26 Friday
July 2024
2024 July 26
1446 Mouharrem 19

പ്രവാചകന്റെ ശുപാര്‍ശ

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: എല്ലാ പ്രവാചകന്മാര്‍ക്കും ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനയ്ക്ക് അവസരമുണ്ട്. എല്ലാ നബിമാരും ആ പ്രാര്‍ഥന നേരത്തെ നിര്‍വഹിച്ചു. എന്റെ പ്രാര്‍ഥന ഞാന്‍ എന്റെ സമുദായത്തിന് ശുപാര്‍ശ ചെയ്യാന്‍വേണ്ടി അന്ത്യദിനത്തിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. എന്റെ സമുദായത്തില്‍ നിന്ന് അല്ലാഹുവില്‍ പങ്കുചേര്‍ക്കാതെ മരണപ്പെട്ടവര്‍ക്കാണ് അല്ലാഹു ഉദ്ദേശിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുക (മുസ്‌ലിം).

ഒരു നേതാവിന്റെ ഗുണവും അനുയായികളോടുള്ള അകമഴിഞ്ഞ അനുകമ്പയും ആത്മാര്‍ഥതയും കൃത്യമായി വരച്ചുകാണിക്കുന്ന തിരുവചനമാണിത്. ചേര്‍ന്നുനില്‍ക്കുന്നവരെ ഒരിക്കലും കൈവിടാതെ ചേര്‍ത്തുനിര്‍ത്താന്‍ തയ്യാറാവുകയെന്ന യഥാര്‍ഥ നേതൃത്വത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഗുണം അടയാളപ്പെടുത്തുകയാണിവിടെ. പ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന ശ്രേഷ്ഠതയാണ് അവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുക എന്നത്. എല്ലാ പ്രവാചകന്മാര്‍ക്കും അത്തരത്തില്‍ ഉത്തരം ലഭിക്കുന്ന പ്രാര്‍ഥനകള്‍ക്ക് അവസരം നല്‍കിയതിലൂടെ അവരെ മഹത്വപ്പെടുത്തിയിരിക്കുകയാണ് അല്ലാഹു. അവരെല്ലാം ആ പ്രാര്‍ഥനയുടെ അവസരം അവരുടെ ജീവിതകാലത്തുതന്നെ ഉപയോഗപ്പെടുത്തി.
എന്നാല്‍ ലോകാനുഗ്രഹിയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ആ അവസരം അന്ത്യദിനത്തിലേക്ക് മാറ്റിവെച്ചു. സ്വശരീരത്തിനോ സ്വന്തം കുടുംബത്തിനോ അടുത്ത സുഹൃത്തുക്കള്‍ക്കോ ആര്‍ക്കുവേണ്ടിയും ഉപയോഗപ്പെടുത്താമായിരുന്നിട്ടും അത്തരം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കൊന്നും വഴങ്ങിയില്ല നബിതിരുമേനി. മാത്രവുമല്ല, കൂടെ ജീവിച്ച, വിശ്വാസമാര്‍ഗത്തില്‍ ത്യാഗങ്ങള്‍ സഹിച്ച സ്വഹാബികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതുമില്ല അദ്ദേഹം. മറിച്ച്, താന്‍ പരിചയപ്പെടുത്തിയ ആദര്‍ശത്തെ ഉള്‍ക്കൊണ്ടവരായ ലോകാവസാനം വരെയുള്ള അനുയായികള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താന്‍ കരുതിവെച്ചിരിക്കുകയാണ് ആ പ്രാര്‍ഥനയെ. ആ മഹാനുഭാവന്റെ മഹാമനസ്‌കതയും ആദര്‍ശബന്ധുക്കളോടുള്ള അളവറ്റ കാരുണ്യവും വഴിഞ്ഞൊഴുകുന്ന സ്‌നേഹവും ഈ തിരുവചനത്തില്‍ വ്യക്തമാണ്. ഒരു നേതാവ് തന്റെ അനുയായികളെ സ്‌നേഹിക്കുന്നതിന് ഇതില്‍പരം ഒരു ഉദാഹരണം കാണുകയില്ലതന്നെ.
നേതൃത്വം എന്നാല്‍ നയിക്കാനുള്ള കഴിവ് എന്നതിനപ്പുറം നയിക്കപ്പെടുന്നവരുടെ ശാശ്വത രക്ഷ ഉറപ്പാക്കലാണെന്ന് നബിതിരുമേനി(സ) തെളിയിക്കുകയാണ്. അന്ത്യദിനത്തില്‍ ഏവരും പരിഭ്രാന്തിയിലകപ്പെടുമ്പോള്‍ തനിക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രാര്‍ഥനയിലൂടെ തന്റെ സമുദായത്തിന് സമാധാനം ലഭിക്കുന്നതിനായി ആഗ്രഹിക്കുന്ന മഹാനായ ആ നേതാവിനെ ഇഷ്ടപ്പെടാത്തവരാരുണ്ട്?
അല്ലാഹുവെ മാത്രം ആരാധിക്കുന്ന, അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതെ ജീവിച്ചുമരിച്ചവര്‍ക്കാണ് ആ ശുപാര്‍ശയുടെ ഗുണഫലം ലഭിക്കുകയെന്ന പ്രസ്താവന തൗഹീദിന്റെ പ്രാധാന്യവും ശിര്‍ക്കിന്റെ ഗൗരവവും ബോധ്യപ്പെടുത്തുന്നു. അത് ജീവിതവിജയത്തിന് അനിവാര്യമാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x