നമുക്ക് പ്രാര്‍ഥിക്കാം, ഗസ്സയിലെ കുരുന്നുകള്‍ക്ക്
നാസിം
ഗസ്സയിലെ കുഞ്ഞുങ്ങള്‍ മരണപ്പെടാന്‍ ആഗ്രഹിക്കുന്നുവോ? മാസങ്ങളായി തുടരുന്ന വംശഹത്യ, പടരുന്ന പട്ടിണി, മുന്നില്‍ പിടഞ്ഞുവീണു മരിക്കുന്ന മനുഷ്യര്‍, അഴുകുന്ന മുറിവുകള്‍, എത് നിമിഷവും ചിതറിത്തെറിച്ചേക്കാവുന്ന മക്കളെ കെട്ടിപ്പിടിച്ച്, കരഞ്ഞ് കണ്ണുവറ്റിയ ഉമ്മമാരുടെ ചിത്രങ്ങളെല്ലാം ഗസ്സയിലെ തിരിച്ചറിവായ കുട്ടികളെ മരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു സമാധാനത്തിന്റെ പുലരി നീണ്ടുവരുമെന്ന് അവര്‍ കരുതിയിരുന്നു. വംശഹത്യയുടെ 400 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അതവസാനിക്കുകയാണ്. ആ തകര്‍ച്ച അവരെ ‘മരിച്ചുപോയെങ്കില്‍ എത്ര നന്നായിരുന്നേനെ’ എന്ന ഗതിയിലേക്ക് എത്തിച്ചിരിക്കുന്നു. ‘ഈ വംശഹത്യയില്‍ നിന്നു രക്ഷനേടാന്‍ ഒന്ന് മരിച്ചുപോയിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുന്നു’ -ഗസ്സയിലെ കുട്ടികളുടെ ക്ഷേമത്തിനുള്ള ഐക്യരാഷ്ട്ര സമിതി വക്താവ് ജയിംസ് എല്‍ഡര്‍ പറയുന്നു.
ലോകോത്തര ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പോയ വര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ ഗസ്സയിലെ 2.1 മില്യണ്‍ മനുഷ്യര്‍ കടുത്ത മാനസികസംഘര്‍ഷങ്ങളിലൂടെ സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ 67 ശതമാനം പേരും അഭയാര്‍ഥികളാണ്. 65 ശതമാനം പേര്‍ 25 വയസ്സില്‍ താഴെയുള്ളവരും. തുടര്‍ച്ചയായ ബോംബാക്രമണമാണ് അവരുടെ മനോനില തെറ്റിക്കുന്നത്. ഉറ്റവരുടെ കൊല്ലപ്പെടല്‍ സൃഷ്ടിക്കുന്ന നടുക്കവും. ചികിത്സ അനിവാര്യമായ ഘട്ടമാണ്. പക്ഷേ, ഒരുതുള്ളി വെള്ളം കുടിക്കാനില്ലാത്ത, ഉണങ്ങിയ ഒരു കഷണം റൊട്ടിക്കായി തെരുവില്‍ കാത്തിരിക്കുന്ന, വേദനയകാറ്റാന്‍ ഒരിറ്റ് മരുന്നിനായി അലയുന്ന മനുഷ്യര്‍ക്ക് എന്ത് മാനസിക ചികിത്സയാണ് നല്‍കുക. ലോകം തോറ്റുപോകുന്ന അവസ്ഥയാണ് നമ്മള്‍ കാണുന്നത്.
ഫലസ്തീനി ബാലിക ഹയയുടെ വസിയ്യത്ത് ഓര്‍ക്കാതിരിക്കാന്‍ ലോകത്തിന് സാധിക്കില്ല. യുദ്ധത്തിന്റെ ആദ്യ നാളുകളിലാണ് ഈ ബാലിക സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടിയത്. ഡെയ്‌സ് ഓഫ് ഫലസ്തീന്‍ ഗ്രൂപ്പാണ് ഹയയുടെ ഈ വസിയ്യത്ത് പുറത്തു വിട്ടത്. പിന്നീട് ലോകമെങ്ങും ലക്ഷക്കണക്കിനാളുകളിലൂടെ അവളുടെ സ്വരവും അതിലടങ്ങിയ, വേദനകളും ലോകം അറിഞ്ഞു. ഗാസയില്‍ ഇതിനോടകം പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 4,237 പേര്‍ കുട്ടികളായിരുന്നു. കുട്ടികളുടെ ശവപ്പറമ്പാണ് ഗസ്സ എന്ന് യു എന്‍ വരെ പറഞ്ഞു കഴിഞ്ഞു. ആ ശവപ്പറമ്പില്‍ നിന്നാണ് ഹയ എഴുതിയത്:
ഹലോ. ലോകമേ, ഞാന്‍ ഹയ. എന്റെ വസിയ്യത്ത് എഴുതുകയാണ്: (1). പൈസ (80) 45 ഷക്കല്‍ ഉമ്മാക്ക്. സീനത്തിന് 5. ഹാശിമിന് 5. തീതാക്ക് 5. എളാമ ഹിബക്ക് 5. എളാമ മര്‍യമിന് 5. മാമന്‍ അബ്ബൂദിന് 5. എളാമ സാറക്ക് 5. (2). എന്റെ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും എന്റെ പ്രിയപ്പെട്ട കൂട്ടുകാരികള്‍ക്ക്. സീന (അനിയത്തി), റീമ, മിന്ന, അമല്‍. (3). എന്റെ വസ്ത്രങ്ങള്‍ എളാപ്പയുടെ മക്കള്‍ക്ക്. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ സംഭാവന കൊടുക്കണം. (4). പാദരക്ഷകള്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കും മുമ്പ് അവ കഴുകി വൃത്തിയാക്കാന്‍ മറക്കരുതേ.
‘ഞാന്‍ മരിച്ചാല്‍ എന്നെയോര്‍ത്ത് കരയരുത്. എന്റെ ഉടുപ്പുകള്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കണം. ഇതാണ് എന്റെ വസിയ്യത്ത്’ – ഇസ്‌റാഈലിന്റെ ഈ കിരാത ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനു മുമ്പ് നഷ എഴുതിയതാണിത്. ഇനി ജീവിതം ഉണ്ടാവില്ലെന്ന ഗതിയാണ് മരണത്തെ പേപ്പറുകളില്‍ എഴുതാന്‍ ഗസ്സയിലെ കുരുന്നുകളെ പ്രേരിപ്പിക്കുന്നത്. ഹയയും റഷയും സഹോദരന്‍ അഹമ്മദും ഉള്‍പ്പെടെ 18,000 ലേറെ കുട്ടികളുടെ ജീവനാണ് ഇസ്രായേല്‍ കൊണ്ടുപോയത്. ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ 40 ശതമാനം വരും ഈ ശിശുഹത്യ. 17,000 ലേറെ കുട്ടികളാണ് നിരാലംബരായത്. കഴിഞ്ഞ ആഴ്ചയില്‍ നാം കുട്ടികളെ ഓമനിച്ചുകൊണ്ട് ശിശുദിനമാചരിച്ചു. ഈ വേളയില്‍ ഗസ്സയിലെ ശിശുക്കളെയും നമുക്ക് സ്മരിക്കാം. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാം.