29 Friday
March 2024
2024 March 29
1445 Ramadân 19

പ്രേത ബാധാ ഭീതിയില്ലാത്ത സമാധാന ജീവിതം

ശംസുദ്ദീന്‍ പാലക്കോട്‌


സമീപ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങിയ പുതിയ വീടിന്റെ അടുക്കള ഭാഗം മുഴുവനായി പൊളിച്ചതിന് കുടുംബനാഥന്‍ പറഞ്ഞ വിശദീകരണം ഇങ്ങനെ: പുതിയ വീട്ടില്‍ താമസം തുടങ്ങി രണ്ട് മാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും ഈ വീട്ടിലെ രണ്ട് കുട്ടികള്‍ക്ക് അപകടം സംഭവിച്ചു. ഒരുത്തന്‍ വീട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് കൈ ഒടിഞ്ഞു. മകളുടെ കൈയില്‍ നിന്ന് രണ്ട് ഫ്‌ളാസ്‌കും ഒരു എമര്‍ജന്‍സി ലൈറ്റും വീണു പൊട്ടി. ഞങ്ങള്‍ ഈ വിവരം പള്ളിയിലെ മുസ്ലിയാരോട് പറഞ്ഞു. മുസ്ലിയാര്‍ വീട്ടില്‍ വന്ന് വീടും പരിസരവും പരിശോധിച്ചു. വീട്ടില്‍ ശൈത്വാന്റെ പോക്കു വരവുണ്ടത്രെ! അടുക്കള ശരിയായ സ്ഥാനത്തല്ല ഉള്ളതത്രെ! അതുകൊണ്ടാണ് തുടരെത്തുടരെ ഈ വീട്ടില്‍ അപകടമുണ്ടാകുന്നതത്. അങ്ങനെ ആദ്യം അടുക്കള പൊളിക്കാനും പിന്നീട് ബാധയകറ്റാനുള്ള മന്ത്രകര്‍മങ്ങള്‍ ചെയ്യാനും ഞങ്ങള്‍ തീരുമാനിച്ചു!
മറ്റൊരു സംഭവം ഇങ്ങനെ: കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു കോളജിനടുത്തുള്ള വലിയ തറവാട് വീട് ആള്‍ത്താമസമില്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അന്വേഷിച്ചപ്പോള്‍ തദ്ദേശവാസികളില്‍ നിന്ന് കിട്ടിയ മറുപടി ഇപ്രകാരം: ആ വീട്ടില്‍ ഏതാനും മാസം മുമ്പ് ആ വീട്ടിലെ കുടുംബനാഥന്‍ (മുസ്ലിം നാമധാരി) തൂങ്ങി മരിച്ചിരുന്നു. ഭാര്യ മറ്റൊരു പുരുഷന്റെ കൂടെ പോയതില്‍ മനം നൊന്താണ് അയാള്‍ തൂങ്ങി മരിച്ചത്. ആ വീട്ടുകാര്‍ മതാവബോധം കുറഞ്ഞവരും പ്രേത – ഭൂത ബാധയില്‍ വിശ്വസിക്കുന്നവരുമായതിനാല്‍ ആ വീട്ടില്‍ തൂങ്ങിമരിച്ചവന്റെ ആത്മാവ് ഗതികിട്ടാ പ്രേതമായി അലഞ്ഞു നടക്കുമെന്നും ആ വീട്ടിലുള്ളവര്‍ക്ക് പല ഉപദ്രവങ്ങള്‍ വരുത്തി വെക്കുമെന്നും കരുതി അവര്‍ ആ വീടു വിട്ടുപോവുകയും ഇപ്പോള്‍ ഒരു വാടക വീട്ടില്‍ താമസിക്കുകയുമാണ്!
പിശാചിന്റെ കഴിവും കഴിവുകേടും പ്രവര്‍ത്തന രീതിയും വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത് മനസ്സിലാക്കുക എന്നത് മാത്രമാണ് പിശാച് ബാധ, പിശാചിന്റെ പോക്കുവരവ് തുടങ്ങിയ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം നേടാന്‍ നാം ചെയ്യേണ്ടത്. പിശാചിന്റെ കഴിവും കഴിവുകേടും എന്ന വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യം മനസ്സിലാക്കിയാല്‍ പിശാച് ബാധയുമായി ബന്ധപ്പെട്ട എല്ലാ വസ്‌വാസും കൂടൊഴിഞ്ഞു പോകും. (വിശുദ്ധ ഖുര്‍ആന്‍ 14:22 സൂക്തം ശ്രദ്ധിച്ചു വായിക്കുക.) പ്രേതബാധ എന്ന അന്ധവിശ്വാസത്തെയും വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കിയാല്‍ ഒരു പുരോഹിത മുസ്ലിയാര്‍ക്കും പുരോഹിത മൗലവിക്കും ആരെയും വഴിതെറ്റിക്കാനാവില്ല.

എന്താണ് മരണം?
ദേഹത്തില്‍ നിന്ന് ദേഹി (ആത്മാവ്) പൂര്‍ണമായും വേര്‍പെട്ട് ദേഹം അപ്രസക്തമാകുന്ന അവസ്ഥാ വിശേഷമാണ് മരണം. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച് നാലാം മാസത്തില്‍ നമ്മുടെ ശരീരത്തില്‍ ‘ഇന്‍സ്റ്റാള്‍’ ചെയ്യപ്പെട്ട ആത്മാവ് ഐഹിക ലോകത്തെ ജീവിതം അവസാനിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് ‘ഡിലീറ്റ്’ ചെയ്യപ്പെടുന്ന അവസ്ഥയാണ് മരണം എന്നും ആലങ്കാരികമായി പറയാം. ശരീരത്തില്‍ നിന്ന് വേര്‍പെട്ട ആത്മാവ്, ആ ഉത്തരവാദിത്തം അല്ലാഹുവിന്റെ കല്‍പന പ്രകാരം ഭംഗിയായി നിര്‍വഹിച്ച മലക്കുകള്‍ (മരണത്തിന്റെ മാലാഖമാര്‍) ആത്മാവിനെ അതിന്റെ നിശ്ചിതമായ സുരക്ഷിത കേന്ദ്രത്തിലെത്തിക്കും. അതില്‍ അവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള കൈയബദ്ധം സംഭവിക്കുകയോ ഉത്തരവാദ നിര്‍വഹണത്തില്‍ ഭംഗം വരുത്തുകയോ ഏതെങ്കിലും ആത്മാവിനെ ഇവിടെ ഉപേക്ഷിക്കുകയോ ചെയ്യപ്പെടുന്നില്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ 79:1-5 ല്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. (ഈ ആയത്തുകള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ പറയപ്പെട്ടിട്ടുണ്ടെങ്കിലും മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പനപ്രകാരം മനുഷ്യരുടെ ആത്മാവ് (റൂഹ്) പിടിക്കുന്ന രംഗവും അത് നിശ്ചിത സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതും തന്നെയാണ് ഉദ്ദേശ്യം എന്നാണ് പ്രബലമായ വ്യാഖ്യാനം).

രണ്ട് തരം മരണം
രണ്ട് തരം മരണമുണ്ട് എന്ന് നാം സാധാരണ പറയാറുള്ളത് സ്വാഭാവികവും സാധാരണവുമായ മരണം എന്നത് മരണത്തിന്റെ ഒരു രൂപവും അപകടമരണം, ആത്മഹത്യ, കൊലപാതകം തുടങ്ങിയവ മരണത്തിന്റെ മറ്റൊരു രൂപവും എന്ന നിലക്കാണ്. രണ്ടാമത് പറഞ്ഞ രൂപത്തിലുള്ള മരണത്തില്‍ ആത്മാവ് ഇവിടെത്തന്നെ അലഞ്ഞു നടക്കുകയും അതിന്റെ പരിസരത്തുള്ളയാളുകളെ പ്രേതമായും പ്രേതബാധയായും (മരിച്ച വ്യക്തിയുടെ ആത്മാവ് ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിയില്‍ കയറിക്കൂടി ആ വ്യക്തിയിലൂടെ പലതും ചെയ്യുന്നു എന്ന വിശ്വാസം!) അലോസരപ്പെടുത്തിക്കൊണ്ടിരിക്കും എന്നാണ് മതാവബോധം കുറഞ്ഞ മുസ്ലിം നാമധാരികളടക്കമുള്ള അന്ധവിശ്വാസികള്‍ ധരിച്ചുവശായിരിക്കുന്നത്.
പ്രേതബാധ (റൂഹാനി എന്നും ഭാഷ്യമുണ്ട്) ശാസ്ത്രീയമായും മതപരമായും യാതൊരടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. (മുകളില്‍ സൂചിപ്പിച്ച ആത്മഹത്യ നടന്നതിനാല്‍ വീട്ടുകാര്‍ ഒഴിഞ്ഞു പോയ വീട് നവോത്ഥാന പ്രസ്ഥാനക്കാര്‍ നടത്തുന്ന സമീപത്തെ കോളേജുകാര്‍ വാടകക്ക് വാങ്ങുകയും കുറെ കാലം കോളേജില്‍ പഠിക്കുന്ന ദൂരദിക്കിലെ പെണ്‍കുട്ടികള്‍ക്ക് വനിതാ ഹോസ്റ്റലായി ഉപയോഗപ്പെടുത്തി എന്നതും തൂങ്ങിമരിച്ചവന്റെ പ്രേതമൊന്നും ഇക്കാലയളവില്‍ ആ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ വന്നില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കുക).

നല്ല മരണവും ചീത്ത മരണവും
നല്ല മരണം, ചീത്ത മരണം എന്ന ഒരു വിശകലനം വിശുദ്ധ ഖുര്‍ആനില്‍ പ്രാധാന്യപൂര്‍വം വിവരിച്ചിട്ടുണ്ട്. അഥവാ രണ്ട് തരം മരണമുണ്ടെന്നര്‍ഥം. അത് സംബന്ധമായ ചില ഖുര്‍ആന്‍ വചനങ്ങള്‍ ഇപ്രകാരമാണ്: ‘മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട് അവരെ (സത്യനിഷേധികളെ) മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി! അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യം അവര്‍ പിന്തുടരുകയും അവന്റെ പ്രീതി അവര്‍ കാംക്ഷിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമാണത്. അതിനാല്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കിക്കളഞ്ഞു.’ (വിശുദ്ധ ഖുര്‍ആന്‍ 47: 27, 28) അല്ലാഹുവിനെ മറന്നും നിഷേധിച്ചും അധര്‍മ ജീവിതം നയിച്ചവരുടെ മരണാനുഭവം ദയനീയമായിരിക്കുമെന്ന് ഖുര്‍ആന്‍ 8:50 ലും അല്ലാഹു വിവരിച്ചിട്ടുണ്ട്. എന്നാല്‍, ധര്‍മനിഷ്ഠ പാലിച്ച് ജീവിച്ച സത്യവിശ്വാസിയുടെ മരണം സുഖാനുഭവമുള്ള മരണമായിരിക്കുമെന്ന് ഖുര്‍ആനില്‍ പ്രാധാന്യപൂര്‍വം പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്: ‘(മരണ സമയത്ത് അല്ലാഹു മലക്കുകള്‍ മുഖേന സത്യവിശ്വാസികളോട് പറയും:) ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ സദ്‌വൃത്തരായ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.’ (വിശുദ്ധ ഖുര്‍ആന്‍: 89: 2730)

ആത്മാവ് എങ്ങോട്ട്?
നല്ല മനുഷ്യരായാലും ചീത്ത മനുഷ്യരായാലും മരണത്തോടെ ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെട്ട് ബര്‍സഖിയായ ലോകത്ത് അല്ലാഹു നിശ്ചയിച്ച സ്ഥലത്തും രൂപത്തിലും ജീവിതം തുടരും. നല്ല ആത്മാവാണെങ്കില്‍ സ്വര്‍ഗീയ ദൃശ്യങ്ങളും ചീത്ത ആത്മാവാണെങ്കില്‍ നരകീയ ദൃശ്യങ്ങളും അതിന് കാണിക്കപ്പെടും. രാവിലെയും വൈകുന്നേരവും ഈ അവസ്ഥയുണ്ടാകും. ലോകാവസാനം വരെ അഥവാ പുനര്‍ജന്മം വരെ ഈ അവസ്ഥ തുടരും എന്നാണ് ഇത് സംബന്ധമായി ഒരു ഹദീസില്‍ വിവരിച്ചത്.
അഥവാ മരണശേഷം ഒരാളുടെയും ആത്മാവ് ഭൂമിയില്‍ ‘ഗതികിട്ടാ പ്രേതമായി’ അലഞ്ഞു നടക്കുകയോ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ശരീരത്തില്‍ ‘ബാധ’യായി കയറിക്കൂടുകയോ ചെയ്യുന്നില്ല. ‘പ്രേത’ മായി വന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരെ ഉപദ്രവിക്കാനും ആത്മാക്കള്‍ക്ക് കഴിയില്ല. മത പ്രമാണങ്ങളില്‍ സൂചിപ്പിക്കുകയോ ശാസ്ത്രീയമായി തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത പ്രേതബാധാവിശ്വാസം തികഞ്ഞ അന്ധവിശ്വാസമാണ്. ഇത്തരം അന്ധവിശ്വാസങ്ങളെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതും ദുര്‍ബല വിശ്വാസികളുടെ സമാധാനം കെടുത്തുന്നതും ഇത്തരം അന്ധവിശ്വാസങ്ങളെ ഉപജീവിച്ച് കാലം കഴിക്കുന്ന ദുഷ്ടമനസ്‌കരായ പുരോഹിതന്മാരാകുന്നു. വേദഗ്രന്ഥം പഠിക്കുകയും പുരോഹിതന്മാരില്‍ നിന്ന് അകലം പാലിക്കുകയുമാണ് എല്ലാ വിധ പ്രേത, ഭൂത, ബാധാ ഭീതിയില്‍ നിന്നും മോചനം നേടാന്‍ പ്രഥമമായും പ്രധാനമായും വേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x