26 Friday
July 2024
2024 July 26
1446 Mouharrem 19

പ്രാര്‍ഥന മനസ്സറിഞ്ഞു കൊണ്ടാവുക

പി മുസ്തഫ നിലമ്പൂര്‍


ആരാധനകളെ ജീവസുറ്റതാക്കുന്നതും ചൈതന്യവത്താക്കുന്നതും പ്രാര്‍ഥനയാണ്. മനസ്സിനെ ആരാധനയിലൂടെ സ്രഷ്ടാവിലേക്ക് കോര്‍ത്തിണക്കുന്ന പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്ന് നബി (സ) പഠിപ്പിച്ചിരിക്കുന്നു. പ്രാര്‍ഥനയില്ലെങ്കില്‍ അല്ലാഹു നമ്മെ പരിഗണിക്കാനേ സാധ്യതയില്ല. ”(നബിയെ) പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.” (25:77). അബൂഹുറയ്‌റ (റ) നിവേദനം: ”അല്ലാഹുവിങ്കല്‍ പ്രാര്‍ഥനയേക്കാള്‍ ശ്രേഷ്ഠമായ ഒന്നുമില്ല.” (തിര്‍മിദി, അഹ്മദ്)
പ്രാര്‍ഥനയാണ്
ആരാധനയുടെ മജ്ജ

നബി(സ) പറഞ്ഞു: പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാണ്. മതത്തിന്റെ സ്തംഭവും ആകാശഭൂമികളുടെ പ്രകാശവുമാണത് (ഹാകിം). അല്ലാഹുവിനോട് ചോദിക്കുന്നതനുസരിച്ച് അവന്‍ സൃഷ്ടികളോട് കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍ ആയിത്തീരും. അവനോട് പ്രാര്‍ഥിക്കാത്തവരോട് അവന്‍ കോപിക്കും. പ്രാര്‍ഥന എന്ന ആരാധന നിര്‍വഹിക്കാത്തവരെ നിന്ദ്യമായ ശിക്ഷ പിടികൂടുമെന്ന് ഖുര്‍ആന്‍ (40:60) വ്യക്തമാക്കിയിട്ടുണ്ട്. നമ്മില്‍ വിധിച്ചിട്ടുള്ള വിധിയെ മാറ്റാന്‍ കഴിവുള്ളവന്‍ അവന്‍ മാത്രമാണ്. അവനോട് പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊരു നിര്‍വാഹവും അതിനില്ല. സൗബാന്‍(റ) നിവേദനം: നബി പറഞ്ഞു: പുണ്യം കൊണ്ടല്ലാതെ ആയുസ്സില്‍ വര്‍ധനയില്ല, പ്രാര്‍ഥനകൊണ്ടല്ലാതെ വിധിയെ തടുക്കലുമില്ല.
ആത്മാര്‍ഥത
കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി നിഷ്‌കളങ്കമായി പ്രാര്‍ഥിക്കുക. അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കികൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി (40:14). നബി (സ) പറഞ്ഞു: ‘നിങ്ങള്‍ ഉത്തരം കിട്ടുമെന്ന് ഉറപ്പിച്ചുകൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യണം (പ്രാര്‍ഥിക്കണം) ബോധരഹിതവും ശ്രദ്ധയില്ലാത്തതുമായ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയില്ല എന്ന് നിങ്ങള്‍ അറിഞ്ഞേക്കുക’ (തിര്‍മിദി). അനസ്(റ) നിവേദനം: ‘നബി(സ) പറഞ്ഞു: നിങ്ങളാരെങ്കിലും പ്രാര്‍ഥിക്കുന്നുവെങ്കില്‍ ദൃഢമായി തന്നെ അവനോട് ചോദിക്കട്ടെ. അല്ലാഹുവേ, നീ ഉദ്ദേശിച്ചെങ്കില്‍ എനിക്ക് പൊറുത്തു തരണേ എന്ന് നിങ്ങള്‍ ആരും പ്രാര്‍ഥിക്കരുത്. തീര്‍ച്ചയായും അല്ലാഹുവിനെ നിര്‍ബന്ധിക്കുന്ന ആരും തന്നെയില്ല.'(ബുഖാരി, മുസ്ലിം). വിനയത്തോടെ താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ടു പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. (7:55)
അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പ്രാര്‍ഥനയില്‍ ധൃതിപ്പെടരുത്. അല്ലാഹുവിനെ സ്തുതിച്ചും അവനെ വാഴ്ത്തിയും നബിയുടെ(സ) മേല്‍ സ്വലാത്ത് ചൊല്ലിയിട്ടുമാണ് പ്രാര്‍ഥന ആരംഭിക്കേണ്ടത്. ഒരാള്‍ ധൃതിപ്പെട്ട് പ്രാര്‍ഥിക്കുന്നത് ശ്രവിച്ച നബി (സ) അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ പ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹുവിനെ സ്തുതിച്ചും വാഴ്ത്തിയും ആരംഭിക്കട്ടെ, പിന്നീട് നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലട്ടെ, അതിനുശേഷം അവന്‍ ഉദ്ദേശിച്ചത് പ്രാര്‍ഥിച്ചു കൊള്ളട്ടെ’ (സുനനു തിര്‍മിദി)
ആവര്‍ത്തനം
ഇബ്‌നു മസ്ഊദ്(റ) നിവേദനം: ‘നബി (സ) പ്രാര്‍ഥിക്കുമ്പോഴും പാപമോചനം തേടുമ്പോഴും മൂന്നു തവണ ആവര്‍ത്തിക്കാറുണ്ടായിരുന്നു.’ (തഹ്ഖീഖ് മുസ്‌നദ് ശൈഖ് അഹ്മദ് ശാകിര്‍) അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, (7:180) (നബിയേ,) പറയുക: ‘നിങ്ങള്‍ അല്ലാഹു എന്നു വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക. (17:110)
ഖിബ്‌ലക്ക് അഭിമുഖമായും കൈ ഉയര്‍ത്തിയും
നബി(സ) മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന പോലെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഖിബ്‌ലക്ക് അഭിമുഖമായും കൈ ഉയര്‍ത്തിയും പ്രാര്‍ഥിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അഭിമുഖം അല്ലാതെയും പ്രാര്‍ഥിച്ചിട്ടുണ്ട്. അതിനാല്‍ സാധിക്കുമെങ്കില്‍ ഖിബ്‌ലക്ക് അഭിമുഖമാകുന്നത് നല്ലതാണ്. ജുമുഅ ഖുതുബയില്‍ നബി(സ) ഖിബ്‌ലക്ക് അഭിമുഖമായോ കൈ ഉയര്‍ത്തിയോ പ്രാര്‍ഥിച്ചിരുന്നില്ല. സാധ്യമാണെങ്കില്‍ ജുമുഅ ഖുതുബ ഒഴികെ കൈ ഉയര്‍ത്താവുന്നതാണ്. ബദറില്‍ നബി പ്രാര്‍ഥിച്ചതും മഴക്ക് വേണ്ടി പ്രാര്‍ഥിച്ചതും അറഫയിലും സഫ മര്‍വകളിലും കൈ ഉയര്‍ത്തി കൊണ്ടായിരുന്നു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയില്‍ പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തല്‍ എന്ന അധ്യായം തന്നെയുണ്ട്. ബുഖാരി മുസ്ലിം ഹദീസുകളില്‍ മുപ്പതോളം സ്ഥലങ്ങളില്‍ കൈ ഉയര്‍ത്തിയതായി വന്നിട്ടുണ്ടെന്ന് ഇമാം നവവി(റ) ശറഹ് മുസ്ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്‌നു തൈമിയ്യ(റ) പറയുന്നു: പ്രാര്‍ഥിക്കുന്നവന്‍ കൈ ഉയര്‍ത്തുന്നതും അല്ലാഹുവിനെ പുകഴ്ത്തുന്നതും വാഴ്ത്തുന്നതും നബിക്ക് സ്വലാത്ത് ചൊല്ലലും അവസാനത്തില്‍ ആമീന്‍ പറയുന്നതും സുന്നത്താകുന്നു. (ഫതാവ). ഉയര്‍ത്തിയ കൈകള്‍ കൊണ്ട് മുഖം തടവുന്നത് സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് ഒഴിവാക്കുകയാണ് നല്ലത്.
അംഗശുദ്ധി
ദിക്‌റുകള്‍ക്കും ദുആ ഇരവിനും ശുദ്ധി നിബന്ധനയില്ല. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. പ്രാര്‍ഥന ഏത് സമയത്തും നിര്‍വഹിക്കാവുന്നതാണ്. ശുദ്ധമായ നിലയില്‍ പ്രാര്‍ഥിക്കുന്നത് അഭികാമ്യമാണ്. വിശേഷിച്ചും സുജൂദിലായി പ്രാര്‍ഥിക്കുന്നതിന്. ഉബൈദ് അബീആമിറി(റ)ന് വേണ്ടി നബി (സ) പ്രാര്‍ഥിച്ചപ്പോള്‍ വുദു ചെയ്തു കൈകള്‍ ഉയര്‍ത്തിയിരുന്നുവെന്ന് (സ്വഹീഹുല്‍ ബുഖാരി 6383) ഉദ്ധരിച്ചിട്ടുണ്ട്.
അല്ലാഹുവിനോട്
മാത്രം

ആരാധനകള്‍ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് കടുത്ത അക്രമവും വഴികേടുമാണ്. (31:13, 46:5) നബി (സ) പ്രഖ്യാപിക്കാനായി അല്ലാഹു കല്‍പിക്കുന്നു. ‘(നബിയേ,)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.’ (72:20) പങ്കു ചേര്‍ക്കുന്നവരില്‍ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.
‘അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു. ‘(13:14)
‘(നബിയേ) നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.'(2:186)
ദൃഢ ബോധ്യതയാല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ സംബന്ധിച്ച് നല്ല വിചാരത്തോടെ അവനില്‍ പ്രതീക്ഷ വെച്ച് അവന്‍ താല്‍പര്യപ്പെടുന്ന വിധം ജീവിച്ച് അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തരം നല്‍കാമെന്നാണ് മേല്‍ വചനത്തിലൂടെ അല്ലാഹു കരാര്‍ ചെയ്യുന്നത്.
ഉത്തരം ലഭിക്കാന്‍
ഞാന്‍ പ്രാര്‍ഥിച്ചു എനിക്ക് ഉത്തരം കിട്ടിയില്ല എന്ന് വേവലാതിയാല്‍ ധൃതിപ്പെടാത്തവര്‍ക്ക് മൂന്നില്‍ ഒരു നിലയില്‍ അല്ലാഹു ഉത്തരം നല്‍കും. ഉടനെ നല്‍കുന്നതാണ് അവന് ഉത്തമമെങ്കില്‍ ഉടനെ നല്‍കും, പിന്നീടുള്ളതാണ് നന്മയെങ്കില്‍ അതാണ് അല്ലാഹു നല്‍കുക. അല്ലാത്തവര്‍ക്ക് പരലോകത്തില്‍ അത് ലഭ്യമാക്കും. ഇതിനെല്ലാം പുറമേ ഇബാദത്തിന്റെ പ്രതിഫലവും അവര്‍ക്ക് ലഭിക്കും. മാതാപിതാക്കള്‍, യാത്രക്കാര്‍, പീഡിതര്‍, നോമ്പുകാര്‍ മുതലായ ചിലരുടെ പ്രാര്‍ഥനകള്‍ പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്. ചില പ്രത്യേക മാസങ്ങള്‍, ദിവസങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയും പരിഗണിക്കപ്പെടാറുണ്ട്.
തടയപ്പെടുന്നവര്‍
നിഷിദ്ധ സമ്പാദ്യങ്ങളും വിദ്വേഷത്തോടെ വര്‍ത്തിക്കുന്നതും പ്രാര്‍ഥന തടയാന്‍ കാരണമാകും. തെറ്റായ കാര്യങ്ങള്‍ക്കോ ബന്ധവിച്ഛേദനത്തിനോ പ്രാര്‍ഥിക്കാന്‍ പാടില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x