഹുനൈന്‍, ത്വാഇഫ്, മുഅത്വ, തബൂക്ക്, ബനീ നളര്‍, ബനീ ഖുറൈള തുടങ്ങിയവ അതില്‍ പ്രധാനമാണ്. മദീനയിലായിരിക്കെ നാല് ഉംറകള്‍ക്കും വിടവാങ്ങല്‍ ഹജ്ജ് നിര്‍വഹിക്കാനും യാത്രകള്‍ ചെയ്തു. യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത്, ദൗത്യനിര്‍വഹണത്തിനായി പ്രവാചകന്‍ ഇത്രയധികം യാത്രകള്‍ ചെയ്തത് വിസ്മയമാണ്.
യാത്രകളില്ലാത്ത ജീവിതം നിശ്ചലവും അപരിഷ്‌കൃതവും വന്യവുമാണ്. ഒഴുകുന്ന നദി സ്വച്ഛവും സുന്ദരവും മനോഹരവുമാണ്. അത് ദിനേന ശുദ്ധീകരിക്കപ്പെടുന്നു. യാത്രകള്‍ മനുഷ്യനെ ആത്മശുദ്ധീകരണം നടത്തുന്നു. ഓരോ യാത്രകളും അനേകം ജീവിത പാഠങ്ങള്‍ പകരുന്നു; ഒരു ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമാവുമ്പോള്‍ വിശേഷിച്ചും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x