25 Thursday
July 2024
2024 July 25
1446 Mouharrem 18

ലിബറലിസം വിതയ്ക്കുന്ന പ്രശ്‌നങ്ങള്‍

മുഹമ്മദ് ഹിജാബ്‌


മറ്റ് പല വിചാരധാരകളെയും പോലെ ലിബറലിസവും പല രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും നിലനിന്നിട്ടുണ്ട്. അവയില്‍ പലതിനും പരസ്പര വിരുദ്ധമായ ആരംഭങ്ങള്‍ ഉള്ളതായി മനസിലാക്കിയിട്ടുണ്ട്. ഇന്ന് ലിബറല്‍ ഡെമോക്രസി എന്ന സംജ്ഞ ലിബറല്‍ എന്നവകാശപ്പെടുന്ന മിക്കവാറും എല്ലാ രാഷ്ട്രീയ സംവിധാനങ്ങളെയും കുറിക്കാന്‍ ഉപയോഗിച്ചു വരുന്നു. എന്നാല്‍ ലിബറല്‍ അല്ലാത്ത ജനാധിപത്യരാഷ്ട്രങ്ങളും ജനാധിപത്യപരമല്ലാത്ത ലിബറല്‍ രാഷ്ട്രങ്ങളും പരികല്പനാതീതവുമല്ല. ഇതിന് ഉദാഹരണം തേടി ചരിത്രത്തില്‍ ഏറെയൊന്നും പിന്നോട്ട് പോകേണ്ടതില്ല. കാരണം കൊളോണിയലിസം തുടങ്ങിയ കാലം മുതല്‍ക്കേ അതിനൊപ്പം തന്നെ നിലനിന്നിരുന്നതാണ് ലിബറലിസം.
അതിലേറെ ഞെട്ടിപ്പിക്കുന്നത് എന്തെന്നാല്‍, ലിബറല്‍ രാഷ്ട്രങ്ങള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഫ്രാന്‍സിലും അമേരിക്കന്‍ ഐക്യനാടുകളിലും അടിമത്തം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വ്യവസ്ഥാപിതമായ രീതിയില്‍ നിലനിന്നിരുന്നു എന്നതാണ്. ഇത് ലിബറലിസത്തിന് എതിരായ വാദമല്ല, മറിച്ച് അത് ചരിത്രത്തിലുടനീളം പ്രവര്‍ത്തിച്ചിരുന്നത് എങ്ങനെ എന്നതിനെപ്പറ്റി ഉള്‍ക്കാഴ്ച നല്‍കുന്ന ചരിത്ര വായനയാണിത് എന്ന് വ്യക്തമാക്കട്ടെ. ലിബറലിസം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നും ലിബറല്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയക്കാര്‍ എങ്ങനെ അതിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കാം എന്നതും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. പല തലങ്ങളിലും മതത്തെ പോലെയാണ് ലിബറലിസവും പ്രാവര്‍ത്തികമാക്കപ്പെടുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.
ലിബറല്‍ എന്ന് സ്വയം കരുതുന്ന ആളുകള്‍ പൊതുവെ ആവിഷ്‌കാര സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം എന്നിവയില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ്. പ്രാചീന മനുഷ്യര്‍ സിയൂസിലും അഥീനയിലും വിശ്വസിച്ചിരുന്ന പോലെയോ പിന്നീടുള്ളവര്‍ രാമനെയോ ബുദ്ധനെയോ വിശ്വസിച്ചിരുന്നതു പോലെയോ ഒക്കെത്തന്നെ. സ്വന്തം യുക്തിബോധം ഉപയോഗിച്ച് ലിബറലിസത്തിന്റെ സിദ്ധാന്തങ്ങള്‍ വിശദീകരിച്ച അതിന്റെ ആദ്യകാല ചിന്തകരാണ് അത് ഏറ്റവും നന്നായി മനസിലാക്കിയിരിക്കുക. ഒരു രാഷ്ട്രീയ ദര്‍ശനം സ്വീകരിക്കാനോ തള്ളിക്കളയാനോ നിശ്ചയിച്ചിരിക്കുന്നിടത്തോളം സമൂഹത്തെയും പരിഗണിക്കേണ്ടത് പ്രധാനമാണ്.
ലിബറലിസത്തെ സംബന്ധിച്ച ആശയങ്ങള്‍ പകര്‍ന്നു തരുന്ന ഈ ചിന്തകര്‍ ആരൊക്കെയാണ്? ഈ ചോദ്യത്തിനുത്തരമായി ലിബറലിസത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ലാത്തവരെ ഒഴിവാക്കുന്ന ഒരു പരിപാടി കൂടി വേണ്ടതുണ്ട്. ഈ പ്രക്രിയയില്‍ ആദ്യത്തെ തത്വം പ്രസ്തുത ചിന്തകന്റെ ലിബറലിസത്തെ ചൂഴ്ന്നു കൊണ്ട് വിവാദങ്ങള്‍ ഒന്നും തന്നെ, അല്ലെങ്കില്‍ അധികമായി ഉണ്ടാവരുത് എന്നതാണ്. ഈ തത്വമനുസരിച്ചു നമ്മുടെ പട്ടികയില്‍ നിന്ന് തോമസ് ഹോബ്‌സിനെ ഒഴിവാക്കിയിരിക്കുന്നു. കാരണം അദ്ദേഹത്തെ ഏതളവ് വരെ ഒരു ലിബറല്‍ ചിന്തകനായി കണക്കാക്കാം എന്നത് സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ ഗണ്യമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
രണ്ടാമത്തെ തത്വം ഒരു ചിന്തകന് സ്വന്തം സമൂഹത്തിലുള്ള ജനപ്രിയത അയാളുടെ അക്കാദമിക മികവിനെ സൂചിപ്പിക്കുന്നില്ല എന്നതാണ്. ചിന്തകരെ തെരഞ്ഞെടുക്കാനുള്ള രീതി വേറിട്ടൊരു തത്വമായി തന്നെയോ രണ്ടാമത്തെ തത്വത്തിന്റെ ഭാഗമായോ ചേര്‍ക്കാവുന്നതാണ്. മൂന്നാമത്തെ തത്വമനുസരിച്ചു ചിന്തകന്‍ ഇനി പറയുന്ന മൂന്നില്‍ ഒരു ഗണത്തില്‍ പെടുന്നയാളായിരിക്കണം. ഒന്നാമത്തെ ഗണത്തില്‍ ദര്‍ശനത്തിന്റെ പ്രയോക്താക്കളായ ചിന്തകരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലിബറലിസത്തിന്റെ കാര്യത്തില്‍ ജോണ്‍ ലോക്ക്, ചാള്‍സ് ദ് മോന്റെസ്‌ക്യു എന്നിവരെ ഇതില്‍ ഉള്‍പ്പെടുത്തണം എന്ന് വാദിക്കാന്‍ ശക്തമായ കാരണങ്ങളുണ്ട്.
രണ്ടാമത്തെ ഗണത്തില്‍ ദര്‍ശനത്തെ പു്‌ന:സ്ഥാപിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്ത ചിന്തകരാണ് ഉള്‍പ്പെടുന്നത്. ലിബറലിസത്തെ പുനര്‍നിര്‍മിച്ച ചിന്തകരില്‍ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ പരിഷ്‌കരണങ്ങള്‍ ലിബറലിസത്തിനകത്തു തന്നെയുള്ള ചര്‍ച്ചകളില്‍ ഏറെ പ്രധാനമായിത്തീര്‍ന്നിട്ടുണ്ട്. മൂന്നാമത്തെ ഗണത്തില്‍ പെടുന്ന ചിന്തകരെ മുഖ്യമായ സംഭാവനകള്‍ നല്‍കിയവരായി കണക്കാക്കുന്നു. ലിബറലിസത്തിന്റെ ഉദാഹരണമെടുത്താല്‍ ജോണ്‍ റൗള്‍സ് ഇതില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്താപരമായ വ്യവഹാരങ്ങളില്‍ ഏറെ പ്രസക്തമായിരുന്നു.
വിമര്‍ശന ബുദ്ധിയോടെ ചിന്തിച്ചാല്‍ ഒരു വ്യക്തിയെ ദാര്‍ശനികനോ ചിന്തകനോ സൈദ്ധാന്തികനോ ആയി കണക്കാക്കുന്നതിന് കാരണം സമൂഹത്തിലെ വലിയൊരളവ് ആളുകള്‍ അവരെ അങ്ങനെ മുദ്രകുത്തുന്നതുകൊണ്ട് മാത്രമാണ് എന്ന് വാദിക്കാവുന്നതാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ജോണ്‍ ലോക്കിനെ അക്കാദമികേതര പൊതുസമൂഹം അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ തത്വചിന്തകനായി അംഗീകരിച്ചിരുന്നില്ലെങ്കില്‍, അത് സാമൂഹികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഏത് കാരണം കൊണ്ടുമാവട്ടെ, ജോണ്‍ ലോക്കിനെ പൊളിറ്റിക്കല്‍ ലിബറലിസത്തിന്റെ പിതാവെന്നു തന്നെയല്ല തത്വചിന്തകനായിപ്പോലും പരിഗണിച്ചേക്കില്ല.
പണ്ഡിതരല്ലാത്തവരാണ് ഒരു പഠന വിഷയത്തില്‍ ആരെയൊക്കെ പണ്ഡിതരായി, വിദഗ്ധരായി പരിഗണിക്കണം എന്ന് നിശ്ചയിക്കുന്നത് എന്നത് ഒരു വൈരുധ്യമായി തോന്നിയേക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത് പ്രശ്‌ന വിഷയമാണ്. വിവേചന രഹിതമായ സമൂഹമല്ല എങ്കില്‍ ചൂഷിത വര്‍ഗത്തില്‍നിന്നുള്ളവര്‍ എത്ര തന്നെ കഴിവുള്ളവരായാലും സമൂഹത്തിനു വേണ്ടി സംഭാവനകള്‍ ചെയ്തവരായാലും അവരെ ഒരിക്കലും പണ്ഡിതരായി പരിഗണിച്ചേക്കില്ല. രണ്ടാമത്തെ പ്രശ്‌നം ഒരു സൈദ്ധാന്തികന് പൂര്‍ണമായും യുക്തിസഹമല്ലാത്ത, എന്നാല്‍ അജ്ഞരായ ജനസമൂഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ പറ്റിയ ഒരു സിദ്ധാന്തം മുന്നോട്ടുവെക്കാന്‍ ആയെന്ന് വരാം. ജനാധിപത്യത്തിനെതിരായ തന്റെ വാദത്തില്‍ പ്ലാറ്റോ ഈ രണ്ടാമത്തെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
മൂന്നാമതായി സര്‍വകലാശാലകളും പാര്‍ലമെന്റും പോലുള്ള സ്ഥാപനങ്ങള്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാരണങ്ങള്‍ കൊണ്ട് പ്രത്യേക പ്രത്യയശാസ്ത്ര ചട്ടക്കൂടുകള്‍ക്കുള്ളില്‍ മാത്രം തത്വചിന്താപരമായ വ്യവഹാരങ്ങള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തേക്കാം. മിക്ക സന്ദര്‍ഭങ്ങളിലും ഇത് ഒഴിവാക്കാനാവില്ല.
ലിബറലിസത്തെ മൂന്നു വിഭാഗങ്ങളാക്കി തിരിക്കാം. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം എന്നിങ്ങനെ. സാമ്പത്തികമായ ലിബറലിസവും പ്രസക്തമാണെങ്കിലും സാമ്പത്തികശാസ്ത്രത്തിന്റെ വിശദാംശങ്ങളിലേക്ക് നമ്മള്‍ പോകുന്നില്ല. ലിബറലിസത്തിന്റെ പ്രധാന തത്വങ്ങള്‍ ജോണ്‍ ലോക്ക് തന്റെ പ്രശസ്തമായ Second Treaties of Government ല്‍ ചുരുക്കി പറയുന്നുണ്ട്: ‘മനുഷ്യരെല്ലാം തുല്യരും സ്വതന്ത്രരുമാണ്. ഒരാളും മറ്റൊരാളുടെ ജീവനോ ആരോഗ്യത്തിനോ സ്വാതന്ത്ര്യത്തിനോ സ്വത്തിനോ അപകടം വരുത്താന്‍ പാടില്ല’. അമേരിക്കയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിലും സമാനമായ വാക്കുകള്‍ കാണാം: ‘മനുഷ്യരെല്ലാം സമന്മാരായാണ് സൃഷ്ടിക്കപ്പെട്ടതെന്നും സ്രഷ്ടാവ് അവര്‍ക്കെല്ലാം ജീവനും സ്വാതന്ത്ര്യവും ആനന്ദം കണ്ടെത്താനുമുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെ ചില പ്രത്യേക അവകാശങ്ങള്‍ നല്‍കി അനുഗ്രഹിച്ചിട്ടുണ്ടെന്നും ഉള്ള വസ്തുതകള്‍ എടുത്തുപറയേണ്ടതില്ലാത്ത വിധം വ്യക്തമാണ്’.
മൂന്ന് ദാര്‍ശനികരുടെ കൃതികളാണ് പ്രധാനമായും ഇവിടെ പരിഗണനക്കെടുക്കുന്നത്: സ്ഥാപകന്റെ, പുനരുജ്ജീവിപ്പിച്ചയാളുടെ, മുഖ്യ സംഭാവനകള്‍ നല്‍കിയ ആളുടെ എന്നിങ്ങനെ. തുടര്‍ന്ന് വന്നവര്‍ക്കെല്ലാമായി ലിബറലിസത്തിന് ജ്ഞാനശാസ്ത്രപരമായ അടിത്തറയിട്ടതിനാല്‍ ജോണ്‍ ലോക്കിനെ ആധുനിക ലിബറലിസത്തിന്റെ സ്ഥാപക പിതാവായി കണക്കാക്കുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ മുതലായ രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥാപനങ്ങളില്‍ ലോക്കിന് ഏറ്റവും അധികം സ്വാധീനം ചെലുത്താനായി എന്ന് പറയാം. ലോക്ക് നിജപ്പെടുത്തിയ ജ്ഞാനശാസ്ത്രപരമായ നിബന്ധനകളും പ്രാഥമിക തത്വങ്ങളും മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശദമായി മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്.
ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ സാമൂഹികതലത്തിലും അക്കാദമികതലത്തിലും ലിബറലിസത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചതിനാല്‍ അദ്ദേഹത്തെ ലിബറലിസത്തെ നവീകരിച്ചയാളായി കണക്കാക്കുന്നു. ലിബറലിസത്തോട് ബന്ധപ്പെട്ട പല പ്രയോഗങ്ങളും വാക്യങ്ങളും മില്ലിന്റെ കൃതികളിലും കാണാവുന്നതാണ്. ഫെമിനിസത്തിന്റെ ഒന്നും രണ്ടും തരംഗങ്ങള്‍ക്ക് മുന്നോടിയായുള്ള സാര്‍വലൗകിക വോട്ടവകാശവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍ കാരണം അദ്ദേഹത്തെ പുരോഗമനവാദിയായി കണക്കാക്കാറുണ്ട്. അവസാനമായി ജോണ്‍ റൗള്‍സ്, തീര്‍ച്ചയായും അദ്ദേഹം ലിബറലിസത്തിന്റെ മുഖ്യ പ്രയോക്താക്കളില്‍ ഒരുവനാണ്. കാരണം ഈ പ്രത്യയശാസ്ത്രത്തിനായി വാദിക്കുമ്പോള്‍ ചിന്താപരീക്ഷണങ്ങള്‍ ഉപയോഗിച്ചിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടില്‍ അക്കാദമിക വൃത്തങ്ങളില്‍ ലിബറല്‍ പണ്ഡിത്യത്തിന്റെ പ്രയോക്താക്കളില്‍ ഏറ്റവും അധികം പരാമര്‍ശിക്കപ്പെടുന്നത് റൗള്‍സ് ആയിരുന്നു.

ജോണ്‍ ലോക്ക്
പ്രകടമായ പൊരുത്തമില്ലായ്മയെ ചൊല്ലി ലോക്കിന്റെ ദര്‍ശനത്തെ വിമര്‍ശിക്കാറുണ്ട്. ജെറോം ബി ഷ്‌നീവിന്ദ് ഈ വിമര്‍ശനം ഇങ്ങനെ സംക്ഷേപിച്ചു പറയുന്നു. ‘ലോക്കിന്റെ പരാജയങ്ങള്‍ ചിലപ്പോള്‍ വിജയങ്ങളുടെ അത്ര തന്നെ പ്രസക്തമാണ്. ധാര്‍മികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഉദാഹരണമാണ്.’ ലോക്കിന്റെ ജ്ഞാനശാസ്ത്രത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ഉപന്യാസം വായിച്ചാല്‍ ലോക്ക് ജ്ഞാനസമ്പാദനത്തിനായി ഇന്ദ്രിയജന്യമായ അനുഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നതായി കാണാം. മാത്രമല്ല ലോക്ക് മതാധിഷ്ഠിതമായ നിയമ ധാര്‍മികതയില്‍ വിശ്വസിച്ചിരുന്നതായും വിവരിക്കപ്പെടുന്നു. ലോക്കിനെ ഇരുപതാം നൂറ്റാണ്ടിലെസയുക്തിക അനുഭവസത്താ വാദികളില്‍ നിന്ന് വ്യതിരിക്തനാക്കുന്നത് അദ്ദേഹത്തിന്റെ ചില സന്ദര്‍ഭങ്ങളിലെങ്കിലും ‘മനസിലെ ആശയങ്ങള്‍’ യഥാര്‍ഥമോ സത്യമോ ആയി തള്ളിക്കളയാതിരിക്കലാണ്. ലോക്ക് പറയുന്നത്, ‘മനസ് അതിന്റെ ആശയങ്ങളിലൊന്നിനെ അതിന് പുറമെയുള്ളതുമായി ബന്ധപ്പെടുത്തുമ്പോള്‍ ആ ആശയം സത്യമോ അസത്യമോ ആവാന്‍ സാധ്യത വരുന്നു. കാരണം അങ്ങനെ ബന്ധപ്പെടുത്തുമ്പോള്‍ മനസ് ആ ആശയത്തെ മനസ്സിന് ബാഹ്യമായതുമായി ചേര്‍ന്നു പോകുന്നതായി അനുമാനിക്കുന്നുണ്ട്.’
എന്നാല്‍ സത്യമെന്നോ അസത്യമെന്നോ കല്‍പിക്കാവുന്ന ആശയങ്ങള്‍ നമ്മുടെ മനസിലുണ്ടാവാം എന്ന് പറയുമ്പോള്‍ പക്ഷെ ലോക്ക് ആ ആശയങ്ങള്‍ സ്വയമേവ സത്യമോ അസത്യമോ ആവാം എന്ന് പറയുന്നില്ല. ഇത്രയും പറഞ്ഞു നിര്‍ത്തിയിരുന്നെങ്കില്‍ ലോക്കിന്റെ ആശയങ്ങള്‍ സ്ഥിരതയും തുടര്‍ച്ചയുമുള്ളതായേനെ. എന്നാല്‍ അദ്ദേഹം ഇങ്ങനെ തുടര്‍ന്നു പറയുന്നു. ‘ധാര്‍മികത എന്നത് പ്രകടനപരത ഉള്ളതാണ്, ഗണിതം പോലെ തന്നെ. ധാര്‍മികത സംബന്ധിച്ച പദങ്ങള്‍ കുറിക്കുന്ന കാര്യങ്ങളുടെ കൃത്യമായ അന്തസ്സത്ത നല്ലവണ്ണം അറിയുന്നതായിരിക്കാം. അതുകൊണ്ട് ആ കാര്യങ്ങള്‍ തമ്മിലുള്ള യോജിപ്പോ യോജിപ്പില്ലായ്മയോ തീര്‍ച്ചയായും കണ്ടെത്തിയേക്കും, അതിലാണ് പൂര്‍ണമായ ജ്ഞാനം അടങ്ങിയിരിക്കുന്നത്.’
ഇവിടെ വ്യക്തമായൊരു പ്രശ്‌നം എന്തെന്നാല്‍ അതിഭൗതിക ഭാഷയായ ഗണിതം ഭൗതിക ലോകത്തില്‍, യഥാര്‍ഥ ലോകത്തില്‍ നിലനില്‍ക്കുന്നു എന്ന് അനുഭവവേദ്യമായ രീതിയില്‍ പറയാനാവില്ല എന്നതാണ്. അങ്ങനെ, ലോക്കിന്റെ പ്രകടമായ അനുഭവവാദം അദ്ദേഹത്തിന്റെ (കാര്‍ട്ടീഷ്യന്‍ അര്‍ഥത്തില്‍) യുക്തിസഹമാവാനുള്ള ശ്രമങ്ങള്‍ക്ക് വിരുദ്ധമായി പ്രകടിപ്പിക്കാനാവുന്ന ഒരു ധാര്‍മികത ഉണ്ട് എന്ന് അനുമാനിക്കുന്നു. ലോക്ക് ദൈവശാസ്ത്രവും ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ധാരാളമായുപയോഗിച്ച് തന്റെ ജ്ഞാനശാസ്ത്ര സമസ്യക്ക് പോംവഴി കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് ‘ഇന്ദ്രിയാനുഭവങ്ങള്‍ കാണിക്കുന്ന വഴിയിലൂടെ യുക്തിക്ക് നമ്മെ നമുക്കുപരിയായുള്ള ഒരു നിയന്താവിലേക്ക്, അല്ലെങ്കില്‍ ഒരു പരമ ശക്തിയിലേക്കുള്ള അറിവിലേക്ക് നയിക്കാനാവും’ എന്ന് പറയുന്നതില്‍ ശ്രദ്ധേയമാണ്.

ഈ യാഥാര്‍ഥ്യം തിരിച്ചറിയാനായി ദൈവം മനുഷ്യന് നല്‍കിയ കഴിവിന്റെ ഫലമാണ് ലോക്കിന്റെ അഭിപ്രായത്തില്‍ നാം മുഖവിലക്കെടുക്കുന്ന ധാര്‍മിക മൂല്യങ്ങ ള്‍.ദൈവം അനുഭവവാദത്തിന്റെ അടിസ്ഥാനപരമായ അനുമാനങ്ങള്‍ക്ക് പ്രകടമായും വിരുദ്ധമാണെന്നതിനാല്‍ ഇത് അദ്ദേഹത്തിന്റെ ഉപന്യാസത്തില്‍ മറ്റിടങ്ങളിലെല്ലാം അനുഭവവാദത്തിന് നല്‍കുന്ന ഊന്നലിനു എതിരാണ്. ലോക്കിന്റെ ധാര്‍മികവും ജ്ഞാനശാസ്ത്രപരവുമായ ന്യായങ്ങള്‍ക്ക് മറ്റൊരു തലത്തില്‍ വൈരുധ്യമാവുന്നുണ്ട് അദ്ദേഹത്തിന്റെ വലറീിശേെശര ാീൃമഹശ്യേ. ധാര്‍മികത സാക്ഷാത്കരിക്കുന്നതിന് ആനന്ദം അല്ലെങ്കില്‍ വേദന, അഥവാ ആനന്ദമോ വേദനയോ ഉളവാക്കുന്ന അവസരങ്ങള്‍ മാത്രമേ പ്രധാനമായുള്ളൂ എന്ന് ലോക്ക് അഭിപ്രായപ്പെടുന്നു.
ലളിതയൊരു ചോദ്യം അപ്പോള്‍ അവശേഷിക്കുന്നു: ദൈവത്തിന്റെ ധാര്‍മികത നമ്മെ ഹെഡോണിസത്തിലേക്ക് നയിക്കുമെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാവും? മനുഷ്യര്‍ക്ക് ആനന്ദവും വേദനയും അനുഭവിക്കാനാവും എന്ന വസ്തുത ദൈവം നമുക്ക് അവയെ സ്വയമേവ വ്യക്തമായ ധാര്‍മികതയായി തിരിച്ചറിയാനുള്ള കഴിവ് നല്‍കി എന്നതിന് തെളിവാണോ? അങ്ങനെയെങ്കില്‍ ഇന്ദ്രിയാനുഭൂതികള്‍ വഴി അക്കാര്യം എങ്ങനെ അനുഭവത്തില്‍ തെളിയിക്കാനാവും? ഈ വക ചോദ്യങ്ങള്‍ ലോക്കിന്റെ തത്വചിന്താപദ്ധതി ഉള്‍ക്കൊള്ളാനാവാത്ത തത്വചിന്തകര്‍ വിമര്‍ശനമായി ഉന്നയിക്കുന്നു.
പ്രധാന ചോദ്യം ഈ വിമര്‍ശനങ്ങള്‍ ലിബറലിസത്തെ പൊതുവായി എങ്ങനെ ബാധിക്കുന്നു എന്നായിരിക്കും. ലോക്കിന്റെ ആദ്യ സിദ്ധാന്തങ്ങള്‍ വ്യക്തമായും വൈരുധ്യങ്ങളുള്ളതാണെങ്കില്‍ – അങ്ങനെയാണെന്ന് നമ്മള്‍ ഇപ്പോള്‍ കാണിച്ചുവല്ലോ – നമുക്ക് അദ്ദേഹത്തിന്റെ ഭരണസംവിധാനം, വ്യവസ്ഥ ഒട്ടാകെ ചേര്‍ച്ചയില്ലാത്ത ധാര്‍മികതാ ന്യായങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയതാണെന്ന അനുമാനത്തില്‍ എത്താനാവുമോ? കൂടാതെ ലോക്കിന്റെ ആദ്യ തത്വങ്ങള്‍ ഇടപെടലുകള്‍ നടത്തുന്ന ഒരു ദൈവത്തിന്റെ അസ്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയായതിനാല്‍ ലിബറലിസത്തെ ആദിമധ്യാന്തപൊരുത്തമുള്ള ദര്‍ശനമായി നിലനിര്‍ത്താനായി അവക്ക് പകരമായി നിരീശ്വരവാദികളായ ലിബറലുകള്‍ എന്താവും സ്വീകരിക്കുക? പ്രത്യേകിച്ചും ലോക്കിന്റെ ലിബറല്‍ സമൂഹം നിരീശ്വരവാദം അംഗീകരിക്കില്ല എന്നതു കണക്കിലെടുക്കുമ്പോള്‍.
സ്വാഭാവിക നിയമത്തെയും തുല്യതയെയും സംബന്ധിക്കുന്ന ചര്‍ച്ചയില്‍ ലോക്കിന്റെ ഒരു പ്രധാന വാദം കണക്കിലെടുക്കുമ്പോള്‍ ചിത്രം കൂടുതല്‍ സങ്കീര്‍ണമാവുന്നു. ഈ ചര്‍ച്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ ട്രീറ്റിസിന്റെ ദ് സ്റ്റേറ്റ് ഓഫ് നേച്ചര്‍ എന്ന അധ്യായത്തില്‍ കാണാം. തുല്യരായി ജനിച്ചു എന്ന പരാമര്‍ശം (അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ നിന്നുള്ള മറ്റൊരു പ്രസിദ്ധമായ ഉദ്ധരണി) ലോക്കിന്റെ ദര്‍ശനത്തിന്റെ കേന്ദ്രമാണ്. രാജാക്കന്മാരുടെ ദൈവദത്തമായ അധികാരത്തിനായി വാദിക്കുന്ന റോബര്‍ട്ട് ഫില്മറുടെ നിലപാടിനെ എതിര്‍ത്തു കൊണ്ട് ലോക്ക് വേദാധിഷ്ഠിതമായ വാദങ്ങളുയര്‍ത്തി അടിമത്തെ എതിര്‍ക്കുകയും തുല്യതക്കായി വാദിക്കുകയും ചെയ്തു.
മനുഷ്യര്‍ സ്വാഭാവേന മറ്റൊരുവന്റെയും തീരുമാനമനുസരിച്ചല്ലാതെ തങ്ങളുടെ പ്രവര്‍ത്തികള്‍ നിശ്ചയിക്കുന്നതിനും സ്വത്തുക്കളും മറ്റും തങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ പ്രകൃതിനിയമങ്ങള്‍ക്ക് അനുസൃതമായി കൈകാര്യം ചെയുന്നതിനും പൂര്‍ണസ്വാതന്ത്ര്യമുള്ളവരാണെന്ന് ലോക്ക് നിരീക്ഷിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലോക്കിന്റെ സംവാദം നിര്‍ദേശാത്മകം എന്നതിലുപരി വിവരണാത്മകമാണ്.കാരണം ഇങ്ങനെയാവണം കാര്യങ്ങള്‍ എന്നല്ല, ഇങ്ങനെയാണ് കാര്യങ്ങള്‍ എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ലോക്ക് ഈ നിഗമനത്തില്‍ എങ്ങനെ എത്തിയെന്നും അദ്ദേഹത്തിന്റെ ഈ സിദ്ധാന്തത്തോട് നിയതിവാദം(Determinism) എങ്ങനെ ചേര്‍ന്നുപോകുമെന്നും തീര്‍ത്തും ദാര്‍ശനികമായ കാഴ്ചപ്പാടില്‍ ചോദിക്കാവുന്നതാണ്.
മനുഷ്യര്‍ നിശ്ചിതമോ അല്ലാത്തതോ ആയ ബലങ്ങളുടെ നിര്‍ബന്ധമില്ലാതെ തീര്‍ത്തും സ്വാശ്രയനാണ്. ഇതെങ്ങനെ തെളിയിക്കാനാവും? ഇവയില്‍ ഏതെങ്കിലും തീര്‍ച്ചപ്പെടുത്താന്‍ പറ്റിയ ഒരു സംവിധാനം നല്‍കാനെങ്കിലും ലോക്ക് ശ്രമിച്ചിട്ടുണ്ടോ? ഇവക്കെല്ലാമുള്ള ഉത്തരവും വ്യക്തമാണ്. ലോക്ക് സമത്വം എന്നതിനെ നിര്‍വചിക്കുന്നത് ‘എല്ലാ അധികാരവും നിയമനിര്‍വഹണവും പരസ്പരപൂരകമായ, ഒരാള്‍ക്കും മറ്റൊരാളേക്കാള്‍ കൂടുതല്‍ ഇല്ലാത്ത, ഒരേ ജീവിവര്‍ഗത്തില്‍ പെടുന്ന, പ്രകൃതിയുടെ എല്ലാ സൗകര്യങ്ങളോടും ജനിച്ച മനുഷ്യരെല്ലാം, എല്ലാവരുടെയും നാഥന്‍ പ്രകടമായി സ്വന്തം ഇച്ഛയനുസരിച്ചുഒരുവനെ മറ്റുള്ളവര്‍ക്ക് ഉപരിയായി ഉയര്‍ത്തി പൂര്‍ണാധികാരം നല്‍കാത്തിടത്തോളം പരസ്പരം കീഴ്വഴങ്ങാതെ തമ്മില്‍ തമ്മില്‍ സമന്മാരായിരിക്കണം’.
ഈ ഉദ്ധരണിയുടെ ആദ്യഭാഗത്തോട് വിരുദ്ധമാണ് രണ്ടാമത്തെ ഭാഗം എന്ന് തോന്നാനിടയുണ്ട്. ലോക്കിന്റെ ഇത്തരം പരത്തി പറയലുകള്‍ തന്റെ ചിന്താപദ്ധതിയിലെ ചേര്‍ച്ചയില്ലായ്മ മാത്രമല്ല തന്റെ വാദത്തിനു സാമൂഹികമാനം നല്‍കാനായി അമിതമായി ബൈബിളിനെ ആശ്രയിക്കുന്നെന്നും കാണിക്കുന്നു. ഇത്തരം ചഞ്ചലമായ അടിത്തറയുമായാണ്ലോക്കിന്റെ സാമൂഹിക കരാറും ജീവനും സ്വത്തിനുമുള്ള സംരക്ഷണവും ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ നമുക്കു മുന്‍പില്‍ വെക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ലോക്കിന്റെ ബൈബിള്‍ അധിഷ്ഠിത വാദങ്ങളുടെ വിമര്‍ശകര്‍ക്ക് ലോക്കിന്റെ വാദങ്ങള്‍ പുനര്‍നിര്‍ണയിക്കുകയോ തൃപ്തികരമല്ല, നിരാശാജനകം എന്നുപറഞ്ഞു തള്ളിക്കളയുകയോ ചെയ്യാവുന്നതേയുള്ളു എന്ന് തോന്നാം. ജ്ഞാനശാസ്ത്രപരമായ ഈ യാഥാര്‍ഥ്യം നിലനില്‍ക്കേ തന്നെ ലോക്കിന്റെ ആശയങ്ങള്‍ പശ്ചാത്യ സാമൂഹ്യ ഘടനയില്‍ പെട്ടെന്നൊന്നും തിരുത്തിയെഴുതാന്‍ വയ്യാത്തത്ര ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ലോക്ക് തന്റെ ആശയങ്ങള്‍ക്ക് അടിസ്ഥാനമായി ദൈവശാസ്ത്രപരമായ തത്വങ്ങള്‍ തെരഞ്ഞെടുത്തെങ്കിലും ലോക്കിന്റെ ഭരണ വ്യവസ്ഥകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവയുടെ ആവശ്യമില്ല എന്നതാണ് അതിന് കാരണം. മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തില്‍ ഊന്നുന്ന ചില ഭരണകൂടങ്ങള്‍ അങ്ങനെയല്ലാത്ത ഏകാധിപത്യ ഭരണകൂടങ്ങളെക്കാള്‍ സാമൂഹികമായി വിജയിക്കുന്നതായി കാണാം. ഈ നിരീക്ഷണത്തില്‍ നിന്ന് നമുക്കെന്താണ് മനസിലാവുന്നത്? പരസ്പരം പരിശോധിക്കുകയും സമതുലിതാവസ്ഥ നിലനിര്‍ത്തുകയും പിന്നീട് മോണ്ടെസ്‌ക്യു വിശദീകരിച്ചതുപോലെ അധികാര വികേന്ദ്രീകരണം നടപ്പിലാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ മനുഷ്യരുടെ സ്വാതന്ത്ര്യവും ആഭ്യന്തര സമത്വവും വളര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ടെന്ന് ചരിത്രം കാണിക്കുന്നു. ഇവിടെ പ്രയോജനകരമായ ഒരു ആശയവും വസ്തുതയും തമ്മില്‍ നാം വേര്‍തിരിച്ചു കാണേണ്ടതുണ്ട്. കാരണം ഒന്ന് എല്ലായ്പോഴും മറ്റൊന്നിനെ ഉള്‍കൊള്ളുന്നില്ല.
പക്ഷെ ലിബറലിസം എന്തുകൊണ്ടാണ് വര്‍ത്തമാന കാലത്തു വിശേഷിച്ചും ഉത്തരാധുനിക പാശ്ചാത്യ സന്ദര്‍ഭങ്ങളില്‍ ഇത്രയും ആകര്‍ഷകമായിരിക്കുന്നത്? നേരത്തെ പറഞ്ഞ വലറീിശേെശര തത്വം തന്നെയായിരിക്കണം ഒരു പക്ഷെ അതിന് ഒരു കാരണം. ഫ്രോയിഡിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്ക് ആനന്ദം അന്വേഷിക്കാനുള്ള മാനസികമായ പ്രവണതയുണ്ട്. ഈ സന്ദര്‍ഭത്തില്‍ ആനന്ദാന്വേഷികളാവുന്നത് യുക്തിസഹമാണോ എന്ന് നമുക്ക് തെളിയിക്കാന്‍ കഴിഞ്ഞേക്കില്ലെങ്കിലും നമുക്ക് അത് ഒരു പരിധിവരെ സ്വാഭാവികമാണെന്ന് കാണിക്കാന്‍ ചില മാനസിക വിശകലനം വഴിയുള്ള തെളിവുകളുണ്ട്. ഇതേക്കുറിച്ചറിയുമായിരുന്നെങ്കില്‍ ലോക്ക് ഒരുപക്ഷെ തന്റെ ജ്ഞാനശാസ്ത്രം തിരുത്തിയെഴുതി കുറേക്കൂടി നല്ല രീതിയില്‍ തുടങ്ങിയേനെ.

ജെറിമി ബെന്‍തം
എന്തായാലും ജെറിമി ബെന്‍തം ആണ് ആനന്ദമാര്‍ഗത്തിന്റെ തത്വങ്ങളെ വിപുലീകരിച്ചത്. പരമാവധി ആളുകള്‍ക്ക് പരമാവധി നന്മ എന്ന പ്രയോജനവാദം അദ്ദേഹം മുന്നോട്ടുവെച്ചു. തന്റെ കൃതികളില്‍ ലോക്കിന്റേതിന് സമാനമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. ആനന്ദത്തെയും വേദനയെയും രണ്ടു പ്രഭുക്കളായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ തത്വത്തിന്റെ ന്യായമായ വ്യാഖ്യാനങ്ങളുടെ ഫലമായി പല പ്രശ്‌നങ്ങളും ഉയര്‍ന്നു വന്നു, ഉദാഹരണമായി കൂട്ട ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ അംഗീകരിക്കുമോ ഇല്ലയോ എന്ന്.അത് കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ ആനന്ദം പ്രദാനം ചെയുന്നു എന്ന് വാദിക്കാം എന്നതുകൊണ്ട്. ഇവിടെയാണ് ബെന്‍താമിനോടും പ്രയോജനവാദത്തോടും പരിചിതനായിരുന്ന ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ പ്രസക്തനാകുന്നത്. തന്റെ കൃതിയായ On Liberty എന്ന ഗ്രന്ഥത്തില്‍ പ്രശസ്തമായ ഉപദ്രവ തത്വം അദ്ദേഹം പ്രചാരത്തില്‍ കൊണ്ടുവന്നു. ഈ തത്വമനുസരിച്ചു മറ്റൊരാള്‍ക്ക് ഉപദ്രവമാവാത്തിടത്തോളം ഒരുവന് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.
ലോക്കിന്റെയും മില്ലിന്റെയും ദര്‍ശനങ്ങള്‍ അവര്‍ ജീവിച്ചിരുന്ന വ്യത്യസ്തമായ ചരിത്ര സാഹചര്യങ്ങളുടെ സൃഷ്ടികളാണ്. ആദ്യത്തേതില്‍ ഇംഗ്ലണ്ടിലെ രാഷ്ട്രീയ സാഹചര്യം ആഭ്യന്തരകലാപവും ലോക്കിന് പ്രത്യേകിച്ചും പ്രസക്തമായ 1688-ലെ മഹത്തായ വിപ്ലവവുമെല്ലാമായി കലുഷമായിരുന്നു. ലോക്കിന്റെ ഭരണകൂടത്തെ സംബന്ധിച്ച പല ആശയങ്ങളും ബില്‍ ഓഫ് റൈറ്റ്‌സില്‍ ഉള്‍പ്പെടുത്തി. ഇത് എക്കാലത്തെയും ഏറ്റവും സ്വാധീനം ചെലുത്തുന്ന മനുഷ്യരില്‍ ഒരാളായി ലോക്കിനെ മാറ്റി. ലോക്കിന്റെയും മില്ലിന്റെയും ദര്‍ശനങ്ങളില്‍ കേന്ദ്ര സ്ഥാനം ദൈവശാസ്ത്രത്തിന് ഉണ്ടായിരുന്നെങ്കിലും ലോക്കിന്റെ കാര്യത്തില്‍ അത് കൂടുതല്‍ പ്രസക്തമായിരുന്നു.
പക്ഷെ ഇരുവരും ഉത്പതിഷ്ണുക്കളും മില്ലിന്റെ കാര്യത്തില്‍ ത്രിത്വത്തെ എതിര്‍ക്കുന്നവരും ക്രിസ്തുമതത്തിനെത്തന്നെ എതിര്‍ക്കുന്നവരുമായിരുന്നു. വിക്‌റ്റോറിയന്‍ കാലഘട്ടത്തില്‍ മതപരത കുറഞ്ഞു തുടങ്ങിയിരുന്നു. മതവും ശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകളും തമ്മിലുള്ള സംഘര്‍ഷവും പുതിയ ദര്‍ശനങ്ങളുടെ ആവിര്‍ഭാവവും എല്ലാം കാരണമാണത്. മില്ലിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും പത്ര സ്വാതന്ത്ര്യത്തെയും സംബന്ധിക്കുന്ന ആശയങ്ങള്‍ പശ്ചാത്യലോകത്തെ മിക്ക സംവിധാനങ്ങളും അംഗീകരിക്കുന്നതു കൊണ്ടുതന്നെ മില്ലിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. മില്‍ ചിട്ടപ്പെടുത്തിയ ആശയങ്ങള്‍ മിക്ക മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കും മാതൃകയാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതില്‍നിന്നു മാറിനടക്കുന്നത് പാശ്ചാത്യ നവോത്ഥാനാനന്തര സമൂഹങ്ങള്‍ക്ക് ഏറെയും അംഗീകരിക്കാനാവാത്തതാണ്.
ആനന്ദ തത്വം
വിജ്ഞാനശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ ലോക്ക് നിര്‍ത്തിയിടത്തു നിന്നാണ് മില്‍ തുടങ്ങുന്നത്. ദൈവശാസ്ത്രപരമായ ഒരു തത്വ ദര്‍ശനത്തിന്റെ പൊരുത്തമില്ലായ്മ മനസ്സിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം ലോക്കിന്റെ മതനിരപേക്ഷമായ ആശയങ്ങള്‍ വിപുലപ്പെടുത്തി. തന്റെ പിതാവിന്റെ സുഹൃത്തായ ജെറിമി ബെന്‍താമിനെ ലോക്ക് ഉയര്‍ത്തികൊണ്ടുവന്ന ആനന്ദവാദത്തിന് മില്‍ ഊന്നല്‍ നല്‍കി. പ്രയോജനവാദത്തെക്കുറിച്ചുള്ള മില്ലിന്റെ പുസ്തകത്തില്‍ മനുഷ്യന്റെ ലക്ഷ്യം ആനന്ദത്തെ, വേദനയില്‍ നിന്നുള്ള വിടുതലിനെ, മാത്രം ആധാരമാക്കിയാവണം, അവ മാത്രമാണ് അന്തിമ ലക്ഷ്യമാവാന്‍ തക്കതായുള്ളത് എന്ന് പറയുന്നു. മില്ലിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ലക്ഷ്യം സന്തോഷമായിരിക്കുക എന്നതാണ്. പ്രയോജനവാദത്തിന്റെ തത്വം ആനന്ദം, അതുമാത്രമാണ് അന്തിമ ലക്ഷ്യമായി ആഗ്രഹിക്കത്തക്കതായുള്ളത് എന്ന് അദ്ദേഹം പറയുന്നു.
പ്രയോജനതത്വം മൃഗീയമായആഗ്രഹങ്ങളെയും ഉദാത്തമായ ബൗദ്ധിക വ്യാപാരത്തെയും വേര്‍തിരിച്ചു കാണാന്‍ അനുവദിക്കുന്നില്ല എന്ന് മില്ലിന്റെ ആദ്യകാല വിമര്‍ശകര്‍ വാദിച്ചു. എന്നാല്‍ ഈ വിമര്‍ശനം അടിസ്ഥാന രഹിതമാണ്. കാരണം അസംതൃപ്തനായ മനുഷ്യനാകുന്നതാണ് സംതൃപ്തനായ പന്നി ആകുന്നതിലും നല്ലത്, അസംതൃപ്തനെങ്കിലും സോക്രടീസ് ആവുന്നതാണ് സംതൃപ്തനായ വിഡ്ഢിയാവുന്നതിലും നല്ലത് എന്ന മില്ലിന്റെ വാക്കുകള്‍ പ്രശസ്തമാണ്. അങ്ങനെ ആണെങ്കില്‍ തന്നെ മില്ലിന്റെ സിദ്ധാന്തത്തിന്റെ പ്രാഥമിക അടിത്തറ അത് നിഷേധിക്കുന്നില്ല എന്ന് വാദിക്കാവുന്നതാണ്.
മില്ലിന്റെ പ്രയോജനതാവാദം ഒരു പരിധിവരെ സൂചിപ്പിക്കുന്നത് ആപേക്ഷിക ധാര്‍മികതയാണ്. കാരണം ഒരാള്‍ക്ക് നല്ലത്, അല്ലെങ്കില്‍ സന്തോഷമുണ്ടാക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെ ആവണമെന്നില്ല. അതുകൊണ്ടുതന്നെ പരമമായ സത്യം ഇതിനിടയിലെവിടെയോ നഷ്ടമാകുന്നു. ലോക്കിന്റെ ദൈവശാസ്ത്രപരമായ ആമുഖം മില്ലിന്റെ പ്രയോജനപരമായ ആരംഭത്തിന് നല്‍കാനാവാത്ത ഒന്നാണ് ലിബറലിസത്തിന് നല്‍കിയത് – ധീരതയും നിശ്ചയവും. മില്ലിന്റെ അഭിപ്രായത്തില്‍ പ്രയോജനം, അഥവാ പരമമായ ആനന്ദതത്വം ധാര്‍മികതയുടെ അടിസ്ഥാനമായി വിശ്വസിക്കുന്നവര്‍ക്ക് ആനന്ദം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ ശരിയും അതിനെതിരായുള്ള പ്രവൃത്തികള്‍ തെറ്റുമാണ്. മില്‍ കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ ആനന്ദം എന്ന ബെന്‍താമിന്റെ യുക്തിയെ വിപുലീകരിച്ചു കൊണ്ട് അങ്ങനെ സംഭവിക്കാന്‍ ഇടയുണ്ടാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയാണ് ധാര്‍മികമായി പ്രവര്‍ത്തിക്കാന്‍ ചെേയ്യണ്ടത് എന്ന് നിര്‍ദേശിക്കുന്നു.
മില്ലിന് എന്ത് തെളിവാണ് പ്രയോജനവാദത്തിനായി നല്‍കാനുണ്ടായിരുന്നത്? ജെഫ്രി സയര്‍ – മക്കോഡ് നെ പോലുള്ള ചിന്തകര്‍ മില്ലിന്റെ ന്യായ യുക്തികള്‍ തീര്‍ത്തും അബദ്ധജടിലവും പൊരുത്തമില്ലാത്തതുമാണെന്ന് വിമര്‍ശിക്കുന്നു. പ്രയോജനവാദത്തെ പ്രാഥമിക തത്വങ്ങളിലൂടെ ശരിയാണെന്നു സ്ഥാപിക്കാനായി മില്‍ ഇങ്ങനെ പറയുന്നു : ‘ഒരു വസ്തു ദൃശ്യമാണെന്ന് തെളിയിക്കാനായി നല്‍കാവുന്ന ഒരേയൊരു തെളിവ് ആളുകള്‍ അത് കാണുന്നു എന്നത് മാത്രമാണ്, ഒരു ശബ്ദം ശ്രവ്യമാണെന്നതിന് തെളിവ് ആളുകള്‍ അത് കേള്‍ക്കുന്നു എന്നത് മാത്രമാണ്, അതുപോലെ തന്നെയാണ് മറ്റനുഭവങ്ങളും. അതുപോലെ തന്നെ എന്തെങ്കിലുമൊന്ന് ആഗ്രഹിക്കത്തക്കതാണ് എന്നതിന് നല്‍കാനാവുന്ന ഒരേയൊരു തെളിവ് ആളുകള്‍ വാസ്തവത്തില്‍ അത് ആഗ്രഹിക്കുന്നു എന്നത് മാത്രമാണ്.’ പ്രയോജനവാദം സ്വയം നിശ്ചയിക്കുന്ന ലക്ഷ്യമായ ആനന്ദം സിദ്ധാന്തത്തിലും പ്രയോഗത്തിലും ലക്ഷ്യമായി അംഗീകരിക്കുന്നില്ലെങ്കില്‍ അതാണ് ലക്ഷ്യമെന്ന് ഒരു വിധത്തിലും ഒരാളെയും ബോധ്യപ്പെടുത്താന്‍ കഴിയില്ല.
മില്‍ പറയുന്നതനുസരിച്ചു ആളുകള്‍ അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളില്‍ സ്വയം തല്പരരാണ്. അതുകൊണ്ടുതന്നെ അവരെ സന്തോഷിപ്പിക്കുന്നത് നല്ല കാര്യങ്ങള്‍ ആയിരിക്കണം. മനുഷ്യരുടെ ഈ ആത്മകേന്ദ്രിതമായ കാഴ്ചപ്പാട് പ്രയോജനപരതയുടെ പ്രാഥമിക തത്വത്തെ ഉറപ്പിക്കാന്‍ ഒട്ടും സഹായിക്കുന്നില്ല. ആഗ്രഹിക്കത്തക്കത് എന്നതില്‍ നിന്ന് നല്ലത് എന്നതിലേക്കുള്ള മില്ലിന്റെ എടുത്തുചാട്ടം തത്വചിന്താപരമായി ന്യായീകരിക്കാവുന്നതല്ല. മനുഷ്യര്‍ അടിസ്ഥാനപരമായി നിസ്വാര്‍ഥരല്ല, സ്വാര്‍ഥമതികളാണ് എന്ന തെളിയിക്കപ്പെടാത്ത മുന്‍ധാരണയിലാണ് ആ അനുമാനം. അതോടെ നമ്മള്‍ വീണ്ടും വഴിമുട്ടി നില്‍പ്പായി. നമുക്ക് ഇഷ്ടമുള്ളതെന്തോ അത് നല്ലതാണ് എന്ന് നമ്മള്‍ എങ്ങനെ തെളിയിക്കും? മനുഷ്യരെല്ലാം സമന്മാരായാണ്, സ്വതന്ത്രരായാണ് ജനിച്ചതെന്ന ലോക്കിന്റെ ദൈവശാസ്ത്രപരമായ ന്യായങ്ങള്‍ എടുത്തുകളഞ്ഞാല്‍ നമ്മള്‍ എങ്ങനെ സ്ഥാപിക്കും? ഈ വക ചോദ്യങ്ങള്‍ ലോക്കിനെയും മില്ലിനെയും മാത്രമല്ല ലിബറലിസത്തിന് ജ്ഞാനശാസ്ത്രപരമായ അടിത്തറ അന്വേഷിച്ച ഓരോ ലിബറല്‍ തത്വചിന്തകനെയും കുഴക്കിയിട്ടുണ്ട്. ജോണ്‍ റൗള്‍സ് തന്റെ A Theory of Justice എന്ന കൃതിയുടെ ആമുഖത്തില്‍ ഈ പ്രാഥമിക തത്വങ്ങളുടെ പോരായ്മയെക്കുറിച്ച് ഇങ്ങനെ പറയുന്നു :
‘ഇതിന് ഒരു കാരണം തികച്ചും സുസമ്മതവും ഏറെ സാധ്യതകളും അംഗീകാരവുമുള്ള ശ്രേഷ്ഠരായ എഴുത്തുകാരുടെ വലിയൊരു നിര തന്നെ അതിനെ പിന്തുണക്കാന്‍ ഉണ്ടായി എന്നതാണ്. പ്രയോജനവാദികളായ ഹ്യും, ആദം സ്മിത്ത്, ബെന്‍താം, മില്‍ എന്നിങ്ങനെയുള്ളവര്‍ ഒന്നാം കിട സാമൂഹിക സൈദ്ധാന്തികരും സാമ്പത്തിക ശാസ്ത്രജ്ഞരുമായിരുന്നു എന്ന് നാം പലപ്പോഴും മറന്നുപോകുന്നു. അവര്‍ രൂപപ്പെടുത്തിയ ധാര്‍മിക ചട്ടക്കൂട് അവരുടെ വിപുലമായ താല്പര്യങ്ങളെയും ആവശ്യങ്ങളെയും കൂടി ഉള്‍കൊള്ളുന്നതും അവക്ക് അനുസൃതമായുള്ളതായിരുന്നു. അവരെ വിമര്‍ശിച്ചവര്‍ പ്രയോജന തത്വത്തിന്റെ വ്യാഖ്യാനങ്ങളും നമ്മുടെ ധാര്‍മിക താല്പര്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് അവര്‍ അതിനെ എതിര്‍ക്കാനായി പ്രായോഗികമായ മറ്റൊരു മാതൃകയോ ധാര്‍മികമായ പദ്ധതിയോ നിര്‍ദേശിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ്. അതിന്റെ ഫലം എന്തെന്നാല്‍ നാം പ്രയോജനപരതാവാദത്തിനും അവബോധവാദത്തിനും ഇടയില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ്. മിക്കവാറും നമ്മള്‍ അവബോധപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രയോജന തത്വത്തിന്റെ ഒരു വകഭേദം തെരഞ്ഞെടുത്തേക്കും. അത്തരമൊരു കാഴ്ചപ്പാട് യുക്തി രഹിതമൊന്നുമല്ല എന്ന് തന്നെയല്ല, അതിലും നന്നായി ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുമില്ല. അതിനര്‍ഥം നമ്മള്‍ ശ്രമിക്കേണ്ടതില്ല എന്നല്ല എന്ന് മാത്രം.’
തന്റെ പ്രാഥമിക തത്വം ഉറച്ചൊരു ന്യായത്തില്‍ അധിഷ്ഠിതമാക്കാന്‍ മില്‍ പരാജയപ്പെട്ടതു കണ്ട് റൗള്‍സ് പരിചിതമായ സാമൂഹിക കരാറിനെ ലോക്ക്, റൂസ്സോ, കാന്റ് എന്നിവരുടെ ദര്‍ശനങ്ങളിലെ പോലെ ഉദാത്തമായൊരു തലത്തിലേക്ക് ഉയര്‍ത്തി സാമാന്യവത്കരിക്കുന്ന ഒരു നീതിയെക്കുറിച്ചുള്ള ആശയം മുന്നോട്ടുവെക്കാന്‍ ലക്ഷ്യം വെച്ചു.
രാഷ്ട്രീയ ദര്‍ശനം പ്രയോജനവാദത്തിലോ അവബോധവാദത്തിലോ അടിസ്ഥാനപ്പെടുത്തുന്നതിന്റെ പോരായ്മകള്‍ റൗള്‍സ് എണ്ണമിട്ടു പറയുന്നു എന്നതാണ് ഇവിടെ ഏറെ പ്രസക്തം. തന്റെ ധാര്‍മിക ദര്‍ശനം വിവരിക്കവേ റൗള്‍സ് മുന്‍ഗാമികള്‍ ചര്‍ച്ച ചെയ്ത ആനന്ദമാര്‍ഗത്തെ ആവര്‍ത്തിക്കുന്നു. നന്മയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തത്തെ പരാമര്‍ശിച്ചു കൊണ്ട് റൗള്‍സ് തന്റെ ഹെഡോണിസം കാന്റിന്റെ യുക്തിയുപയോഗിച്ച് പറയുന്നു:
‘അത് അരിസ്റ്റോട്ടില്‍ മുതല്‍ പരിചിതമാണ്. അത് കാന്റിനെയും സിജ്വികിനെയും പോലെ മറ്റു കാര്യങ്ങളില്‍ എതിര്‍ദിശയിലുള്ള ചിന്തകരും അംഗീകരിക്കുന്നതാണ്. സാമൂഹിക കരാറുമായും പ്രയോജനവാദവുമായും വൈരുധ്യത്തിലുമല്ലത്. അതിന്റെ പ്രധാന ആശയമെന്നത് ഒരു വ്യക്തിയുടെ നല്ലത് എന്തെന്ന് നിശ്ചയിക്കുന്നത് അയാള്‍ക്ക് ഏറ്റവും യുക്തിസഹവും ന്യായമായും അനുകൂലമായ സാഹചര്യമനുസരിച്ചുള്ള ദീര്‍ഘകാല ജീവിത പദ്ധതി എന്തെന്നുള്ളതാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ ഏറെക്കുറെ വിജയിക്കുമ്പോഴാണ് ഒരുവന്‍ സന്തോഷവാനാവുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ യുക്തിസഹമായ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് നല്ലത് എന്നു പറയുന്നത്. തന്റെ മുമ്പിലെ സാഹചര്യങ്ങളനുസരിച്ച് ഓരോ വ്യക്തിയും ജീവിതത്തിന് യുക്തമായൊരു പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടാവും എന്നുവേണം അപ്പോള്‍ നമ്മള്‍ കരുതാന്‍. ഈ പദ്ധതി അയാളുടെ ആഗ്രഹങ്ങളുടെ സുഖകരമായ പൂര്‍ത്തീകരണത്തെ അനുഭവിക്കുന്ന വിധം രൂപപ്പെടുത്തിയതാണ്. ഓരോ ആഗ്രഹങ്ങളും തടസമില്ലാത്തവിധം പൂര്‍ത്തിയാക്കാന്‍ തക്കവണ്ണം പ്രവൃത്തികളെ അതില്‍ ക്രമീകരിക്കുന്നു. വിജയിക്കാന്‍ സാധ്യതയില്ലാത്തതോ അത്തരത്തില്‍ ലക്ഷ്യങ്ങളെയെല്ലാം ഉള്‍ചേര്‍ക്കാത്തതോ ആയ പദ്ധതികളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അതിനെ തെരഞ്ഞെടുക്കുന്നത്. പകരം ലഭ്യമായ പദ്ധതികള്‍ വെച്ചു നോക്കുമ്പോള്‍ യുക്തിസഹമായ ഒരു പദ്ധതി എന്നത് ഇനിയും മെച്ചപ്പെടുത്താനാവാത്തതാണ്.
ഈ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റൗള്‍സിന്റെ പ്രസിദ്ധമായ ‘അജ്ഞതയുടെ മുഖംമൂടി’ എന്ന ചിന്താ പരീക്ഷണം. തന്റെ സിദ്ധാന്തത്തിന്റെ പ്രാഥമിക തത്വങ്ങള്‍ കൂടുതല്‍ ധാര്‍മികമായി യാഥാര്‍ഥ്യമായ എന്തിലെങ്കിലും അടിസ്ഥാനപ്പെടുത്തണമെന്ന ആഗ്രഹമാണ് ‘rational desire’ എന്ന പ്രയോഗം വെളിവാക്കുന്നത്.
താന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പ്രശ്‌നങ്ങളില്‍ തന്നെ അദ്ദേഹം ചെന്ന് പെടുന്നതായാണ് തോന്നുന്നത്. അജ്ഞതയുടെ മുഖംമൂടി എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന അധ്യായത്തിന്റെ അടിക്കുറിപ്പുകളില്‍ റൗള്‍സ് ഇങ്ങനെ കുറിക്കുന്നു:
‘അജ്ഞതയുടെ മുഖംമൂടി എന്നത് പലര്‍ക്കും സംഭവിച്ചിരിക്കാവുന്നത്ര സ്വഭാവികമായൊരു അവസ്ഥയാണ്. ഈ ഗ്രന്ഥത്തിലെ വാദം കാന്റിന്റെ categorical imperative എന്ന തത്വത്തില്‍ ആ പ്രക്രിയയുടെ നിബന്ധനയിലും അതിന്റെ പ്രയോഗത്തിലും ഉള്ളടങ്ങിയിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് കാന്റ് നമ്മോട് നമ്മുടെ തത്വങ്ങള്‍ സര്‍വലൗകിക പ്രകൃതി നിയമമായിരുന്നെങ്കില്‍ എങ്ങനെയിരിക്കും എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ പ്രകൃതി വ്യവസ്ഥയില്‍ നമ്മുടെ സ്ഥാനം നമുക്കറിയില്ലെന്ന് അദ്ദേഹം അനുമാനിച്ചിരിക്കണം. ഉദാഹരണമായി പ്രയോഗികമായ വിധിനിര്‍ണയത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് നോക്കുക. The Critique of Practical Reason, Academy Edition, vol. 5, pp. 68-72.’
ജ്ഞാനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍
റൗള്‍സിനും കാന്റിനും ജ്ഞാനശാസ്ത്രപരമായി തീര്‍ത്തും വ്യത്യസ്തമായ പ്രാരംഭ ആശയങ്ങളാണ് ഉള്ളതെന്നതാണ് ഒരു പ്രധാന പ്രശ്‌നം. കാന്റിന്റെ അതിഭൗതിക ആശയവാദം തത്കാലം മാറ്റിവെച്ചാല്‍ കാന്റ് പറയുന്നു: ‘വസ്തുക്കളുടെ ഘടനയുമായി അവബോധം ചേര്‍ന്നു പോകണമെന്നുണ്ടെങ്കില്‍ അവയെക്കുറിച്ച് ആദ്യം തന്നെ നമുക്ക് എങ്ങനെ എന്തെങ്കിലും അറിയാനാവും എന്ന് എനിക്ക് പിടികിട്ടുന്നില്ല. എന്നാല്‍ വസ്തു നമ്മുടെ അവബോധത്തിന്റെ അംഗവുമായി ചേര്‍ന്നു പോകുന്നുവെങ്കില്‍ ആ സാധ്യത എനിക്ക് ബോധ്യമാവും.’ കാന്റ് എങ്ങനെ അവബോധത്തെ അംഗീകരിക്കുന്നതും റൗള്‍സ് അതിനെ പാടേ തള്ളിക്കളയുന്നതും തമ്മിലുള്ള പൊരുത്തക്കേട് നിങ്ങള്‍ ഈ ഭാഗത്തിന്റെ തുടക്കത്തില്‍ ഒരുപക്ഷെ ശ്രദ്ധിച്ചിരിക്കും.
റൗള്‍സിന്റെ ‘Reflective Equilibrium’ എന്നത് നമ്മുടെ വേണ്ടവിധം പാകപ്പെടുത്തിയ വിധി തീര്‍പ്പുകളോട് ചേര്‍ന്നുപോകുന്ന തത്വങ്ങള്‍ നല്‍കുകയും യുക്തമായ സാഹചര്യങ്ങള്‍ കാണിക്കുകയും ചെയ്യുന്ന പ്രാരംഭ സന്ദര്‍ഭത്തിന്റെ വിവരണം കണ്ടെത്താന്‍ ലക്ഷ്യമിടുന്ന ഒരു ധാര്‍മിക മാതൃകയാണ്. ജോണ്‍ അരസ് എടുത്തു പറയുന്നതു പോലെ ഈ മാതൃക ധാര്‍മികമായ സത്യത്തില്‍ എത്തിച്ചേരാനുള്ള ശ്രമമായി പോലും വിശേഷിപ്പിക്കേണ്ടതില്ല. ഇത്തരത്തില്‍ റൗള്‍സ് മുന്‍ഗാമികള്‍ നിജപ്പെടുത്തിയ പ്രാഥമിക തത്വങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കുന്നതില്‍ സംതൃപ്തരായേക്കുമെങ്കിലും അതുകൊണ്ട് ജ്ഞാനശാസ്ത്രപരമായി എന്തെങ്കിലും മെച്ചമുണ്ടായെന്ന് പറയാനാവില്ല. റൗള്‍സ് പ്രാഥമിക തത്വങ്ങള്‍ പുനര്‍നിര്‍ണയിക്കേണ്ടതിന്റെ ആവശ്യം മനസിലാക്കി എന്നത് അവ വാസ്തവത്തില്‍ തത്വങ്ങളായി പരിഗണിക്കുന്നതില്‍ അദ്ദേഹത്തിനുള്ള അതൃപ്തിയാണ് കാണിക്കുന്നത് എന്ന് വ്യക്തമാണ്.
ലിബറലിസ്റ്റ് സൈദ്ധാന്തികരുടെ പൂര്‍ണമായ പട്ടിക നല്കാത്തതിനാല്‍ ലിബറലിസത്തിന്റെ എല്ലാ ചിന്തകളെയും പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്നില്ലെങ്കിലും പ്രധാന ചിന്തകരില്‍ ഭൂരിഭാഗംപേരും അംഗീകരിക്കുന്ന പ്രാഥമിക തത്വങ്ങള്‍ മിക്കതും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെയും യൂറോപ്യന്‍ കോളനി പ്രദേശങ്ങളിലെ വരേണ്യവ്യവഹാരത്തിന്റെയും ഭാഗമായതോടെ ലിബറലിസം വളരെ വേഗം വ്യാപിക്കാന്‍ തുടങ്ങി. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവും അമേരിക്കന്‍ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും പിന്നീട് രണ്ടു ലോക മഹായുദ്ധങ്ങളും ലിബറലിസത്തെ ആളുകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റി. അത് രാജ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സഹിഷ്ണുത വളര്‍ത്താനും പൊതു ശത്രുവിനെതിരെ ഒരുമിച്ചു നില്‍ക്കാനും സഹായിക്കുന്നതു കൊണ്ട് ഉപയോഗപ്രദമാണെന്നും പറയാം.
ലിബറലിസം ജനങ്ങളുടെ അഹംബോധം കുറക്കാനും സമൂഹത്തില്‍ അതുവരെ സാധ്യമല്ലാതിരുന്ന കാര്യങ്ങള്‍ സാധ്യമാക്കാനും സഹായിച്ചിട്ടുണ്ട്. ലോകമെമ്പാടും പുതിയൊരു മതത്തെപ്പോലെ വ്യാപിച്ചതു കൂടാതെ പലരും അതിന്റെ വ്യവസ്ഥകള്‍ ദൈവദത്തമായി കണക്കാക്കപ്പെടുന്നതു കൊണ്ട് സത്യമാണെന്നു കരുതുന്നു. സംസാര, ആവിഷ്‌കാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ നല്ല കാര്യങ്ങളായി കണക്കാക്കപ്പെടുന്നു. അവ നിഷേധിക്കപ്പെടുന്നവര്‍ അനീതി നേരിടുന്നതായി കണക്കാക്കുന്നു.
ദാര്‍ശനിക ചോദ്യം
തികച്ചും ദാര്‍ശനികമായ ഒരു കാര്യം ചോദിക്കുകയാണെങ്കില്‍ – അതിന്റെ സാമൂഹികമായ വ്യാഖ്യാനങ്ങളെ മാറ്റിവെച്ചുകൊണ്ട് – ഇങ്ങനെ ചോദിക്കാം. ലിബറലിസത്തിന്റെ ജ്ഞാനശാസ്ത്രപരമായ അടിത്തറ നിശ്ചിതമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഈ നിയമങ്ങളില്‍ വിശ്വസിക്കുന്നതിനു എന്ത് ദാര്‍ശനികമായ ന്യായീകരണമാണ് നല്‍കാനാവുക? റൗള്‍സിനെപ്പോലെ ലിബറലിസത്തിന്റെ തകരാറുള്ള പ്രാഥമിക തത്വങ്ങള്‍ തള്ളിക്കളയുന്നതിനു പകരം അവ തന്നെ പുനഃപരിഗണിക്കാം എന്ന് തോന്നുന്നതെന്തുകൊണ്ടാണ്? ഇത് പരിഗണിക്കവേ അടിസ്ഥാനപരമായ ന്യായീകരണമേതുമില്ലാതെ സമൂഹത്തെ മെച്ചപ്പെടുത്താനായി അഥീനയെ വിശ്വസിക്കുന്ന പ്രാചീന പാശ്ചാത്യനും ആദ്യ തത്വങ്ങളില്‍ നിന്ന് ന്യായീകരണം ലഭിക്കാതെ സമൂഹത്തെ മെച്ചപ്പെടുത്താനായി ലിബറലിസത്തില്‍ വിശ്വസിക്കുന്ന ആധുനിക പാശ്ചാത്യനും തമ്മില്‍ പ്രധാനമായും ജ്ഞാനശാസ്ത്രപരമായ എന്ത് വ്യത്യാസമാണുള്ളത്?
ലിബറലിസം മറ്റുള്ള ദര്‍ശനങ്ങളെക്കാളെല്ലാം മെച്ചമാണെന്നോ അത് രക്തച്ചൊരിച്ചില്‍ തടയുമെന്നോ ഒക്കെയുള്ള വാദങ്ങള്‍ ലിബറലിസത്തിന്റെ പ്രയോജനത്തെ കുറിക്കാന്‍ സൗകര്യപൂര്‍വം ഉപയോഗിക്കുന്ന വാദങ്ങളാണ്. അതിന് പറ്റിയ വാദങ്ങളുമാണ്. എന്നാല്‍ ലിബറലിസത്തിന്റെ പ്രാഥമിക തത്വം കുറ്റമറ്റതല്ല എന്നതുകൊണ്ട് ലിബറല്‍ ചട്ടക്കൂടു വെച്ച് ധാര്‍മികമായ തീര്‍പ്പുകല്‍പ്പിക്കലുകള്‍ നടത്താന്‍ പാടില്ല എന്നതാണ്. യഥാര്‍ഥ ധാര്‍മികതയുടെ അളവുകോലാക്കുന്നതിനു പകരം സാമൂഹിക പ്രത്യാഘാതങ്ങളുണ്ടായേക്കാവുന്ന ഒരു ദാര്‍ശനിക പ്രത്യയശാസ്ത്രമായാണ് ലിബറലിസത്തെ കണക്കാക്കേണ്ടത്.
വിവ. ഡോ. സൗമ്യ പി എന്‍

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x