15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

സാമൂഹ്യ നവോഥാനത്തിന് കരുത്ത് പകര്‍ന്ന കര്‍മയോഗി

സി പി ഉമര്‍ സുല്ലമി


നിശ്ശബ്ദമായ പ്രവര്‍ത്തനങ്ങളിലൂടെ കാലത്തിനു മുന്നില്‍ നടന്ന അപൂര്‍വം കര്‍മയോഗികളില്‍ ഒരാളായിരുന്നു അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ പ്രഫ. കെ എ സിദ്ദീഖ് ഹസന്‍ സാഹിബ്. മതപ്രബോധന രംഗത്തും സാമൂഹിക പരിഷ്‌കരണ മേഖലകളിലും ദീര്‍ഘകാലത്തെ ആത്മബന്ധമാണ് അദ്ദേഹവുമായുള്ളത്.
ഒരു പ്രസ്ഥാനത്തിന്റെ അമരത്ത് നിന്ന് ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം നിര്‍വഹിക്കുമ്പോഴും സര്‍വ മനുഷ്യര്‍ക്കും സ്‌നേഹവും സൗഹൃദവും പകര്‍ന്ന് അവരില്‍ ഒരാളായി ജീവിച്ച് മാതൃക കാണിച്ച വ്യക്തിത്വം. മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്തമായ പദ്ധതികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പുകളും. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്ത് ദേശീയതലത്തില്‍ ഇത്രയേറെ ശ്രദ്ധ നേടിയ, സേവനം ആരാധനയാക്കിയ വ്യക്തിത്വങ്ങളില്‍ സിദ്ദീഖ് ഹസന്‍ സാഹിബ് എന്നും മുന്നിയില്‍ തന്നെയായിരുന്നു. മുസ്‌ലിം സമൂഹത്തെ പ്രത്യേകിച്ചും മനുഷ്യരെ പൊതുവിലും ചേര്‍ത്ത് പിടിച്ചും ഉയര്‍ത്തിയെടുത്തും കര്‍മവസന്തം തീര്‍ത്ത വ്യക്തിയായിരുന്നു അദ്ദേഹം. അസാധ്യമെന്ന് പൊതുവില്‍ കരുതാവുന്ന പല പരിഷ്‌കരണ പദ്ധതികളും അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വത്തില്‍ സുസാധ്യമാക്കിയെടുത്തതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. മാധ്യമം ദിനപത്രം, ബൈത്തുസ്സകാത്ത് കേരള, സിജി, മലപ്പുറം വാഴയൂരിലെ സാഫി സ്ഥാപനങ്ങള്‍ എന്നീ ബൃഹത് സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയുടെ സദ്ഫലങ്ങളാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അശരണര്‍ക്ക് അത്താണിയായി വര്‍ത്തിക്കുന്ന വിഷന്‍ 2016, 2026 പദ്ധതികളും അദ്ദേഹത്തിന്റെ ആലോചനയുടെ ആവിഷ്‌കാരങ്ങളാണ്. അതിരുകളില്ലാത്ത ആത്മവിശ്വാസം കൊണ്ടും ഇളക്കം തട്ടാത്ത ഇഛാശക്തി കൊണ്ടും മുസ്‌ലിം കൈരളിക്ക് നവോഥാനത്തിന്റെ നല്ല അധ്യായം പകര്‍ന്ന് നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമായി. അവയില്‍ മിക്കതും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ചതും അദ്ദേഹം തന്നെ.
കേവലം സംഘടനാ യോഗങ്ങളിലെ അജണ്ടകളില്‍ പരിമിതപ്പെടാതെ, പഠനവും പരിശീലനവും പ്രായോഗിക വഴികളും ചിട്ടയൊപ്പിച്ച് കോര്‍ത്തെടുത്ത പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പുകളും. മലയാളിയുടെ മുമ്പില്‍ അത്തരം ഒട്ടേറെ തെളിവുകള്‍ വിട്ടേച്ച് കൊണ്ടാണ് അദ്ദേഹം പോയത്. രാജ്യതലസ്ഥാനത്ത് എത്തുന്ന വിദ്യാര്‍ഥികള്‍, മലയാളി നേതാക്കള്‍, എല്ലാവര്‍ക്കും ‘ഇറക്കി വെക്കാനും ഇറങ്ങിച്ചെല്ലാനും’ ഒരിടം തീര്‍ത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാട് (വിഷന്‍) ആ നേതാവിനെ വ്യതിരിക്തമാക്കുന്നു.
കക്ഷി വ്യത്യാസങ്ങളും ആദര്‍ശ നിലപാടുകളിലെ വൈവിധ്യങ്ങളും സൗഹൃദ സഹവര്‍ത്തിത്വങ്ങളിലോ സ്‌നേഹ സേവനങ്ങളിലോ ദര്‍ശിക്കാനായില്ലെന്നത് വലിയൊരു സവിശേഷതയാണ്. ഇന്ന് കാലം തേടുന്നതും ഇത്തരമൊരു സഹിഷ്ണുതാ സഹവര്‍ത്തിത്വമാണ്. പ്രതിഭയും കഴിവുകളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതും അംഗീകരിക്കുന്നതും വര്‍ധിക്കേണ്ടത് എല്ലാവര്‍ക്കും നന്മ നല്‍കും. സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളില്‍ തന്റേതായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഒട്ടേറെ യോഗങ്ങളില്‍ അക്കാര്യം നേര്‍ക്കുനേരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
കേവലം സേവന കര്‍മ മേഖലകളില്‍ മാത്രമായിരുന്നില്ല, മറിച്ച് അണമുറിയാത്ത വിജ്ഞാന മികവും പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കോളജ് അധ്യാപകനായി തുടങ്ങിയ ഔദ്യോഗിക ജീവിതം അക്കാര്യം തെളിയിക്കുന്നു. എഴുത്തുകാരനും അധ്യാപകനും പത്രപ്രവര്‍ത്തകനും പണ്ഡിതനുമായും പകരക്കാരനില്ലാത്ത പിന്‍മടക്കമാണ് സിദ്ദീഖ് ഹസന്‍ സാഹിബിന്റെ വിയോഗം. വലിയ കര്‍മയോഗിയിലൂടെ നമുക്ക് നഷ്ടമായിത്തീരുന്നതിന് നാഥന്‍ പകരക്കാരനെ നല്‍കട്ടെ.
പണ്ഡിതന്മാരുടെ വിയോഗവും ദൈവിക വിധിയുടെ താല്പര്യമാണല്ലോ. എന്നാല്‍ പകരക്കാരനില്ലാതാവുന്ന വൈജ്ഞാനിക വിയോഗം, മുസ്‌ലിം സമുദായം അര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്. പരിഹാരങ്ങള്‍ക്കായി കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതും ഉണ്ട്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ വിയോഗം വഴി ജമാഅത്ത് പ്രസ്ഥാനങ്ങള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടായ ദുഖത്തില്‍ പങ്കു ചേരുകയും അദ്ദേഹത്തിന്റെ സ്വര്‍ഗ പ്രവേശത്തിനായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നാഥന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x