ഖുര്‍ആനിന്റെയും അറബി ഭാഷയുടെയും പരിചാരകന്‍
അബ്ദുല്‍ഹഫീദ് നദ്‌വി കൊച്ചി
ശൈഖ് സഈദ് ഫാറൂഖി യാത്രയായത് ഒരു ഗ്രൂപ്പിലൂടെയാണ് അറിഞ്ഞത്. പതിവുപോലെ ‘ഇന്നാലില്ലാഹി’ പറഞ്ഞതും കണ്ണുകള്‍ സജലങ്ങളായി. അദ്ദേഹം എന്റെ ആരൊക്കെയോ ആയിരുന്നുവെന്ന് ഞാനറിയുന്നത് മഖാമാതിന്റെ ശൈലിയിലുള്ള ഒരു അനുശോചന കാവ്യം ഒരു മണിക്കൂറിനുള്ളില്‍ ഉരുവംകൊണ്ടപ്പോഴാണ്. സ്ഥിരമായി ഉറങ്ങുന്ന സമയവും കഴിഞ്ഞ് അദ്ദേഹവുമായുണ്ടായ പല സംഭവങ്ങളും ഓര്‍ത്തെടുക്കുകയും ഇസ്‌ലാം ഓണ്‍ലൈവിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
സത്യത്തില്‍ ഫാറൂഖി അല്ലാഹുവിലേക്ക് യാത്രയായി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഈ കുറിപ്പുകാരന്‍ അദ്ദേഹം ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള ശാന്തപുരത്തെ താമസസ്ഥലത്തുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം അറിയാഞ്ഞതാണ് അവസാന സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കാതിരിക്കാന്‍ കാരണം.
മാസങ്ങള്‍ക്കു മുമ്പ് കരിപ്പൂരില്‍ നടന്ന മുജാഹിദ് സമ്മേളനത്തിലാണ് അവസാനമായി കണ്ടത്. അപ്പോഴും ശാരീരികമായി പ്രയാസങ്ങളൊന്നും തോന്നിയിരുന്നില്ല. നിരന്തരമായ യോഗയിലൂടെ അദ്ദേഹം തന്റെ അസുഖാവസ്ഥയെ മാനസികമായി അതിജീവിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം.
അറബി ഭാഷയുടെ കാമുകനും ഖുര്‍ആന്റെ പരിചാരകനുമായിരുന്നു അദ്ദേഹം. അറബി ഭാഷയ്ക്കും വിശുദ്ധ ഖുര്‍ആനിനും അദ്ദേഹം നല്‍കിയ സമര്‍പ്പണവും സേവനവും ശതക്കണക്കിന് ശിഷ്യന്മാര്‍ക്ക് എപ്പോഴും പ്രചോദനമായി നില്‍ക്കും. അദ്ദേഹത്തിന്റെ ജീവിതം അറബിഭാഷയുടെ പ്രചാരത്തിനും സംരക്ഷണത്തിനും വേണ്ടി സമര്‍പ്പിച്ചതാണ് എന്ന് അതിശയോക്തി കൂടാതെ പറയാം.
സര്‍ക്കാര്‍ പാഠപുസ്തക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് അദ്ദേഹവുമായുള്ള എന്റെ ആദ്യ ബന്ധം. തുടര്‍ന്ന് വാടാനപ്പള്ളി കേന്ദ്രീകരിച്ച് അല്‍ഫിത്‌റയുടെ ഒരു ശാഖ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ആദ്യാനുമതിക്ക് ആ വ്യക്തിബന്ധം നിമിത്തമായി. വാടാനപ്പള്ളിയില്‍ അതിന്റെ നേതൃത്വം നല്‍കിയ എന്റെ ഭാര്യാപിതാവായ മര്‍ഹൂം അഹമ്മദ്കുട്ടി മാഷുമായും ഫാറൂഖിക്ക് നല്ല ബന്ധമായിരുന്നു.
കേരളത്തിന്റെ അകത്തും പുറത്തുമായി ആരംഭിച്ച അല്‍ഫിത്‌റക്ക് സംഘടനാ വ്യത്യാസം പരിഗണിക്കാതെ അനുമതി നല്‍കിയിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി പരിഗണിക്കാതെ സാധ്യമാവുന്ന സ്ഥലങ്ങളിലെല്ലാം സ്വന്തമായെത്തി അടിസ്ഥാന സൗകര്യങ്ങളും അധ്യാപക പരിശീലനവും ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടിരുന്നു. അറബിഭാഷാ പ്രാവീണ്യം കൊണ്ടും അറബിയുടെ സൗന്ദര്യവും പ്രാധാന്യവും എടുത്തുകാണിക്കാനുള്ള ശ്രമം കൊണ്ടും അധ്യാപക പരിശീലന പരിപാടികളില്‍ അദ്ദേഹം വ്യത്യസ്തനായിരുന്നു. അറബി ഭാഷയുടെ സമ്പന്നതയും ഖുര്‍ആനിന്റെ ഭാഷാ സൗന്ദര്യവും അദ്ദേഹം അധ്യാപക ലോകത്തിന് പരിചയപ്പെടുത്തി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഖുത്ബക്കുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ്. ‘ബാഅ’, ‘ബവ്വഅ’, ‘ബീഅ’ ധാതുവില്‍ വരുന്ന പദങ്ങളുടെ സന്ദര്‍ഭങ്ങള്‍ സവിശേഷമായി പഠിച്ചുനോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ സൗമ്യശബ്ദത്തിലുള്ള നിര്‍ദേശം. അദ്ദേഹത്തിന്റെ അധ്യാപന-ക്ലാസ് ശൈലി സജീവവും ഇന്ററാക്റ്റീവും മനോഹരവുമായിരുന്നു. അറബി ഭാഷയുടെ ആശയവും ഖുര്‍ആന്റെ സന്ദേശവും വ്യക്തമായും സംഗ്രഹിച്ച് പ്രബോധനം നടത്തിയ അദ്ദേഹത്തിന്റെ സംഭാഷണങ്ങളും രചനകളും ബഹുമാനത്തോടെ ഓര്‍മിക്കപ്പെടും.
ഫാറൂഖിക്ക് ഈജിപ്തിലെ പണ്ഡിതസമൂഹത്തിലെ പലരോടും അക്കാദമിക ബന്ധങ്ങള്‍ ഉണ്ടായിരുന്നു. സംഘടനാ വ്യത്യാസങ്ങളെ അവഗണിച്ച്, വിദ്യാഭ്യാസ വിഷയങ്ങളില്‍ അവരില്‍ പലരുമായും സജീവമായി സംവദിച്ചിരുന്നു അദ്ദേഹം. തന്റെ വൈജ്ഞാനിക പക്വതയും വ്യക്തിത്വത്തിന്റെ ശക്തിയും കൊണ്ട് ഈജിപ്തിലെ വിവിധ അധ്യാപക കൂട്ടായ്മകളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. സാധ്യമാവുന്നവരെ നാട്ടിലെ വ്യത്യസ്ത അല്‍ഫിത്വ്‌റ സ്ഥാപനങ്ങളില്‍ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തു പങ്കെടുപ്പിച്ചിരുന്നു.
മര്‍ഹൂം സയ്യിദ് സാബിഖിന്റെ പുത്രനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. സയ്യിദ് സാബിഖ് ഫിഖ്ഹുസ്സുന്നയുടെ രചയിതാവ് എന്നതിനേക്കാള്‍ ഇഖ്‌വാന്റെ ഒരു റഫറന്‍സ് കൂടിയായിരുന്നു എന്ന് മറക്കരുത്. സയ്യിദ് സാബിഖിന്റെ പുത്രനുമായുള്ള ഈ ബന്ധം അവരുടെ
രണ്ടു പേരുടെയും ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആദാനപ്രദാനങ്ങളും പരസ്പര ബഹുമാനവും വിളിച്ചോതുന്നതായിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ സൂക്ഷ്മതയുടെ അഭിപ്രായമായിരുന്നു ഫാറൂഖിയുടേത്.
ഫാറൂഖി സാറിന്റെ സമാനതകളില്ലാത്ത ഈ കഴിവ് അദ്ദേഹത്തെ അറബിഭാഷാ അധ്യാപനത്തില്‍ ശ്രദ്ധേയ വ്യക്തിത്വമാക്കുകയും, സര്‍ക്കാര്‍ പാഠപുസ്തക പരിഷ്‌കരണ സമിതിയിലെ എക്‌സ്‌പെര്‍ട്ടായി മാറ്റുകയും ചെയ്തു. ഇസ്‌ലാമിക പ്രബോധകന്‍ എന്ന നിലയില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച സാമൂഹികാവബോധം അനുപമമായ മാതൃകയായി ഈയുള്ളവന്‍ സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തുപോരുന്നു.
പലപ്പോഴും പാഠപുസ്തക അവലോകന യോഗങ്ങളും വിദ്യാഭ്യാസ സംവാദങ്ങളും ഫാറൂഖി സാറിന്റെ വ്യക്തിമഹത്വത്തിന്റെയും, അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്ന പാണ്ഡിത്യത്തിന്റെയും വളരെ ജൂനിയറായ എന്നെപ്പോലുള്ള സഹപ്രവര്‍ത്തകരോട് അദ്ദേഹം പങ്കുവെച്ച അറിവിന്റെയും നന്മയുടെയും അനുരണനങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷ അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെ നിദര്‍ശനമാണ്. അദ്ദേഹത്തിന്റെ ഓരോ സംസാരവും എന്നെപ്പോലുള്ളവരുടെ അധ്യാപക ജീവിതാനുഭവങ്ങള്‍ക്ക് ഉത്തേജനമാവുകയും ചെയ്തു എന്നത് സത്യമാണ്.
സഈദ് ഫാറൂഖിയുടെ വേര്‍പാട് അറബി ഭാഷാപ്രേമികള്‍ക്കും ഖുര്‍ആന്‍ വിദ്യാര്‍ഥികള്‍ക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും എഴുത്തുകളും അദ്ദേഹത്തിന്റെ ഓര്‍മകളും നിത്യവും നമുക്ക് പ്രചോദനമായി നില്‍ക്കും.
കഴിഞ്ഞ റമദാനില്‍ പോലും അദ്ദേഹം പറഞ്ഞ ഇമാം മാലികിന്റെ ‘ആനസംഭവം’ ഒന്നുരണ്ടു സ്ഥലങ്ങളില്‍ എടുത്തുപറഞ്ഞ് റമദാനിലെ ‘ആനകളെ’ കണ്ട് സമയം കളയരുത് എന്ന് ആലങ്കാരികമായി സംസാരിച്ചത് ഓര്‍ക്കുന്നു. ‘റമദാനിലെ ആനകളെ സൂക്ഷിക്കുക’ എന്ന പേരില്‍ തന്നെ അദ്ദേഹത്തിന്റെ ആ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശബാബ് വാരികയില്‍ അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങള്‍ ഈയുള്ളവന്‍ വായിക്കുകയും പഠിക്കുകയും ഖതീബുമാരോട് വായിക്കാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.
സഈദ് ഫാറൂഖിക്ക് സ്വര്‍ഗം ലഭിക്കട്ടെ എന്നും, അല്‍ഫിത്വ്‌റയിലൂടെ അറബി ഭാഷയ്ക്കും വിശുദ്ധ ഖുര്‍ആനിനും അദ്ദേഹം നല്‍കിയ സേവനങ്ങളെ അല്ലാഹുവിന്റെയടുത്ത് ഉപകാരപ്പെടുന്ന വിജ്ഞാനീയങ്ങളും സ്ഥായിയായ സദഖയുമായി സ്വീകരിക്കട്ടെ എന്നും, അദ്ദേഹത്തിന്റെ മക്കളുടെയും ശിഷ്യന്മാരുടെയും പ്രാര്‍ഥനകള്‍ റബ്ബ് സ്വീകരിക്കട്ടെ എന്നും, അദ്ദേഹത്തിന്റെ പ്രവര്‍ത്തന സ്വാധീനങ്ങള്‍ (ആസാര്‍) അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ശിഷ്യന്മാര്‍ക്കും പ്രചോദനമായി മാറട്ടെ എന്നും പ്രാര്‍ഥിക്കുന്നു.