നോമ്പ് തുറക്കാന്‍ ഇടവേള; പുത്തന്‍ മാതൃകയായി പ്രീമിയര്‍ ലീഗ്
പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങളില്‍ മുസ്‌ലിം കളിക്കാര്‍ക്ക് ഇനി സമയത്ത് തന്നെ നോമ്പ് തുറക്കാം. കഴിഞ്ഞ ദിവസം നടന്ന എവര്‍ട്ടന്‍-ടോട്ടന്‍ഹാം മത്സരത്തിനിടെയാണ് മഗ്‌രിബ് ബാങ്കിന്റെ സമയമായപ്പോള്‍ മുസ്‌ലിം കളിക്കാര്‍ക്ക് നോമ്പ് തുറക്കാനുളള സൗകര്യത്തിനായി മത്സരം നിര്‍ത്തിവെച്ചത്. ഔദ്യോഗിക തീരുമാനം വന്ന ശേഷം ഇതാദ്യമായാണ് നടപ്പില്‍ വരുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായാണ് ഔദ്യോഗികമായി ഇഫ്താറിനായി ഇടവേള അനുവദിക്കുന്നത്. വ്രതമെടുക്കുന്ന താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും നോമ്പ് തുറക്കാന്‍ സമയം അനുവദിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എവര്‍ട്ടനിലെ ഒനാന, ദൂക്കോറെ, ഇദ്‌രീസ് തുടങ്ങിയവര്‍ നോമ്പുകാരായിരുന്നു. ഈ സമയത്ത് ഇവര്‍ ലഘുഭക്ഷണവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.