പ്രവാചക ജീവിതത്തിലെ അസാധാരണ സംഭവങ്ങള്‍
അല്ലാഹു അവന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ജനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കുന്ന മഹത്തുക്കളാണ് പ്രവാചകന്മാര്‍. അവര്‍ വിശിഷ്ടരായ മനുഷ്യര്‍ തന്നെയാണ്. അല്ലാഹുവിനാല്‍ നിയുക്തരായ പ്രവാചകന്മാരാണ് എന്ന് സംബോധിത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ആവശ്യമായ ദൃഷ്ടാന്തങ്ങളും അല്ലാഹു അവര്‍ക്ക് നല്‍കാറുണ്ട്. ഇതിന് ആയത്ത് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങളും അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ അടയാളങ്ങളും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. പ്രവാചകന്മാര്‍ക്ക് ദൃഷ്ടാന്തമായി അല്ലാഹു നല്‍കുന്ന ആയാത്തുകള്‍ മുഅ്ജിസത്തുകള്‍ (അശക്തമാക്കുന്നത്) എന്ന് അറിയപ്പെട്ടു. സാധാരണ മനുഷ്യര്‍ക്ക് സാധ്യമാകാത്ത, അതത് സമൂഹത്തിന്റെ അവസ്ഥയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി അല്ലാഹു നല്‍കുന്ന ഈ ദൃഷ്ടാന്തങ്ങള്‍ അസാധാരണമായ സംഭവങ്ങളാണ്. സഅ്ദുദ്ദീനു തഫ്താസാനി (മരണം ഹി. 793) പറയുന്നു: ”മുഅ്ജിസത്തിന്റെ ബഹുവചനമാണ് മുഅ്ജിസാത്ത്. നിഷേധികള്‍ വെല്ലുവിളിക്കുമ്പോള്‍ സമാനമായത് കൊണ്ടുവരാന്‍ അവര്‍ക്ക് സാധ്യമല്ലെന്ന് വ്യക്തമാക്കും വിധം പ്രവാചകത്വം അവകാശപ്പെടുന്നവരുടെ കൈക്ക് അസാധാരണമായി വെളിപ്പെടുത്തുന്ന കാര്യമാണത്” (ശറഹുല്‍ അഖാഇദ് 134).
ഈ നിര്‍വചനത്തില്‍ നിന്ന് മുഅ്ജിസത്ത് അസാധാരണവും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതും പ്രവാചകന് തോന്നുന്ന സന്ദര്‍ഭത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കാത്തതുമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കുന്ന ദൃഷ്ടാന്തങ്ങള്‍ പ്രവാചകന്മാരുടെ കഴിവില്‍ പെട്ടതല്ല. ഖുറൈശികള്‍ നബി(സ)യോട് ആവശ്യപ്പെട്ട കാര്യങ്ങളില്‍ പ്രവാചകന്റെ മറുപടി ശ്രദ്ധേയമാണ്. അവര്‍ പറഞ്ഞു: ”ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല, അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും അതിനിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നതുവരെ, അല്ലെങ്കില്‍ നീ ജല്‍പിക്കുന്നതുപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷണം കഷണമായി നീ വീഴ്ത്തുന്നതുവരെ, അല്ലെങ്കില്‍ ആകാശത്തുകൂടി നീ കയറിപ്പോകുന്നതുവരെ, ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിക്കൊണ്ടുവരുന്നതുവരെ, നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാന്‍ ഒരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (ഖുര്‍ആന്‍ 17:90-93).
ഈ വചനത്തില്‍ മക്കക്കാര്‍ ആവശ്യപ്പെട്ടവ പ്രകടിപ്പിച്ച് അദ്ഭുതം കാട്ടുകയല്ല പ്രവാചകന്‍(സ) ചെയ്തത്. ഞാന്‍ മനുഷ്യന്‍ മാത്രമായ, അഥവാ ദിവ്യത്വമോ സ്വേച്ഛാനുസാരം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ളവനല്ലാത്തതുമായ ദൈവദൂതനല്ലയോ എന്ന് സമൂഹത്തോട് വിനയത്തോടെ ചോദിക്കുകയാണ്. അല്ലാഹു പറയുന്നു: ”ഒരു ദൂതനും അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനില്ല” (ഖുര്‍ആന്‍ 13:38).
പ്രവാചകന്മാരും
മുഅ്ജിസത്തും
മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാര്‍ക്കും അവരുടെ സത്യസന്ധത പ്രബോധിത സമൂഹത്തിന് ബോധ്യമാകുംവിധം ദൃഷ്ടാന്തങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ”മനുഷ്യര്‍ക്ക് തന്നില്‍ വിശ്വസിക്കാവുന്ന വിധത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാതെ ഒരു പ്രവാചകനും നിയോഗിതനായിട്ടില്ല” (ബുഖാരി, മുസ്‌ലിം). ഈ ദൃഷ്ടാന്തങ്ങള്‍ സംബോധിതര്‍ക്ക് ബോധ്യമാകണമെങ്കില്‍ മനുഷ്യര്‍ക്കോ ദൂതന്മാര്‍ക്കു തന്നെയോ കൊണ്ടുവരാന്‍ കഴിയാത്തതാകണം. അപ്പോഴേ അതിന് മുഅ്ജിസത് എന്നു പറയുകയുള്ളൂ.
എന്നാല്‍ മുഅ്ജിസത്തുകളും കറാമത്തുകളും തമ്മില്‍ കലര്‍ത്തി പൊതുജനത്തിനു മുമ്പില്‍ സത്യത്തോട് ഒട്ടും നിരക്കാത്ത തെറ്റായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുണ്ട്. മുഅ്ജിസാത്ത്-കറാമത്തുകള്‍ കൊണ്ട് വ്യവഹാരങ്ങള്‍ നടത്തുന്ന പുരോഹിത വര്‍ഗമാണ് ഇത്തരം പ്രചാരകരായിട്ടുള്ളത്. മരണമടഞ്ഞവരോട് ഇസ്തിഗാസ നടത്താന്‍ അത്ഭുതകഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നത് ഖേദകരമാണ്. മുഅ്ജിസത്തും കറാമത്തും ഒന്നുതന്നെയാണെന്നും അവ കൊണ്ട് മരണാനന്തരവും അന്‍ബിയാ-ഔലിയാഅ് സഹായിക്കുമെന്നു വിശ്വസിപ്പിച്ച് സമൂഹത്തെ തൗഹീദില്‍ നിന്ന് അകറ്റുകയുമാണ് ചെയ്യുന്നത്. സ്വജീവിതത്തില്‍ പോലും പ്രതിസന്ധികള്‍ നേരിട്ട സന്ദര്‍ഭത്തില്‍ അല്ലാഹുവില്‍ അഭയം തേടിയവരാണ് പ്രവാചകന്മാര്‍. തൗഹീദ് പഠിപ്പിക്കാന്‍ വന്ന പ്രവാചകന്മാരെ തന്റെ ഇടയാളരായി സ്വീകരിക്കുന്നവരും ഔലിയാഅ് എന്ന് ധരിച്ചവരോട് സഹായം തേടുന്നവരും ചെയ്യുന്നത് ഗുരുതരമായ പാതകമാണ്. നബി(സ)ക്ക് മുഅ്ജിസത്ത് ചില പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രം സംഭവിച്ചതും സ്ഥിരമായി നിലനില്‍ക്കുന്നവയുമുണ്ട്. സ്ഥിരമായിട്ടുള്ള മുഅ്ജിസത്താണ് ഖുര്‍ആന്‍.
നബി(സ)യുടെ
മുഅ്ജിസത്ത്
ലോകത്ത് നിയുക്തരായ പ്രവാചകന്മാര്‍ അതത് കാലഘട്ടത്തിലേക്കും പ്രദേശത്തേക്കും നിയോഗിതരാണെങ്കില്‍ നബി(സ) ലോകര്‍ക്കു മുഴുക്കെയുള്ള പ്രവാചകനാണ്. മറ്റു പ്രവാചകന്മാര്‍ക്കില്ലാത്ത പല സവിശേഷതകളാല്‍ അല്ലാഹു അദ്ദേഹത്തെ ശ്രേഷ്ഠനാക്കിയിട്ടുണ്ട്. പൂര്‍വിക വേദങ്ങളില്‍ നബി(സ)യെ സംബന്ധിച്ച സുവിശേഷങ്ങളുണ്ട്. ഒട്ടേറെ മുഅ്ജിസാത്തുകള്‍ നബി(സ)ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. നബി(സ)ക്ക് ലഭ്യമായ മുഅ്ജിസാത്തുകള്‍ സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി(റ) ശറഹു മുസ്‌ലിമിന്റെ മുഖദ്ദിമയില്‍ 1200ലധികം എന്നും ബൈഹഖി(റ) മിദ്ഖല്‍ എന്ന ഗ്രന്ഥത്തില്‍ ആയിരത്തോളമെന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍
നബി(സ)ക്ക് ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ മുഅ്ജിസത്ത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. അറബി ഭാഷയിലെ നിപുണന്മാരായ സാഹിത്യകാരന്മാരും കവികളും അതിശയിക്കുമാറ് അക്ഷരജ്ഞാനം പോലുമില്ലാത്ത മുഹമ്മദ് നബി(സ) ഈ ഗ്രന്ഥം ഓതിക്കൊടുക്കുകയാണ്. അതില്‍ സംശയം പ്രകടിപ്പിച്ചവരോട് ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചു: ”നബിയേ, പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും” (ഖുര്‍ആന്‍ 17:88). ഖുര്‍ആനിലെ 28:49, 52:34 എന്നീ വചനങ്ങളിലും ഈ വെല്ലുവിളി ആവര്‍ത്തിക്കുന്നുണ്ട്. അവര്‍ അതിന് അശക്തരായപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ പോലെ പത്ത് അധ്യായങ്ങളെങ്കിലും കൊണ്ടുവരാന്‍ വെല്ലുവിളിച്ചു. ”അതല്ല, അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപോലുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിനു പുറമേ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (ഖുര്‍ആന്‍ 11:13).
അതിനും അശക്തരാണെന്നായപ്പോള്‍ ഒരു അധ്യായമെങ്കിലും കൊണ്ടുവരാന്‍ വെല്ലുവിളിച്ചു: ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമേ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (ഖുര്‍ആന്‍ 2:23). വിശുദ്ധ ഖുര്‍ആന്‍ 10:38ലും ഈ വെല്ലുവിളി നടത്തുന്നുണ്ട്. ഇന്നുവരെയും ഒരാള്‍ക്കും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അത് അല്ലാഹുവിന്റെ കലാമാണ്. അന്ത്യനാള്‍ വരെയും അതില്‍ മാറ്റം വരുത്താന്‍ സാധിക്കുകയില്ല. ”തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ഖുര്‍ആന്‍ 15:9).
വിശുദ്ധ ഖുര്‍ആനിന്റെ ഭാഷാസാഹിത്യവും ശാസ്ത്രീയ വിജ്ഞാനവും തുടങ്ങി സര്‍വതലങ്ങളിലും അതിന്റെ ദൈവികത ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്. 23 വര്‍ഷക്കാലം കൊണ്ട് ചരിത്രത്തിന്റെ കൂരിരുട്ടില്‍ അമര്‍ന്ന സമൂഹത്തെ ലോകത്തിന്റെ മാതൃകകളാക്കി മാറ്റിയത് ഈ ദൈവിക ഗ്രന്ഥത്തിന്റെ സ്വാധീനം കൊണ്ടാണ്.
ഖുറൈശികളില്‍ വാചാലനായ ഉത്ബത് നബി(സ)യെ പ്രലോഭിപ്പിക്കാന്‍ വേണ്ടി സംഭാഷണം നടത്തി. വിവിധങ്ങളായ വാഗ്ദാനങ്ങളും നല്‍കി. നബി(സ) അദ്ദേഹത്തിന് സൂറ ഫുസ്സ്വിലത്തിലെ ആദ്യത്തെ പത്ത് സൂക്തങ്ങള്‍ ഓതിക്കൊടുത്തു. ഉത്ബത് എഴുന്നേറ്റ് നബി(സ)യുടെ വായ പൊത്തിപ്പിടിച്ചു. ‘മതി, ഇനി നിര്‍ത്തൂ’ എന്ന് പറഞ്ഞു. തിരിച്ചുപോയി തന്റെ കൂട്ടുകാരോട് ഖുര്‍ആന്‍ ദൈവികമാണെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ അഹങ്കാരം വിശ്വാസത്തില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞു.
അറബ് സാഹിത്യകാരനായ വലീദുബ്‌നുല്‍ മുഗീറ നബി(സ)യില്‍ നിന്ന് സൂറ നഹ്‌ലിലെ 90ാം വചനം കേള്‍ക്കുകയുണ്ടായി. ഇതു കേട്ട അയാള്‍ തന്റെ ജനതയോട് പറഞ്ഞു: ”അല്ലാഹുവാണ് സത്യം, തീര്‍ച്ചയായും അതിന് ഒരുതരം മാധുര്യമുണ്ട്. അതിന് ഒരു പ്രത്യേകതരം ഭംഗിയുണ്ട്. അതിന്റെ താഴ്ഭാഗം സമൃദ്ധമായതാണ്. അതിന്റെ മുകള്‍ഭാഗം കായ്ക്കുന്നതുതന്നെയാണ്. അത് ഒരിക്കലും മനുഷ്യന്റെ വചനമല്ല.”
വിശുദ്ധ ഖുര്‍ആനിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ വിവിധ തലങ്ങളിലൂടെ അതിനെ വിമര്‍ശിക്കുകയും ശത്രുത വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടൊന്നും ഈ ഗ്രന്ഥത്തെ നിഷ്‌കാസിതമാക്കാന്‍ സാധിക്കില്ല. ലോകാവസാനം വരെ അല്ലാഹു അതിനെ സംരക്ഷിക്കുക തന്നെ ചെയ്യും. അത് അവന്റെ വാഗ്ദാനമാണ്. ലോകാവസാനം വരെയുള്ള ജനതയ്ക്ക് മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ നിലകൊള്ളുകതന്നെ ചെയ്യും.
ഇസ്‌റാഅ്, മിഅ്‌റാജ്
നബി(സ)യുടെ ഇസ്‌റാഅ് (മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വയിലേക്കുള്ള രാപ്രയാണം), മിഅ്‌റാജ് (ആകാശയാത്ര) എന്നിവ നബി(സ)യുടെ മുഅ്ജിസാത്തുകളില്‍ പെട്ടതാണ്. മലക്കുകള്‍ നബി(സ)യുടെ നെഞ്ചു കീറി ഹൃദയം കഴുകി ശുദ്ധിയാക്കുകയും സത്യവിശ്വാസവും വിജ്ഞാനവും നിറച്ച് മുറിവ് ചേര്‍ക്കുകയും ചെയ്തു. കഴുതയേക്കാള്‍ വലുതും കോവര്‍ കഴുതയേക്കാള്‍ ചെറുതുമായ, കണ്ണെത്തുന്ന ദൂരത്തേക്ക് കൈകാലുകള്‍ ഉയര്‍ത്തി സഞ്ചരിക്കുന്ന അല്‍ബുറാഖ് എന്ന വാഹനപ്പുറത്ത് മക്കയിലെ ഹറമില്‍ നിന്നും ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസിലേക്കുള്ള രാപ്രയാണം നടത്തി. അവിടെ രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്‌കരിച്ചു. തുടര്‍ന്ന് മിഅ്‌റാജ് ആകാശയാത്രയുണ്ടായി. വിവിധ ആകാശങ്ങളില്‍ വിവിധ പ്രവാചകന്മാരെ കാണുകയും ആശയവിനിമയങ്ങള്‍ നടത്തുകയും ചെയ്തു. സിദ്‌റതുല്‍ മുന്‍തഹാ, ബൈതുല്‍ മഅ്മൂര്‍, സ്വര്‍ഗം, നരകം തുടങ്ങിയ പല അത്ഭുതക്കാഴ്ചകളും കണ്ടു. അവിടെ വെച്ച് നമസ്‌കാരം നിര്‍ബന്ധമാക്കി. അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു ശേഷം അദ്ദേഹം മക്കയില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതെല്ലാം നബി(സ)യുടെ മുഅ്ജിസത്തില്‍ പെട്ടതാണ്.
ചന്ദ്രന്‍ പിളര്‍ന്നത്
നബി(സ)ക്ക് മദീനാ ഹിജ്‌റക്കു മുമ്പ് സംഭവിച്ച ഒരു മുഅ്ജിസത്താണ് ചന്ദ്രന്‍ പിളര്‍ന്നത്. ഖുറൈശികള്‍ നബി(സ)യുടെ ദൗത്യത്തിന് തെളിവ് ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹു അവര്‍ക്ക് അത് ദൃശ്യമാക്കി. പക്ഷേ, ഖുര്‍ആന്‍ പറഞ്ഞതുപോലെ അവര്‍ ആ യാഥാര്‍ഥ്യത്തെ സിഹ്ര്‍ എന്ന് പറഞ്ഞു സത്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അനസുബ്‌നു മാലികി(റ)ല്‍ നിന്നു നിവേദനം: ”മക്കക്കാര്‍ നബി(സ)യോട് അവര്‍ക്ക് ദൃഷ്ടാന്തം കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ക്ക് ചന്ദ്രനെ രണ്ട് ഭാഗമായി പിളര്‍ന്ന് അവയ്ക്കിടയില്‍ ഹിറാ അവര്‍ കാണത്തക്ക വിധം അവര്‍ക്ക് കാട്ടിക്കൊടുത്തു” (ബുഖാരി 3916, 3637, 4767).
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”നബി(സ)യുടെ കാലത്ത് ചന്ദ്രനെ രണ്ട് ഭാഗമായി പിളര്‍ത്തുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍” (മുസ്‌ലിം 7249). ഇസ്‌ലാമിന്റെ ശത്രുക്കള്‍ നബി(സ)യുടെ ദൗത്യത്തിന് ദൃഷ്ടാന്തം പലതും ആവശ്യപ്പെട്ടിരുന്നു. സ്വഫാ കുന്ന് സ്വര്‍ണമാക്കിത്തരണമെന്നും ആകാശത്തേക്ക് കയറിപ്പോയി വേദഗ്രന്ഥം കൊണ്ടുവരണമെന്നും തുടങ്ങി അനേകം കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ അല്ലാഹു ചന്ദ്രനെ പിളര്‍ത്തി. ഒരു പിളര്‍പ്പ് ജബല്‍ ഖുബൈസിന്മേലും മറ്റേത് ജബല്‍ ഖഅ്‌യകആന്‍ (ജബല്‍ കര്‍ന്)മേലും വന്ന് അതിനിടയിലൂടെ ഹിറാ കാണുംവിധം അല്ലാഹു ദൃഷ്ടാന്തം നല്‍കി. നബി(സ) ആ സന്ദര്‍ഭത്തില്‍ മിനായിലായിരുന്നു. കൂടെയുള്ളവരോട് നബി(സ) പറഞ്ഞു: നിങ്ങള്‍ ഈ ദൃഷ്ടാന്തത്തിന് സാക്ഷ്യം വഹിക്കുവിന്‍.
അതാണ് അല്ലാഹു പറഞ്ഞത്: ”ആ അന്ത്യസമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞുകളയുകയും ഇത് നിന്നില്‍ നിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും” (ഖുര്‍ആന്‍ 54:1,2).
ഭക്ഷണം
അധികരിച്ചത്
നബി(സ)യുടെ പരിചാരകനായ അനസുബ്‌നു മാലികി (റ)ന്റെ മാതാപിതാക്കളായ അബൂത്വല്‍ഹ(റ), ഉമ്മുസുലൈം(റ) എന്നിവര്‍ നബി(സ)യുടെ വിശപ്പും ക്ഷീണവും മനസ്സിലാക്കി നബി(സ)ക്ക് ഏതാനും മാവ് കൊണ്ടു സല്‍ക്കാരം നടത്തി. നബി(സ)യാകട്ടെ തന്റെ അനുചരന്മാരോടൊപ്പം അബൂത്വല്‍ഹ(റ)-ഉമ്മുസുലൈം(റ) ദമ്പതികളുടെ വീട്ടില്‍ പ്രവേശിച്ചു. എല്ലാവര്‍ക്കും സല്‍ക്കാരത്തിനുള്ള വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ ആശങ്കയിലായി. നബി(സ) ഉമ്മുസുലൈമിനോടായി പറഞ്ഞു: ഉമ്മുസുൈലം, നീ ഉണ്ടാക്കിയ റൊട്ടി കൊണ്ടുവരൂ. ഉമ്മുസുലൈം ആ റൊട്ടി കൊണ്ടുവന്നു. എന്നിട്ടത് ചെറിയ തുണ്ടുകളായി മുറിക്കാന്‍ നബി(സ) നിര്‍ദേശിച്ചു. ഉമ്മുസുലൈം ഒരു ചെറിയ തോല്‍പ്പാത്രത്തിലുള്ളത് (നെയ്യോ തേനോ) ഞെക്കി പുറത്തെടുത്ത് റൊട്ടിയില്‍ പുരട്ടി. പിന്നീട് ആ ഭക്ഷണം മുമ്പില്‍ വെച്ചു. അല്ലാഹു ഉദ്ദേശിച്ച ചില വാക്കുകള്‍ റസൂല്‍(സ) ഉരുവിട്ടു. എന്നിട്ട് നബി(സ) പറഞ്ഞു: പത്തു പേര്‍ക്ക് അനുവാദം കൊടുക്കുക. അപ്പോള്‍ പത്തു പേര്‍ക്ക് അനുവാദം നല്‍കി. അതില്‍ നിന്ന് അവര്‍ വിശപ്പ് മാറുന്നതുവരെ ഭക്ഷണം കഴിച്ചു. ശേഷം പിന്നെയും പത്തുപേര്‍ക്ക് അനുവാദം കൊടുത്തു. അവരും വിശപ്പ് മാറുന്നതുവരെ കഴിച്ചു… അങ്ങനെ എഴുപതോ എണ്‍പതോ വരുന്ന ആളുകള്‍ മുഴുവനും വിശപ്പു മാറുവോളം ഭക്ഷണം കഴിച്ചു (ബുഖാരി 3578, മുസ്‌ലിം 2040).
വേറെയും ചില സന്ദര്‍ഭങ്ങളില്‍ നബി(സ)യുടെ പ്രാര്‍ഥനാഫലമായി ഇത്തരത്തില്‍ മുഅ്ജിസത്തുകള്‍ സംഭവിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അനുമതിയും നിര്‍ദേശവും ഉണ്ടെങ്കില്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. വിശപ്പും ദാഹവും അനുഭവിച്ച ഒട്ടേറെ ഘട്ടങ്ങളില്‍, വയറ്റത്ത് കല്ല് കെട്ടിവച്ചതും ഉറക്കമിളച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നതുമായ സാഹചര്യം നബി(സ)ക്കു തന്നെ ഉണ്ടായിട്ടുണ്ട്.
അല്ലാഹു പറയുന്നു: ”അവരോട് അവരിലേക്കുള്ള ദൈവദൂതന്മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര്‍ തന്നെയാണ്. എങ്കിലും അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്” (ഖുര്‍ആന്‍ 14:11).