13 Saturday
April 2024
2024 April 13
1445 Chawwâl 4

സഹജീവിയുടെ പ്രയാസമകറ്റുക

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ആരെങ്കിലും ഒരു വിശ്വാസിയുടെ ദുന്‍യാവിലെ പ്രയാസങ്ങള്‍ നീക്കിക്കൊടുത്താല്‍ അന്ത്യദിനത്തിലെ പ്രയാസങ്ങള്‍ അല്ലാഹു അവന് നീക്കിക്കൊടുക്കും. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആരെങ്കിലും എളുപ്പമുണ്ടാക്കിക്കൊടുത്താല്‍ ഇഹത്തിലും പരത്തിലും അല്ലാഹു അവന് എളുപ്പമുണ്ടാക്കിക്കൊടുക്കും. ആരെങ്കിലും മറ്റു മുസ്്‌ലിംകളുടെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ ഇഹത്തിലും പരത്തിലും അല്ലാഹു അവന്റെ ന്യൂനതയും മറച്ചുവെക്കും. ഒരടിമ തന്റെ സഹോദരനെ സഹായിക്കുന്നേടത്തോളം അല്ലാഹു അവനെ സഹായിച്ചുകൊണ്ടേയിരിക്കും. ആരെങ്കിലും വിജ്ഞാനമന്വേഷിച്ച് ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള പാത അല്ലാഹു അവന് എളുപ്പമാക്കിക്കൊടുക്കും. അല്ലാഹുവിന്റെ ഭവനത്തില്‍ അവന്റെ വേദഗ്രന്ഥം പാരായണം ചെയ്യുകയും അത് പഠിക്കുകയും ചെയ്യുന്ന ഒരു സദസ്സിന് മേല്‍ ശാന്തിയിറങ്ങുകയും കാരുണ്യം അവരെ മൂടുകയും മലക്കുകള്‍ അവരെ വലയം ചെയ്യുകയും ചെയ്യും. ആരെങ്കിലും തന്റെ കര്‍മങ്ങളില്‍ മെല്ലെപ്പോക്ക് നടത്തിയാല്‍ അവന്റെ കുടുംബബന്ധങ്ങള്‍ അവനെ മുന്നിലെത്തിക്കുകയില്ല (മുസ്‌ലിം)

അല്ലാഹുവിങ്കല്‍ ഉന്നതമായ സ്ഥാനം ലഭിക്കുന്നതും മഹത്തായ പ്രതിഫലം നേടിയെടുക്കാന്‍ പര്യാപ്തമായതുമായ ചില കാര്യങ്ങളെക്കുറിച്ചാണ് ഈ നബിവചനം വിവരിക്കുന്നത്. ഒരു മനുഷ്യന്റെ കര്‍മഫലമാണ് അവന്റെ രക്ഷാശിക്ഷകള്‍ തീരുമാനിക്കുന്നതെന്നും അവന്റെ വംശപരമ്പരകള്‍ക്കോ കുടുംബബന്ധങ്ങള്‍ക്കോ കുലമഹിമക്കോ അതിനെ മറികടക്കാന്‍ കഴിയില്ലെന്നും ഈ തിരുവചനം പഠിപ്പിക്കുന്നു.
സഹജീവികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവയകറ്റാന്‍വേണ്ടി സമയവും അധ്വാനവും ചെലവഴിക്കുകയും ചെയ്യുന്നത് അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലത്തിന്നര്‍ഹമായ പുണ്യപ്രവൃത്തിയാകുന്നു. തന്റെ സഹോദരന്റെ ജീവിത പ്രാരാബ്ധങ്ങള്‍ നീക്കിക്കൊടുക്കാനുള്ള ശ്രമം തനിക്ക് ദൈവികസഹായം ലഭിക്കുവാനുള്ള മാര്‍ഗമെന്നത്രെ ഈ വചനത്തിന്റെ പൊരുള്‍. നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രയാസകരമായ അവസ്ഥയില്‍ അഥവാ വിചാരണയുടെയും അതിനായുള്ള കാത്തിരിപ്പിന്റെയും വേളയില്‍ ആശ്വാസം ലഭിക്കുക എന്നത് അനുഗ്രഹീതമായ കാര്യമാകുന്നു.
മറ്റുള്ളവരുടെ ന്യൂനതകള്‍ സോദ്ദേശ്യ പരമായി തിരുത്തുക എന്നതിനപ്പുറം അവ ചികഞ്ഞന്വേഷിക്കുകയും അവനെ വഷളാക്കുകയും ചെയ്യാതിരിക്കുക എന്നതായിരിക്കണം വിശ്വാസിയുടെ സ്വഭാവം. മറ്റുള്ളവരുടെ അബദ്ധങ്ങള്‍ നാം പരസ്യമാക്കാതിരിക്കുമ്പോള്‍ നമ്മുടെ പിഴവുകള്‍ അല്ലാഹു മറച്ചുവെക്കുമെന്ന സന്ദേശം സമൂഹത്തിന്റെ സ്വസ്ഥതക്കും സുരക്ഷിതത്വത്തിനുമുള്ള പോംവഴിയത്രെ.
അറിവന്വേഷിക്കുന്നത് ദൈവമാര്‍ഗത്തിലെ സഞ്ചാരമാണെന്നും അത് സ്വര്‍ഗത്തിലേക്കെത്തിക്കുമെന്നുമാണ് ഈ വചനം ബോധ്യപ്പെടുത്തുന്നത്. സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്ന ദീപങ്ങളായി തെളിഞ്ഞുനില്‍ക്കണമെന്ന് വിശ്വാസികള്‍ക്ക് പ്രേരണ നല്‍കുകയാണീ തിരുവചനം.
മനുഷ്യ ജീവിതത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കാന്‍ ദൈവികമായ പ്രശംസ പിടിച്ചുപറ്റാനും വിജ്ഞാനത്തിന്റെ സദസ്സ് കാരണമാകുന്നു. വിജ്ഞാന സമ്പാദനത്തിന്റെ പ്രാധാന്യവും അതിനുള്ള പ്രേരണയുമാണ് ഈ തിരുവചനത്തിലൂടെ വിവരിക്കുന്നത്.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x