പെഗസസ്: ഫ്രാന്‍സില്‍ ദേശീയ സുരക്ഷാ യോഗം വിളിച്ച് മാക്രോണ്‍
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രസിഡന്റ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ വ്യക്തമാക്കി. ഇമാനുവല്‍ മാക്രോണിന്റെ ഫോണിലും പെഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ തുടങ്ങിയവരാണ് ചോര്‍ത്തലിന് ഇരയായ മറ്റ് പ്രമുഖര്‍. അതേസമയം ഇന്ത്യയില്‍ ഫോണ്‍ ചോര്‍ത്തല്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം എല്‍ ശര്‍മ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി ബി ഐയേയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഫോണ്‍ ചോര്‍ത്തല്‍. ഇത് ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹരജിയില്‍ പറയുന്നു.