7 Saturday
December 2024
2024 December 7
1446 Joumada II 5

അച്ചടി സംസ്‌കാരവും മലയാളി മുസ്ലിം സ്വത്വ രൂപീകരണവും

എ കെ അബ്ദുല്‍മജീദ്


പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ തന്നെ ലോകം അച്ചടി സംസ്‌കാരത്തിലേക്ക് പ്രവേശിച്ചിരുന്നുവെങ്കിലും മുസ്ലിം ലോകം രണ്ടു നൂറ്റാണ്ടുകൂടി കഴിഞ്ഞാണ് അച്ചടിവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുടങ്ങിയത്. അച്ചടിയുടെ ഉദയത്തിനു മുമ്പു തന്നെ സജീവമായ ഒന്നാണ് മുസ്ലിം നാടുകളില്‍ മതമീമാംസാ – ദാര്‍ശനിക- നിയമ – ശാസ്ത്ര മേഖലകളിലെ ആശയ സംവാദ മണ്ഡലം. വ്യത്യസ്ത ചിന്താധാരകള്‍ തമ്മിലുള്ള ആശയ സംവാദം വ്യത്യസ്ത നിലപാടുകളെ സമര്‍ഥിക്കുയോ ഖണ്ഡിക്കുകയോ ചെയ്യുന്ന ഗ്രന്ഥരചനയെ പരിപോഷിപ്പിച്ചു. അച്ചടി സംസ്‌കാരം പുഷ്‌കലമായതോടെ മതാന്തര സംവാദ മണ്ഡലം കൂടുതല്‍ വ്യാപകവും ചടുലവുമായി. വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനും ഇത് ഇടയാക്കി. പാഠശാലകള്‍, ലൈബ്രറികള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമവും സജീവവും ആയിത്തീര്‍ന്നു. മുസ്ലിം സ്വത്വ രൂപീകരണത്തില്‍ ഈ സംവാദങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പള്ളികളും പള്ളികളോട് അനുബന്ധിച്ചുള്ള ഗ്രന്ഥശാലകളും പുസ്തക വിപണന കേന്ദ്രങ്ങളും ആയിരുന്നു മുസ്ലിം നഗരങ്ങളുടെ കേന്ദ്ര സ്ഥാനം.
1734 ല്‍ ലബനാനില്‍ ആദ്യത്തെ അറബി അച്ചടിശാല ആരംഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അറബ് ലോകത്ത് വിശേഷിച്ചും ഈജിപ്തില്‍ ദൃശ്യമായ നവോത്ഥാന ചിന്തയുടെയും വൈജ്ഞാനിക ജാഗരണത്തിന്റെയും ഫലമായാണ് മുസ്ലിം നാടുകളില്‍ അച്ചടിവിദ്യ പ്രചാരം നേടുന്നത്. കൈയെഴുത്ത് ഗ്രന്ഥങ്ങള്‍ ശേഖരിച്ച് അച്ചടിപ്പതിപ്പുകള്‍ തയാറാക്കാന്‍ വിജ്ഞാന സേവകര്‍ ജാഗ്രത പുലര്‍ത്തി.
പുതു ചിന്തകളുടെ ആഗോളതലത്തിലുള്ള സത്വര വിനിമയത്തിന് അച്ചടിവിദ്യ സഹായകമായി. ലോകം അതിനുമുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അടുത്തു. ആശയങ്ങള്‍ ഗ്രന്ഥരൂപത്തില്‍ അതിവേഗം പ്രചരിച്ചു. അതിനു മുമ്പ് കയ്യെഴുത്തു ഗ്രന്ഥരചനയില്‍ ബഹുദൂരം മുന്നേറിയിരുന്നു മുസ്ലിം ലോകം. ഗ്രന്ഥങ്ങളുടെ കയ്യെഴുത്തു പ്രതികള്‍ തയ്യാറാക്കുന്നതിന് ഗ്രന്ഥശാലകളില്‍ ധാരാളക്കണക്കിന് കലാകാരന്മാര്‍ പണിയെടുത്തിരുന്നു. ഇസ്ലാമിക നാഗരികതയെ രൂപപ്പെടുത്തുന്നതില്‍ രചനാ സംസ്‌കാരം വഹിച്ച പങ്ക് അന്യാദൃശമാണ്.
അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ എഴുത്തുരീതി അച്ചടിക്ക് വഴങ്ങുന്നതായിരുന്നില്ല. കൂട്ടി എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്ക് വരുന്ന രൂപമാറ്റം ഒറ്റയൊറ്റ അച്ചുകളായി അക്ഷരങ്ങള്‍ നിരത്തുന്നതിന് തടസ്സം സൃഷ്ടിച്ചു. വാചകങ്ങള്‍ കൈകൊണ്ട് എഴുതി കല്ലച്ച് തയ്യാറാക്കി വേണമായിരുന്നു ആദ്യകാലത്ത് അച്ചുകൂടങ്ങളില്‍ ഉപയോഗിക്കാന്‍. ലിപി പരിഷ്‌കരണത്തിലൂടെയും സാങ്കേതികവിദ്യയുടെ നൂതനവല്‍ക്കരണത്തിലൂടെയും സമയമെടുത്താണ് ഈ പ്രതിസന്ധി മറികടക്കാനായത്. മുസ്ലിം ലോകം അച്ചടിയുടെ ലോകത്തേക്ക് വൈകി പ്രവേശിക്കാന്‍ ഉണ്ടായ കാരണം കൂടിയാവാം ഇത്. മുസ്ലിം ലോകത്ത് അച്ചടിവിദ്യയുടെ പ്രയോഗം വ്യാപകമായതോടെ എഴുത്തും വായനയും കൂടുതല്‍ ആഴവും പരപ്പും ആര്‍ജിച്ചു. വിവിധ മുസ്ലിം നാടുകളില്‍ നിന്ന് അച്ചടിച്ച ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുകയും ഇതര നാടുകളില്‍ കൂടി പ്രചാരം നേടുകയും ചെയ്തു. ഈ ആനുകാലികങ്ങളാണ് ലോക മുസ്ലിം നവജാഗരണം സാധ്യമാക്കിയത്. കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്നതിനും ഈ പ്രസിദ്ധീകരണങ്ങള്‍ സഹായകമായി. പരമ്പരാഗത ജ്ഞാന സമ്പത്തിന്റെ സംരക്ഷണം ഒരു ഭാഗത്ത് നടന്നപ്പോള്‍ കൊളോണിയല്‍ അധിനിവേശത്തിനെതിരെയുള്ള ചെറുത്തു നില്‍പിന്റെ ഭാഗമായി സമകാലീന രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ വഴി ചടുലതയോടെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയില്‍ അബുല്‍ കലാം ആസാദ് ഉറുദുവിലും മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മലയാളത്തിലും നടത്തിയ ധീര പ്രസാധനങ്ങള്‍ ഉദാഹരണം. കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളോടാണ് മുസ്ലിം അച്ചടി സംസ്‌കാരത്തിന്റെ വ്യാപനം വലിയ അളവില്‍ കടപ്പെട്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനാണ് മുസ്ലിംകള്‍ പത്രപ്രസാധന രംഗത്ത് സജീവമായത് എന്നര്‍ഥം.
മലയാളി മുസ്ലിം
സമാന ദിശയിലുള്ള ചലനങ്ങളാണ് അച്ചടി സംസ്‌കാരം മലയാളി മുസ്ലിം സമൂഹത്തിലും സൃഷ്ടിച്ചത്. മത വിദ്യാഭ്യാസത്തെ പ്രത്യേകിച്ച് സ്ത്രീജനങ്ങളുടെ സാക്ഷരതയെ വന്‍തോതില്‍ സ്വാധീനിക്കാന്‍ അറബി മലയാളത്തിലും മലയാളത്തിലും രചിക്കപ്പെട്ട ഗദ്യ-പദ്യ പുസ്തകങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും സാധിച്ചു. മലയാളി മുസ്ലിം സ്വത്വ നിര്‍മിതിയില്‍ നിസ്തുലമായ പങ്കാണ് അച്ചടി വിദ്യയുടെ വ്യാപനം വഹിച്ചത്.
ഒരുപക്ഷേ മതത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാനും അതോടൊപ്പം തന്നെ ഇതര സംസ്‌കാരങ്ങളെ ഉള്‍ക്കൊണ്ട് കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാനും ബഹുസ്വര സമൂഹത്തിലെ ഉത്തമ പങ്കാളിയായി വര്‍ത്തിക്കുവാനും മലയാളി മുസ്ലിമിനെ സജ്ജമാക്കിയത് വിപുലമായ വായനയാണ് എന്ന് പറയാം. കക്ഷിഭേദമെന്യേ എല്ലാ മലയാളീ മുസ്ലിംകളുടെയും നിലപാടുകളിലും പ്രവര്‍ത്തന രീതികളിലും സമീപനങ്ങളിലും വായനയുടെ പ്രകാശ വിസ്തൃതി ഏറിയോ കുറഞ്ഞോ ദര്‍ശിക്കാന്‍ കഴിയും. വിവര ശേഖരണവും വിനിമയവും ജീവിത വ്രതമാക്കിയ നിരവധി മനീഷികള്‍ ചെയ്ത നിശ്ശബ്ദ സേവനത്തിന്റെ ഫലശ്രുതിയാണ് മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം.
ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ അറബി മലയാള ലിപി മുഖേന ഭാഷയില്‍ നൂറ് ശതമാനത്തോളം സാക്ഷരത കൈവരിക്കാന്‍ മുസ്ലിം സ്ത്രീ പുരുഷന്‍മാര്‍ക്ക് സാധിച്ചു എന്നത് ഇന്നാട്ടിലെ മറ്റൊരു സമുദായ വിഭാഗത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത മഹത്തായ നേട്ടമാണ്. ഭാഷാ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ കാലത്തിനു മുമ്പേ അറബി മലയാളത്തില്‍ ഗദ്യ-പദ്യ കൃതികള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം മുസ്ലിംകള്‍ക്ക് നിത്യജീവിതത്തില്‍ മതം അനുഷ്ഠിക്കുന്നതിന് കര്‍മശാസ്ത്രപരമായ അറിവുകള്‍ അനിവാര്യമായിരുന്നു എന്നതാണ്. കര്‍മശാസ്ത്രം വിശദമായി മനസ്സിലാക്കുന്നതിന് അല്പസ്വല്പം ഗണിതവും ഗോളശാസ്ത്രവും പഠിക്കേണ്ടത് അനിവാര്യമായിരുന്നു.
പ്രവാചക ചരിത്രം, വീരചരിതങ്ങള്‍, മഹത് വ്യക്തികളുടെ അപദാനങ്ങള്‍, ആയിരത്തൊന്ന് രാവുകള്‍ പോലെയുള്ള കഥകള്‍, മാപ്പിളപ്പാട്ടുകള്‍ ഇവയെല്ലാം അച്ചടിമഷി പുരണ്ട് ആളുകളുടെ കൈകളില്‍ എത്തി. തര്‍ജമകള്‍ എന്ന പേരിലാണ് ആദ്യകാലത്ത് അറബി മലയാള ഗദ്യ കൃതികള്‍ അറിയപ്പെട്ടത്. വീട്ടിലെ സ്ത്രീകള്‍ വരെ ഇവ വായിച്ചു പഠിക്കുന്ന ശീലം വളര്‍ത്തിയെടുത്തിരുന്നു. മദ്റസകള്‍ വ്യാപകമായതോടുകൂടി അറബി മലയാള പഠനം സാര്‍വത്രികമായി. ആദ്യകാലത്ത് എല്ലാ വിഭാഗങ്ങളുടെയും മദ്റസ പാഠപുസ്തകങ്ങള്‍ അറബി-മലയാള ലിപിയില്‍ ആയിരുന്നു. അറബിയില്‍ ഇല്ലാത്ത മലയാള അക്ഷരങ്ങളെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി ഉറുദു, പാര്‍സി ലിപികളെ ഉപജീവിച്ച് അറബി-മലയാള ലിപി പലകുറി പരിഷ്‌കരിക്കപ്പെടുകയുണ്ടായി.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അറബി മലയാള മാധ്യമത്തില്‍ നിന്ന് മുസ്ലിം പ്രസാധകര്‍ മലയാളം ലിപിയിലേക്ക് ക്രമേണ ചുവടു മാറുന്നത് കാണാം. ധാരാളം ആനുകാലികങ്ങള്‍ ഇക്കാലത്ത് ഉദിച്ചസ്തമിക്കുകയുണ്ടായി. വക്കം മൗലവി ആരംഭിച്ച ‘സ്വദേശാഭിമാനി’ കേരള നവോത്ഥാന ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ‘അല്‍ അമീനും’ ഇതേ ഗണത്തില്‍ വരുന്നു. സ്വതന്ത്ര വ്യക്തികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തക പ്രസാധനാലയങ്ങളും മുസ്ലിം സമൂഹത്തിന്റെ വായനാഭിരുചിയെ പല അളവില്‍ തൃപ്തിപ്പെടുത്തി.
അറബി, ഉറുദു, പാര്‍സി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങളും ധാരാളമായി നടന്നു. അറബി ഭാഷയില്‍ വ്യുല്‍പത്തിയുള്ള കേരളത്തിലെ പണ്ഡിതന്മാര്‍ അറബി കവിതയ്ക്കും ഗദ്യസാഹിത്യത്തിനും നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചു. പൊതുവേ പറഞ്ഞാല്‍ എഴുത്തും വായനയും ആണ് മലയാളി മുസ്ലിം സമൂഹത്തിന്റെ സ്വത്വബോധത്തെ നിര്‍ണയിച്ചത്. മലയാള പൊതു വായനയിലും മുസ്ലിംകള്‍ മുന്‍പന്തിയില്‍ നിലകൊണ്ടു. മലയാള ആനുകാലികങ്ങള്‍ വിമര്‍ശന സ്വഭാവമുള്ള മുസ്ലിം വിഷയങ്ങള്‍ നിരന്തരം കവര്‍ സ്റ്റോറി ആക്കിയത് ഈ വിപണി മൂന്നില്‍ കണ്ടാണ്.

മുസ്ലിം ജനസാമാന്യത്തിന്റെ മത സാക്ഷരത വര്‍ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തുന്നതിനും ഇസ്ലാമിന്റെ സന്ദേശം ഇതര മതസ്ഥര്‍ക്കു കൂടി പ്രാപ്യമാക്കുന്നതിനും മതാന്തര ആശയ സംവാദ മണ്ഡലം വികസിപ്പിക്കുന്നതിനും ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറന്നിടുന്നതിനും അച്ചടിച്ചു വിതരണം ചെയ്യപ്പെട്ട പുസ്തകങ്ങളും ആനുകാലികങ്ങളും ലഘുലേഖകളും കാരണമായി.
ആനുകാലികങ്ങള്‍
വായന മുസ്ലിം കുടുംബാന്തരീക്ഷത്തിന്റെ ഭാഗമായിത്തീരുന്നത് അച്ചടിച്ച ആനുകാലികങ്ങളുടെ വരവോടു കൂടിയാണ്. ഇലക്ട്രോണിക് സാമൂഹിക മാധ്യമങ്ങളുടെ വേലിയേറ്റത്തിന് മുമ്പ് ഏതെങ്കിലും ഒരു പ്രസിദ്ധീകരണം വരുത്തി വായിക്കുക എന്നത് മുസ്ലിം ജീവിതത്തിന്റെ ഭാഗമായിരുന്നു. സംഘടനകള്‍ മത്സരിച്ച് ഇറക്കിയ പ്രസിദ്ധീകരണങ്ങള്‍ക്ക് പൊതുവേ വലിയ സ്വീകാര്യതയാണ് മുസ്ലിം ജനസാമാന്യത്തിനിടയില്‍ ലഭിച്ചത്. വനിതാ പ്രസിദ്ധീകരണങ്ങള്‍ സ്ത്രീജനങ്ങളുടെ വായനാ ശീലത്തെ പരിപോഷിപ്പിച്ചു.
തര്‍ക്ക വിഷയങ്ങളെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് ഏറെ വായനക്കാര്‍ ഉണ്ടായി. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിച്ചത് പുസ്തകങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയുമാണ്. ഉല്‍പ്പതിഷ്ണു പക്ഷത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ യാഥാസ്ഥിതികര്‍ എന്ന് വിളിക്കപ്പെടുന്ന എതിര്‍പക്ഷം അവലംബിച്ചതും ഇതേ മാര്‍ഗം തന്നെയാണ്. കക്ഷിഭേദങ്ങള്‍ ഓരോരുത്തരുടെയും ആദര്‍ശബലം മെച്ചപ്പെടുത്തുന്നതിന് വായന അനിവാര്യമാക്കി തീര്‍ത്തു എന്നു പറയാം. ഓരോ വിഭാഗത്തിന്റെയും വായന സാമാന്യേന അതാത് വിഭാഗങ്ങില്‍ ഒതുങ്ങി. അതെന്തായാലും മുസ്ലിങ്ങളോളം അക്ഷര പ്രേമികളായ മറ്റൊരു ജനവിഭാഗത്തെ കണ്ടെത്തുക പ്രയാസമായിരിക്കും.
പുസ്തക പ്രേമം
പാഠപരതയില്‍ മുസ്ലിംകള്‍ അഗ്രിമ സ്ഥാനത്താണെന്ന് നരവംശ പഠനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാ മഹാ സമുദ്രത്തിനു ചുറ്റുമുള്ള മുസ്ലിം സമൂഹങ്ങള്‍ ഉല്‍പ്പാദിപ്പിച്ച ഗ്രന്ഥ സമുച്ചയം സംബന്ധിച്ച് നിരവധി ഗവേഷണ പഠനങ്ങള്‍ നടന്നിട്ടുണ്ട്.
അത്രയേറെ പുസ്തകങ്ങളെ സ്‌നേഹിക്കുകയും പുസ്തകങ്ങള്‍ക്ക് വേണ്ടി സഞ്ചാരങ്ങള്‍ നടത്തുകയും ചെയ്തവരാണ് മുസ്ലിംകള്‍. ഓരോ സംഘടനയും സ്വന്തമായി പുസ്തകശാലകളും പ്രസാധനാലയങ്ങളും ആനുകാലികങ്ങളും ദിനപത്രങ്ങള്‍ പോലും പ്രസിദ്ധീകരിച്ചു വരുന്നു എന്നത് ഏറെ കൗതുകകരമാണ്. സ്വപ്രത്യയസ്ഥൈര്യത്തോടെ സ്വന്തം നിലപാടിന് വേണ്ടി നിലകൊള്ളാന്‍ ഓരോ വിഭാഗത്തെയും അച്ചടി അധികാരം കരുത്തരാക്കുന്നു.
പൊതുസമൂഹത്തോട് ആശയപരമായി സംവദിക്കുവാനും എതിരാശയങ്ങളുമായി അന്യോന്യത്തില്‍ ഏര്‍പ്പെടുവാനും പരസ്പരമുള്ള ആദര്‍ശസംവാദങ്ങള്‍ക്ക് ഉള്‍ക്കരുത്ത് പകരാനും അച്ചടി സംസ്‌കാരം നിമിത്തം ആയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇസ്ലാമിക പ്രബോധന മേഖലയില്‍ സാരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും അച്ചടി മാധ്യമങ്ങള്‍ സഹായകമായി. വിശുദ്ധ ഖുര്‍ആനിന് ചന്ദോബദ്ധമായ കവിതയില്‍ പരിഭാഷ നിര്‍വഹിക്കുന്നതിന് അമുസ്ലിം പണ്ഡിതന്മാരെ പ്രാപ്തരാക്കുന്നേടത്തോളം ആശയ വിനിമയശേഷി മലയാള ഇസ്ലാമിക സാഹിത്യശാഖ കൈവരിച്ചു. ഇവയുടെയെല്ലാം ഫലമായി രൂപപ്പെട്ടതാണ് മലയാളി മുസ്ലിം സ്വത്വം.
അക്ഷരപ്പോര്
മേല്‍പറഞ്ഞവ സത്യമായിരിക്കെ തന്നെ അച്ചടിയില്‍ എല്ലാം ശുഭം എന്ന് പറയാനാവില്ല. സാമൂഹിക മാധ്യമങ്ങള്‍ ഇന്ന് പ്രസരിപ്പിക്കുന്നതിനു സമാനമായ അക്രാമക അക്ഷരപ്പോരുകള്‍ക്ക് അച്ചടിയും മാധ്യമമായിട്ടുണ്ട്. മുസ്ലിം അക്ഷരപ്പോരുകള്‍ മറ്റുള്ളവര്‍ക്ക് ക്രൈം ത്രില്ലര്‍ വായനാസുഖം നല്‍കിയതിന്റെ രസകരമായ ഒരു ഓര്‍മ പങ്കുവയ്ക്കാം. കോഴിക്കോട്ടെ ഒരു മുസ്ലിം പ്രസാധനാലയത്തില്‍ പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. നഗരത്തിലെ പ്രശസ്തനായ സി എയാണ് കണക്കുകള്‍ ഓഡിറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ മേശപ്പുറത്ത് പരസ്പരം ചെളി വാരി എറിയുന്ന മലയാളത്തിലെ എല്ലാ മുസ്ലിം മത പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. ഈ കാഴ്ച അവിടെ ചെന്ന സുഹൃത്തുക്കളില്‍ കൗതുകം ജനിപ്പിച്ചു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ടായിരുന്നു സി എയുടെ മറുപടി: ”ഇതിനേക്കാള്‍ വലിയ നേരംപോക്ക് എവിടെ തരമാവും?”. മുസ്ലിം മത വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ സമുദായത്തിന് പുറത്തുള്ളവര്‍ക്ക് കേട്ടു രസിക്കാന്‍ മാത്രമല്ല വായിച്ച് ചിരിക്കാനും ഉള്ള വലിയ സദ്യയാണ് ഒരുക്കിയത്. അച്ചടിയുടെ കാലം കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു എന്ന് മാത്രം. അങ്ങനെയുള്ള പല പ്രസിദ്ധീകരണങ്ങളും പുതിയ കാലത്ത് വായനക്കാരില്ലാതെ രംഗമൊഴിയുകയും ചെയ്തു. മുസ്ലിംകളെ പരസ്പരം കലഹിക്കുന്ന വിഭാഗമാക്കി മാറ്റുന്നതില്‍ അച്ചടി മാധ്യമങ്ങള്‍ നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. മുസ്ലിംകളില്‍ മാത്രമല്ല ക്രിസ്ത്യാനികള്‍ക്കിടയിലും ഇത്തരം അക്ഷര കലഹങ്ങള്‍ സജീവമായിരുന്നു. ഓരോ വിഭാഗക്കാരും അവരവരുടെ പ്രസിദ്ധീകരണങ്ങള്‍ മാത്രം വായിക്കുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്യുന്നതായാണ് പൊതുവേ കണ്ടുവന്നത്. ഈ അച്ചടി വിഭവങ്ങളില്‍ നല്ലൊരു ശതമാനം വായിക്കപ്പെടാതെ പോയി/പോകുന്നു എന്ന വാസ്തവം കൂടി കാണണം. കെട്ട് നാട അഴിക്കാത്ത കെട്ടുകണക്കിന് ആനുകാലികങ്ങള്‍ ആക്രിക്കടകളില്‍ ചെന്നു ചേര്‍ന്നിട്ടുണ്ട്/ചേരുന്നുണ്ട്.
വാല്‍ക്കഷ്ണം: ഈ ലേഖകന്‍ മുഖ്യ പത്രാധിപര്‍ ആയിരുന്ന ‘സാംസ്‌കാരിക പൈതൃകം’ മാസികയുടെ ഓഫീസിലേക്ക് ഒരു ടെലഫോണ്‍ വിളി വന്നു: ”….. മാസികയുടെ ഓഫീസല്ലേ?… പിന്നെ, അത് ല്ലേ….ങ്ങളെ ദ് വായിച്ച്ട്ട് ഒന്നും തിരിയിണില്ല… ങ്ങള് ദിന് പകരം മഹിളാ ചന്ദ്രികയോ മനോരമയോ മറ്റോ അയച്ചു തരോ? ഗള്‍ഫിന്ന് വരുമ്പോ ക്കാക്കനോട് ഞാന്‍ പര്‍ഞ്ഞോള്‍ന്ന്ണ്ട്….”

Back to Top