ഞങ്ങളുടെ പ്രിയപ്പെട്ട ബാറ്റ
ഡോ. ഷിഫ

സലാം പറഞ്ഞ് പുഞ്ചിരിയോടെ കടന്നുവരുന്ന ബാറ്റയുടെ മുഖമാണ് മനസ്സില്‍ തെളിയുന്നത്. ഗൗരവക്കാരനായ പിതാവായിട്ടാണ് ചെറുപ്പത്തില്‍ ഞങ്ങള്‍ ബാറ്റയെ മനസ്സിലാക്കിയതെങ്കിലും വളര്‍ന്നപ്പോഴാണ് ആ സ്‌നേഹം തിരിച്ചറിയുന്നത്. വളരെ കുറച്ച് സമയമേ കുടുംബവുമായി അദ്ദേഹം ചെലവഴിക്കാറുള്ളൂ. അതൊരു പരാതിയായി ഞങ്ങള്‍ പറയുമ്പോള്‍ വര്‍ഷത്തിലൊരു ടൂറിനു കൊണ്ടുപോയി പരിഹരിക്കുമായിരുന്നു.
തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഞാനും ഉമ്മയും മാത്രമാണ് കുടുംബം. നൈറ്റ് ഡ്യൂട്ടി സമയത്ത് ഞങ്ങള്‍ക്ക് വീട്ടില്‍ ഒറ്റക്കിരിക്കാന്‍ ഭയമായത് കാരണം ഞങ്ങളെയും കൂട്ടിയാണ് ബാറ്റ നൈറ്റ് ഡ്യൂട്ടിക്ക് ഹോസ്പിറ്റലില്‍ പോയിരുന്നത്. അന്നൊക്കെ ഞാന്‍ കരുതിയത് എല്ലാ ഡോക്ടര്‍മാരും അങ്ങനെയായിരിക്കുമെന്നാണ്. പിന്നീടാണ് മനസ്സിലായത് എല്ലാവരും അങ്ങനെ അല്ലെന്നും ബാറ്റയുടെ ഡ്യൂട്ടിയോടുള്ള പ്രതിബദ്ധത കൊണ്ടാണ് അതെന്നും. നൈറ്റ് ഡ്യൂട്ടി വീട്ടില്‍ കഴിച്ച് കൂട്ടുന്ന ഡോക്ടര്‍മാര്‍ക്ക് ഈ കാരണം കൊണ്ട് തന്നെ ബാറ്റയോട് ദേഷ്യവുമായിരുന്നു.
വിവിധ വിഷയങ്ങളില്‍ ബാറ്റക്ക് ആഴത്തിലുള്ള അറിവുണ്ടായിരുന്നെങ്കിലും സംസാര പ്രിയനായ അദ്ദേഹം ഓരോരുത്തരുടെയും താല്പര്യമനുസരിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ. മക്കളോട് ജോലി സംബന്ധമായ കാര്യങ്ങളും പേരക്കുട്ടികളോട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ഉപദേശം നല്‍കുകയും ചെയ്യും. ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനുമനുസരിച്ച് ചിന്തിക്കാനും വളരാനും ഞങ്ങളെ അനുവദിച്ചുവെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം. ഞങ്ങളുടെ ഇഷ്ട മേഖലകളില്‍ ഇടപെടുകയും സഹായിക്കുകയും ചെയ്തു. പോസ്റ്റ് ഗ്രാഡുവേഷന്‍ എടുക്കുകയെന്നത് ഞങ്ങള്‍ നാല് മക്കള്‍ക്കും നിര്‍ബന്ധമാക്കി. ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. മെഡിസിനില്‍ ക്രിറ്റിക്കല്‍ കെയര്‍, പാലിയേറ്റീവ് മെഡിസിന്‍ എന്നിവക്ക് പുറമെ ഇന്‍ഫെക്ഷ്യസ് ഡിസീസ്, ലൈഫ് സ്‌റ്റൈല്‍ ഡിസീസ് എന്നിവയും ഏറ്റവും താല്പര്യമുള്ള മേഖലകളാണ്. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു. ഖുര്‍ആന്‍ പഠനത്തോടൊപ്പം ചരിത്ര പഠനവും ബാറ്റ ശീലിച്ചിരുന്നു. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ സമൂഹത്തെ ഉന്നതിയിലെത്തിക്കാന്‍ കഴിയൂ എന്നുറച്ചു വിശ്വസിച്ചിരുന്ന ബാറ്റ വര്‍ഷങ്ങളായി അതിനു വേണ്ടിയുള്ള പഠനത്തിലായിരുന്നു. ഏത് മേഖലകളിലേക്കും ഇറങ്ങിച്ചെല്ലുന്നതിന് മുമ്പ് അതിനെക്കുറിച്ച് ഏറ്റവും അപ്‌ഡേറ്റായ വിവരങ്ങള്‍ ശേഖരിക്കല്‍ നിര്‍ബന്ധമായിരുന്നു.
എയ്‌സ് പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അതിനുവേണ്ടി ടീച്ചേഴ്‌സിനെ സജ്ജമാക്കുന്നതിനെ കുറിച്ചുമായിരുന്നു എപ്പോഴും ചിന്ത. ബാറ്റ ഞങ്ങള്‍ക്കായി ബാക്കിവെച്ചതും വിപുലമായ ഒരു പുസ്തക ശേഖരവും എജൂക്കേഷന്‍ സബ്‌സ്‌ക്രിപ്ഷനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടൂര്‍ സബ്‌സ്‌ക്രിപ്ഷനുമാണ്.
തന്നോടൊപ്പം ജോലി ചെയ്യുന്നവരെ അതൊരു സ്വീപ്പറാണെങ്കില്‍ പോലും എല്ലാനിലക്കും സപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ചയോ മറ്റു അവധി ദിവസങ്ങളോ നോക്കാതെ ഡ്യൂട്ടി നിര്‍വഹിച്ചു. ഖുര്‍ആനിന്റെ സത്ത മനസ്സിലാക്കി അതനുസരിച്ച് ജീവിക്കണമെന്ന ഉപദേശമാണ് എപ്പോഴും തന്നിരുന്നത്. ഖുര്‍ആനില്‍ ഉറ്റാലോചിക്കേണ്ട പല വിഷയങ്ങളെ കുറിച്ചും പേരക്കുട്ടികളോട് ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുമായിരുന്നു. ഒരു കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അത് ഖുര്‍ആനിനെതിരാവരുതെന്ന് ഊന്നിപ്പറയും. അങ്ങനെയെടുക്കുന്ന തീരുമാനം നടപ്പാക്കുമ്പോള്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാനും മറ്റുള്ളവര്‍ എന്തു പറയുമെന്നത് ശ്രദ്ധിക്കാതിരിക്കാനും ഓര്‍മ്മപ്പെടുത്തുമായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും അയല്‍പക്ക ബന്ധങ്ങള്‍ക്കും വലിയ വില കല്പിച്ചിരുന്ന ബാറ്റ അവരെ സന്ദര്‍ശിക്കാനും തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി. യാത്രകള്‍ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു. ഓരോ യാത്രകളിലേയും കാഴ്ചകള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ഞങ്ങളെ ചിന്തിപ്പിക്കാനുള്ള അവസരമാക്കുമായിരുന്നു.
എന്റെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ വല്ലാതെ താങ്ങും തണലുമായത് ബാറ്റയാണ്. അസുഖം ബാധിച്ച് ഹോസ്പിറ്റലില്‍ കിടന്നപ്പോഴും ബാറ്റ കൂടുതല്‍ ചിന്തിച്ചിട്ടുണ്ടാവുക എന്റെയും കുട്ടികളുടെയും കാര്യമായിരിക്കും. ബാറ്റയെ സ്വാധീനിച്ച വ്യക്തികള്‍ ജ്യേഷ്ടന്‍ പ്രൊഫസര്‍ അഹമ്മദ് കുട്ടിയും അമ്മാവന്മാരും വല്ലിമ്മയും ഉമ്മയുടെ പിതാവ് ഡോ. അബൂബക്കറുമായിരുന്നു.

ഭക്ഷണപ്രിയനായ ബാറ്റ ഒരു ഭക്ഷണത്തെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല, ഉമ്മയുണ്ടാക്കുന്ന ഓരോ ഭക്ഷണത്തെയും പ്രശംസിക്കുകയും ഭക്ഷണമെന്ന അനുഗ്രഹത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഉമ്മയും ബാറ്റയും തമ്മില്‍ കലഹിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടേയില്ല. പഴയ ഹിന്ദി ഗാനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ബാറ്റ യാത്രകളില്‍ കേള്‍ക്കാറുണ്ടായിരുന്നത് ഖുര്‍ആന്‍ തഫ്‌സീറായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ അതീവ തല്‍പ്പരനായിരുന്ന ബാറ്റ മനോരമയും ഹിന്ദു ന്യൂസ് പേപ്പറുമായിരുന്നു വായിച്ചിരുന്നത്. ബിബിസി, അല്‍ജസീറ എന്നീ ന്യൂസ് ചാനലുകളായിരുന്നു കണ്ടിരുന്നത്. പ്രശസ്തനായ ഒരു ഡോക്ടറായിട്ടും ബാറ്റയുടെ സുഹൃത്തുക്കളെല്ലാം സാധാരണക്കാരായ ദീനീ പ്രവര്‍ത്തകരായിരുന്നു. ആ ശീലം ഞങ്ങള്‍ മക്കളും പുലര്‍ത്തുന്നുണ്ട്. ഞങ്ങളെയൊക്കെ വിവാഹം ചെയ്തതും സാധാരണ കുടുംബങ്ങളിലേക്കാണ്. കോവിഡ് കാരണം മുടങ്ങിപ്പോയ ജര്‍മ്മനി യാത്രയും മഞ്ചേരി ആസ്ഥാനമായി പഠനവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പരിശീലന കേന്ദ്രം ആരംഭിക്കലും ബാറ്റയുടെ പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങളാണ്.
അല്ലാഹു ബാറ്റയുടെ പരലോക ജീവിതം അനുഗ്രഹീതമാക്കട്ടെ (ആമീന്‍).
