27 Wednesday
March 2024
2024 March 27
1445 Ramadân 17

പ്രോപഗണ്ട സിനിമകളുടെ രാഷ്ട്രീയം

ഇജാസ് മുഹമ്മദ്

കേരളത്തെയും മുസ്‌ലിംകളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ പ്രോപഗണ്ട സിനിമ ‘കേരള സ്റ്റോറി’ ഇന്ത്യയില്‍ റിലീസ് ചെയ്തു. പ്രൊപഗണ്ട സിനിമകള്‍ ലോകത്ത് ഇതാദ്യമൊന്നുമല്ല. എല്ലാ കാലത്തും എല്ലാ രാഷ്ട്രീയ വിഭാഗത്തിനും അനുകൂലമായും പ്രതികൂലമായും സംസാരിക്കുന്ന സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ-വലതുപക്ഷ രാഷ്ട്രീയ സിനിമകളും തീവ്രചിന്താഗതി പേറുന്ന സിനിമകളും ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും ഇന്ന് ക്ലാസിക്കുകളുമാണ്. പക്ഷേ, 2014നു ശേഷം ഇന്ത്യന്‍ സിനിമാമേഖലയില്‍ നിര്‍മിക്കപ്പെട്ടതുപോലെയുള്ള മൂല്യശോഷണം സംഭവിച്ച പ്രോപഗണ്ട സിനിമകളുടെ ധാരാളിത്തം അതിനു മുമ്പുള്ള കാലങ്ങളില്‍ സംഭവിച്ചിട്ടില്ല.
കേരളത്തില്‍ നിന്നു 32,000 ഹിന്ദു സ്ത്രീകള്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും ഐ എസ് പോലുള്ള തീവ്രവാദ സംഘടനകളുടെ പോരാളികളും ലൈംഗിക അടിമകളും മറ്റുമായിത്തീര്‍ന്നു എന്നാണ് ഈ സിനിമയുടെ കാതല്‍. ഈ കണക്കു പ്രകാരം ഏറ്റവും കുറഞ്ഞത് രണ്ടു പേരെങ്കിലും കേരളത്തിലെ ഓരോ വാര്‍ഡില്‍ നിന്നു മതപരിവര്‍ത്തനം ചെയ്യപ്പെട്ട് തീവ്രവാദ സംഘടനകളിലേക്ക് എത്തിയിട്ടുണ്ടാകണം. അതായത് ഓരോ പഞ്ചായത്തിലും 34 പേര്‍. അത്തരത്തില്‍ ഒന്ന് നടന്നതായി പറയപ്പെടുന്ന, സര്‍ക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ രേഖകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമ പറയുന്ന ഫാക്റ്റ്‌സ് എവിടെ നിന്ന് ശേഖരിച്ചു എന്നു പറയാന്‍ നിര്‍മാതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഇതുപോലെ തന്നെയാണ് ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ ചെയ്തതും. ഒരുപക്ഷേ ഇതിലും ക്രൂരമായാണ് അവര്‍ ചരിത്രത്തെ വളച്ചൊടിച്ചത്. സര്‍ക്കാര്‍ പറയുന്ന 219 എന്ന മരണക്കണക്കോ, കശ്മീര്‍ പണ്ഡിറ്റ് സംഘര്‍ഷ് സമിതി പറയുന്ന 399 മുതല്‍ 650 വരെ എന്ന കണക്കോ, പനൂന്‍ കശ്മീര്‍ എന്ന സംഘടന നല്‍കുന്ന 1341 എന്ന കണക്കോ സിനിമയ്ക്ക് സ്വീകാര്യമല്ല. കൂട്ടപ്പലായനത്തെ കൂട്ടക്കുരുതിയാക്കാനുള്ള തീവ്രശ്രമത്തോടൊപ്പം തന്നെ കശ്മീര്‍ പണ്ഡിറ്റുകള്‍ക്കു നേരെ നടന്നത് 60 ലക്ഷത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ ഹോളകോസ്റ്റിന് സമാനമാണ് എന്നുകൂടി ചേര്‍ത്ത് മരണത്തിന്റെ വ്യാപ്തി കാഴ്ചക്കാരുടെ ഉള്ളില്‍ വലുതാക്കാനും സിനിമ ശ്രമിക്കുന്നുണ്ട്. സിനിമയുടെ രാഷ്ട്രീയം വ്യക്തമാകുന്ന ഒരു സന്ദര്‍ഭം 2003ല്‍ വാജ്‌പേയി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നടന്ന നദിമാര്‍ഗ് കൂട്ടക്കൊല, രാജീവ് ഗാന്ധിയെ പോലെ തോന്നിക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍ 1990കളുടെ തുടക്കത്തില്‍ നടന്നുവെന്ന് കാണിക്കുമ്പോഴാണ്. കേരളത്തെ പാകിസ്താനിലേക്ക് കയറ്റിയയക്കാനുള്ള ശ്രമം തുടങ്ങിയിട്ട് നാള്‍ കുറേയായി. അതിന്റെ ഭാഗം തന്നെയാണ് ഇപ്പോള്‍ വരുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x