27 Saturday
July 2024
2024 July 27
1446 Mouharrem 20

പ്രധാനമന്ത്രി വായ തുറക്കാതിരുന്നാല്‍ നല്ലത്

റഷീദലി കോഴിക്കോട്‌

മോദിയുടെ മൗനമാണ് പലപ്പോഴും സമൂഹത്തിന് ഗുണകരം എന്നതാണ് പുതിയ നിരീക്ഷണം. അദ്ദേഹം വാ തുറന്നാല്‍ വെറുപ്പിന്റെയും അബദ്ധങ്ങളുടെയും ഘോഷയാത്രയാണ് എന്നതുതന്നെയാണ് കാരണം. പക്ഷേ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ സംസാരിക്കാതെ പറ്റില്ല. ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. നമ്മുടെ പ്രധാനമന്ത്രി പൊതുവെ പ്രതികരിക്കേണ്ടതിനോടുപോലും പ്രതികരിക്കുന്നില്ല. എന്നാല്‍ വാ തുറന്നാലോ വാട്‌സാപ്പ് അമ്മാവന്മാര്‍ പോലും നാണിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുകളയും.
മണിപ്പൂരിലെ അതിഭയാനകമായ ക്രൂരതകളെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കേട്ടാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്രത്തോളം പഴഞ്ചന്‍ ധാരണകളുമായി ജീവിക്കുന്ന ആളാണെന്ന് ബോധ്യപ്പെടും. കുറ്റകൃത്യങ്ങള്‍ എവിടെയും നടക്കും. അതിനാണ് പോലീസും കോടതികളും. കലാപവും വംശഹത്യയും നേരിടാന്‍ കഴിവുറ്റ നേതൃത്വവും തന്ത്രങ്ങളും ചര്‍ച്ചയും പരിഹാരങ്ങളും ചിലപ്പോള്‍ അടിച്ചമര്‍ത്തലും ഒക്കെ വേണ്ടിവരും. അതിനു നേതൃത്വം നല്‍കേണ്ട പ്രധാനമന്ത്രി ആ ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്‍പിക്കരുത്.
5000 പേരെ കൊന്ന് കലാപം നിര്‍ത്തുന്നതാണോ അതോ 150 പേരെ കൊന്ന് കലാപം തുടരുന്നതാണോ ലാഭം എന്ന് ജോര്‍ജ് കുര്യന്‍ ചോദിച്ചതാണ് മണിപ്പൂര്‍ ചര്‍ച്ചകളുടെ ഹൈലൈറ്റ്. പൊതുവേ ആളുകള്‍ ചിരിച്ചുതള്ളുമെങ്കിലും ഇത്തരം ലളിതയുക്തികളിലാണ് ഫാസിസം നിലനില്‍ക്കുക. കേള്‍ക്കുന്നവര്‍ക്ക് ശരിയാണല്ലോ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന വാദങ്ങള്‍, അതിന് വലിയ ഓഡിയന്‍സുണ്ട്. അതുകൊണ്ടുതന്നെ ഒന്നുരണ്ടു കാര്യങ്ങള്‍ പറയണം.
കലാപത്തിനു മുമ്പ് ഇന്റലിജന്‍സ് ഡാറ്റ ശേഖരിക്കണം. കലാപങ്ങള്‍ ഒരു ദിവസം പൊട്ടിമുളയ്ക്കുന്നതല്ല. മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന പ്ലാനിങ് അതിനു പിന്നിലുണ്ടാകും. അതിനു പിന്നില്‍ നേതാക്കളും പ്രവര്‍ത്തകരുമൊക്കെ ഉണ്ടാകും. അതൊക്കെ ഇന്റലിജന്‍സുകാര്‍ അറിയാതെ നടക്കില്ല. അതൊക്കെ മുളയിലേ നുള്ളണം. പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ചര്‍ച്ചകള്‍ നടത്തണം. കലാപം പ്ലാന്‍ ചെയ്യുന്ന നേതാക്കളെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്യണം. ഇതൊക്കെ ചെയ്താല്‍ കലാപം താനെ ഒടുങ്ങും. കലാപ ശേഷം മുറിവുണക്കണം. അതിനും അതിന്റേതായ രീതികളുണ്ട്. റുവാണ്ടയിലടക്കം ആളുകള്‍ ഇപ്പോള്‍ ഒന്നിച്ചു ജീവിക്കുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x