1 Tuesday
July 2025
2025 July 1
1447 Mouharrem 5

പ്രവര്‍ത്തനങ്ങളുടെ പൂര്‍ണത

സി കെ റജീഷ്‌


മൈക്കല്‍ ആഞ്ചലോ ഒരു പ്രതിമ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. പ്രതിമയുടെ പണി ഏതാണ്ട് പൂര്‍ത്തിയാക്കി. അവസാനത്തെ മിനുക്കുപണികള്‍ക്കായി മണിക്കൂറുകളാണ് അദ്ദേഹം ചെലവഴിക്കുന്നത്. ഇത് കണ്ട ഒരാള്‍ ചോദിച്ചു: എന്തിനാണ് നിസ്സാര കാര്യങ്ങള്‍ക്കായി ഇങ്ങനെ കഷ്ടപ്പെടുന്നത്?. ആഞ്ചലോ പറഞ്ഞു: പലപ്പോഴും നിസ്സാര കാര്യങ്ങളാണ് നമ്മെ പൂര്‍ണതയിലെത്തിക്കുന്നത്. എന്നാല്‍ പൂര്‍ണത ഒരു നിസ്സാര കാര്യമല്ല.
നമുക്ക് ഏതൊരു പ്രവൃത്തിയും എത്ര വേഗത്തില്‍ വേണമെങ്കിലും ചെയ്തു തീര്‍ക്കാം. പക്ഷേ അതിലല്ല കാര്യം. എത്ര ഫലപ്രദമായി ചെയ്തുവെന്നതാണ് ആ പ്രവൃത്തിയുടെ മികവിനുള്ള മാനദണ്ഡം. ഒരു പ്രവൃത്തിയുടെ ലക്ഷ്യമറിഞ്ഞുകൊണ്ട് ചെയ്യുമ്പോഴാണ് അതിന് പൂര്‍ണത കൈവരുന്നത്. ഏതൊരു പ്രവൃത്തിയും പൂര്‍ണതയിലെത്തണമെങ്കില്‍ അവധാനതയും ആസൂത്രണവും കൂടിയേ തീരൂ.
ഏതൊരു പ്രവൃത്തിയുടെയും പൂര്‍ണതക്ക് വേണ്ടി നാം പരിശ്രമിക്കുമ്പോഴാണ് സംതൃപ്തി കൈവരുന്നത്. പ്രവൃത്തിയുടെ ലക്ഷ്യമറിഞ്ഞ് ഫലപ്രദമായി നാം ചെയ്യുമ്പോള്‍ ആ പ്രവൃത്തി നമുക്ക് ആസ്വദിക്കാനാവും. ചെയ്യുന്ന കാര്യത്തിലുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന് നാം സന്നദ്ധമല്ലെങ്കില്‍ എല്ലാം പാഴ്‌വേലയായിത്തീരും. ചെറിയ കാര്യങ്ങള്‍ പോലും ഫലപ്രദമായി ചെയ്യാനായാല്‍ അതിന്റെ ഗുണഫലം വലുതായിരിക്കും.
മര്‍മമറിയാതെ കുറെ കര്‍മങ്ങള്‍ യാന്ത്രികമായി ചെയ്തുകൂട്ടിയിട്ട് കാര്യമില്ല. ഒരു കഥയാണ് ഓര്‍മ വരുന്നത്. ഒരു കൃഷിയിടത്തില്‍ നല്ല വെയിലുണ്ട്. രണ്ടാളുകള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഒരാള്‍ കുഴി വെട്ടുന്നു. മറ്റെയാള്‍ കുഴി മൂടുന്നു. ആദ്യത്തെയാള്‍ വീണ്ടും കുഴിവെട്ടുന്നു. രണ്ടാമത്തെയാള്‍ കുഴി മൂടുന്നു. കുറേ നേരമായി ഇത് കണ്ടുനിന്ന ആള്‍ അക്ഷമനായി ചോദിച്ചു: എന്തൊരു വിഡ്ഢിത്തമാണ് നിങ്ങള്‍ ചെയ്യുന്നത്? ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുകയാണെന്നായിരുന്നു അവരുടെ പ്രതികരണം. അവര്‍ രണ്ടുപേരും ഒന്നുകൂടി പറഞ്ഞു: ‘സാധാരണ ഞങ്ങള്‍ മൂന്ന് പേരാണ് ഇവിടെ പണി എടുക്കാറുള്ളത്. ഒരാള്‍ കുഴിവെട്ടും. മറ്റൊരാള്‍ വൃക്ഷത്തൈ കൊണ്ടുവെക്കും. വേറൊരാള്‍ കുഴി മൂടും. ഇന്ന് തൈ കൊണ്ട് വെക്കുന്നയാള്‍ വന്നില്ല. അവന്‍ വന്നില്ലെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുകയാണ്.
രണ്ടു പേരും ചെയ്യുന്നത് അവരുടെ ചുമതലയാണ്. ഉത്തരവാദിത്തം അല്ല. ഉത്തരവാദിത്തം മറന്ന് ചുമതല നിര്‍വഹിച്ചാല്‍ മാത്രം ഒരു പ്രവൃത്തിയുടെ പ്രയോജനം ലഭിക്കില്ല.
ഓരോരുത്തര്‍ക്കും ഭിന്നമായ കര്‍മവഴിയിലൂടെ സഞ്ചരിച്ച് പൂര്‍ത്തീകരിക്കാവുന്നതാണ് ഈ ജീവിതം. ലക്ഷ്യത്തെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നവനേ കര്‍മവഴികള്‍ സാഫല്യമുള്ളതാക്കാനാവൂ. ലക്ഷ്യം മറന്ന് സഞ്ചരിച്ചവന് സ്വന്തം കര്‍മവഴിയുണ്ടാകില്ല. ഈ ജീവിത യാത്ര തന്നെ ഫലദായകമാകണമെങ്കില്‍ ലക്ഷ്യമറിഞ്ഞ് കര്‍മങ്ങളുടെ പൂര്‍ണതക്ക് നാം പരിശ്രമിക്കണം.
സൈക്കിളില്‍ പ്രഭാത സവാരിക്കിറങ്ങിയ ഒരാള്‍. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ മുന്നില്‍ സൈക്കിള്‍ ചവിട്ടിപ്പോകുന്ന മറ്റൊരാള്‍. പിന്നെ ഒരാവേശം. എങ്ങനെയും അയാളെ തോല്പിക്കണം. യാത്രയ്ക്കു വേഗം കൂടി. പിന്നീടുള്ള ഓരോ നിമിഷവും ആഞ്ഞുചവിട്ടി. തമ്മിലുള്ള അകലം കുറഞ്ഞു വരുന്തോറും വേഗവും കൂടി. അയാള്‍ എതിരാളിയെ മറികടന്ന് ബഹുദൂരം മുന്നിലെത്തി. പെട്ടെന്നാണ് ഒരു കാര്യം അയാള്‍ മനസ്സിലാക്കിയത്. തന്റെ വീട്ടിലേക്ക് തിരിയേണ്ട സ്ഥലം കഴിഞ്ഞുപോയിരിക്കുന്നു.
നാം എത്ര വേഗം സഞ്ചരിക്കണമെന്നത് തീര്‍ച്ചപ്പെടുത്തേണ്ടത് നമ്മുടെ ലക്ഷ്യങ്ങളാണ്. ജീവിതവഴിയില്‍ നാം മറന്നുപോകരുത് ഈ പാഠം. നിശ്ചയം കര്‍മങ്ങളെല്ലാം ഉദ്ദേശ്യാധിഷ്ഠിതമാണെന്ന് നബി(സ) ഉണര്‍ത്തി.

Back to Top